2019 ജനുവരി 31, വ്യാഴാഴ്‌ച

കേൾക്കാത്ത കഥകളും കാണാത്ത കാഴ്​ചകളും തേടി - ഗവി

ആന വണ്ടിയിലൂടെ ആനകളെ കാണാൻ ഗവിയിലേക്ക്​ - അതായിരുന്നു യാ​ത്രാദ്ദേശ്യം. സാധാരണക്കാർ കൂടുതലുള്ള കേരളത്തിൽ സഞ്ചാരങ്ങൾക്കായി കൂടുതൽ ആശ്രയിക്കുന്നതും നമ്മുടെ ആനവണ്ടിയെ തന്നെയാണ്​. ഏത്​ യാത്രയും പരിപൂർണമാകണമെങ്കിൽ സാരഥി ആയി ആനവണ്ടിതന്നെ വേണം. കയറ്റങ്ങളും ഇറക്കങ്ങളും കുലുക്കങ്ങളും അങ്ങേയറ്റം ആസ്വദിക്കാനും വഴിമാറിക്കിടക്കുന്ന ശിലകളെ വഴിയോരത്തേക്ക്​ ചിതറിത്തെറിപ്പിച്ച്​ ജനൽക്കമ്പികൾക്കുള്ളിലൂടെ പ്രദർശനമേളയൊരുക്കി മുന്നേറുന്നു. ഇരുണ്ട ആഫ്രിക്കയിൽനിന്ന്​ കടൽ താണ്ടി 1950 മാർച്ചിൽ ധവളമായ യൂറോപ്പി​​െൻറ മണ്ണിലെത്തി, താൻ കോഴിക്കോ​െട്ട പുതിയറയിൽനിന്ന്​ വരുന്നു എന്നു പറഞ്ഞപ്പോൾ ‘‘you are the prince of puthiyara’’ എന്ന ജമൈക്കക്കാരി റീമയിലൂടെ ‘യാത്ര നമ്മുടെ നാട്ടിൽ സമ്പന്നർക്ക്​ മാത്രമല്ല സാധാരണക്കാരനുകൂടി അവകാശപ്പെട്ടതാണെ’ന്ന്​ എസ്​.കെ. പൊ​െറ്റക്കാട്ട്​​ തുറന്നുകാട്ടി. അത്തരത്തിൽ സാധാരണക്കാരുടെ സ്വന്തം വണ്ടിയാണ് ആനവണ്ടി.
ഗവിയിലെ രാധാകൃഷ്​ണൻ സാറി​​െൻറ ക്ഷണം സ്വീകരിച്ച്​ ഒരു വെള്ളിയാഴ്​ച വൈകുന്നേരം തൃശൂരിൽനിന്ന്​ 3.45നുള്ള ഫാസ്​റ്റിൽ യാത്ര തുടങ്ങി. ഒമ്പതുമണിയോടെ പത്തനംതിട്ടയിൽ വണ്ടി ഇറങ്ങി തൊട്ടടുത്തുള്ള ഹോട്ടലിൽ 400 രൂപക്ക്​ റൂമെടുത്തു. അടുത്ത ദിവസം രാവിലെ 6.30ന്​ ഗവി ബസ്​ പുറപ്പെടുന്നതിനാൽ ആദ്യത്തെ സീറ്റ്​ പിടിക്കാനായി അഞ്ചുമണിക്കുതന്നെ എഴുന്നേറ്റ്​ ഫ്രഷ്​ ആയി ആറു മണിക്ക്​ കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിലെ ഗവി ബസിനു മുന്നിൽ ഹാജരായി. ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങളിൽ ഇഷ്​ടമുള്ളത്​ തിരഞ്ഞെടുത്ത്​ ഇരിപ്പുറപ്പിക്കാം എന്ന ആശയിൽ ബസിനുള്ളിൽ കയറിയ​പ്പോൾ അതിനുള്ളിലെ കാഴ്​ച കണ്ട്​ പടിയിൽതന്നെ നിന്നുപോയി.


ഒരൊറ്റ സീറ്റ്​ പോലും ഒഴിവില്ല. അതിരാവിലെ എന്നെക്കാളും വേഗത്തിലും ആകാംക്ഷയിലും വണ്ടിക്കുള്ളിൽ സ്​ഥാനംപിടിച്ചവരായിരുന്നു ഒാരോരുത്തരും. ആ ഒരൊറ്റ നിമിഷത്തി​​െൻറ ആശയുടെ മുക്കാൽഭാഗവും നിരാശയിലേക്ക്​ വഴുതിവീണ എ​​െൻറ മുഖഭാവങ്ങൾ ശ്രദ്ധിച്ചിട്ടാകാം ഡ്രൈവർ രമേശ്​ ചേട്ടൻ കാഴ്​ചകളെ വേണ്ടുവോളം ആസ്വദിക്കാനും തനിക്കൊപ്പം മറ്റുള്ളവരെ നയിക്കാനുമായി വണ്ടിയുടെ എൻജിൻപുറത്ത്​ അൽപം സ്​ഥലം നൽകി. ഗവിയുടെ വഴികളിൽ കാലങ്ങളായി വളയം പിടിക്കുന്ന കൈകളെത്തന്നെ ഗൈഡായി കിട്ടിയതിൽ അതീവ സന്തോഷവാനായിരുന്നു ഞാൻ. പലർക്കും കേട്ടറിവുകളിലൂടെയും, ഒാർഡിനറി സിനിമ പോലുള്ള ദൃശ്യവിസ്​മയങ്ങളിലൂടെയും ഉള്ളിൽ ഉണർന്ന മോഹമാണ്​ ഗവി ദർശനമെങ്കിൽ മറ്റു ചിലർക്ക്​ ഗവിയുടെ സൗന്ദര്യത്തി​​െൻറ ഒരംശമെങ്കിലും  ത​​െൻറ നാട്ടിൻപുറങ്ങൾക്കുണ്ടെങ്കിൽ ആ പ്രദേശം ആ നാടി​​െൻറ ഗവി ആയി മാറുകയാണ്​. കോഴിക്കോടി​​െൻറ ഗവി, വയനാടി​​െൻറ ഗവി എന്നിങ്ങനെ പലയിടങ്ങളിലും ഗവിക്ക്​ ത​​െൻറ പേരിൽ അറിയപ്പെടുന്ന സന്താനങ്ങളുണ്ട്​. എന്തായാലും 6.30 കൂടി ആന വണ്ടിയുടെ ചക്രങ്ങൾ മുന്നോട്ട്​ ഒാടിത്തുടങ്ങിയപ്പോൾ എ​​െൻറ ഗവി

പത്തുവർഷം മു​േമ്പ ഒരു പെസഹ വ്യാഴം. സമയം രാവിലെ 4.30. നിൽക്കുന്നത്​ പത്തനംതിട്ടയിലെ വടശേരിക്കര എന്ന സ്​ഥലത്ത്​. സ്​ഥിരമായി മൂന്നാറും, ഉൗട്ടിയും, കൊടൈക്കനാലും പോയി മടുത്ത ഞങ്ങൾക്ക്​ ഒരു പുതിയ സ്​ഥലം - അതാണ്​ ലക്ഷ്യം. അങ്ങനെ കേട്ടറിവോ കണ്ടറിവോ മാപ്പ്​ അറിവോ (ഗൂഗ്​ൾ) ഇല്ലാത്ത ഗവി എന്ന സ്​ഥലത്തേക്ക്​ പുറപ്പെട്ടിരിക്കുന്നു. വഴിയുടെ സംശയം തീർക്കാൻ നിർത്തിയതാണ്​ ഇവിടെ. അവിടെ പത്രക്കെട്ടുകൾ അടുക്കുകയായിരുന്ന ഒരു പുള്ളിക്കാരനോട്​ ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെ ഒരു സ്​ഥലമേ കേട്ടിട്ടില്ല. രണ്ടാമത്​ ഒരാ​േളാട്​ ചോദിച്ചതുതന്നെ തെറ്റായിപ്പോയി എന്ന്​ ഞങ്ങൾക്ക്​ തോന്നിപ്പോയി. കാരണം, ‘‘നീയൊക്കെ വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്​, തിരിച്ച്​ ചെല്ലത്തില്ലെന്ന്​’’ എന്നായിരുന്നു മറുപടി. ഇൗ സമയം അവിടെ ഉണ്ടായിരുന്ന ടാക്​സി ഡ്രൈവറോട്​ അന്വേഷിച്ചപ്പോൾ പുള്ളിക്കാരൻ ബാക്കിയുള്ള ഡ്രൈവർമാരെ കൂടി വിളിച്ചുവരുത്തി.
എന്ത്​ നല്ല മനുഷ്യൻ, ഞങ്ങളെ സഹായിക്കാനായി എല്ലാവരെയും വിളിച്ചുവരുന്നു എന്ന തോന്നൽ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു അവരുടെ വാക്കുകൾ. അന്നാണ്​ ആദ്യമായി 7.1 ഡിജിറ്റൽ സറൗണ്ട്​ സിസ്​റ്റം എന്താണെന്ന്​ ഞങ്ങൾക്ക്​ മനസ്സിലായത്​. ഒാരോ വശത്തുനിന്നും ഒാരോരുത്തർ അങ്ങ്​ തുടങ്ങി. ‘‘എവിടെയ്​ക്ക്​ ഗവിക്കൊ?’’ ‘‘അതേ... ഗവിയിൽ പോയവരാരും ഇന്നുവരെ തിരിച്ചുവന്നിട്ടില്ല’’. ‘‘കഴിഞ്ഞ ആഴ്​ച പോയ ഒരാളെ കാട്ടുപോത്ത്​ കുത്തിക്കൊന്നു’’. ‘‘രണ്ടു ദിവസം മുന്നേ പോയ രണ്ടുപേരെ ആന ചവിട്ടിക്കൊന്നു’’. ‘‘ഒരു മാസം മുന്നേ പോയ അഞ്ചുപേരെ പിന്നെ ആരും കണ്ടിട്ടില്ല.’’ അങ്ങനെ ആകെ പേടിപ്പിക്കുന്ന കഥകൾ. അവിടമാകെ ഒരു ഭീതിജനകമായ അന്തരീക്ഷമായി മാറി. എല്ലാവരിലും ഭയത്തി​​െൻറ വേരുകൾ പടർന്നുകയറി. എങ്കിലും വെച്ച കാൽ പിന്നോട്ട്​ എടുക്കുന്ന സ്വഭാവം എനിക്കില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ അവർ പുറത്തു കാണിക്കുന്നില്ല. എന്തായാലും അവസാനമായി തൊട്ടടുത്ത ഒാ​േട്ടാ സ്​റ്റാൻഡിലെ ഒരു ഒാ​േട്ടാക്കാരനോട്​ അന്വേഷിച്ചു.
ഗവി എന്ന്​ വളരെ പതിഞ്ഞ സ്വരത്തിൽ ചോദിച്ച ഞങ്ങളോട്​ വളരെ ഉച്ചത്തിൽ ആയിരുന്നു പുള്ളിക്കാര​​െൻറ മറുപടി. അവിടേ​ക്ക്​ ഇൗ കാറിലൊക്കെ പോയാൽ ആന ചവിട്ടി പൊട്ടിക്കും. മാത്രമല്ല നാലഞ്ച്​ മണിക്കൂർ കൊടും വനത്തിലൂടെ യാത്ര ചെയ്യണം. അതിനിടയിൽ ഒന്ന്​ മൂത്രമൊഴിക്കാനോ മ​േറ്റാ വണ്ടി നിർത്തിയാൽ പാമ്പുകൾ വണ്ടിക്കുള്ളിൽ കയറും. അത്രക്ക്​ പാമ്പ്​ ശല്യമാണ്​ പോലും. ഒരു ഭാഗത്ത്​ ആദ്യമായി ഇങ്ങനെ കിട്ടുന്ന ഒരു യാത്രയുടെ ത്രില്ലും മറുഭാഗത്ത്​ ഭയാനകമായ ഗവിയും ആയിരുന്നു മനസ്സിൽ. ഒടുവിൽ ഗവി കാണാനായി ഞങ്ങൾ അങ്ങ്​ തിരുവനന്തപുരത്തുനിന്നുമാണ്​ വരുന്നത്​ എന്നൊക്കെ ഉള്ള ഞങ്ങളുടെ സങ്കട വാക്കുകൾ കേട്ട്​ പുള്ളിതന്നെ ഒരു ഉപായം പറഞ്ഞുതന്നു. ആ ഉപായം ആയിരുന്നു ഇന്ന്​ ഞാൻ യാത്ര ചെയ്യുന്ന ഇൗ ആനവണ്ടി. 6.30ന്​ ഗവിക്ക്​ ഒരു കെ.എസ്​.ആർ.ടി.സി ബസ്​ വരും. അതിനു പുറകെ പോയാൽ വന്യജീവികളിൽനിന്നു രക്ഷപ്പെടാം.
വർഷങ്ങൾ പഴക്കമുള്ള ആ ഒാർമകളിൽനിന്ന്​ കണ്ടക്​ടർ ജോണിച്ചേട്ടൻ എന്നെ തട്ടി ഉണർത്തി. ‘‘സർ, ഇതാണ്​ അവസാന കവല. ഇനി അങ്ങോട്ട്​ നിബിഡ വനമാണ്. ആഹാരം കഴിക്കാനാണ്​ വണ്ടി നിർത്തിയത്​. അത്യാവശ്യ സാധനങ്ങൾ എന്തെങ്കിലും വേണമെങ്കിൽ ഇവിടെനിന്ന്​ വാങ്ങിക്കോളൂ’’...<br />ഇന്ന്​ ആ പഴയ പേടിപ്പിക്കുന്ന ഗവി അല്ല പുത്തൻ ഉടുപ്പ്​ അണിഞ്ഞുനിൽക്കുന്ന ഗവിയിൽ സഞ്ചാരികളുടെ പ്രളയം ആണെന്ന്​ പറയാം. ​ത്രില്ലടിപ്പിക്കുന്ന ഒരു കാട്​ യാത്ര ആണെങ്കിൽ ഇൗ ആനവണ്ടിയിൽ വരാം. അല്ലാതെ നഗരത്തി​​െൻറ തിരക്കുകളിൽനിന്ന്​ ഒഴിഞ്ഞു സമാധാനമായി രണ്ടു ദിവസം മണ്ണിനോടും മരങ്ങ​േളാടും കഥ പറഞ്ഞും കാടി​​െൻറ കാലൊച്ചകൾ കാതോർത്തും സായാഹ്നത്തിൽ മഞ്ഞ്​ മൂടുന്ന തടാകക്കരയിൽ കിന്നാരം പറഞ്ഞും രാവിലെ പച്ചപ്പട്ടുടുത്തു നിൽക്കുന്ന മലനിരകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളിമേഘങ്ങളെ കണികാണാനും ആണെങ്കിൽ ഗവിയിൽ ഒരു ദിവസം താമസിക്കണം. ആർത്തുല്ലസിക്കാനും ഒരു അടിച്ചുപൊളിക്കും ഗവിയിൽ സ്​ഥാനം ഇല്ല.

ഭക്ഷണത്തിനുശേഷം വണ്ടി പതുക്കെ നഗരയാമങ്ങളെ താരാട്ടുപാടി ഉറക്കി കാടി​​െൻറ വിജനതയിലും പ്രകൃതിയുടെ പുൽപ്പരപ്പിലും തണുപ്പുതേടി യാത്ര തുടർന്നിരിക്കുന്നു. നാലു ഡാം റിസർവോയറുകളാണ്​ പ്രധാനമായും ഗവിയിലേക്കുള്ള യാത്രയിൽ കാണാൻ കഴിയുന്നത്​. മൂളിയാർ ഡാം, ആനത്തോട്​ ഡാം, കക്കി ഡാം, പമ്പ ഡാം. വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡിലൂടെ ഒരേ സമയം ഒരു വണ്ടിക്കു മാത്ര​മേ സഞ്ചരിക്കാനാകൂ. വഴിയിൽ പലയിടങ്ങളിലായി കാട്ടാനകൾ വലിച്ചെറിഞ്ഞ ഇൗറ്റയുടെ അവശിഷ്​ടങ്ങളും വഴിയരികിൽ പറ്റിച്ചേർന്നു നിൽക്കുന്ന മരക്കൊമ്പുകളും യാത്രയിൽ തടസ്സങ്ങൾ സൃഷ്​ടിച്ചുകൊണ്ടേയിരുന്നു. അതിനിടയിൽ അതിരാവിലെയുള്ള ബസ്​ യാത്ര ആയതിനാൽ ആനകൾ റോഡിൽ കാണാനുള്ള സാധ്യത കൂടുതലാണെന്നുള്ള കണ്ടക്​ടറുടെ ഒാർമപ്പെടുത്തലും. കേവലം ഒരു ബസ്​ കഷ്​ടിച്ച്​ കടന്നുപോകുന്ന ഇൗ കാനന പാതയിൽ കൊമ്പനെ കണ്ടാൽ എല്ലാം തീർന്നതുതന്നെ എന്ന ഭയപ്പാടിൽ ഇരിക്കു​േമ്പാഴാണ്​ പെ​െട്ടന്ന്​ ആ ഒറ്റയാ​​െൻറ എളുന്നള്ളത്​.
എല്ലാവരും ഒരേ മനസ്സിൽ പറഞ്ഞു ‘‘​െദെവമേ പെട്ടു.’’ ഇരു ഭാഗത്തുനിന്നും പച്ച വർണങ്ങളാൽ ഒരുക്കി ആലവട്ടവും വെഞ്ചാമരവും വീശിക്കൊണ്ടുള്ള ആ വരവ്​ കണ്ടപ്പോൾ കാട്ടിലെ കൊമ്പ​​െൻറ എഴുന്നള്ളത്തായി തോന്നിപ്പോയി. കുമളിയിൽനിന്ന്​ രാവിലെ 5.45ന്​ ഗവി വഴി പത്തനംതിട്ടക്ക്​ പുറപ്പെടുന്ന ബസാണിത്​. രണ്ടു കൊമ്പന്മാരുടെ കാഴ്​ച ഇടുങ്ങിയ പാതകളിൽ വെച്ചായിപ്പോയാൽ ഏതെങ്കിലും ഒരു ബസ്​ ചിലപ്പോൾ കിലോമീറ്ററുകളോളം പിറകോട്ട്​ എടുക്കേണ്ടി വരും. അതാണ്​ ഇവിടെയും സംഭവിച്ചത്​. ഇവിടെ ഞങ്ങൾ തോൽക്കാതെ നിവൃത്തിയില്ല എന്ന്​ മനസ്സിലാക്കിയ രമേഷേട്ടൻ ബസ്​ ​കുറെ ദൂരം കണ്ടകാഴ്​ചകൾ ഒന്നുകൂടി റിവൈൻഡ്​ ചെയ്​ത്​ കാണിച്ചുതന്നു. പുതിയ പാട്ട്​​ എത്ര തവണ റിവൈൻഡ് ചെയ്​ത്​ കേട്ടാലും മതിവരാത്തതുപോലെ ആ കാഴ്​ചകൾ ഒന്നുകൂടി പിറകിലോ​െട്ടടുത്തപ്പോൾ കൂടുതൽ ആസ്വാദനമാണ്​ നൽകിയത്​.

ബസിലെ സ്ഥിരം യാത്രക്കാരായ കവിതയും ജയയും, അടുത്തതായി ആ ബസിൽ പരിചയ​പ്പെട്ടത്​ അതി​​െൻറ സ്​ഥിരം സഞ്ചാരികളായ കവിത, ജയ എന്ന രണ്ടു വനിതകളെ ആയിരുന്നു. ‘സുരക്ഷിത ബാല്യം സുന്ദര ബാല്യം’ എന്ന പ്രോഗ്രാമി​​െൻറ ഭാഗമായാണ്​ ഇവർ ഗവിക്ക്​ ബസ്​ കയറുന്നത്​. അവിടെ വസിക്കുന്ന കുട്ടികളിൽ വിദ്യാഭ്യാസത്തി​​െൻറ ആവശ്യകത മനസ്സിലാക്കിക്കുക, ഇടക്കിടെ ക്ലാസ്​ മുടക്കി പണിക്കുപോകുന്നവരെ തിരിച്ച്​ സ്​കൂളിലേക്ക്​ കൊണ്ടുവരുക, കലാപരിപാടികൾ, സാംസ്​കാരിക പരിപാടികൾ എന്നിവയിൽ പ​െങ്കടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്​ ഇവർ കാടു കയറുന്നത്​. രാവിലെ 6.30​െൻറ ബസിൽ ഗവിക്കും തിരിച്ച്​ 2.45​െൻറ ബസിൽ &nbsp;ഗവിയിൽനിന്ന്​ തിരിച്ചും പോകുന്ന ഇവർക്കും പറയാനുണ്ട്​ പേടിപ്പിക്കുന്ന ഒരുപാട്​ കഥകൾ. അവധി ദിവസങ്ങളിൽ മാത്രമാണ്​ ആനവണ്ടിയിൽ തിരക്ക്​ അനുഭവപ്പെടാറ്​. അല്ലാത്ത ദിവസങ്ങളിൽ പലപ്പോഴും ഇവർ തനിച്ചാകാറുണ്ട്​. അങ്ങനെ ഇൗ അടുത്തിടെ ഗവിയിൽനിന്നും തിരികെ വരുന്ന വഴി ബസിൽ നാലുപേർ മാത്രം. കണ്ടക്​ടർ, ഡ്രൈവർ, ഒരു കെ.എസ്​.ഇ.ബി ജീവനക്കാരൻ, പിന്നെ നമ്മുടെ കവിതയും. വഴിയുടെ മോശം അവസ്​ഥ കാരണം ആനവണ്ടി കൊടുംകാടിനു നടുവിൽ പണിമുടക്കി. കവിത ആകെ പേടിച്ചു വിരണ്ടു. കാരണം, നേരം സന്ധ്യയോട്​ അടുക്കുന്നു. വന്യമൃഗങ്ങൾ ഏതു നിമിഷവും പ്രത്യക്ഷപ്പെടാം.
സ്​ഥിരമായി ആനശല്യമുള്ള വഴിയാണ്​. കാട്ടിൽ കയറിയാൽ പിന്നെ പുറത്തിറങ്ങുന്നതുവരെ മൊബൈൽ ഫോണിന്​ സിഗ്​നലും ലഭിക്കില്ല. അതിനാൽ, ഗാരേജുമായി ബന്ധപ്പെടാൻ വർഷങ്ങളായി &nbsp;സംവിധാനങ്ങളില്ല. എത്തിച്ചേരേണ്ട സമയം കഴിഞ്ഞു രണ്ടു മണിക്കൂർ കഴിഞ്ഞും എത്തിച്ചേർന്നില്ലെങ്കിൽ ഗാരേജിൽ ഉള്ളവർ മനസ്സിലാക്കുന്നു, വണ്ടി വഴിയിൽ കുടുങ്ങിയിട്ടുണ്ടെന്ന്​. അതിനുശേഷമാണ്​ അവർ വണ്ടിയുമെടുത്ത്​ കാടു കയറുന്നത്. അന്ന്​ സമയം അഞ്ചുമണി. ബസ്​ അവിടെ എത്തേണ്ടത്​ ഏഴുമണിക്ക്​, എട്ടു മണിവരെ അവർ നോക്കുമായിരിക്കും. അതിനുശേഷം കാടിനുള്ളിലേക്ക്​ വരുകയോ ഇവിടന്ന്​ അവിടേക്ക്​ പോകുകയോ നടക്കുന്ന കാര്യമല്ല എന്ന്​ അറിയാവുന്ന കവിത എല്ലാ ദൈവങ്ങളേയും വിളിച്ച്​ മനമുരുകി പ്രാർഥിച്ചു. അധികം താമസിയാതെ ദൈവം ആ ബസിൽ ഉണ്ടായിരുന്ന കെ.എസ്​.ഇ.ബി ജീവനക്കാര​​െൻറ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. പുള്ളിക്കാരൻ ഒരു മെക്കാനിക്കൽ എൻജിനീയർ ആയിരുന്നതിനാൽ വണ്ടിയുടെ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയുണ്ടായി. ഏകദേശം ഒരു മണിക്കൂറിന്​ ശേഷം വണ്ടിയുടെ തകരാർ പരിഹരിച്ചു. ഒരുപക്ഷേ, അദ്ദേഹം ഇല്ലായിരുന്നെങ്കിൽ എന്ന്​ കവിത ഇന്നും പറയു​േമ്പാൾ കണ്ണുകളിൽ ആ ഭയപ്പാടുണ്ടായിരുന്നു.

ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ ഉണ്ടായിട്ടും ഒന്നും സംഭവിക്കാത്ത രീതിയിൽ അടുത്ത ദിവസവും ആ കുരുന്നുകൾക്കായി ബസ്​ കയറുന്ന ഇവരെ കണ്ടാൽ ഒരു സീറ്റ്​ കൊടുക്കാൻ ആരും മറ​ക്കേണ്ട. ഒപ്പം ഇവരെ എന്നും പൊന്നുപോലെ കാത്തുസൂക്ഷിച്ച്​ കാട്ടിലൂടെ കൊണ്ടുവരുന്ന കണ്ടക്​ടർമാർക്കും ഡ്രൈവർക്കും ഒരു ബിഗ്​ സല്യൂട്ടും. കഥകൾ ഒക്കെ കേട്ട്​ വണ്ടി വശ്യസുന്ദരമായ &nbsp;കക്കി ഡാമിനടുത്ത്​ എത്തിയിരിക്കുന്നു. സഞ്ചാരികളെ അവിടെ ഇറക്കി ആ മനോഹര കാഴ്​ചകൾ കാണിച്ചശേഷമാണ്​ വണ്ടി പുറപ്പെടുന്നത്​. കക്കി ഡാം കഴിഞ്ഞാൽ പിന്നെ വണ്ടി നിർത്തുക എ​ക്കോ പാറയിലാണ്​. കക്കി ഡാം പണിയാൻ വേണ്ടി പാറപൊട്ടിച്ച സ്​ഥലമാണ്​ ഇവിടം. ഉറക്കെ കൂവിയാൽ ശബ്​ദം പ്രതിധ്വനിക്കുന്നതു കാരണമാണ്​ ആ പേര്​ ലഭിച്ചത്​. വഴിയോര കാഴ്​ചകൾ ആസ്വദിച്ച്​ വീണ്ടും മുന്നോട്ടുപോയപ്പോഴാണ്​ മലമുകളിലെ സഹ്യ​​െൻറ പ​ുത്രൻ എല്ലാവർക്കും ദർശനം നൽകിയത്​.
എ​​െൻറ കാമറകൾ ആരെയാണ്​ തേടിവന്നത്​ അവർ അതാ ആ മലമുകളിൽ. ലെൻസി​​െൻറ പരിമിതിയിൽ ദൂരെയുള്ള ആ കാഴ്​ച ഞാൻ പകർത്തിയെടുക്കു​േമ്പാഴേക്കും ഞങ്ങൾക്ക്​ ഇറങ്ങേണ്ട സ്​ഥലമായിരുന്നു. കൊച്ചു പമ്പ. ഇവിടെയാണ്​ ആനവണ്ടിയിൽ വരു​ന്നവർ ഇറങ്ങാറ്​. കാരണം, അവർക്കുള്ള ആഹാരം, ബോട്ടിങ്​ ഒക്കെ ഇവിടെയാണ്​ ഒരുക്കിയിരിക്കുന്നത്​. പാക്കേജ്​ എടുക്കുന്നവർക്ക്​ മാത്രമാണ്​ ഗവിയിൽ സൗകര്യങ്ങൾ ഉള്ളത്​. അല്ലാത്തവർ ഭക്ഷണത്തിനുശേഷം കാട്ടിനുള്ളി​ലൂടെ ​ഒരു ബോട്ടിങ്ങും നടത്തി ഇൗ വണ്ടി തിരികെ വരു​േമ്പാൾ അടുത്ത സാഹസികയാത്ര തുടരുന്നു.
കൊച്ചു പമ്പയിൽ വണ്ടി ഇറങ്ങു​േമ്പാൾ കവിതയും ജയയും എന്നോട്​ ഒരു കാര്യം ആവശ്യപ്പെട്ടു. ആ കാര്യം ഇത്​ വായിക്കുന്ന ഒാരോരു​ത്തരോടും ഞാനും ആവശ്യപ്പെടുന്നു. ‘‘സർ എന്നും ഇൗ പണി മുടക്കുന്ന പഴഞ്ചൻ വണ്ടികളാണ്​ ഗവിക്കു പോകാൻ തരുന്നത്​. എന്തെങ്കിലും അപകടം സംഭവിച്ചിട്ട്​ കുടുംബത്തിന്​ കൊടുക്കുന്ന നഷ്​ട​പരിഹാരത്തി​​െൻറ പകുതി തുക പോലും വേണ്ടല്ലോ ആ അപകടം നടക്കാതിരിക്കാൻ’’..

ശ്രദ്ധിക്കേണ്ടവ :
പ്രധാനമായും രണ്ടു വഴികൾ മാത്രമാണ്​ ഗവിയിലേക്കുള്ളത്.​
1. പത്തനംതിട്ട ആങ്ങമുഴി സീതത്തോട്​ കക്കി വഴി.
2. വണ്ടിപ്പെരിയാർ വള്ളക്കടവ്​ വഴി.
ആങ്ങമുഴി വളരെ മോശമാണ്​. ചെറുവാഹനങ്ങൾ പോകുന്നത്​ ഉചിതമല്ല. ആനവണ്ടിയിൽ ഇതുവഴി പോകുന്നതാണ്​ നല്ലത്​. കാരണം, കൂടുതൽ കാനനക്കാഴ്​ചകൾ ഇൗ വഴിക്കാണ്​. ചെറിയ വാഹനങ്ങൾ, കാറുകൾ എന്നിവ വണ്ടിപ്പെരിയാർ വഴി പോകുന്നതാണ്​ നല്ലത്​.
ബസ്​ സമയങ്ങൾ
പത്തനംതിട്ട: 6.30 am, 12.30 pm
കുമളി: 5.45am,1.30 pm

വരികളും ചിത്രങ്ങളും : Sabari Varkala

അഗുംബെ എന്ന സുന്ദരി…

ഒരു തിങ്കളാഴ്ച്ച ദിവസം ഫേസ്ബുക്കിൽ വെറുതെ വിരലോടിച്ചോണ്ടിരുന്നപ്പോൾ ആണ് ജോഗ് ഫോൾസിനെ കുറിച്ചുള്ളൊരു പോസ്റ്റ് കാണുന്നത്. വായിച്ചപ്പോൾ അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് എന്ന് മനസ്സിലായി.. അപ്പോൾ തന്നെ ചങ്ക് വിഷ്ണുവിനെ വിളിച്ച് നമ്മുക്ക്‌ ഈ ആഴ്ച ജോഗ് ഫോൾസിൽ പോയാലോന്നു ചോദിച്ചു, ചോദിക്കേണ്ട താമസം മച്ചാൻ റെഡി.. ടിക്കറ്റും മറ്റു കാര്യങ്ങളും അന്വേഷിക്കാൻ അവനെ ഏൽപ്പിച്ചു. പിന്നെ വിളിച്ചത് സിജോയെ ആയിരുന്നു.. എവിടെ വേണേലും പോവാൻ റെഡി ആണ് എന്ന് അവനും പറഞ്ഞതോടെ മനസ്സ് ഒരു യാത്രക്ക് തയാറാവാൻ തുടങ്ങി…അടുത്ത ദിവസം വിഷ്ണു വിളിച്ചു ജോഗ് ഫോൾസ് വേണ്ട അതിനു പകരം അഗുംബെ പോവാം എന്ന് പറഞ്ഞു, ആദ്യം കേട്ടപ്പോൾ അവനോട് ഒരു ദേഷ്യം തോന്നി കാരണം ജോഗ് ഫോൾസ് പോവുന്നതും അവിടെ നിന്ന് ഫോട്ടം പിടിക്കുന്നതും ഒക്കെ എന്റെ മനസിലെ സ്ക്രിപ്റ്റിൽ ഞാൻ എഴുതി വെച്ചിരുന്നു, പിന്നെ അവൻ്റെ സുഹൃത്തും സ്ഥിരം ഊര്തെണ്ടിയുമായ സായി ജോഗ് ഫോൾസിൽ പോയിട്ടുണ്ടെന്നും അഗുംബെ ആണേൽ അവനും വരുമെന്ന് പറഞ്ഞപോൾ ഞാൻ എൻ്റെ സ്ക്രിപ്റ്റ് തിരുത്താൻ തയാറായി… പിന്നീട് അവൻ വിളിച്ച്‌ രാത്രി 11 മണിക്ക് ബാംഗ്ലൂരിൽ നിന്നും ട്രെയിൻ ഉണ്ടെന്നും ബുക്ക്‌ ചെയ്യണ്ട ആവിശ്യമില്ല ജനറൽ ബർത്തിൽ കിടന്നു പോവാം എന്നും പറഞ്ഞു കൂടാതെ ഒരാൾക്ക് 250 രൂപക്ക്‌ അഗുംബെയിൽ മല്യയുടെ ലോഡ്ജിൽ റൂം ബുക്ക്‌ ചെയ്തുന്നും പറഞ്ഞു..അങ്ങനെ വിഷ്ണുവിൽ നിന്ന് ആദ്യമായി അഗുംബെ എന്ന സുന്ദരിയുടെ പേര് ഞാൻ കേട്ടു .. അഗുംബെ പേരിൽ തന്നെ ഒരു കൗതുകം തോന്നി, പിന്നീട് അവളെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി, ബ്ലോഗുകളിൽ നിന്നും സഞ്ചാരി ഗ്രൂപ്പുകളിലും നിന്നും കൂടുതൽ കാര്യങ്ങൾ അറിഞ്ഞു മാൽഗുഡി ഡേയ്സ് ഷൂട്ട് ചെയ്തത് അവിടെ ആണെന്നും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥങ്ങളിൽ ഒന്നാണെന്നും തുടങ്ങി ഏറ്റവും കൂടുതൽ പാമ്പുകൾ (നമ്മുടെ വാവ ചേട്ടന്റെ ഭാഷയിൽ പറയുവാണേൽ “അതിഥികൾ”) വിഹരിക്കുന്ന അതിൽ തന്നെ രാജവെമ്പാല കൂടുതലായി കാണുന്ന സ്ഥലമാണ് എന്നും വായിച്ചറിഞ്ഞു..

കാത്തിരിപ്പിന് ഒടുവിൽ ആ ദിവസം എത്തി… രാത്രി 11 മണിക്ക്‌ ടാൽഗുപ്പ എക്സ്പ്രെസ്സിൽ ബാംഗ്ലൂരിൽ നിന്നും ഞങ്ങൾ യാത്ര ആരംഭിച്ചു വിഷ്ണു പറഞ്ഞത് പോലെ ജനറൽ കംപാർട്മെന്റലെ ബെർത്തിൽ കിടക്കാൻ പോയിട്ടു മര്യാദക്ക്‌ ഒന്ന് ഇരിക്കാൻ പോലും പറ്റില്ലായിരുന്നു..കാരണം ബെർത്ത് നിർമ്മിച്ചിരിക്കുന്നത് പലകക്കു പകരം കമ്പി കൊണ്ട് ആയിരുന്നു.. ഇന്ത്യൻ റെയിൽവേ വിഷ്ണുവിനെയും ഞങ്ങളെയും ചതിച്ചു…
ട്രെയിനിൽ കയറിയപ്പോൾ ആണ് ഞങ്ങൾ 4 പേരേ കൂടാതെ 2 പേര് കൂടി ഉണ്ടെന്ന് അറിഞ്ഞത് സായിയുടെ ചങ്ക് അലനും പിന്നെ FM റേഡിയോ പോലെ എപ്പോളും സംസാരിച്ചു കൊണ്ടിരിക്കുന്ന കുഞ്ചുവും…അങ്ങനെ ഉള്ള സൗകര്യത്തിൽ ഞങ്ങൾ 6 പേരും പരസ്പരം തമാശകൾ പറഞ്ഞും കളിയാക്കിയും കുറച്ചു സമയം മയങ്ങിയും രാവിലെ 6 മണിയോടെ ഷിമോഗ റെയിൽവേ സ്റ്റേഷനിൽ എത്തി…അവിടെ കണ്ട ഒരു ചെറിയ കടയിൽ നിന്നും ഇഡലിയും സാമ്പാറും പക്കോടയും കഴിച്ച്, റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ പിടിച്ച് ഷിമോഗാ ബസ്സ് സ്റ്റാൻഡിൽ എത്തി അവിടെ നിന്ന് അഗുംബെയിലേക്കുള്ള ബസ്സ് കയറി ഏകദേശം 100 കിമോ ദൂരമുണ്ട് ഷിമോഗയിൽ നിന്നും അഗുംബെയിലേക്കു.. ബസ്സിൽ കയറിയപ്പോൾ ആണ് അഗുംബെയിൽ ഹർത്താൽ ആണ് എന്ന് കണ്ടക്ടർ പറയുന്നത്, കേട്ടപ്പോൾ എന്ത് ചെയ്യും എന്ന് എല്ലാരും പരസപരം നോക്കി.. എന്തായാലും ഇറങ്ങിയതല്ലേ മുൻപോട്ട് പോവാം എന്ന് തീരുമാനിച്ചു . 2 മണിക്കൂറ് കൊണ്ട് ഞങ്ങൾ അഗുംബെയിൽ എത്തി, യാത്രയിൽ റോഡിന്റെ ഇരു വശങ്ങളിലും പാടങ്ങളും ചെറിയ കുളങ്ങളൂം കാണാമായിരുന്നു..മുദ്രാവാക്യം വിളികളോടെ ആയിരുന്നു അഗുംബെ ഞങ്ങളെ സ്വാഗതം ചെയ്തത്.. ഹർത്താൽ അനുകൂലികൾ റോഡിൽ നിന്ന് എന്തൊക്കെയോ മുദ്രാവകങ്ങൾ വിളിച്ചു പറയുന്നു… ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അഗുംബെ എന്ന സുന്ദരിയുടെ സൗന്ദര്യം ഞങ്ങൾക്ക്‌ കാണാൻ സാധിച്ചു.. കോട മഞ്ഞിൽ മൂടി കിടക്കുന്ന ഒരു കൊച്ചുഗ്രാമം..

ബുക്ക്‌ ചെയ്തിരുന്ന മല്യയുടെ ലോഡ്ജ് ബസ് സ്റ്റോപ്പിൽ തന്നെ ആയിരുന്നു, ബസ്സ് ഇറങ്ങിയപ്പോൾ ആണ് Bsnl അല്ലാതെ അവിടെ മറ്റൊരു നെറ്റ്‌വർക്ക് ഇല്ല എന്ന് മനസ്സിലായത്. കുറച്ച്‌ നേരം വിശ്രമിച്ചു അഗുംബെയുടെ ആത്മാവ് തേടിയുള്ള യാത്ര ആരംഭിച്ചു…മഴയുടെ അകമ്പടിയോടെ അഗുംബെ എന്ന ഗ്രാമത്തിലൂടെ ഞങ്ങൾ യാത്ര തുടങ്ങി.. ആദ്യം പോയത് അഗുംബെ റൈൻ ഫോറെസ്റ്റ് റിസർച്ച് സ്റ്റേഷനിലേക്ക് ആയിരുന്നു നിറയേ പച്ചപ്പ്‌ നിറഞ്ഞ വഴിയിലൂടെ നടന്നു.. നടത്തത്തിൽ പലർക്കും അട്ടയുടെ ആക്രമണം നേരിടേണ്ടി വന്നു.. ഉച്ച വരെ അവിടെ ചിലവഴിച്ചു.. അതിനെ ശേഷം മല്യയുടെ വീട്ടിൽ നിന്നും സ്വാദിഷ്ടമായ ഉച്ച ഭക്ഷണം കഴിച്ചു , മല്യയുടെ വീട്ടുകാരുടെ പെരുമാറ്റം എല്ലാവർക്കും ഒരുപാട് ഇഷ്ടമായി..പിന്നീടുള്ള യാത്ര Sirimane വെള്ളച്ചാട്ടത്തിലേക്കു ആയിരുന്നു.. മല്യയുടെ 407 truckൽ 40 കിമോ അകലെയുള്ള വെള്ളച്ചാട്ടത്തിലേക്ക് യാത്ര തുടർന്നു, യാത്രയിൽ ഉടനീളം മഴ ഞങ്ങളെ അനുഗമിച്ചു ഏകദേശം ഒരു മണിക്കൂർ യാത്രക്ക് ശേഷം Sirimane യിൽ എത്തി.. യാത്രയുടെ ക്ഷീണം മാറാനായി അവിടെ കണ്ട കടയിൽ നിന്നും ചൂട് ചായയും മുളക് ബജിയും ആവുവോളം കഴിച്ചു. അതിന് ശേഷം വെള്ളച്ചാട്ടത്തിലേക്ക്.. അധികം ഉയരമില്ലാത്ത എല്ലാവർക്കും ഇറങ്ങി ആസ്വദിക്കാൻ പറ്റിയ ഒരു വെള്ളച്ചാട്ടം, അര മണിക്കൂറോളം അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ച് റൂമിലേക്ക് തിരിച്ചു

രാത്രിയിൽ അടുത്തു കണ്ട ഹോട്ടലിൽ നിന്നും മസാല ദോശ കഴിച്ച ഞങ്ങൾക്ക് എവിടെ നിന്നെങ്കിലും കുറച്ച് നൊൺവെജ് കഴിക്കണമെന്ന് തോന്നി.. അത് തേടിയുള്ള യാത്ര ആരംഭിച്ചു… ഇടക്ക് മഴയുടെ ശക്തി കൂടിയപ്പോൾ സായിയും,അലനും, കുഞ്ചുവും യാത്ര പകുതിക്ക് അവസാനിപ്പിച്ചു പക്ഷേ തോറ്റ് കൊടുക്കാൻ ഇനിക്കും,വിഷ്ണുവിനും, സിജോയ്ക്കും മനസ്സില്ലായിരുന്നു ഞങ്ങൾ യാത്ര വീണ്ടും തുടർന്നു മഴ വീണ്ടും വില്ലന്റെ വേഷത്തിൽ ഞങ്ങളുടെ മുൻപിൽ എത്തി, ഒരു കടത്തിണിയൽ അഭയം പ്രാപിച്ച ഞങ്ങളോട് പ്രായമായ ഒരാൾ എന്തോക്കയോ പറഞ്ഞു.. അവിടെ എല്ലാ രീതിയിൽ ഉളള പാമ്പുകളുമുണ്ട് എന്ന് ഞങ്ങൾ ആ നിമിഷം തിരിച്ചറിഞ്ഞു.. മഴ കുറഞ്ഞപ്പോൾ ഞങ്ങൾ നടത്തം തുടർന്നു അത് അവസാനിച്ചത് ടാജിലായിരുന്നു(പേര് കേട്ട് ആരും ഞട്ടരുത്) ഒരു ചെറിയ ഹോട്ടൽ കഴിക്കാൻ എന്ത് ഉണ്ടെന്നു ചോദിച്ചപ്പോൾ ” പൊറൊട്ടയും ചിക്കനുമെണ്ട് എന്ന് മറുപടി.. കേൾകേണ്ട താമസം ഞങ്ങളേ കാത്ത് പാതിവഴിയിൽ ഇരുന്ന സായിയേയും അലനേയും കുഞ്ചുവിനേയും വിളിച്ചോണ്ട് വന്ന് പൊറൊട്ടയും ചിക്കൻ കബാബും ഞങ്ങൾ സ്വാദോടെ അകത്താക്കി.. അഗുംബെയിൽ നോൺ വെജ് കഴികണമെങ്കിൽ ഈ മലയാളി ഹോട്ടൽ മറക്കാതിരിക്കുക.. തിരികെ റൂമിൽ എത്തി കൂറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു.. ശേഷം എപ്പോഴോ നിദ്ര ഞങ്ങളുടെ കണ്ണുകളേ മൂടി.. അങ്ങനെ ഞങ്ങളുടെ ആദ്യ ദിനത്തിലെ യാത്ര അവസാനിച്ചു…. അപ്പോഴും പുറത്ത് മഴ പെയ്യ്തു കൊണ്ടേയിരുന്നു..

രണ്ടാം ദിവസം 8 മണിയോടെ ഞങ്ങൾ ഓരോത്തരും എഴുനേൽക്കാൻ തുടങ്ങി കുഞ്ചു രാവിലെ എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു… മഴ നനയാൻ പൊവുമ്പോളും കൺമഷിയും പൗഡറുമിടാൻ അവൾ മറന്നില്ല…രാവിലെ മല്യയുടെ വീട്ടിൽ നിന്ന് ഭക്ഷണം, നമ്മുടെ ഉപ്പുമാവിന്റെ മറ്റൊരു രൂപം കൂടെ എന്തോ ഒരു പാനിയവും ഭക്ഷണം കഴിച്ച ഞങ്ങൾ കവലെദുർഗാ ഫോർട്ടിലേക്കു യാത്ര ആരംഭിച്ചു ഇടയ്ക്കു മഴ ഞങ്ങളെ പിന്തുടർന്നുകൊണ്ടിരുന്നു ..
ഏകദേശം 2 മണിക്കൂർ നീണ്ട ട്രക്കിലുള്ള യാത്ര അവസാനിച്ചത് ഒരു കുന്നിനുമുകളിലായിരുന്നു.. അവിടെ നിന്നും നടത്തം ആരംഭിച്ചു.. ആദ്യം എത്തുന്നത് ഒരു വയലിലേക്ക്.. വയലുകളുടെ ഇടയിലുള്ള വരമ്പിലൂടെ ഞങ്ങൾ നടന്നു അവിടെ കർഷകർ മഴയെ വകവെക്കാതെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത് കാണാൻ ഇടയായി, മഴ നനയാതിരിക്കാൻ ചാക്ക് കൊണ്ട് അവർ തല മറച്ചിരുന്നു ..
വയലിൽ നിന്നും യാത്ര തുടർന്നു അടുത്തതായി ഞങ്ങളെ സ്വാഗതം ചെയ്തത് ഒരു പ്രവേശന കവാടം ആയിരുന്നു.. അവിടെ കണ്ട ബോർഡിൽ നിന്നും കോട്ടയെ കുറിച്ച് വായിച്ചറിഞ്ഞു വിജയനഗര സാമ്രാജയത്തിന്റെ ഒരു ഭാഗം ആണ് ഈ കോട്ട എന്ന് ഞങ്ങൾ മനസിലാക്കി..
കോട്ടക്ക് അകത്ത് ഞങ്ങളെ കാത്തിരുന്നത് കൂടുതൽ വിസ്മയങ്ങൾ ആയിരുന്നു..ക്ഷേത്രങ്ങൾ, അഗ്രഹാരങ്ങൾ, കുളങ്ങൾ തുടങ്ങി ഒരു ചെറിയ ഒരു നഗരം തന്നെ അതിൽ ഉണ്ടായിരുന്നു മലമുകളിൽ എങ്ങനെ ഇതെല്ലം പണിതു എന്ന് ആലോചിച്ചപ്പോൾ ഞങ്ങളിൽ പലർക്കും അത്ഭുതം തോന്നി.കോട്ടയിലേക്കുള്ള കരിങ്കൽ പാത മഴയിൽ നനഞ്ഞു നന്നായി വഴുക്കൽ അനുഭവപെട്ടു ഞാൻ പല തവണ അവിടെ ഭൂമി വന്ദനം നടത്തുകയും ചെയ്തു… മുകളിലോട്ട് പോകുംതോറും ഓരോ കവാടങ്ങൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു.. മഴയുടെ കൂടെ ഞങ്ങൾ വീണ്ടും കോട്ടയുടെ മുകളിലേക്ക് യാത്ര തുടർന്നു.. അടുത്തതായി കല്ലിൽ തീർത്ത ഒരു നന്ദിവിഗ്രഹവും അതിന്റെ കുറച്ചു മുകളിലായി ഒരു കൊട്ടാരവും കണ്ടു.

കൊട്ടാരത്തിൽ പ്രേവേശിക്കാതെ ഞങ്ങൾ വീണ്ടും മുകളിലേക്ക് നടത്തം തുടർന്നു.. ചെറിയ കാടിന്റെ നടുവിലൂടെ ഞങ്ങൾ കോട്ടയുടെ ഏറ്റവും മുകളിൽ എത്തി.
അവിടെ കണ്ട കാഴ്ച അതിമനോഹരമായിരുന്ന് കുന്നിനു മുകളിലായി ഒരു ശിവ ക്ഷേത്രവും വിദൂര ദൃശ്യങ്ങളും, ശക്തമായ കാറ്റും എല്ലാം ഞങ്ങൾ നന്നായി ആസ്വദിച്ചു.. സിജോയുടെ ഉള്ളിലുള്ള ഫോട്ടോഗ്രാഫർ കോട്ടയ്ക്കുളിൽ പല തവണ പുറത്തു വന്നു അവന്റെ പ്രതിഭ കാണിച്ചു… കുറച്ച് നേരം അവിടെ നിന്നതിന്‌ ശേഷം ഞങ്ങൾ താഴേക്കുള്ള ഇറക്കം ആരംഭിച്ചു. തിരികെ പോവുന്ന വഴി ഞങ്ങൾ നേരത്തെ കണ്ട കൊട്ടാരത്തിന്റെ അകത്തേക്ക് പ്രവേശിച്ചു അവിടെ ഇടിഞ്ഞു താഴെ വീണ കുറെ തൂണുകളും കല്ലുകളും മാത്രം ആയിരുന്നു ഞങ്ങൾ ആദ്യം കണ്ടത് പക്ഷെ അതിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ വളരെ മനോഹരമായ രീതിയിൽ നിർമിച്ച ഒരു കുളം കാണാൻ സാധിച്ചു പോവാൻ സമയം ആയതിനാൽ ഞങ്ങൾക്ക് അതിൽ ഇറങ്ങാൻ സാധിച്ചില്ല… 1 മണിക്കൂർ കൊണ്ട് കോട്ടയുടെ താഴെ എത്തി, താഴെ എത്തിയപ്പോൾ അട്ട വീണ്ടും കുഞ്ചുവിനെ ആക്രമിച്ചു.. കുറച്ചു നേരം അടുത്തുള്ള കടയിൽ വിശ്രമിച്ചതിനു ശേഷം തിരിച്ചു മല്യയുടെ 407 ൽ കോട്ടയൊടു വിട പറഞ്ഞു ഞങ്ങൾ യാത്രയായി…
തിരിച്ച് മല്യയുടെ വീട്ടിൽ എത്തി ഉച്ച ഭക്ഷണത്തിന് ശേഷം മനസില്ലാമനസ്സോടെ അഗുംബെ എന്ന കാനനസുന്ദരിയോട് യാത്ര പറഞ്ഞു വീണ്ടും എന്നെങ്കിലും കാണാം എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഷിമോഗയിലേക്കു ബസ്സ് കയറി…




വരികളും ചിത്രങ്ങളും : Sarath Mohan

2019 ജനുവരി 28, തിങ്കളാഴ്‌ച

ആൻഡമാൻ ഡയറീസ് കടലിനെയും തീരത്തെയും പ്രണയിക്കാൻ ഒരു യാത്ര


“44,000 രൂപ ആകും സർ”.ആൻഡമാനിൽ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ വേണ്ടി വെബ്‌സൈറ്റിൽ കണ്ട ഒരു സൈറ്റിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടി കേട്ട് ഞാൻ ഞെട്ടി. കോളേജ് അദ്ധ്യാപകനായ എന്‍റെ 2 മാസത്തെ ശമ്പളം പോലും പോരാ..
എന്നാൽ അങ്ങനെ ഒന്നും തോറ്റു കൊടുക്കാൻ മനസ്സ് വന്നില്ല.. പാക്കേജ് ഒന്നും എടുക്കാതെ ആൻഡമാൻ പോയി വരണം എന്ന് വാശി ആയി.
പിന്നെ നടന്നത് ഒരു പോരാട്ടം ആയിരുന്നു.പാക്കേജ് എതിരെയും ടൂർ കൊള്ളക്കും എതിരായ സമരം. ആൻഡമാൻ ദീപിലെ മാപ്പ് ഒക്കെ ഇരുന്നു പഠിച്ചു പ്രധാനപ്പെട്ട സ്ഥലങ്ങൾ ഒക്കെ ചേർത്ത് ഒരു പ്ലാൻ ആക്കി.വിമാന ടിക്കറ്റും. ഹോട്ടൽ ടിക്കറ്റും, പോർട്ട് ബ്ലയറിൽ നിന്ന് ഹാവേലോക്കിൽ എത്താനുള്ള കപ്പൽ ടിക്കറ്റ് ഒക്കെ ഓൺലൈൻ ആയി ബുക്ക് ചെയ്തു.
19,000 രൂപയ്ക്ക് 5 ദിവസം കൊണ്ട് പോയിട്ട് വന്നു.പാക്കേജ് ഒക്കെ കണ്ടു പേടിച്ചു ആൻഡമാൻ ട്രിപ്പ് ഒഴിവാകുന്നവർക് വേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത്. കഴിഞ്ഞ മാസം എഴുതിയ അജന്ത എല്ലോറ യാത്ര വിവരണം കുറച്ചു പേര്‍ എങ്കിലും ഉപകാരപ്രദമായ എന്ന് മെസ്സേജ് അയച്ചതിനാൽ ഞാൻ, പ്രിയപ്പെട്ട സഞ്ചാരികൾക്കു ഈ യാത്ര വിവരണം സമർപ്പിക്കുന്നു.
കാലാപാനി സിനിമ കണ്ട കാലം തൊട്ടേ കാണണം എന്ന് ആഗ്രഹിച്ച ആൻഡമാൻ ദ്വീപുകൾ കാണാൻ വിചാരിച്ചു.ഈസ്റ്റർ ഹോളിഡേയ്‌സിന് പോകാൻ പ്ലാൻ ചെയ്തു. ഏതു ട്രിപ്പിനും സംഭവിക്കുന്നത് പോലെ കൂടെ വരാമെന്നു പറഞ്ഞ പലരും പിനീട് കാല് മാറി. അതിനെക്കാളും വിഷമം ആയത് അടുത്ത സുഹൃത്തുക്കൾ പോലും അവിടെ പൊരി വെയിലാണ്, സുനാമി വരുമെന്നൊക്കെ പറഞ്ഞു നിരുത്സാഹപ്പെടുത്താൻ തുടങ്ങി. പക്ഷെ നെഞ്ചിലേറ്റിയ ആഗ്രഹം ഉപേക്ഷിക്കാൻ മാത്രം ശക്തിയുള്ളതായിരുന്നില്ല അതൊന്നും.
അങ്ങനെ ഞാനും, സഹ-അദ്ധ്യാപകനായ വിഷ്ണു മാഷും കൂടി പുറപ്പെട്ടു.മാർച്ച് 28 നു വൈകുനേരം കാസർഗോഡ് നിന്നും ചെന്നൈയിലേക്കു ട്രെയിൻ കേറി. 11 മണിക് ചെന്നൈ എയർപോർട്ട് നിന്നും ഫ്ലൈറ്റ്. 2 മാസം മുൻപ് ബുക്ക് ചെയ്‌തതിനാൽ ചെറിയ റേറ്റിന് ടിക്കറ്റ് കിട്ടി. തിരുവനന്തപുരത്തു നിന്നും ഫ്ലൈറ്റ് ഉണ്ടേലും റേറ്റ് 6000 മുകളിൽ ആണ്. വിസ്താര എയർലൈൻസ് ടിക്കറ്റ് ആണ് ബുക്ക് ചെയ്‌തത്‌.
ദിവസം 1
സെല്ലുലാര്‍ ജയില്‍
ഇത് രണ്ടാം തവണ ആണ് ഫ്ലൈറ്റിൽ കേറുന്നത്. മുൻപ് സ്‌പൈസ് ജെറ്റിലും ഇൻഡിഗോയിലും കേറിയിരുന്നു. അന്ന് പച്ച വെള്ളം പോലും ഫ്രീ ആയി കിട്ടിയില്ല.അത് കൊണ്ട് ഇപ്രാവിശ്യവും ഒന്നും പ്രതീക്ഷിച്ചില്ല.
പതിവ് പോലെ എയർ ഹോസ്റ്റസ് ഭക്ഷണ ട്രേ ആയിട്ട് വന്നു. നോൺ വെജ് വേണോ, വെജ് വേണോ എന്ന് ചോദിച്ചു. കഴിച്ചു കഴിഞ്ഞിട്ട് ഇവർ ബില് തന്നാലോ.. അത് കൊണ്ട് മുൻകരുതൽ എന്ന നിലയിൽ ഞാൻ ഭക്ഷണത്തിനു എത്രയാണ് റേറ്റ് എന്ന് ചോദിച്ചു. ഭക്ഷണം കോംപ്ലിമെന്‍ററി ആണെന്ന് അവർ പറഞ്ഞു.പിന്നെ ഒന്നും ആലോചിച്ചില്ല. നോൺ വെജ് പൊതി വാങ്ങി. ചിക്കൻ വറുത്തതും, സഫ്‌റോൺ റൈസും, ബട്ടർ, ബ്രഡ്, പേട ഒക്കെ ഉണ്ട്. ടാറ്റ അയർലൈൻസ് സിങ്കപ്പൂർ അയർലൈൻസ് കൂടി നടത്തുന്ന വിസ്താര അയർലൈൻസോടു മതിപ്പു തോന്നിയ നിമിഷങ്ങൾ. ഊണ് കഴിഞ്ഞു അരമണിക്കൂർ കഴിയുമ്പോൾ ചായ, കാപ്പി ഒക്കെ ഫ്രീ ആയി കിട്ടി.. ഒരു ചായക്ക് പോലും 100 രൂപ ആണ് എയർപോർട്ടിൽ. തിരിച്ചു വരുമ്പോളും വിസ്താര ആണ് ബുക്ക് ചെയ്‌തത്‌ എന്ന് ഓർത്തപ്പോൾ മനസ്സിൽ ലഡു പൊട്ടി.
രണ്ടു മണിയോട്കൂടി ഞങ്ങൾ വീർ സർവർക്കാർ എയർ പോര്‍ട്ടിനു പുറത്തു ഇറങ്ങി. ആർമിടെ കീഴിൽ ഉള്ള എയർപോർട്ട് ആണ്. അത് കൊണ്ട് തന്നെ ഫോട്ടോ ഒന്നും എടുക്കാൻ സാധിക്കൂല. ഒരു അംബാസഡർ കാർ എടുത്തു ഹോട്ടൽ ലക്ഷ്യമായി നീങ്ങി. പിറ്റേ ദിവസം ഹാവ്ലോക്ക് ഐലന്ഡിലേക്കു പോകേണ്ടത് കൊണ്ട് ഫീനിക്സ് ബേ ജെട്ടിടെ അടുത്ത് ആണ് ഹോട്ടൽ ബുക്ക് ചെയ്‌തത്‌. ഓൺലൈൻ ആയി ബുക്ക് സഹ്യത ഹോട്ടലിനു എഴുനുറു രൂപ ആണ് വാടക. റൂം ബുക്ക് ചെയുമ്പോൾ അബെർദീൻ ബസാറിൽ തന്നെ ബുക്ക് ചെയ്യാൻ ശ്രദ്ദിക്കുക. ഇവിടെ നിന്ന് അടുത്താണ് സെല്ലുലാർ ജയിലും, ബോട്ട് ജെട്ടി ഒക്കെ. ഷോപ്പിംഗ് ഒക്കെ ഉള്ള വലിയ ഒരു മാർക്കറ്റ് തന്നെയാണ് അബെർദീൻ ബസാർ. ഹോട്ടലിൽ നിന്നും ഞങ്ങൾ സെല്ലുലാർ ജയിലിലേക്കു പുറപ്പെട്ടു. രണ്ടു കിലോമീറ്റര്‍ ദൂരം.നാല്പത് രൂപക്ക് അവിടെ എത്തി.
സെല്ലുലാർ ജയിൽ. അന്‍പതു രൂപ ആണ് പ്രവേശന ഫീസ്. ക്യാമെറക്‌ ഇരുനൂറ് രൂപ. ജയിലിനുള്ളിലേക്കു കടന്നു. സ്വത്രന്ത സമരത്തിന്‍റെ ഒടുങ്ങാത്ത അലയൊച്ചകൾ ഇപ്പോളും അവിടുത്തെ കാറ്റിനു പോലും ഉള്ളതായി തോന്നി. 1896 പണി തുടങ്ങി 1906 പണി തീർന്ന ജയിൽ
പൂവിന്‍റെ ഇതളുകൾ പോലെ ഒരു വട്ടത്തിനു ചുറ്റും എഴ് ഇതളുകൾ ഉള്ളതായിരുന്നു സെല്ലുലാർ ജയിൽ. പക്ഷെ രണ്ടെണ്ണം എണ്ണം ജാപ്പനീസ്കാർ നശിപ്പിക്കുകയും,രണ്ടെണ്ണം ഭൂമി കുലുക്കത്തിൽ നശിക്കുകയും ചെയ്തു.മൂന്ന് നില കെട്ടിടം. ചെറിയ മുറികൾ. പരസ്പരം സംസാരിക്കാൻ പോലും ആകാത്ത രീതിയിൽ രൂപകൽപന ചെയ്തു. പകൽ മുഴുവനും മരം വെട്ടാനും, എണ്ണ ഉണ്ടാകാനും തടവുകാരെ ഉപയോഗിച്ചു. 3 നിലയിൽ അറ്റത്തു ഒരു മുറിയിൽ വീർ സർവർക്കാർ സെൽ കാണാം. 10 വര്‍ഷം അദ്ദേഹം തടവിൽ താമസിച്ച മുറി. ഒരു കാരണ വശാലും അദ്ദേഹം രക്ഷപെടാതിരിക്കാൻ 2 വാതിൽ ഉണ്ടായിരുന്നു.
ജയിലിൽ തടവിൽ കഴിഞ്ഞ തടവുകാരുടെ പേരുകൾ മാർബിളിൽ കൊത്തു വെച്ചിട്ടുണ്ട്. ബംഗാളികളുടെ പേരുകൾ ആയിരുന്നു ഭൂരിപക്ഷവും.അവരോടു ആരാധനാ തോന്നി പോയനിമിഷങ്ങൾ.
ജയിലിനു മുന്നിൽ ‘GALLOWS ‘ എന്ന ബോർഡ് കണ്ടു. ഒരേ സമയം 3 പേരെ തൂക്കിലേറ്റാൻ ആകുന്ന രീതിയിൽ രൂപ കല്പന ചെയ്ത കൊലമരങ്ങൾ. 1942 -1945 വരെ ജപ്പാൻകാരുടെ കൈവശം ആയിരുന്നു ദ്വീപുകൾ. ജയിൽ നേതാജി സുബാഷ് ചന്ദ്ര ബോസ് സന്ദർശിച്ചിട്ടുണ്ട്.
രണ്ടു മണിക്കൂർ കൊണ്ട് ജയിൽ മൊത്തം കണ്ടു തീർത്തു. 5 മണി വരെ ആണ് പ്രവേശന സമയം.
ആറെകാലിനു ജയിലിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഉണ്ട്. 4 മണിക് അവിടുന്നു ടിക്കറ്റ് കിട്ടും. അവിടുത്തെ എല്ലാ ക്രൂരതകള്കും സാക്ഷ്യം വഹിച്ച ഒരു അരയാൽ മരത്തിനു മുന്നിൽ ആൾക്കാർക്കു ഇരിപ്പിടം ഒരുക്കിയിട്ടു ആ മരം കഥ പറയുന്ന പോലുള്ള രീതിയിൽ ഉള്ള അവതരണം.രാജ്യ സ്നേഹം ഏതൊരു പൗരന്‍റെയും സിരകളിൽ കത്തി പടരുന്ന നിമിഷങ്ങൾ. സ്വാത്രത്തിനു വേണ്ടി ആൾകാർ ആൻഡമാൻ ജയിലിൽ അനുഭവിച്ച കൊടിയ പീഡനങ്ങൾ ഒക്കെ പറഞ്ഞു തരുമ്പോൾ കണ്ണുകളൊക്കെ അല്പം നനഞ്ഞോ എന്നൊരു സംശയം. 7 മണിക് ഷോ തീർന്നു. 6 മണി ആകുംബോലെക്കും ഇരുട്ടു വ്യാപിച്ചു ഇവിടുത്തെ 9 മണി ഫീൽ ആയി. റൂമിലേക്ക് തിരിച്ചു പോയി.
ശ്രദ്ദിക്കുക- ഈ ജയിൽ Monday അവധി ആണ്.
ദിവസം 2
ഹാവ്ലോക്ക് ഐസ്ലാന്‍ഡ്‌ , എലിഫെന്‍റ് ബീച്ച് , രാധാനഗര്‍ ബീച്ച്
6 മണിക് എണീക്കാൻ വേണ്ടി അലാറം വെച്ചിട്ടാണ് കിടന്നത്. രാവിലെ പക്ഷികളുടെ ശബ്ദം ഒക്കെ കേട്ടിട്ടു എണീറ്റപ്പോൾ ഞെട്ടി പോയി. നേരം പര പര വെളുത്തിരിക്കുന്നു.ഈശ്വര, കപ്പൽ എങ്ങാനും പോയിട്ടുണ്ടാകുന്നോന് പേടിച്ചു കൊണ്ട് ഞാൻ സമയം നോക്കി. 5 മണി.ആൻഡമാനിൽ രാവിലെ 4 മാണി ഒക്കെ ആകുമ്പോളേക്കും വെളിച്ചം വരാൻ തുടങ്ങും. എണീറ്റു ഫ്രഷ് ആയി നേരെ ഫീനിക്സ് ജെട്ടിലേക് വിട്ടു.
അവിടെ ഞങ്ങളെയും കത്ത് നില്പുണ്ടായിരുന്നു അവൻ. MAKRUZZ GOLD .. ഓൺലൈൻ ആയിട്ടു ബുക്ക് ചെയ്‌തത്‌ കൊണ്ട് ടിക്കറ്റിനു ക്യൂ ഒന്നും നിക്കണ്ട. 1250 ആണ് റേറ്റ്. ഹാവ്ലോക്ക് കൊറച്ചു ദൂരെ ആണ്. 2 മണിക്കൂർ കപ്പൽ യാത്ര തന്നെ വേണ്ടി വരും.
280 ആൾക്കാരെ വഹിക്കാൻ ശേഷി ഉള്ള സിങ്കപ്പൂർ നിർമിതമായ ആഡംബര നൗകയിൽ ഞങ്ങൾ യാത്ര തുടങ്ങി. നീല കടലിനെ കീറി മുറിച്ചു കൊണ്ട് കരുത്തനായ അവൻ വേഗത്തിൽ മുന്നോട് നീങ്ങി. കപ്പൽ മുഴുവൻ ശീതീകരിച്ചിട്ടുണ്ട്. കടലിൽ യാത്ര ചെയുമ്പോൾ ഉണ്ടാകുന്ന ഷർത്തി ഒന്നും ഇവിടെ ഉണ്ടാകില്ല.
10.30 കു ഹാവ്ലോക്ക് എത്തി. അവിടെ നിന്നും പുറത്തു ഇറങ്ങിയപ്പോൾ കയ്യിൽ ബോർഡുമായി ആൾക്കാരെ സ്വീകരിക്കാൻ നിൽക്കുന്ന ആൾ തിരക്ക്. പാക്കേജ് ഇല്ലാതെ വന്ന ഊര് തെണ്ടികളെ ആര് മൈൻഡ് അകാൻ
ഞങ്ങൾ പുറത്തു ഇറങ്ങി. ഒരു ഓട്ടോ പിടിച്ചിട്ടു റൂം ലക്ഷ്യമാക്കി പുറപ്പെട്ടു. 2 km അകലെ ഉള്ള റൂമിലേക്ക് പോകാൻ അയാൾ ചോദിച്ചത് 100 രൂപ ആണ്. സൂക്ഷിച്ചിട്ടില്ലെൽ പറ്റിക്കുന്ന ആൾക്കാരാണ് ഇവിടെ. കൂടുതലും ബംഗാളികൾ ആണ്. ഹിന്ദി ആണ് അവർക്കു കൂടുതലും മനസിലാവുക.
ഹാവെലോക്കിൽ കാണാൻ ഉള്ളത് എലിഫെന്‍റ് ബീച്ചും, രാധനാഗർ ബീച്ചും ആണ്.ഹോട്ടലിൽ ചെന്നിട് ഞങ്ങൾ ഒരു ആക്ടിവ റെന്‍റിനു എടുത്തു. 500 രൂപ ആണ് ഒരു ദിവസത്തേക്ക് വാടക. 2 മണിക്കൂർ ഇടവിട്ട് ബസ് ഉണ്ടേലും സ്കൂട്ടർ എടുക്കുന്നതാണ് നല്ലതു. ഞങ്ങൾ രാധനാഗർ ബീച് ലക്ഷയമാക്കി നീങ്ങി. 10 km അകലെ ഉള്ള രാധനാഗർ ബീച്ചിലേക്ക് പോകുന്ന വഴി ആണ് എലിഫന്റ് ബീച്ചിലേക്കുള്ള ട്രെക്കിങ്ങ് പാത. എലിഫന്റ് ബീച്ചിലേക്ക് വേറെ വഴി ഒന്നുമില്ല. അല്ലെങ്കിൽ 800 രൂപക്ക് ജെട്ടിന്ന് ബോട്ട് പിടിക്കണം.
വാട്ടർ സ്പോർസ്റ്സ്നു പേര് കേട്ട ബീച്ച് ആണ് എലിഫെന്‍റ് ബീച്ച്.നമ്മുടെ നാട്ടിൽ നിന്നും വ്യതസ്തമായി ഇവിടെ ബീച്ചിൽ വെള്ള മണലാണ്. മാത്രമല്ല തെളിഞ്ഞ ഇളം നീല നിറത്തിലുള്ള ജലവും. സൗത്ത് ഇന്ത്യയിലെ മിക്ക ബീച്ചിലും പോയിട്ടുണ്ടെലും ഇത് പോലൊരു അനുഭവം ആദ്യം. കടൽ കാണുമ്പോൾ തന്നെ അതിൽ ലയിച്ചു ചേരാനുള്ള മോഹം ആരിലും പൂവിടും.. ഹാവ്ലോക്ക് ദ്വീപ് കാണുന്നുണ്ടേൽ ഒരിക്കലും മിസ് ചെയ്യരുത്.പൊട്ടി വീണ മരങ്ങളും ഒക്കെ മനോഹരമായ ഫോട്ടോ എടുക്കാൻ നല്ല കാഴ്ചകൾ ഒരുക്കി തരുന്ന സ്ഥലം.
ഇവിടെ ഞങ്ങൾ 12 മണിയോട് കൂടി എത്തി ചേർന്നു. ട്രെക്കിങ്ങ് പാതയിലൂടെ നടന്നാണ് ഞങ്ങൾ പോയത്. കിടിലൻ ഫോറെസ്റ് ആണ് ചുറ്റും ഉള്ളത്. ധാരാളം വിദേശികൾ ട്രെക്കിങ് പാതയിലൂടെ സഞ്ചരിക്കുന്നത് കണ്ടു.പോകുന്ന വഴിയിൽ മുതലകൾ ഉണ്ടെന്നൊക്കെ ആരൊക്കെയോ എഴുതിയതായി വായിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങൾ മുതലേയൊന്നും കണ്ടില്ല. ഒരു പക്ഷേ ഓട്ടം കിട്ടാൻ ബോട്ടുകാർ ആൾക്കാരെ പേടിപ്പിക്കാൻ പറയുന്നതായിരിക്കും.
വാട്ടർ സ്പോർട്സ് ആണ് മെയിൻ ആയിട്ടു എലിഫെന്‍റ് ബീച്ചിൽ. 800 രൂപക്ക് 15 മിനിറ്റ് സ്‌നോർക്കലിന്ഛ് ചെയ്തു. വെള്ളത്തിന് മുകളിലൂടെ മാസ്ക് ഇട്ടു നീന്തൽ അറിയാത്തവർക് പോലും ചെയ്യാവുന്ന ഐറ്റം ആണ് ഇത്. വെള്ളത്തിന് അടിയിലെ പവിഴ പുറ്റുകൾ ഒക്കെ കാണാൻ നല്ല രസം ആണ്. കടലിനെ തൊട്ടു അറിയാനുള്ള അവസരം ഞങ്ങൾ ശരിക്കും ആസ്വദിച്ചു.
സ്‌ക്യൂബാ ഡൈവിംഗ് 3500 രൂപക്ക് ചെയാം. 20 മിനിറ്റ് നേരത്തേക്ക് ജീവിതകാലം മൊത്തം ഓർത്തു വെക്കാവുന്ന അനുഭവം.കടലിനു അടിയിൽ മീനുകളോടപ്പം അല്പം സമയം ചിലവഴിച്ചു. ഡിസ്‌കവറി ചാനലിലൊക്കെ കാണുന്നത് പോലെ ഞങ്ങളും കടലിനു അടിയിൽ ഡൈവിംഗ് ചെയ്തു. ഒരു പേടിയും കൂടാതെ മീനുകളൊക്കെ നമുക്ക് ചുറ്റും അലസമായി നീന്തി കളിച്ചു കൊണ്ടിരുന്നു.
3 മണി ആകുംബോലെക്കും വാട്ടർ സ്പോർട്സ് ഒക്കെ കഴിയും. അപ്പോൾ അവിടുന്നു സഞ്ചാരികൾ തൊട്ടു അടുത്തുള്ള രാധനാഗർ ബീച്ചിലേക്ക് പോകും.
ഞങ്ങളും രാധനാഗർ ബീച്ചിലേക്ക് പുറപ്പെട്ടു.2 km ആണ് ഇവിടെ നിന്നും രാധനാഗർ ബീച്ചിലേക്ക്. പൊട്ടി പൊളിഞ്ഞ റോഡിലൂടെ ആക്ടിവ പോകാൻ അല്പം വിഷമിച്ചു. എന്റെ suzuki gixxer ബൈക്ക് കൂടെ വേണമായിരുന്നു എന് ആഗ്രഹിച്ചു പോയ നിമിഷങ്ങൾ
രാധനാഗർ ബീച്ച്. ഏഷ്യ യിലെ ഏറ്റവും നല്ല ബീച്ച് ആയിട്ട് ഒരിക്കൽ തിരിഞ്ഞടുക്കപ്പെട്ടിട്ടുണ്ട്
. ശാന്തമായ കടലിനെ അടുത്ത് അറിയാൻ പറ്റിയ സ്ഥലം. വിശാലമായ പരന്ന് കിടക്കുന്ന രാധനാഗർ ബീച്ച് വളരെ മനോഹരമാണ്. പ്രകൃതിയെ ഉപദ്രവിക്കാതെയുള്ള നാച്ചുറൽ ആയി കിടക്ക്‌ണ അപ്പൂർവ്വമായ ഒരു ബീച്ച്. ആൾകാർ പല സ്ഥലങ്ങളിൽ ആയി നീന്തി തുടിച്ചു കൊണ്ടിരിക്കുന്നു. വെള്ളത്തിന്റെ അടി ഭാഗം ഒക്കെ കാണാൻ സാധിക്കും. അത് കൊണ്ട് കൊണ്ട് തന്നെ പേടി കൂടാതെ ആർക്കും നീന്താം.
മനസ്സിൽ നല്ല ചിന്തകൾ മാത്രം കടന്നു പോകുന്ന രീതിയിലുള്ള അന്തരീക്ഷം. യാതൊരു വിധ ബഹളമോ, തിരക്കോ ഒന്നും ഇല്ലാതെ പ്രകൃതി രമണീയമായ സ്ഥലം. 3 മണിക്കൂറോളം ഇവിടെ കടലിൽ തിരകളുടെ കൂടെ കളിച്ചു.ഇവിടുത്തെ സൂര്യാസ്‌തമയം പ്രസിദ്ദമാണ്. 5 മണിക്ക് തന്നെ സൂര്യൻ അസ്തമിച്ച തുടങ്ങും.
കുറച്ചു ഫോട്ടോ പകർത്തിയതിന് ശേഷം ഞങ്ങൾ റൂമിലേക്ക്പു പുറപ്പെട്ടു.
മുന്നേ പോയ ആളുകൾ രാധനഗർ ബീച്ച് ആണ് കൂടുതൽ നല്ലത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷേ എനിക്ക് ഇഷ്ട്ടം ആയത് എലെഫന്റ്റ് ബീച്ച് ആണ്.
ദിവസം 3
കലാപത്ഥർ ബീച്ച്
പോർട്ട് ബ്ലൈറ്ലേക്കുള്ള കപ്പൽ 11 മണിക് ആയതിനാൽ അതികം ഒന്നും ചെയ്യാൻ സമയം ഇല്ലാതെ ദിവസം. അത് കൊണ്ട് ഞങ്ങൾ ഹാവ്ലോക്ക് ജെട്ടീടെ അടുത്തുള്ള കലാപത്ഥർ ബീച്ച് കാണാൻ പുറപ്പെട്ടു. രാവിലെ തന്നെ ഞങ്ങൾ പ്രസിദ്ധമായ കലാപത്ഥർ ബീച്ചിലേക്ക് പുറപ്പെട്ടു. വെള്ള മണലൂട് കൂടിയ കലാപത്ഥർ ബീച്ച് തിരക് കുറഞ്ഞ നല്ല ഒരു ബീച്ച് ആണ്. അവിടെ 2 മണിക്കൂർ ഞങ്ങൾ ചിലവഴിച്ചു. ബീച്ചലൂടെ സ്കൂട്ടർ ഓടിക്കണം എന്ന് ഒരു കൗതുകം തോന്നി.. ഒന്നും നോക്കിയില്ല. വണ്ടി ബീച്ചിലൂടെ ഓടിക്കുക തന്നെ ചെയ്തു..
ഹാവ്ലോക്ക് ജെട്ടിന്‌ MAKRUZZ കപ്പൽ കയറി പോർട്ട് ബ്ലൈരിലേക്കുള്ള ലക്ഷമാക്കി നീങ്ങി. 1 മണിയോട് പോർട്ട് ബ്ലൈറ് എത്തി. പിനീട് റൂമിൽ ചെന്ന് റസ്റ്റ് എടുത്തു.വൈകിട്ടോടെ ഷോപ്പിംഗിനു പുറപ്പെട്ടു. അബെർദീൻ ബസാറിൽ ധാരാളം ചെറിയ കടകൾ ഉണ്ട്. ഷെൽ കൊണ്ട് ഉണ്ടാക്കിയ ധാരാളം വസ്തുക്കൾ ഇവിടെ വാങ്ങിക്കാൻ കിട്ടും. വില പേശി വാങ്ങിക്കണം എന്ന് മാത്രം.
ഹാവേലകിന്‍റെ തൊട്ടു അടിയിൽ ഉള്ള നീൽ ഐലൻഡ് കാണണം എന്നുണ്ടേൽ 8 മണിക്ക് കപ്പൽ കയറിട്ടു പോകാവുന്നതാണ്. ഭരതപുർ ബീച്ച് കാണാൻ സാധിക്കും.1250 രൂപയാണ് ടിക്കറ്റ്. നീൽ ഐലൻഡ് താമസ സൗകര്യം കുറവാണു. പോകുന്ന സഞ്ചാരികൾ വൈകുന്നേരത്തോടു കൂടി മടങ്ങി വരും.
ദിവസം 4
ഏറ്റവും മനോഹരമായ ദിവസം.
ജോളിബോയ്‌ ഐലൻഡ്
മഹാത്മാ ഗാന്ധി മറൈൻ നാഷണൽ പാർക്കിലെ ജോളിബോയ്‌ ഐലൻഡ് കണ്ട ദിവസം. വർഷത്തിൽ 6 മാസം മാത്രം തുറന്നു കൊടുക്കുന്നതും, ഒരു ദിവസം 200 പേരെ മാത്രം പ്രവേശിപ്പിക്കുന്നതുമായ ശാന്ത സുന്ദരമായ ദ്വീപ്. ഇവിടെ പോകണമെങ്കിൽ ടൂറിസം ഡിപ്പാർട്മെന്‍റിന്‍റെ പെർമിഷൻ വേണം. ഒരു ദിവസം മുൻപ് ആൻഡമാൻ ടുറിസം ഏജൻസിയില് പോയിട്ടു ID കാർഡ് ഒക്കെ കാണിച്ചു പെർമിഷൻ വാങ്ങിക്കണം. EXPERIENCE ANDAMAN എന്ന വെബ്‌സൈറ്റിൽ കയറി ബുക്ക് ച്യ്താൽ ടിക്കറ്റ് അവർ എടുത്തു തന്നോളും. 2400 ആണ് ഒരാൾക്കുള്ള ചാർജ്. കൂടുതൽ ആൾകാർ ഉണ്ടേൽ റേറ്റ് കുറയും. കമ്പ്ലീറ്റ് പാക്കേജ് ആണ് ഇത്. റൂമിനു ആൾക്കാരെ കൊണ്ടുപോയി ട്രിപ്പിന് ശേഷം വൈകുനേരം തിരിച്ചു റൂമിൽ തന്നെ കൊണ്ടാകും. സകല ടിക്കറ്റുകളും അവർ നോക്കും. ഇവിടെ ഏജൻസിയുടെ സഹായം എടുക്കുന്നതാണ് നല്ലത്
ഒരു സ്കോര്‍പ്പിയോയിൽ ഞങ്ങളെ 6 മണിക്ക് തന്നെ എക്സ്പീരിയൻസ് ആൻഡമാൻ ആൾകാർ കൂട്ടാൻ വന്നു. വണ്ടൂരിലുള്ള ബോട്ട് ജെട്ടിയിലേക്കു കൊണ്ട് പോയി. അവിടെ നിന്നും അവർ ഒരുക്കി തന്ന ബോട്ടിൽ നിന്നും ജോളി ബോയ് ഐലൻഡ് ലക്ഷ്യമാക്കി നീങ്ങി.പ്ലാസ്റ്റിക് സാധനങ്ങൾ ഒന്നും അങ്ങോട്ടു കൊണ്ട് പൊയ്ക്കൂടാ.
1 മണിക്കൂർ കൊണ്ട് ഞങ്ങൾ ജോളി ബോയ് ഐലൻഡിൽ എത്തി ചേർന്നു.തെളിഞ്ഞ വെള്ളവും, ആഴം ഇല്ലാതെ ബീച്ച് ഒക്കെയുള്ള കൂടിയ സുന്ദരമായ ദീപ്. ചെറിയ കുട്ടികൾ പോലും കടലിൽ ദൂരെ പോയിട്ടു കളിക്കുന്നു. 600 രൂപ കൊടുത്താൽ ഗ്ലാസ് bottom ഫൈബർ ബോട്ടിൽ യാത്ര ചെയാം. വെള്ളത്തിന്റെ അടിയിലെ പവിഴ പുറ്റുകൾ ഒക്കെ കാണിച്ചു തരും. തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ച ആണ് ഇത്.
പലതരം കോറൽ കാഴ്ചകളും പല തരം മത്സ്യങ്ങളെയും കാണാം.
അലസമായി കടലിൽ നീന്തി കൊണ്ടിരിക്കുന്ന മീനുകളെയും, വെള്ളത്തിന്‍റെ അടിയിൽ മടി പിടിച്ചു കിടക്കുന്ന സ്റ്റാർ ഫിഷുനെയും ഒക്കെ അവർ അറിയാതെ ഞങ്ങൾ നിരീക്ഷിച്ചു.
കടലിൽ പോയാൽ സാധാരണ എനിക്ക് ഇറങ്ങാൻ മടി ആണ്. പക്ഷേ ഈ കടൽ എന്നെ മാടി വിളിക്കുന്നതായി തോന്നി. അത്രക്കു മനോഹരം. ആ സുന്ദരിയുടെ വിളി എനിക്ക് ഒഴിവാക്കാൻ ആകുന്നതിലും അപ്പുറം ആയിരുന്നു. ഒന്നും നോക്കിയില്ല പിന്നെ. കട്ടിലിലെ ഭാഗമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല. ഞങ്ങൾ.തെളിഞ്ഞ നീല വെള്ളമുള്ള കടലിൽ പേടി കൂടാതെ ഒരുപാടു സമയം നീന്തി തുടിച്ചു.2 മണിയോട് കൂടി ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. തെളിഞ്ഞ നീലനിറത്തിലുള്ള ആ ജല പാതയിലൂടെ ഞങ്ങളുടെ ബോട്ട് മുന്നോട്ടു നീങ്ങി.
ഞങ്ങളെ അവർ തിരിച്ചു ഹോട്ടലിൽ കൊണ്ടാക്കി.
നവംബര്‍ മെയ് ആണ് ഈ ദീപ് സഞ്ചാരികൾക്കു തുറന്നു കൊടുക്കുന്നത്
ദിവസം 5
റോസ് ഐലൻഡ്
ചരിത്രം ഉറങ്ങുന്ന റോസ് ഐലൻഡ്.
പോർട്ട് ബ്ലൈറിനു നോക്കിയാൽ നമുക്ക് റോസ് ഐസ്ലൻഡും നോർത്ത് ബേ ഐസ്ലൻഡും കാണാൻ സാധിക്കും.
ബ്രിട്ടീഷുകാരുടെ സുഖവാസ കേന്ദ്രവും തലസ്ഥാന നഗരവും ഒക്കെ ഇവിടെ ആയിരുന്നു. 200 അടിമകളെ കൊണ്ട് കാടു ഒക്കെ വെട്ടി തെളിച്ചു ബിൽഡിങ് മറ്റും കെട്ടി പൊക്കിയതാണ്.ഇന്ത്യൻ നേവി ആണ് ഈ ദ്വീപ് നിയന്ത്രിക്കുന്നത്. 30 രൂപയാണ് പ്രവേശന ഫീസ്.
സെല്ലുലാർ ജയിലിന്‍റെ അടുത്ത് നിന്നുള്ള രാജീവ്ഗാന്ധി സ്പോര്‍ട്സ് കൌണ്‍സില്‍ സ്പീഡ് ബോട്ട് വഴി എത്താം. അവിടുന്നു തന്നെ ടിക്കറ്റ് എടുക്കാം. റോസ് ഐലണ്ടിലേക്കു മാത്രം പോകാന്നേൽ 280 രൂപയും, നോർത്ത് ബേ ഐസ്ലൻഡും കൂടി കാണണമെങ്കിൽ 560 രൂപയും ആണ് റേറ്റ്. ഫ്ലൈറ്റ് 2 മണിക് ആയത് കൊണ്ട് ഞങ്ങൾ റോസ് ഐലൻഡ് മാത്രം കാണാൻ തീരുമാനിച്ചു.
ഒന്‍പതു മണിക്ക് യാത്ര തുടങ്ങി. 9.25 നു ഞങ്ങൾ റോസ് ഐലൻഡിൽ എത്തി ചേർന്നു. ഉപയോഗ ശൂന്യമായ ബിൽഡിങ്ങുകൾ മരത്തിന്റെ വേരുകൾ ഒക്കെ പടർന്നു കിടക്കുന്ന കാഴ്ച. ആൻഡമാനിൽ ബ്രിട്ടീഷ് ഭരണത്തിന്റെ സിരാ കേന്ദ്രമായ ഇവിടെ പഴകി നശിക്കാരായ കെട്ടിടങ്ങളും, അവരുടെ ഒരു പ്രാർഥനാലയവും, സെമിത്തേരിയും ഒക്കെ ഉണ്ട്. ധാരാളം മാനുകളും, മയിലുകളും മുഴലുകളും ഒക്കെ ഇവിടെ ഉണ്ട്. ഫോട്ടോ എടക്കുമ്പോൾ അവരൊക്കെ അടുത്ത് വന്നു നിന്ന് പോസ് ഒക്കെ ചെയ്തു തരും.
1 മണിക്കൂർ കൊണ്ട് ഈ ദ്വീപ് ചുറ്റി കാണാം. സുനാമി തീരമാലകൾ വരെ ചെറുത് നിന്ന കടൽ ഭിത്തികൾ ഒക്കെ ഇവിടെ കാണാൻ സാധിക്കും. ആൻഡമാൻ യിലെ മറ്റു ദ്വീപുകളിലെ കാഴ്ചകളിലിൽ നിന്നും വ്യതസ്തമാണ്. ഒരിക്കലും ഈ ഐലൻഡ് മിസ് ചെയ്യരുത്. സമയം ഉണ്ടേൽ നോർത്ത് ബേ ഐലൻഡ് കൂടി പോയി കാണാം. വാട്ടർ സ്പോർട്സ് എലെഫന്റ്റ് ദ്വീപിൽ നിന്നും ചെയ്താൽ നോർത്ത് ബേ ഒഴിവാക്കാവുന്നതാണ്.
2 മണിയോട് കൂടി ഞങ്ങൾ എയർപോർട്ടിൽ എത്തി ചേർന്നു.
ഓർമകളുടെ ചിറകിലേറി ഞങ്ങൾ പറന്നകന്നു. ഞങ്ങളെ സ്നേഹിക്കുന്നതും, ഞങ്ങ സ്നേഹിക്കുന്നതുമായ ഞങ്ങടെ സ്വന്തം കേരളത്തിലേക്ക്


വരികളും ചിത്രങ്ങളും: Jijith PK

പാരിസ് ദിനങ്ങൾ

21 ഡിസംബർ 2016
        ഐഫൽ ടവർ ! മോനാലിസ ചിത്രം! പാരീസിനെ കുറച്ച് ആകെ അറിയാവുന്ന രണ്ടു കാര്യങ്ങൾ ഇതൊക്കെയായിരുന്നു. ഈ കാഴ്ച്ചകൾ നേരിട്ടുകാണാൻ പോകുന്ന ആവശത്തിലായിരുന്നു ഞാൻ😬
അങ്ങനെ രാത്രീ 8 മണിയോടെ ചാള്സ് ഡി ഗല്ലി (charles de gaulle)
എയർപോർട്ട്ൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തു. 8.30 ആയപ്പോഴേക്കും പാസ്പോർട്ട് ചെക്കിങ് കഴിഞ്ഞു ലഗ്ഗേജുമായി പുറത്ത് ഇറങ്ങി.
              നേരെ കസ്റ്റമർ സർവിസ് എരിയായിലേക്കായിരുന്നു ഞാൻ ചെന്നത്. എന്റെ ഹോസ്റ്റലിലേക്ക് എങ്ങനെ ആണ് പോകേണ്ടതെന്ന് അന്വേഷിച്ചു. എയർപോർട്ട് ബസ്സിലും പിന്നെ ട്രെയിനിലും പോകാം എന്നവർ പറഞ്ഞു തന്നു.ഒരു മണിക്കൂർ യാത്ര ആണ് ഹോസ്റ്റലിലേക്ക്, അങ്ങനെ എന്തൊക്കെയോ മനസിലാകുന്നെങ്കിലും എപ്പോഴും മനസിലാകുന്നത് പോലെ അവിടെ എത്തിപ്പെടുന്നതിനെ കുറിച്ചൊന്നും കത്തുന്നില്ലായിരുന്നു. യാത്രയുടെ ക്ഷീണം കൊണ്ടാകാം ഒരു ബ്ലാങ്ക് ആയ അവസ്ഥയായിരുന്നു എനിക്ക് . ഐഡിയാസ് ഒക്കെ പെട്ടെന്ന് വരുന്ന എന്റെ തലയിൽ അപ്പോഴൊന്നും തെളിയുന്നുമില്ല. എന്തായാലും അവര് തന്ന പാരീസ് മാപ്പും ആയി ഞാൻ എയർപോർട്ടിന്‌ അകത്തുള്ള റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് നടക്കാൻ തീരുമാനിച്ചു.
                  നടക്കുമ്പോൾ ഇഷ്ടംപോലെ ടാക്സി ഡ്രൈവേഴ്‌സ് വിളിക്കുന്നുണ്ട്. എന്റെ മനസ്സിൽ ഇംഗ്ലീഷ് സിനിമയായ "taken" കണ്ട ഓർമകൾ ആദ്യം മുതലേ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു ടാക്സിയിലോ ഒരു ഫ്രീ ലിഫ്റ്റോ കിട്ടിയാൽ ഒന്നും കയറില്ല എന്ന് തീർത്തും തീരുമാനിച്ചിട്ട് ആയിരുന്നു എന്റെ യൂറോപ്പ് യാത്ര തുടങ്ങിയത് തന്നെ.(നമ്മൾ എപ്പോഴും ഒരു യാത്രയിൽ നമ്മുടെ സുരക്ഷിതത്വം ഉറപ്പിച്ചു വേണം മുന്നോട്ട് പോകാൻ എന്ന് ഓർമ്മപെടുത്താൻ ആണ് ഇത് ഞാൻ ഇവിടെ പറഞ്ഞത്).


                 എന്തായാലും ടാക്സിക്കാരെയും പിന്നിട്ട് ഞാൻ നടന്നു.പ്ലാറ്റ്ഫോം കണ്ടുപിടിക്കാൻ എനിക്കു കഴിഞ്ഞില്ല.അപ്പോഴാണ് പ്രാഗിൽ കണ്ടുമുട്ടിയത് പോലെ അടുത്ത മാലാഖ എന്റെ മുന്നിൽ പ്രത്യക്ഷപെടുന്നത്. ആരെയോ എയർപോർട്ടിൽ യാത്രയാക്കാൻ വന്ന ഒരു ഹൈദ്രാബാദ്കാരി. പേര് ലക്ഷ്മി ആലേഖ്യാ.അവൾ പാരിസിൽ പഠിക്കുകയാണ്‌. ഞാൻ എനിക്കുപോകേണ്ട സ്ഥലത്തെ കുറിച്ച് അന്വേഷിച്ചു.
അവൾ എനിക്കു ഹോസ്റ്റലിലേക്ക് പോകാൻ ഉള്ള ട്രെയിൻ മനസിലാക്കി തന്നത് കൂടാതെ , ഒരു ട്രെയിൻ മാറി കയറുകയും വേണം എന്നൊക്കെ പറഞ്ഞുതന്നു. ആദ്യത്തെ 45 മിനിറ്റു യാത്രയിൽ അവൾ കൂടെയുണ്ടായിരുന്നു. വലിയ കരുതലോടെ പെരുമാറിയ ലക്ഷ്മി പെട്ടെന്നുതന്നെ എന്നെ ഫേസ്ബുക് ഫ്രണ്ട് ആക്കി. എത്തിയാൽ ഉടൻ മെസ്സേജ് ചെയ്യണം എന്നോക്ക പറഞ്ഞു. എനിക്കു ഇറങ്ങേണ്ട സ്റ്റേഷൻ ആയ ' ഗാരെ ദു നോർദ് ' ഇൽ അവളോട് ബൈ ബൈ പറഞ്ഞു ഞാൻ ഇറങ്ങി.
പ്ലാറ്റ്ഫോമുകൾ എല്ലാം
'Underground' ഇൽ ആയിരുന്നു . ഞാൻ ഇറങ്ങി അടുത്ത പ്ലാറ്റ്ഫോമിലേക്ക് നടന്നു . വെറുതേ ഒരു സംശയം പോലെ അവിടെ ഉണ്ടായിരുന്ന ആളിനോട് ഈ വഴി തന്നെ ആണോ അടുത്ത പ്ലാറ്റ്ഫോമിൽ പോകുന്നത് എന്ന് ചോദിച്ചു, കേട്ട ഉടനെ തന്നെ എന്റെ പിറകെ വന്നാൽ മതി എന്നും പറഞ്ഞു അയാൾ പടികൾ കയറാൻ തുടങ്ങി. എന്റെ 16 കിലോ ലഗ്ഗേജുമായി ഞാനും വലിഞ്ഞു കയറി.അതുകണ്ട് അദ്ദേഹം ഓടിവന്ന് സാഹായിച്ചില്ല എന്നു മാത്രമല്ല പകുതി ദൂരം എത്തി ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ അദ്ദേഹം മാഞ്ഞുപോയിരുന്നു 😆. ഈ ആമയെ പോലെ വരുന്ന എനിക്കു വേണ്ടി കാത്തുനിൽകാതെ ആ ദുഷ്ടൻ കടന്നു കളഞ്ഞു 😆😆എന്തായാലും ഞാൻ നിരങ്ങി മുകളിൽ എത്തി. അപ്പോഴാണ് ആ കാഴ്ച്ച കണ്ട് ഞാൻ ഞെട്ടിയത്. അവിടെ ദാ ഒരു 'എസ്കലെട്ടർ'. ആ മനുഷ്യനോട് ഞാൻ അറിയാവുന്ന ഭാഷയിൽ ചോദിച്ചതാണ് എസ്കലെട്ടർ ഉണ്ടോ എന്ന് .ഇല്ല എന്ന ഒറ്റ ഉത്തരത്തിലാണ് ഈ സാഹസികത മുഴുവൻ കാണിച്ചത്. എന്തായാലും യാത്രയിൽ
മാലാഖമാരെ മാത്രം അല്ല ചെകുത്താന്മാരെയും കാണും എന്നുള്ള പാഠം പഠിച്ചു.😬
ഞാൻ ചമ്മിയത് ആരും കാണാത്ത ആശ്വാസത്തിൽ ഞാൻ നടന്നു 😂😂 .അങ്ങനെ അടുത്ത പ്ലാറ്റ്ഫോമിൽ ചെന്നു ട്രെയിൻ പിടിച്ചു
5 മിനിറ്റിൽ " ഗാരെ ഹോസ്‌മാൻ സെയിന്റ് ലസാരെ" എന്ന സ്റ്റോപ്പിൽ ഇറങ്ങി.
                😬😬. ഞാൻ underground ഇൽ നിന്നും എത്ര നില മുകളിലോട്ടും വലത്തോട്ടും ഇടത്തോട്ടും ഒക്കെ നടന്നിട്ട് exit ഡോർ എന്റെ കണ്ണിൽ പെടുന്നതെ ഇല്ലായിരുന്നു .ആരുടെ ഒക്കെയോ സഹായത്തോടെ ഞാൻ exit കണ്ടുപിടിച്ചു അവിടെ ചെന്നു. അപ്പൊ ദാ ഡോർ തുറക്കാൻ ഉള്ള എന്റെ ടിക്കറ്റ് പ്രവർത്തിക്കുന്നില്ല.അവസാനം ഫ്രഞ്ച് മാത്രം അറിയാവുന്ന അവരോട് ഞാൻ ഇംഗ്ലിഷിൽ ടിക്കറ്റിന്റെ പ്രശ്നം പറഞ്ഞു . എന്തായാലും ഞാൻ കാര്യം പറഞ്ഞും മടുത്തു , അവർ കേട്ടും മടുത്തതുകൊണ്ടായിരിക്കണം വേറെ ഒരു exit ഡോർ അവര് വന്നു തുറന്നു തന്നു.

വലിയ ഒരു റെയിൽവേ സ്റ്റേഷൻ ആയിരുന്നു. വർഷങ്ങൾ പഴക്കം തോന്നിക്കുന്ന ഈ സ്റ്റേഷനും പ്ലാറ്റ്ഫോമും ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല underground പ്ലാറ്റ്‌ഫോം ഒക്കെ ആദ്യം ആയി കാണുന്നത് കൊണ്ട് സിനിമയിൽ ഒക്കെ കാണുന്നത് പോലെ നിഘൂടതയും തോന്നി 
അങ്ങനെ പുറത്തിറങ്ങിയ ആശ്വാസത്തിൽ എന്റെ ഫോൺ നോക്കിയപ്പോ ലക്ഷ്മി ഓണ് ചെയ്ത് തന്നിരുന്ന ലൊക്കേഷൻ കാണാൻ ഇല്ല. പുറത്ത് ഇറങ്ങി നിൽക്കാം എന്നു കരുതി നോക്കിയപ്പോൾ നല്ല മഴ പെയ്യുന്നു. മഴ പെയ്തത് ഞാൻ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു.ഇനി ആരോടെങ്കിലും ഇന്റർനെറ്റ് ചോതിക്കണം അതായിരുന്നു എന്റെ അടുത്ത ടാസ്‌ക്.
                  ഇവിടുന്നു 10 മിനിട്ട് നടക്കേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളു ഞാൻ ബുക്ക്‌ ചെയ്തിരുന്ന ഹോസ്റ്റലിലേക്ക് എന്ന് എനിക്ക്‌ അറിയാം. അതുകൊണ്ട് ടെൻഷൻ തോന്നിയില്ല പക്ഷെ ഒരു തരം ബ്ലാങ്ക് അവസ്ഥ വീണ്ടും വന്നു.
പക്ഷെ ലൊക്കേഷൻ കിട്ടാതെ പോകാൻ ഒരു വഴിയും ഇല്ല. ആരോടൊക്കെയോ ചോദിച്ചു, പറഞ്ഞു തരാൻ ആർക്കും പറ്റുന്നില്ല.ഞാൻ കണ്ട പാരീസ്
ഇംഗ്ലീഷ് ഭാഷയ്ക്ക് നല്ല ക്ഷാമം ഉള്ള സ്ഥലമായിരുന്നു . അങ്ങനെ വിഷമിച്ചു നിന്നപ്പോഴാണ് സ്റ്റേഷനിലേക്ക് നല്ല ഉയരം ഒക്കെയുള്ള ,വൈറ്റ് മിനി സ്കർട്ടും, ഷർട്ടും, ഓവർ കോട്ടും ഒക്കെ ധരിച്ച സുന്ദരിയായ ഒരു സ്ത്രീ കയറി വരുന്നത് കാണുന്നത്. നല്ല ചിരിയോടെ നടന്നു വരുന്ന അവരോട് പെട്ടെന്ന് എനിക്കു കാര്യം അന്വേഷിക്കാൻ തോന്നി. ഇന്നും എന്റെ മനസ്സിൽ നിന്ന് മായാതെ നിൽക്കുന്ന എന്റെ അടുത്ത മാലാഖ ആയിരുന്നു അത്.എങ്ങോട്ടോ പോകാനായാണ് റെയിൽവേ സ്റ്റേഷനിലേക്ക് അവർ എത്തിയത് .
            എന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയത്പോലെ പെട്ടെന്ന് എന്റെ ഫോണിൽ നെറ്റ് കണക്ട് ചെയ്യുകയും ലൊക്കേഷൻ നോക്കി കുറെ തവണ ഇമ്പോസ്സിഷൻ തന്നത് പോലെ ഹോസ്റ്റലിലേക്ക് നടക്കേണ്ട വഴി മനസിലാക്കി പറഞ്ഞു തരികയും ചെയ്തു.ഫുൾ എനർജി, പോസ്റ്റിറ്റിവിറ്റി ,കോണ്ഫിഡൻസ് ഇതൊക്കെയായിരുന്നു അവരിൽ ഞാൻ കണ്ടത് . ഇനിയും എന്തെങ്കിലും സഹായം നിനക്കു വേണോ , എന്നൊക്കെ എന്നോട് ചോദിച്ചു .നല്ല സന്തോഷമായി പാരീസ് കണ്ടിട്ടുവേണം തിരിച്ചുപോകാൻ എന്നൊക്കെ ആശംസിച്ചിട്ട് അവരും എന്നെ കടന്നു പോയി. ആപ്പോൾ ആ അപരിചിതയിൽ നിന്നും എനിക്കുകിട്ടിയ എനർജി വളരെ വലുതായിരുന്നു.
            പിന്നീട് മഴ മാറാൻ ഒന്നും ഞാൻ നിന്നില്ല. കിട്ടിയ ലൊക്കേഷനും ആയി പാരീസ് നഗരത്തിലൂടെ എന്റെ ഭാരമേറിയ ലഗ്ഗേജുമായി ഞാൻ ഹോസ്റ്റലിലേക്ക് ഓടി 😂.ഇടക്ക്‌ ഒരു വലിയ പള്ളി കണ്ടു. നാളെ ഇതെല്ലാം വിശദമായി കാണാമല്ലോ എന്നൊക്കെ ആലോചിച്ചായിരുന്നു ഓട്ടം.ആ പള്ളി ആയിരുന്നു എന്റെ ലാൻഡ് മാർക് കാരണം അതൊരു ജംഗ്ഷന്റെ നടുക്കായാണ് നിന്നിരുന്നത്. അവിടുന്ന് ഒരു റോഡ് കടന്ന് ഒരു സ്ട്രീറ്റിൽ എത്തി. "Your destination is not on the left" എന്നു പറഞ്ഞ ഇടത്ത് ചെന്നുനിന്നു.
ചെറിയ ഒരു ബോർഡ് ആണ് വച്ചിരുന്നത് അതും വാതിലിന്റെ ഏറ്റവും മുകളിലായി. അതെങ്ങനെ ആ രാത്രിയിൽ ഞാൻ വായിച്ചെടുത്തെന്നുള്ളത് ഇപ്പോഴും എനിക്കറിയില്ല. ഒരു കുഞ്ഞൻ ബെൽ ഭിത്തിയിലായി ഞാൻ കണ്ടു . ആ ബെൽ അടിച്ചപ്പോൾ 5 സെക്കന്റ് കഴിഞ്ഞ് ക്ലിക്ക് എന്നൊരു ശബ്ദം കേട്ടു. ഡോർ ലോക്ക് എടുത്തതിന്റെ ആണെന്ന് എനിക്കു മനസ്സിലായി. സിനിമയിൽ ഒക്കെ കാണുന്നത് പോലെ നല്ല ഭാരം ഉണ്ടായിരുന്ന ആ ഡോർ ഞാൻ തള്ളി തുറന്ന് ലഗ്ഗേജുമായി അകത്തേക്ക് കയറി. നല്ല ലൈറ്റുകൾ തെളിയിച്ചിരുന്ന വിശാലമായ ഹാൾ ആയിരുന്നു കയറി പോകുമ്പോൾ, കുറെ വാതിലുകൾ, അരികിലായി ഇരിക്കാനുള്ള
കസേരകൾ, നടുക്കായി ഒരു റീസെപ്ഷൻ ഏരിയയും ഒക്കെയായി ഒരു വലിയ കൊട്ടാരം പോലെ ഒരിടം,അവിടെ 60 വയസ് തോന്നിക്കുന്ന ഒരു അങ്കിൾ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ബുക്കിങ് അദ്ദേഹത്തോട് കാണിച്ചു. അദ്ദേഹം വന്നു മുറിയും, കിച്ചണും ഒക്കെ കാണിച്ചു തന്നു. അങ്ങനെ 8 മണിക്ക് പാരീസിൽ എത്തിയ ഞാൻ രാത്രീ 11.30 ആയപ്പോൾ ഹോസ്റ്റൽ എത്തി. ഒന്നു ഫ്രഷ് അയി വന്ന് , സേഫ് അയി റൂമിൽ എത്തിയ വിവരം ഇന്ന് പരിചയപ്പെട്ട ലക്ഷ്മിയോട് ഫേസ്ബുക്കിൽ മെസ്സേജ് ചെയ്തു പറഞ്ഞു.പിന്നീട് വീട്ടിലും
വിളിച്ച്‌ ഇന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞു. ഇത്രെയും ദിവസത്തെ യാത്രയിൽ ഏറ്റവും ദൈർഘ്യം ഏറിയ ദിവസം ഇതായിരുന്നു. ആവശ്യത്തിൽ കൂടുതൽ കോണ്ഫ്യൂഷൻ അടിച്ചപോയ പാരീസ് റെയിൽവേ സ്റ്റേഷനിൽ ഞാൻ ഇനി കാലുകുത്തില്ല എന്നൊക്കെയുള്ള ദൃഢനിശ്ചയം ചെയ്ത് കിടന്നുറങ്ങി 😀😀😂.
*****
(പാരിസിൽ പരിചയപ്പെട്ട ലക്ഷമി ഇപ്പോൾ എന്റെ നല്ല കൂടികാരിയും, അവളെ പിന്നീട് 2018 ഇൽ ചെന്നൈയിൽ പോയി കാണുകയും ചെയ്തിരുന്നു 😊 )
*****
22 ഡിസംബർ 2016
               ഐഫെൽ ടവർ എന്ന ആവേശത്തിലാണ് ഉണർന്നു വന്നത്.എന്തായാലും ഇന്നലത്തെ മഴയും ഇത്രയും ദിവസത്തെ യാത്രയും ഒറ്റകെട്ടായി നിന്ന് പനി എന്നുപറയുന്ന ഒരു പണി തന്നിരിക്കുന്നു 😕😷. ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണി
ഞാൻ എന്ന ഭാവത്തിൽ എണീറ്റു 😂.പനി പിടിച്ചിരുന്നാൽ ഒന്നും ശെരിയാകില്ല.പെട്ടെന്നുതന്നെ ഫ്രഷ് ആയി ഗൂഗിൾ പറഞ്ഞു തന്ന കെ ഫ്‌ സിയിലേക്ക് പോകാൻ തീരുമാനിച്ചിറങ്ങി. കാരണം ഇന്നലത്തെ തിരക്കിലും യാത്രയിലും ഭക്ഷണം കഴിക്കാൻ മറന്നിരുന്നു.
പുറത്ത് ഇറങ്ങി നടത്തം തുടങ്ങി.
ഇതുവരെയും സന്ദർശിച്ച സ്ഥലങ്ങളേ വച്ചു നോക്കിയാൽ ഇവിടെ തണുപ്പ് കുറവായിരുന്നു. നടക്കാൻ നല്ല രസം തോന്നിക്കുന്ന കാലാവസ്ഥ.
സ്ട്രീറ്റുകൾ ആയി തിരിഞ്ഞു പോകുന്ന വഴികളായിരുന്നു നടന്നുപോകുമ്പോൾ കണ്ടത്.
ഇവിടെയും പഴയകാല കെട്ടിടങ്ങൾ ആയിരുന്നു ഇരുവശത്തും കാണാൻ കഴിഞ്ഞത്. ഇപ്പോഴത്തെ ഇന്റർലോക്കിങ് പോലെയുള്ള മാതൃകയിൽ കരിങ്കല്ലുകൾ വെട്ടി വൃത്തിയായി പാകിയ റോഡ് ആയിരുന്നു സ്ട്രീട്ടുകളിൽ ഉണ്ടായിരുന്നത്.
അങ്ങനെ നടന്നുനടന്ന് ചെന്നപ്പോൾ ഒരു ഹലാൽ തുർക്കിഷ് ഹോട്ടൽ കാണാൻ ഇടയായി. കരുതുയിരുന്നയിടത്ത്‌ പോകാതെ തന്നെ ബ്രേക്ഫാസ്റ്റ് കിട്ടി . ശേഷം ഹോസ്റ്റലിൽ തിരിച്ചെത്തി കയ്യിൽ ഉണ്ടായിരുന്ന മരുന്നൊക്കെ കഴിച്ച് കുറച്ചുനേരം റെസ്റ്റ് എടുത്ത ശേഷം, ആരോഗ്യം ഒക്കെ വീണ്ടെടുത്ത് 11 മണിയോടെ ഐഫെൽ ടവർ എന്ന അത്ഭുതത്തെ കാണാനായി ഇറങ്ങി.

            അങ്ങനെ നടന്നു ഒരു റോഡ് മുറിച്ചു കടന്നപ്പോൾ തന്നെ ഇന്നലെ രാത്രീ കണ്ട പള്ളിയുടെ മുന്നിൽ എത്തി. ഗൂഗിൾ പറഞ്ഞത് അനുസരിച്ച് ഏതാണ് "ദി ഇംഗ്ലീസി ടെ ലാ ട്രിനിറ്റി എന്ന റോമൻ കത്തോലിക്ക്‌ ചർച്ച് . വിശാലമായ ഒരു ജംഗ്ഷനിൽ നിൽക്കുന്ന ഈ പള്ളിയുടെ മുന്നിലായി നാലു ദിശയിലായി വാഹനങ്ങൾ ഒക്കെ ഓടുന്ന വലിയ റോഡുകൾ കാണാമായിരുന്നു. ഓരോ റോഡുകളും വേർതിരിച്ചിരുന്നത് ആ റോഡുകൾക്ക് തന്നെ സമാന്തരമായി പണികഴിപ്പിച്ചിരുന്ന പുരാതന കെട്ടിടങ്ങളായിരുന്നു. വർഷങ്ങൾക്കു മുന്നേ പണികഴിപ്പിച്ച കെട്ടിടങ്ങൾ ആയത് കൊണ്ടുതന്നെ കരിങ്കൽ പാതയെ പിന്നീട് വന്ന വികസനങ്ങൾ ടാർ റോഡുകൾ ആക്കി മാറ്റി എന്നല്ലാതെ നിർമിതികൾക്കൊന്നും ഇന്നും ഒരു കോട്ടവും വന്നിട്ടില്ലായിരുന്നു. 
ഞാൻ ഐഫൽ ടവറിലേക്ക്‌ പോകാനായി സബ്വെ സ്റ്റേഷൻ (subway) ലക്ഷ്യമാക്കി പള്ളിയുടെ മുന്നിലൂടെ ഉള്ള വഴിയിലൂടെ നടന്നു. പോകുന്ന വഴിയിൽ ഉന്തുവണ്ടിയിൽ പഴങ്ങൾ വിൽകുന്ന ഒരു കച്ചവടക്കാരനെ കണ്ടുമുട്ടി.അദ്ദേഹം ഒരു ബംഗ്ലാദേശ്കാരൻ ആയിരുന്നു. എന്നോട് വിശേഷങ്ങൾ ഒക്കെ തിരക്കി കുറെ നേരം സംസാരിച്ചു .
ഞാൻ വാങ്ങിയത് കൂടാതെ സമ്മാനം ആയി കുറച്ച് ഓറഞ്ചുകളും കുടുതൽ തന്ന് എന്നെ സന്തോഷമായി അദ്ദേഹം യാത്രയാക്കി. പാരീസിൽ എത്തിയപ്പോൾ മുതൽ കുറെ അപരിചിതരിൽ നിന്നും ലഭിക്കുന്ന പോസ്റ്റിറ്റിവിറ്റി കാരണം സന്തോഷത്തിൽ ആയിരുന്നു ഞാൻ.
                അങ്ങനെ അവിടുന്ന് നടന്ന് സബ്‌വേ സ്റ്റേഷനിൽ എത്തി. ദുബായിൽ മെട്രോ ഉപയോഗിക്കുന്ന ആൾ ആയത് കാരണം ഇതുവരെ ഉള്ള യാത്രയിൽ എല്ലായിടത്തും പുബ്ലിക്‌ ട്രാൻസ്പോർറ്റേഷനുമായി ഞാൻ ഒത്തുപോയിരുന്നു .പക്ഷെ പാരീസിൽ എത്തിയപ്പോൾ ടിക്കറ്റ് മിഷ്യൻ പോലും ഞാൻ പറയുന്നത് അനുസരിക്കുന്നില്ല.
അവസാനം അടുത്തുനിന്ന ഏതോ ഒരു വഴിപോക്കനോട് പറഞ്ഞ് ടിക്കറ്റ് എടുപ്പിച്ച് അദ്ദേഹത്തിന് പൈസയും കൊടുത്തു ടിക്കറ്റും ആയി ഞാൻ ഐഫലിലേക്ക് യാത്ര ആയി.
            സബ്വേയിൽ ലോകത്തിലെ പലയിടത്തുനിന്നും ആളുകൾ ഉള്ളതായി തോന്നി. അങ്ങിങ്ങായി ഇന്ത്യക്കാരെയും കണ്ടു . അങ്ങനെ കുറച്ച് നേരത്തെ യാത്രയിൽ ഐഫൽ ടവറിന് അടുത്തായുള്ള സ്റ്റേഷനിൽ ഇറങ്ങി. സബ്‌വേ ആയത് കൊണ്ട് ഭൂമി തുരന്ന് വേണമല്ലോ പുറത്തെത്താൻ.
നേരെ വന്ന്‌ ഇറങ്ങിയപ്പോൾ നല്ല കാലാവസ്ഥ. തെളിഞ്ഞ അന്തരീക്ഷം.
നല്ല ഭംഗിയുള്ള നടപാതയും , റോഡുകളും ,
റോഡരികിലായി ഇലകൊഴിഞ്ഞു നിൽക്കുന്ന മരങ്ങളും, ചെടികളും,പൂക്കളും , പിന്നെ നടക്കുന്തോറും വലിയ മരങ്ങളും നിറഞ്ഞ കാഴ്ച്ച ആയിരുന്നു എന്നെ കാത്തു നിന്നത്.
               കുറച്ചു ദൂരം നടന്നപ്പോഴേ കുറച്ചു അകലെയായി ടവറിനെ ഞാൻ കണ്ടു. കരയണോ ചിരിക്കണോ എന്നൊന്നും അറിയില്ല. നെഞ്ചിടിപ്പ് നിലച്ചു പോയ പോലെ ഒരു അവസ്ഥ😂.ഞാൻ ഒറ്റയ്ക്ക് ഒരു കണ്ടുപിടിത്തം നടത്തിയ സന്തോഷമായിരുന്നു. പിന്നെയും നടക്കണം 15 മിനിട്ടോളം. അവിടുന്ന് ആർത്തിയോടെ ഐഫലിനെ ലക്ഷ്യമാക്കി ഞാൻ നടന്നു.

പാരിസിൽ എത്തിയാൽ പലതരം കച്ചവടക്കാരെ നമ്മൾ സൂക്ഷിക്കണം. പൈസ വച്ചുള്ള കുറെ കളികൾ ഒക്കെ റോഡരികിൽ കാണാമായിരുന്നു .
പറ്റിക്കപ്പെടാതെ പോകുക എന്നത് നമ്മുടെ മാത്രം ആവശ്യം ആണ് .
ഇന്ത്യക്കാരും, ആഫ്രിക്കകാരും, ബംഗ്ലാദേശികളും, പാകിസ്താനികളും അങ്ങനെ പലയിടത്തുനിന്നുമുള്ള ആളുകളാണ് പാരിസിൽ ഇങ്ങനെ ചെറിയ ബിസിനസ് നടത്തി ജീവിക്കുന്നത് .നടക്കുന്ന വഴിയിൽ തന്നെ ഒരു സോവനേർ കച്ചവടക്കാരൻ 4 കുഞ്ഞൻ ഐഫെൽ ടവറിനെ എന്റെ തലയിൽ വച്ചെല്പിച്ചു പറ്റിച്ചു 😬😬 പിന്നീട് വേറെ കടയിൽ ചെന്നപ്പോൾ ആ സാധനം നല്ല ലാഭത്തിൽ ഞാൻ തന്നെ കണ്ടു 😁.പാരീസിൽ മോഷണം സൂക്ഷിക്കണം എന്ന്‌ വായിച്ചത് കൊണ്ട് അത് ഞാൻ ഇടക്ക് ഓർക്കുന്നുണ്ടായിരുന്നു.
ഓറഞ്ചും, ഐഫെൽ ടവറും, ഹൻഡ്ബാഗും ഒക്കെ ആയിട്ടായിരുന്നു എന്റെ നടപ്പ്.അടുത്തടുത്ത് എത്തുന്തോറും ടവർ വളർന്നു വലുതായിക്കൊണ്ടിരുന്നു. എവിടെയും യാത്രക്കാരുടെയും, പലതരം കച്ചവടക്കാരുടേയും തിരക്കാണ്. മഴ ഇല്ലെങ്കിലും ഒരു നനഞ്ഞ അന്തരീക്ഷം. പക്ഷെ നല്ല രസം തോന്നിക്കുന്ന ഒന്നായിരുന്നു.
ഒരു വലിയ നദിയുടെ മുകളിലൂടെ ആയിരുന്നു ടവറിനു മുന്നിലൂടെ ഉള്ള വിശാലമായ റോഡ്.ആ കാഴ്ചകൾ ഒക്കെ കണ്ട് ഐഫൽ ടവറിനു മുന്നിൽ എത്തി .നടന്ന്‌ കുറെ ചിത്രങ്ങൾ ഒക്കെ പകർത്തി.കുറെ നേരം അവിടെ നിന്ന് കോഫി ഒക്കെ കുടിച്ച് ഭീമാകാരമായ ആ നിർമിതിയെ കുറിച്ച് എന്തൊക്കെയോ ആലോചിച്ചു. എവിടെ പോയാലും പ്രധാനമായും ഞാൻ ആലോചിച്ചു ഞെട്ടാറുള്ളത് ഇതെങ്ങനെ പണിതുകാണും എന്നുള്ളതാണ്😮😮 അത് തന്നെ ആയിരുന്നു അപ്പോഴും ചിന്തിച്ചത്.
ചിത്രങ്ങളിൽ കാണുന്നത് പോലെ ആല്ല പ്രാഗ് കാസിലും, ഐഫെൽ ടവറും, പ്രാഗിലെ ആസ്ട്രോണോമിക്കൽ ക്ലോക്കും , അതൊക്കെ നേരിട്ടുകാണുമ്പോൾ ഒരു പ്രത്യേക അതിശയം തോന്നിപ്പോകും.
ഇതൊക്കെ മനുഷ്യൻ തന്നെ ആണോ നിർമിച്ചതെന്നുള്ള ചോദ്യം ആയിരിക്കും മനസ്സിൽ....
💁💁
              പനിയുടെ ഒരു പ്രശ്നം മാറ്റിവച്ചാൽ മാനസികമായി ഇതൊക്കെ നേരിട്ട് കാണാൻ കഴിഞ്ഞ അതിയായ സന്തോഷമായിരുന്നു എനിക്ക്. നാളെയാണ് മോനാലിസയെ കാണാൻ പോകേണ്ടത് , അതുകൊണ്ട് ഇന്നെനിക്ക് ഇവിടെ നടന്നു കാണാൻ ഒരുപാട് സമയം ഉണ്ടായിരുന്നു. അങ്ങനെ ഞാൻ കുറച്ചു സോവനേർ ഷോപ്പിങിനായി അടുത്തുള്ള കടയിലേക്ക് നടന്നു. 😍😍
തുടരും........

വരികളും ചിത്രങ്ങളും Bismiya Saidu Mohammed

ആദ്യഭാഗം ഇവിടെനിന്നും വായിക്കാം....: https://keralasolobiker.blogspot.com/2019/01/blog-post_27.html

രണ്ടാം ഭാഗം ഇവിടെനിന്നും വായിക്കാം....: https://keralasolobiker.blogspot.com/2019/01/blog-post_58.html


മൂന്നാം ഭാഗം ഇവിടെനിന്നും വായിക്കാം....: https://keralasolobiker.blogspot.com/2019/01/19-2016.html