സിൽക്ക് റൂട്ട് കണ്ടു മനസ് കയ്യിൽ നിന്നും പോയ നിമിഷങ്ങൾ.. അതിനെ വെല്ലുന്ന കാഴ്ചകൾ ഒന്നും ഇനി കാണാൻ ഉണ്ടാകില്ല എന്ന് സ്വയം വിചാരിച്ചു യാത്ര തുടങ്ങി.പക്ഷേ വിസ്മയങ്ങൾ ബാക്കി വെച്ച് അമ്പരിപ്പിക്കുന്ന കാഴ്ചകൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു…
തമ്പി വ്യൂ പോയിന്റിൽ നിന്നും യാത്ര തുടങ്ങി മഴയുടെ ശക്തി കൂടി ഇനി ഉള്ള റോഡുകൾ ഒക്കെ മുൻപ് ഇതുവഴി ഓടിച്ചു പരിചയം ഉള്ളതുകൊണ്ട് മാത്രമാണ് ചുങ് ഷി ഓടിച്ചത്.. മൂടല്മഞ്ഞു കാരണം മുന്നിൽ ഒന്നും തെളിയാത്ത അടുത്ത ഒരു മണിക്കൂർ യാത്ര കണ്ടപ്പോൾ അതാണ് തോന്നിയത്. പോകുന്ന വഴിയൊക്കെ പൂക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.. കോട വന്നു തഴുകി കാറ്റിലാടുന്ന കാട്ടുപൂക്കൾ.. മഞ്ഞ നിറത്തിൽ.. ചിലയിടത്തു ചുകപ്പ്.. പിന്നെയും മുന്നോട്ടു പോയപ്പോൾ വയലറ്റ്.. നീല.. ടിബറ്റിൻ യാക്കുകൾ വന്നു വഴി മുടക്കി. ഒന്നല്ല… ഒരുപാടുണ്ട്… കറുത്ത നിറമുള്ള സ്വർണ വാലുകൾ ഉള്ള കൊമ്പുകുലുക്കി വരുന്ന യാക്കുകൾ അനുസരണയോടെ റോഡ് മറികടന്നു മലമുകളിലേക്ക് ഓടി. പോകുന്ന വഴിയിലെ മൈൽകുറ്റികൾ പോലും പൂക്കൾ കൊണ്ട് മൂടിയിരിക്കുന്നു മുന്നോട്ടുള്ള യാത്രയിൽ കുറെ മിലിറ്ററി ക്യാമ്പുകൾ.. ഈ സ്വർഗ്ഗത്തിന്റെ കാവൽക്കാർ..മഴ ഒഴിഞ്ഞു.. പോകുന്ന വഴിയിൽ ദൂരത്തായി കാണാം ഒരു തടാകം.. 13900 അടി ഉയരത്തിൽ എലിഫന്റ് ലേക്ക്.. ആന രണ്ടു മലകൾക്കിടയിൽ ചരിഞ്ഞു കിടക്കുന്ന രൂപം.. അവിടേക്കു പോകാൻ വഴികളൊന്നും ഇല്ല. കൈയെത്തും ദൂരത്തു നിന്നു കാണാനേ യോഗമുള്ളു.വളഞ്ഞു തിരിഞ്ഞ വഴികൾ. കാർ മലകയറാൻ തുടങ്ങി. കയറ്റം കഴിഞ്ഞ ഉടനെ ചുങ് ഷി വണ്ടി നിർത്തി. ഞങ്ങൾ പുറത്തിറങ്ങി. ദൂരെ താഴെയായി ഒരു റോഡ് പോകുന്നുണ്ട്, ഇടക്കിടെ മൂടല്മഞ്ഞിനിടയിൽ തെളിഞ്ഞു കാണാം അത്.. വലത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് “വെൽക്കം ടു നാതാങ് വാലി ” എന്ന ബോർഡ് ആണ്.
മുന്നിൽ കല്ലുപാകിയ ഒരു റോഡ്. പക്ഷേ കോട കാരണം ഈ റോഡ് എവിടേക്കു പോകുന്നു എന്ന് മനസിലായില്ല..
മുന്നിൽ കല്ലുപാകിയ ഒരു റോഡ്. പക്ഷേ കോട കാരണം ഈ റോഡ് എവിടേക്കു പോകുന്നു എന്ന് മനസിലായില്ല..


ഞാൻ പതുക്കെ താഴേക്ക് നടന്നു. നടത്തം താഴ്വരയിലേക്കാണ്. മുകളിൽ നിന്നും കണ്ടപോലെ അല്ല താഴത്തെ കാഴ്ചകൾ.. പൂക്കൾ വിടർന്നു തുടങ്ങിയിട്ടേ ഉള്ളൂ.. അവിടവിടെയായി റോസ് നിറത്തിലുള്ള പൂക്കൾ.. അവയ്ക്കിടയിലൂടെ ഒരു കൊച്ചു അരുവി. വലിയ ആഴം ഇല്ലാതെ ഈ അരുവിയിലും പൂക്കളാണ്.. അതുകൊണ്ട് തന്നെ പൂക്കൾ ഒഴുകുന്നതാണോ എന്ന് തോന്നിപോകും യാക്കുകൾ മേഞ്ഞു നടക്കുന്നുണ്ട്.അതിൽ ഒരുത്തൻ എന്നെ നോട്ടമിട്ടു കഴിഞ്ഞു. കറുത്ത ഷർട്ട് ഇട്ട എന്നെ കണ്ടു അവന്‍റെ ആളാണെന്നു തെറ്റിദ്ധരിച്ചതാണോ. മുകളിൽ മുഴുവൻ കാർമേഘങ്ങളാണ്. കാർ എവിടെയാണ് ഉള്ളതെന്നുപോലും കാണാനില്ല. കടലുപോലെ നീണ്ടുകിടക്കുന്ന താഴ്വരയിൽ എവിടെ നോക്കിയാലും പൂക്കളാണ്. ഒരുപാട് മുന്നോട്ട് നടന്നു.. തിരിഞ്ഞു നോക്കിയപ്പോൾ പൂക്കൾ കൊണ്ടൊരു താഴ്വര മുന്നിൽ. മേഘങ്ങൾ ഉരുണ്ടുകൂടി. ഇനിയും നിന്നാൽ മഴ നനഞ്ഞു പോകാം.നടപ്പാത വിട്ടു പൂക്കൾക്കിടയിലൂടെ തിരിച്ചു നടത്തം തുടങ്ങി. ഇഷ്ടപെട്ട പൂക്കളെല്ലാം പറിച്ചെടുത്തു. ഇപ്പോൾ കൈ നിറച്ചും മഞ്ഞയും നീലയും ചുകപ്പും പൂക്കളാണ്. അത് മുകളിലേക്ക് വലിച്ചെറിഞ്ഞു ഒരു ചെറിയ പുഷ്പാഭിഷേകം നടത്തി.

എന്നാ പോകാം..
ഞാൻ വണ്ടിയിൽ കയറി.. വേഗം ഗാങ്ടോക്ക് എത്തണം. വണ്ടി പോട്ടെ.. ഒരു ഫോട്ടോ കൂടെ എടുക്കാനായി ഞാൻ കാമറ റെഡി ആക്കി. വണ്ടി നീങ്ങി തുടങ്ങി.. കയ്യും കാമറയും മാത്രം സൈഡ് ഗ്ലാസിന് പുറത്തിട്ട് ഒരു ക്ലിക്ക്. എന്താണ് ക്യാമെറയിൽ പതിഞ്ഞെതെന്നു നോക്കി. ചുങ് ഷി വണ്ടി നിർത്തു. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി. ചാറ്റൽ മഴയാണ് പുറത്ത്. തൊപ്പിയും ക്യാമറയും എടുത്തു കല്ല് പതിച്ച റോഡിലേക്ക് നടന്നു.. പിന്നെയുള്ള 8 മിനിറ്റ്..
(ഇനി ഇത് വായിക്കുന്നതിനു മുൻപേ നിങ്ങൾ ആ വീഡിയോ കാണണം )
മുന്നോട്ട് പോകുംതോറും മഞ്ഞു വഴിമാറിത്തന്നു.. വഴി മാറിത്തന്ന മഞ്ഞിന് ഇപ്പോൾ ഇപ്പോൾ മഞ്ഞയും നീലയും ചുകപ്പും നിറമാണ്. ഒന്ന് നിന്ന് നാലുപാടും കണ്ണോടിച്ചു ഇടതും വലതുമായി കുന്നിന്ചെരുവിൽ പൂത്തുലഞ്ഞു നിൽക്കുന്നു കാട്ടുപൂക്കൾ.. ഒന്നല്ല… ഒരായിരം പൂക്കൾ.. നടന്നു നടന്നു പൂക്കളെല്ലാം കണ്ടു.. മുന്നിൽ വെളുത്ത മേഘങ്ങൾ.. വെറുതെ ഒന്ന് താഴേക്ക് നോക്കി.. ദൈവമേ ഇനി ഒരു 4 അടി കൂടെ.. വഴി തീർന്നു.. ഏതോ ഒരു മലയുടെ കൊമ്പത്താണ് ഞാൻ നില്കുന്നത്. തിരിഞ്ഞു നോക്കിയപ്പോൾ താഴെയായി നാതാങ് വാലിയിൽ പൂക്കൾ കൊണ്ട് പൂക്കളം തീർത്തപോലെ.. ചിറകുണ്ടായിരുന്നെകിൽ ഒന്ന് പറന്നുചെന്നു കാണാമായിരുന്നു. മഞ്ഞു മഴ തുടങ്ങി.. നല്ല കാറ്റും.. പൂക്കളെല്ലാം കാറ്റത്തു ആടിയുലഞ്ഞു. നടത്തത്തിന്റെ വേഗത കൂട്ടി. കാറ്റു എന്നെ വലിച്ചു താഴേക്ക് തള്ളിയിടുമോ.. രണ്ടു കൈകളും നീട്ടി ഇരുവശത്തും ഉള്ള പൂക്കളെ തൊട്ടു തലോടി തിരിച്ചു നടന്നപ്പോൾ പണ്ടെങ്ങോ കണ്ട സ്വപ്നമാണ് ഓർമ്മ വന്നത്..

നേരം നന്നേ വൈകി.. ചുങ് ഷി വാച്ച് നോക്കാൻ തുടങ്ങി. 7 മണിക് അയാൾക്കു ഗാങ്ടോക്ക് എത്തണം. അയാളുടെ ഭാര്യ അവിടെ കാത്തിരിപ്പുണ്ട്. ഇനിയും കാണാനുണ്ട് നാഥുല പാസും ഓൾഡ് ബാബ മന്ദിറും ചങ്കു തടാകവും എല്ലാം. കാറിന്റെ സ്പീഡ് കൂടി.. കടന്നുപോയ 10കെഎം മുഴുവനും പട്ടാള ക്യാമ്പുകളും പീരങ്കികളും ട്രെക്കുകളും കൊണ്ട് നിറഞ്ഞതായിരുന്നു.. മുന്നോട്ട് പോകുംതോറും പട്ടാളക്കാരുടെ എണ്ണം കൂടിക്കൂടി വന്നു. അവർ എല്ലാം ഒത്തുകൂടി പടികൾ കയറി മലമുകളിലേക്ക് കയറുന്ന കാഴ്ച. ഇതാണ് ഓൾഡ് ബാബ മന്ദിർ.

1962 ഇൽ നാഥുലയിൽ നടന്ന ഇന്ത്യ – ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച 23 റീജിമെന്റ് ശിപായി ബാബ ഹർഭജൻ സിംഗ് ന്‍റെ പേരിൽ പണിത മന്ദിർ. ഇന്നും ജാതി മത ദേശ ഭേദമന്യേ എല്ലാ പട്ടാളക്കാരും ഇവിടെ പ്രാത്ഥിച്ചിട്ടാണ് ജോലി തുടങ്ങുന്നത്. ഈ സൈനികൻ അവർക്കു പകർന്നു നൽകുന്ന ഊർജ്ജം , അത് പടികൾ ഇറങ്ങി വരുന്ന ഓരോ പട്ടാളക്കാരന്റെയും മുഖത്തു കാണാം. അമൃതസറിലെ ലങ്കർ പോലെ ഇവിടെയും പട്ടാളക്കാരുടെ വക വരുന്നവർക്കൊക്കെ ഭക്ഷണം കൊടുക്കാറുണ്ട്. സൈനികരുടെ കൂടെ ഇരുന്നു ആഹാരം കഴിച്ച ആ നേരമത്രയും ഒരു പട്ടാളക്കാരനാകാൻ കൊതിച്ച് നടന്നിരുന്ന എന്‍റെ പഴയ കാലത്തെ കുറിച്ച് ഓർത്തുപോയി. ഭക്ഷണം കഴിച്ച് അഴിച്ചു വെച്ച ഷൂസ് കെട്ടി കാറിനടുത്തേക്ക് നടന്നു നീങ്ങിയപ്പോൾ കാണുന്ന പട്ടാളക്കാർക്കൊക്കെ മനസ്സിൽ ഒരു സല്യൂട്ട് കൊടുത്തു. കാറിൽ കയറിയപ്പോൾ വീണ്ടും മഴ തുടങ്ങി. ഇനിയും 40കെഎം ഉണ്ട് ഗാങ്ടോക്ക് എത്താൻ. ചുങ് ഷി ഭാര്യയെ ഫോണിൽ വിളിച്ചു ചൾക്കി പ്ളിക്കി ചുൾക്കി (നേപ്പാളി ഭാഷ) യിൽ എന്തോ പറയുന്നുണ്ടായിരുന്നു.

വണ്ടിയിൽ നേപ്പാളി പാട്ട് തുടങ്ങി. ഇനി നേരെ ചങ്കു തടാകത്തിലേക്ക്.. ടിസോങ്‌മോ തടാകം എന്നും പറയും. പോകുന്ന വഴിയിൽ നിന്നു തന്നെ ദൂരത്തായി തടാകം കണ്ടു തുടങ്ങി. 12000 അടി ഉയരത്തിൽ 2 മലകൾക്കു ഇടയിലായി നീണ്ടുനിവർന്നു കിടക്കുന്ന ഈ തടാകം മഞ്ഞുകാലത്തു തണുത്തുറഞ്ഞു നിൽക്കുന്ന ഫോട്ടോ ചുങ് ഷി കാണിച്ചു തന്നു. മലകൾ ഇറങ്ങി കാർ ചങ്കു തടാകത്തിനു അടുത്തേക്ക് നീങ്ങി. ആളുകൾ ഒരുപാടുണ്ട്. കുറെ യാക്കുകളെ നല്ല ചുവന്ന കുപ്പായമിട്ട് അലങ്കരിച്ചു നിർത്തിയിട്ടുണ്ട്. യാക്ക് സഫാരി ഇവിടുത്തെ പ്രധാന വിനോദമാണ്.. ഞാനും കയറി ഒരു യാക്കിന്റെ മുകളിൽ.. കുറച്ചു ഫോട്ടോ എടുത്ത ശേഷം സഫാരിക്ക് നില്കാതെ അതിന്റെ പുറത്തു നിന്നും ഇറങ്ങി (അത് മനസ്സിൽ പറഞ്ഞുകാണും “രക്ഷപെട്ടു ).


ഇനി യാത്ര ഗാങ്ടോക്കിലേക്ക്.. സിക്കിമിന്റെ തെക്കേ മൂലയിലേക്ക് പോകുന്നതിനു മുൻപ് ഒരു ഇടവേള..
വരികളും ചിത്രങ്ങളും : Sumesh G
വരികളും ചിത്രങ്ങളും : Sumesh G
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ