അനവധി നിരവധി ടണലുകൾ കടന്നു പോകുന്ന കൊങ്കൺ പാത, അവയ്ക്കിരുവശവും തലയുയർത്തി പശ്ചിമഘട്ട മലനിരകളും നിബിഡവനവും ഇവയ്കിടയിലെവിടെയോ ആണ് പാൽ ചുര പടർത്തി സഞ്ചാരികളുടെ മനം മയക്കുന്ന ദൂത് സാഗർ വെള്ളച്ചാട്ടം.
പശ്ചിമഘട്ടത്തിലെ ഈ സുന്ദരിയെ കാണാൻ പോകുക അത്ര എളുപ്പമല്ല.
രണ്ട് മൂന്ന് വർഷം കൊണ്ട് മനസ്സിൽ താലോലിക്കുന്ന മോഹമാണിത്. മുൻപ് സുഹൃത്തുക്കളിൽ പലരും പോയിട്ടുണ്ടെങ്കിലും ഇന്ന് അവിടേക്ക് അത്ര പെട്ടെന്ന് എത്തിച്ചേരാൻ പറ്റില്ല.
പശ്ചിമഘട്ടത്തിലെ ഭഗവാൻ മഹാവീർ നാഷണൽ പാർക്കിലും മൊള്ളോം നാഷണൽ പാർക്കിലുമായാണ് പാൽക്കടൽ സ്ഥിതി ചെയ്യുന്നത്. മഡ്ഗോൺ - ബൽഗാവി റെയിൽ റൂട്ടിൽ മഡ് ഗോൺ നിന്ന് 46 km കിഴകും ബൽഗാവി നിന്നും 80 km ദൂരമുണ്ട് പാൽ ചുര പടർത്തി വീഴുന്ന ദൂത് സാഗറിന്. പക്ഷെ ഇതൊന്നുമല്ല ദൂത് സാഗറിലേക്കുള്ള യാത്രയ്ക് തടസ്സം.
പണ്ട് നിരവധി പേർ ചെയ്തിരുന്ന മഡ്ഗോൺ നിന്നും ദൂത് സാഗർവരെയുള്ള റെയിൽ ട്രെക്ക് ഇന്ന് ബാൻഡ് ആണ്. നിരവധി ചെറിയ പാലങ്ങളും, ടണലുകളും കടന്ന് പോകുന്ന ഈ പാതയിൽ ട്രെക്ക് ചെയ്ത് പോയവർക്ക് നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചത് കൊണ്ട് റയിൽവേ ഇപ്പോൾ ഇത് വഴിയുള്ള റെയിൽ ട്രെക്ക് കർശനമായി നിരോധിച്ചിരിക്കുകയാണ്. പിന്നെ ഇവിടേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം ഫോറസ്റ്റ് പെർമിഷൻ എടുത്ത് ട്രെക്ക് ചെയ്ത് വരുക എന്നുള്ളതാണ്.
ദൂത് സാഗറിന്റെ മനോഹര ദൃശ്യം നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റുക മൺസൂൺ സമയത്താണ്. ചുറ്റും നിബിഡവനങ്ങളും വൈവിധ്യമായ ജൈവസമ്പത്തും, മലനിരകളിലൂടെ ഒഴുകിയിറങ്ങുന്ന ചെറുതും വലുതുമായ അനവധി വെള്ളച്ചാട്ടങ്ങൾ ഇവയൊക്കെ ഉള്ളത് കൊണ്ട് ഈ പ്രദേശം പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട ഇടമാകുന്നു. വേനൽക്കാലത്ത് ഇവിടെ ജലത്തിന്റെ അളവ് കുറയാറുണ്ട്.
പല തവണ പ്ലാൻ ചെയ്തിട്ടും നടക്കാത്ത യാത്ര ആയതിനാൽ അത്തരം പ്ലാനിംഗുകൾ ഇതിൽ നടന്നില്ല. ഓണക്കാലമായതിനാൽ ട്രെയിനുകൾ എല്ലാം തന്നെ വെയിറ്റിംഗ് ലിസ്റ്റ്. എങ്കിലും പ്രതീക്ഷ കൈവെടിയാതെ ടിക്കറ്റ് ബുക്ക് ചെയ്തു, മനസ്സുകൊണ്ട് ജനറൽ കംപാർട്ട്മെൻറ് ഉറപ്പിച്ചു. പോയ സുഹൃത്തുക്കളിൽ നിന്ന് ട്രെകിംഗ് വഴികളും സാഹചര്യങ്ങളും ചോദിച്ചു മനസ്സിലാക്കി.കൂടെ വരാൻ രണ്ട് സുഹൃത്തുക്കളും റെഡി ആയി.
പക്ഷെ അപ്രതീക്ഷിതമായാണല്ലൊ പലതും സംഭവിക്കുക. മുംമ്പെയിലും, ഗോവയിലും കർണ്ണാടകയിലും കനത്ത മഴ.
മുംബെയിൽ റോഡിലൊക്കെ വെള്ളം പൊങ്ങി ഗതാഗതം താറുമാറായി.കാത്ത് കാത്തിരുന്ന യാത്ര ഇത്തവണയും സ്വപ്നമാകുമെന്നുള്ള ആശങ്കയിലാണ് സുഹൃത്ത് ഹരിഷിനെ വിളിച്ചത്.എന്തായാലും നമ്മൾ മുന്നോട്ടുവെച്ച കാൽ പിന്നോട്ടില്ല എന്നായിരുന്നു അവന്റെ തീരുമാനം.
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് വീണ്ടും അദ്ഭുദം പ്രവർത്തിച്ചു, ടിക്കറ്റുകൾ എല്ലാം കൺഫേമായിരിക്കുന്നു
പുലർച്ചെ 3 മണിക്ക് മഡ്ഗോൺ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ മഴയുടെ ഒരു ലക്ഷണം പോലും അവിടെയെങ്ങും ഇല്ല. രാവിലെ 7.45 ന് ആണ് കുലേമിലേക്കുള്ള ആദ്യ ട്രെയിൻ. അത് കൊണ്ട് കയ്യിലുള്ള സ്ലീപ്പിംഗ് ബാഗുകൾ പ്ലാറ്റ്ഫോമിൽ വിരിച്ച് ഒരുറക്കം പാസ്സാക്കി. കൊതുകുകളുടെ താരാട്ട് ഉണ്ടായിരുന്നതിനാൽ ഉറക്കം സുഖകരമായിരുന്നു എന്നുള്ളത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ... 
മഡ്ഗോൺ നിന്ന് കുലേം വരെ 37 കി.മി ആണ് ദൂരം. ഇടയിൽ രണ്ട് സ്റ്റേഷനുകൾ. ഒന്നാമത്തെ സ്റ്റേഷനിലെത്തിയപ്പോഴെ മനസ്സിലായി, തലേ ദിവസം മഴതകർത്ത് പെയ്തിട്ടുണ്ടെന്ന്. റെയിൽ ട്രാക്കും പരിസരവും നനഞ്ഞ് കിടക്കുന്നു. പിന്നീടങ്ങോട്ടുള്ള വഴികൾക്കിരുവശവും കാടുകൾ, കൂറ്റൻ മരങ്ങൾ, അവയെല്ലാം മഴവെള്ളത്തുള്ളികളുമായ് നിൽക്കുന്നു.
8.45 കഴിഞ്ഞപ്പോൾ വണ്ടി കുലേം സ്റ്റേഷനിലെത്തി.കൂലേം സറ്റേഷനിൽ നിന്നും 3 രീതിയിൽ ദൂത് സാഗറിലേക്ക് പോകാം. ജീപ്പ്, ബൈക്ക്, ട്രെക്കിംഗ്. പക്ഷെ തിരക്കിയപ്പോൾ മഴ പെയ്ത് പുഴ കവിഞ്ഞ് ഒഴുകുന്നത് കാരണം ജീപ്പ് പോവുകയില്ല.
ബൈക്കിൽ പോകാൻ താൽപര്യമില്ല എന്നുള്ളത് കൊണ്ട് നടക്കാൻ തീരുമാനിച്ചു.പക്ഷെ ബാൻ ഉള്ളത് കാരണം റെയിൽ വഴിനടക്കാനും പറ്റില്ല. മുറി ഹിന്ദിയിൽ വഴി ചോദിച്ച ഞങ്ങളോട് റെയിൽവേ ഗേറ്റിലെ ചേട്ടൻ സ്റ്റാർട്ട് ചെയ്യുന്ന ഇഞ്ചിൻ ട്രൈവർ മലയാളിയാണെന്ന് പറഞ്ഞു.
ചേട്ടാ ഈ ദൂത് സാഗർ പോകാനുള്ള ...?? എന്ന് ചോദിച്ചപ്പോഴേക്കും ചേട്ടൻ പറഞ്ഞു അത് വിട്ട് പിടി മക്കളെ. ലാസ്റ്റ് പിടിച്ചവർക്ക് 2 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്, ഇപ്പോൾ റയിൽവ്വേ കുറച്ച് സ്ട്രിക്ട് ആണ് എന്നുള്ള മറുപടി കിട്ടി. വെളിയിൽ ഇറങ്ങി നടന്നു പോകാനുള്ള റൂട്ടും പറഞ്ഞു തന്നു.
വെളിയിലിറങ്ങിയപ്പോൾ ഒരു ചേട്ടൻ, ഗൈഡ് ആണ്, പേര് പരശുറാം.12 കി.മി കൂടെ വരാം തിരികെ വന്നിട്ട് കാശ് കൊടുത്താൽ മതിയെന്നും പറഞ്ഞു. കൂടുതൽ ആലോചനയ്ക്നിൽകാതെ ഒക്കെ പറഞ്ഞു. അടുത്തുള്ള തട്ട് കടയിൽ നിന്നും ഓരോ വടാ പാവ് വാങ്ങി കഴിച്ചു. ഓരോന്ന് കഴിക്കാൻ പൊതിഞ്ഞെടുത്തു പുളളിയുടെ കൂടെ നടന്നു.
നൂറ് മീറ്റർ നടന്നപ്പോഴേക്കും മഴ തുടങ്ങി, മഴയെന്ന് പറഞ്ഞാൽ നല്ല മഴ. ബാഗുകൾ കവറിട്ട് മൂടി എല്ലാവരും റെയിൻകോട്ടിലേക്ക് കയറി നടത്തം തുടങ്ങി.
നൂറ് മീറ്റർ നടന്നപ്പോഴേക്കും മഴ തുടങ്ങി, മഴയെന്ന് പറഞ്ഞാൽ നല്ല മഴ. ബാഗുകൾ കവറിട്ട് മൂടി എല്ലാവരും റെയിൻകോട്ടിലേക്ക് കയറി നടത്തം തുടങ്ങി.
കാടിനുള്ളിലൂടെയാണ് നടത്തം, മഴ കുറയുകയോതോരുകയോ ചെയ്യുന്ന ലക്ഷണം കാണുന്നില്ല. ബാഗും തൂക്കിയുള്ള നടത്തം അത്ര സുഖപ്രദമല്ല പക്ഷെ മഴ പെയ്യുന്നു എന്നുള്ളത് മാത്രമാണ് സുഖകരമായത്. കുറച്ച് ദൂരത്തിന് ശേഷം റെയിൽവ്വേ ട്രാക്ക് ക്രോസ് ചെയ്ത് വീണ്ടും കാട്ടിലേക്കിറങ്ങി. ഇരുവശത്തുമുള്ള ചെടികളെ വകഞ്ഞ് മാറ്റി മുന്നിലുള്ള വെള്ളം ഒഴുകുന്ന വഴികളിലൂടെ മുന്നോട്ടുള്ള യാത്ര.
മഴവെള്ളം കുത്തിയൊഴുകുന്ന ചെറിയ തോടുകൾ. ഓരോ ഫ്രെയിമിലും ഭംഗി ഒളിപ്പിച്ച് വെച്ചിരിക്കുന്ന വഴികൾ.
ചിലയിടങ്ങളിൽ മരം വീണ് വഴികൾ തടസ്സപ്പെട്ടിരുന്നു. ഒരു വശത്ത് കൂടി കുത്തിയൊഴുകി പുഴ പോകുന്നു. ജീപ്പിത് വഴി വന്നാൽ കുത്തിയൊലിച്ച് പോയത് തന്നെ. പുഴയരികിലെ ഉരുളൻ കല്ലുകളിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ മഴ കുറഞ്ഞിരുന്നു. റെയിൻകോട്ട് ഊരി വെച്ചപ്പോഴേക്കും മഴ തുടങ്ങി. അന്ന് വൈകുന്നേരം വരെ ഇതായിരുന്നു അവസ്ഥ.പെയ്തും തോർന്നും മഴ കളിച്ചു കൊണ്ടേ യിരുന്നു.
ഓരോ ഫ്രെയിമിലും സൗന്ദര്യം ഒളിപ്പിച്ചിരിക്കുന്ന പശ്ചിമഘട്ടത്തിലെ കാടുകൾ. കാടുകളിൽ നിന്നും ഉയർന്ന് പൊങ്ങുന്ന കോട മഞ്ഞിന്റെ നേർത്ത പാളികൾ വായുവിൽ.
പുഴയോരത്ത് കൂടിയുള്ള യാത്ര വീതി കൂടിയ വഴിയിലൂടെയായിരുന്നെങ്കിൽ ഇടയ്ക്ക് വീതി കുറഞ്ഞ കാട്ടുവഴികളായിരുന്നു.
ഇതിനിടയിൽ ഡെവിൾസ് കാനിയോെളിൽ നിന്ന് ഫോട്ടം പിടിച്ച് മുന്നോട്ട് യാത്ര പോയി. ഏകദേശം 5Km കഴിഞ്ഞപ്പോഴേക്കും പുറത്ത് കിടക്കുന്ന ബാഗിന്റെ ഭാരം കാരണം എല്ലാവർക്കും വിശപ്പും ക്ഷീണവും തുടങ്ങി.
റെയിൽ ട്രാക്കിലൂടെ ട്രെയിൻ പോകുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഹുങ്കാരശബ്ദവും കേൾക്കുന്നു.
റെയിൽ ട്രാക്കിലൂടെ ട്രെയിൻ പോകുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഹുങ്കാരശബ്ദവും കേൾക്കുന്നു.
പോകുന്ന വഴിയിലെ ഒരമ്പലത്തിനടുത്തുള്ള ചെറിയ കടയിൽ കയറി ഒരല്പം വിശ്രമവും ഭക്ഷണവും. ഇനി 3 കി.മി കൂടിയുണ്ട് വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലെത്താൻ. കാട് വഴി ട്രെക്ക് ചെയ്താൽ നമ്മൾ എത്തുക വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലാണ്. ഇവിടെ ജനവാസ മേഖലയല്ല. അമ്പലത്തിനോട് ചേർന്ന് രണ്ട് വീടുകൾ.
പിന്നിടങ്ങോട്ട് പോകുംതോറും വെള്ളം വീഴുന്ന ഇരമ്പൽ ശക്തമായി കൊണ്ടിരുന്നു. നിരവധി ചെറുതോടുകൾ നടന്നു കയറി അവസാനം ഒരല്പം ശക്തമായി ഒഴുകുന്ന ഒരു തോട് കടക്കേണ്ടിയും വന്നു.
തോട് കടന്നെത്തിയപ്പോൾ വലിയ കല്ലുകളിലും മരങ്ങളിലും വയലറ്റ് നിറത്തിലുള്ള പൂവുമായി കൽത്താമരകൾ. ചിമ്മിണി കാടുകളിൽ കണ്ടതിന് ശേഷം ആദ്യമായാണ് കൽത്താമര കാണുന്നത്.
വെള്ളത്തിന്റെ ഇരമ്പം അടുത്തു കേട്ടു തുടങ്ങി, നമ്മുടെ മനസ്സിൽ സന്തോഷത്തിന്റെ തിരകൾ അടിച്ച് തുടങ്ങി.
ഒരു ചെറിയ കയറ്റം കയറി ചെന്ന വളവിൽ വെച്ച് ദൂരെ മലയിൽ പാൽ ചുര പടർത്തി താഴേക്ക് വീഴുന്ന വെള്ളച്ചാട്ടത്തെ കണ്ടു.
ദൂരം കൂടുതലായ കാരണം അതിന്റെ പൂർണ്ണരൗദ്രഭാവം കാണാൻ പറ്റുന്നില്ല. കയറ്റ മിറങ്ങിയെത്തുന്നത് ദൂത് സാഗറിലേക്ക് സ്വാഗതം ചെയ്യുന്ന വലിയ കമാനം.അത് കടന്നെത്തുന്നിടത്ത് വാച്ച് ടവർ ഉണ്ട്.
അതിന് താഴെയുള്ള പാറക്കെട്ടുകളിലൂടെ വെള്ളച്ചാട്ടം നുരഞ്ഞ് പതഞ്ഞ് പോകുന്നു. അത് കടന്നു ചെല്ലുന്നത് ഒരു ചെറിയ കുന്നിലേക്കാണ്. കൂറ്റൻ ചൂരൽ വള്ളികളും മുള്ളുകളുമുള്ള വഴികൾ പിന്നിട്ട് ദൂത് സാഗറിന്റെ പതന മുഖത്തേക്ക്.
മുകളിൽ നിന്ന് പാലു പോലെ പതഞ്ഞ് വരികയാണ് വെള്ളം.വെള്ളത്തിലേക്കിറങ്ങരുതെന്ന് ഗൈഡ് പരശുറാം മുന്നറിയിപ്പ് തന്നു.
മുകളിൽ ഉള്ള റെയിവ്വേ പാലത്തിലൂടെ ഏതോ ട്രെയിൻ ചൂളം വിളിച്ച് കടന്നു പോയി. പാലത്തിന് മുകളിൽ മൂന്ന് തട്ടുകളായി തുടങ്ങുന്ന വെള്ളച്ചാട്ടം പാലത്തിനടിയിലൂടെ താഴേക്ക് പതിക്കുന്നു. റെയിൽ ട്രെക്ക് ചെയ്ത് വരുന്നവർ പാലത്തിന് മുകളിൽ നിന്നാണ് വെള്ളച്ചാട്ടം കാണാറ്.പാലമായത് കൊണ്ട് ഇവിടെയാണ് ഏറ്റവും കൂടുതൽ അപകടം നടന്നിട്ടുള്ളതും.
മതിയാകുവോളം ഫോട്ടോകൾ എടുത്തതിന് ശേഷം തിരികെ പോകാൻ തീരുമാനിച്ചു. മുകളിലേക്ക് കയറിയാൽ റെയിൽവ്വേ ടണൽ ആണ്. ടണലിനപ്പുറം പാലം, പക്ഷെ ബാൻഡ് ആയ വഴി പോയി പണി മേടിക്കാൻ താൽപര്യമില്ലാത്തതിനാൽ വന്ന വഴി തന്നെ മടങ്ങാമെന്ന് തീരുമാനിച്ചു.
ടണലിൽ കയറുന്ന കാര്യം പറഞ്ഞപ്പോൾ ഗൈഡ് ഞങ്ങളെ അമ്പലം കഴിഞ്ഞ് റെയിൽവ്വേ ട്രാക്കിലേക്ക് കയറ്റി. സോണാലിയം റെയിൽവ്വേ സ്‌റ്റേഷൻ. സ്റ്റേഷൻ എന്നത് ഒരു സങ്കല്പം ആന്നെങ്കിലും അത്യാവശ്യം എല്ലാ ട്രെയിനുകളും ഇവിടെ നിർത്തും.
പിന്നിട് യാത്ര ചെയ്തത് റെയിലിനു അരികിലുള്ള ചെറിയ വഴിയായിരുന്നു. ബൈക്കുകൾ ആളുകളെ കൊണ്ടു പോകുന്നത് ആ വഴിയിലാണ്. ഇനി ഈ റൂട്ടിലുള്ള ഏക ടണലിൽ മുൻപിലും ഉള്ളിലും കയറി ഫോട്ടോയെടുത്തു മുന്നോട്ട് പോയി.
ഇതിനിടയിൽ വെളിപാട് പോല ജിഫിൻ ചോദിച്ചു. റെയിൽ ട്രെക് ചെയ്ത് പാലത്തിനു മുകളിൽ പോകുന്നതല്ലെ ബാൻ ചെയ്തിട്ടുള്ളൂ.??
ട്രെയിനിൽ കയറി പാലത്തിന് മുകളിലൂടെ പോകുന്നതിന് കുഴപ്പമില്ലല്ലൊ??
നമുക്ക് കുലേമിൽ നിന്ന് അടുത്ത ട്രെയിനിൽ കയറി വെള്ളച്ചാട്ടം കണ്ടാലൊ?? എന്നിട്ട് അടുത്ത ജനവാസമുള്ള സ്റ്റേഷനിലിറങ്ങി അന്ന് രാത്രി അവിടെ താങ്ങാം.
നമുക്ക് കുലേമിൽ നിന്ന് അടുത്ത ട്രെയിനിൽ കയറി വെള്ളച്ചാട്ടം കണ്ടാലൊ?? എന്നിട്ട് അടുത്ത ജനവാസമുള്ള സ്റ്റേഷനിലിറങ്ങി അന്ന് രാത്രി അവിടെ താങ്ങാം.
കൊള്ളാം, നോക്കിയപ്പോൾ അടുത്ത സ്റ്റേഷൻ കാസിൽ റോക്ക് എന്ന് കണ്ടു. കാസിൽ റോക്ക് എങ്കിൽ കാസിൽ റോക്. കുലേമിലെത്തി ഗൈഡ്ന് കാശ് കൊടുത്ത് അദ്യത്തെട്രെയിനിൽ കയറി വാതിലിൽ ഇടം പിടിച്ചു.
നിരവധി വളവുകളും തിരിവുകളും പിന്നിട്ട് മുന്നോട്ട് പോയട്രെയിൻ മലയെ ചുറ്റിയാണ് പോകുന്നത്. അത് കൊണ്ട് തന്നെ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യവും അടുത്തുള്ള ദൃശ്യവും നമുക്ക് ആസ്വദിക്കാം.
വെള്ളച്ചാട്ടത്തിന്റെ നയന മനോഹരമായ കാഴ്ചകൾ കണ്ട് അവസാനം കാസിൽ റോക്ക്സ്റ്റേഷനിലിറങ്ങി. അധികം ട്രെയിനുകൾ കടന്നു പോകാത്ത ഒരു ചെറിയ സ്റ്റേഷൻ. ഇന്ന് പോകുന്നില്ല എന്ന് തീരുമാനം എടുത്തെങ്കിലും റെയിൽവ്വേ പോലിസിനോട് ചുമ്മാതെ അടുത്ത ട്രെയിൻ എപ്പോഴാണെന്ന് ചോദിച്ചു. ഇന്നിനി ഒരു ട്രെയിനും ഇല്ല നാളെ പുലർച്ചെ 2.30 ന് അണ് ആദ്യ ട്രെയിൻ.
ഒരു മലയുടെ വശം വെട്ടി മാറ്റി പണികഴിപ്പിച്ചതാണ് സ്റ്റേഷൻ. മലയെ പിളർത്തി മാറ്റിയ വഴിയിലൂടെ റെയിൽ കടന്ന് പോകുന്നു. കുന്നിൻ മുകളിൽ റെയിൽവ്വേ ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങൾ.
നനഞ്ഞ കോഴിയെപ്പോലെയായി എല്ലാവരും. ശരിരത്തിന് ഒരല്പം ചൂട് കിട്ടിയാൽ ആശ്വാസമാകും. എന്തായാലും സമയം ആവോളമുണ്ട്.
നനഞ്ഞ കോഴിയെപ്പോലെയായി എല്ലാവരും. ശരിരത്തിന് ഒരല്പം ചൂട് കിട്ടിയാൽ ആശ്വാസമാകും. എന്തായാലും സമയം ആവോളമുണ്ട്.
നമുക്കറിയാത്ത ഇടങ്ങളിലെത്തി, അറിയാത്ത വഴികളിലൂടെ അലഞ്ഞ് നടക്കുന്നതിന്റെ സുഖമറിയാൻ ഞങ്ങൾ തീരുമാനിച്ചു. താഴെ ഒരു ചെറിയ ജംഗ്ഷൻ, ചെറിയ കടകൾ, ഒന്ന് രണ്ട് കോഫീ ഷോപ്പുകൾ.
ഒരു വലിയ ഗണപതി വിഗ്രഹം വണ്ടിയിൽ കയറ്റുന്നു ഗണേശ ചതുർത്ഥിക്കുള്ള ഒരുക്കങ്ങളാണ്.
ഒരു വലിയ ഗണപതി വിഗ്രഹം വണ്ടിയിൽ കയറ്റുന്നു ഗണേശ ചതുർത്ഥിക്കുള്ള ഒരുക്കങ്ങളാണ്.
കുറച്ച് ദൂരം മുന്നോട്ട് പോയി ചായ കുടിച്ച്, വല്ലതും കഴിച്ച് തിരിച്ച് വരാൻ തീരുമാനിച്ചു. ഷിർദ്ധിസായി ബാവയുടെയും ചത്രപതി ശിവജിയുടെയും പ്രതികൾ, ഗണേശ ചതുർത്ഥി ആഘോഷം, ഇത് മഹാരാഷ്ട്രയാണോ എന്നൊരു സംശയം മനസ്സിൽ.
ഭക്ഷണം കഴിച്ച കടയിൽ നിന്ന് ഇത് കർണ്ണാടക ആന്നെന്ന് മനസ്സിലായി.ഗോവയിൽ നിന്ന് കർണ്ണാടക എത്തി. ദൂത് സാഗർ വരെയാണ് ഗോവയുടെ ഭാഗം. ഗോവയിലെ എല്ലാ ട്രെയിനുകളും നിർത്തുന്ന അവസാന സ്റ്റേഷൻ സൊണാലിയമാണ്.
തിരികെ റെയിൽവ്വേ സ്റ്റേഷനിലേക് നടക്കുമ്പോൾ കാസിൽ റോക്കിനെ കുറിച്ച് ഗൂഗിളിൽ പരതി. ഇന്ത്യയിലെ രണ്ട് അധിനിവേശ രാജ്യങ്ങളുടെ അതിർത്തി ആയിരുന്നു കാസിൽ റോക്ക്. പോർച്ചുഗീസുകാരുടെ അധിനതയിൽ ഇരുന്ന ഗോവയുടെയും, ബ്രട്ടീഷ്കാരുടെ അധിനതയിൽ ഇരുന്ന കർണ്ണാടകയുടെയും അതിർത്തി അയിരുന്നു കാസിൽ റോക്ക്. കാസിൽ റോക്ക് ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ദണ്ടേലി ടൈഗർ റിസർവ്വിലാണ്.ജനസംഖ്യ വളരെ കുറവ്.
ഗോവയിലെ തീരപ്രദേശങ്ങളെ കർണ്ണാടക വഴി ബന്ധിപ്പിച്ചിരുന്ന പശ്ചിമഘട്ട പാതയാണിത്. ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ ഉള്ള മണ്ണിലാണ് നിൽക്കുന്നത്.
തിരികെ സ്റ്റേഷനിലെത്തി വെയിറ്റിംഗ് റൂമിൽ
സ്ലീപിങ്ങ് ബാഗ് വിരിച്ച് ഉറക്കത്തിലേക്കും, പുലർച്ചെ 2 മണിക്ക് എഴുന്നേറ്റ് ട്രെയിനിൽ മഡ് ഗോണിലേക്കും. ഒരു ദിവസം മുഴുവൻ പാൽക്കടലിന്റെ സുന്ദരദൃശ്യത്തിൽ മയങ്ങി, ചരിത്ര പ്രാധാന്യമുള്ള കാസിൽ റോക്കിൽ ഉറങ്ങിയും ഉള്ള യാത്ര എത്രയായാലും മറക്കുകയില്ല. കാരണം ഇവ അത്രമേൽ മനസ്സിനെ കീഴടക്കി കളഞ്ഞു
സ്ലീപിങ്ങ് ബാഗ് വിരിച്ച് ഉറക്കത്തിലേക്കും, പുലർച്ചെ 2 മണിക്ക് എഴുന്നേറ്റ് ട്രെയിനിൽ മഡ് ഗോണിലേക്കും. ഒരു ദിവസം മുഴുവൻ പാൽക്കടലിന്റെ സുന്ദരദൃശ്യത്തിൽ മയങ്ങി, ചരിത്ര പ്രാധാന്യമുള്ള കാസിൽ റോക്കിൽ ഉറങ്ങിയും ഉള്ള യാത്ര എത്രയായാലും മറക്കുകയില്ല. കാരണം ഇവ അത്രമേൽ മനസ്സിനെ കീഴടക്കി കളഞ്ഞു
വരികളും ചിത്രങ്ങളും :Aju Chirakkal












അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ