2019 ജനുവരി 25, വെള്ളിയാഴ്‌ച

മാമലകളിൽ നിന്നും മഞ്ഞു മലകളിലേക്കൊരു പോക്ക്

        ഇത്തവണ യാത്ര എങ്ങോട്ടാണെന്നു ചിന്തിച്ചപ്പോ മനസ്സിൽ ഞങ്ങൾ മൂന്നു പേരും ഒരു പോലെ ചൂണ്ടയിട്ട് പിടിച്ചത് ഈ നഗരം ആയിരുന്നു.. അൽപ്സ് പർവത നിരകളെ ഇത്രമേൽ ചുംബിച്ചു കടന്നു പോകുന്ന മറ്റൊരു ഇടം യൂറോപ്പിൽ ഉണ്ടാകില്ല.. അതെ, ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള രാജ്യം എന്ന ഖ്യാതി നേടിയ, ഇന്ന് ലോകത്തിലെ ബ്രാൻഡഡ് വാച്ചുകളുടെയും ചോക്ലേറ്റ്കളുടെയും പകുതിയിലധികം കമ്പനികളും രൂപം കൊണ്ട, പാലുത്പാദനത്തിൽ പ്രശസ്തി നേടിയ, എന്തിനുപരി 15 ലക്ഷം നമ്മുടെ അക്കൗണ്ടിൽ കൊണ്ടിട്ടു തരാൻ നരേന്ദ്ര മോഡി ഉന്നം വെച്ച ബാങ്കിങ് ശൃംഖല നടമാടുന്ന ഇടം, സ്വിറ്റ്സർലൻഡ് .....
         രണ്ടു ദിവസങ്ങൾ ആയിട്ട് പ്ലാൻ ചെയ്ത ഒരു ചെറിയ ട്രിപ്പ് ആയിരുന്നു ഇത്. സഹ്യന്റെ ശിരസ്സിൽ ഏറി ഗർവോടെ നിൽക്കുമ്പോ മനസ്സിൽ എന്നോ മുഴങ്ങി അടിച്ചിരുന്ന ഒരു ചോദ്യത്തിന്റെ സഫലീകരണത്തിനാണ് ഈ യാത്ര പോകാൻ തീരുമാനിച്ചത്. എന്നേലും ഒരിക്കൽ ഇതേ പോലെ അൽപ്സ് പർവ്വതത്തിന്റെ മുകളിലും കയറാൻ പറ്റുമോ എന്നതായിരുന്നു ആ ചോദ്യം. യാത്ര ആരംഭിച്ചത് നെതിർലാണ്ട്സിൽ നിന്നുമാണ്. മധ്യ സ്വിറ്സ്റ്റ്ലാന്റിലെ ലൂസേൻ ആയിരുന്നു ലക്‌ഷ്യം. വെള്ളിയാഴ്ച രാത്രി കേറിയ ബസ് 9.40നു സൂറിച്ചിൽ വന്നു നിന്നു. അവിടെ നിന്നും 1.30 മണിക്കൂർ യാത്ര ഉണ്ട് ലുസെനിലേക്ക്‌. സൂറിച്, ലോകത്തിലെ ഏറ്റവും വിലയേറിയ നഗരം എന്ന നെറ്റിപ്പട്ടം കാലാകാലങ്ങളായി ശിരസ്സിൽ അണിഞ്ഞു കൊണ്ടിരിക്കുന്ന നഗരം, അത്യത്ഭുതത്തോടെ ബസ് ഇറങ്ങിയ ശേഷം കുറച്ചു ദൂരം അവിടെ എല്ലാം നടന്നു കണ്ടു.ലൂസേൻ എത്തുമ്പോൾക്കും സമയം 1 കഴിഞ്ഞിരുന്നു. അത് കൊണ്ട് ബുക്ക് ചെയ്ത airbnb ലേക്ക് പോകാൻ നിന്നില്ല, നേരെ യാത്ര തുടങ്ങാം എന്ന് കരുതി.
         യാത്രയുടെ കാര്യം ഓർത്തപ്പോൾ ആണ് ചെലവിന്റെ കാര്യം പറയാം എന്ന് ഓർത്തത്. ലൂസേൻ അടങ്ങുന്ന സെൻട്രൽ സ്വിറ്റ്സർലൻഡ് മുഴുവൻ കറങ്ങാൻ ടെൽ പാസ് എന്നൊരു പാസ് ഉണ്ട്, അത് വാങ്ങി കഴിഞ്ഞാൽ ബസ്, ട്രെയിൻ, ബോട്ട്, കേബിൾ കാർ എന്ന് വേണ്ട പാർവ്വതങ്ങളിലെ സ്പെഷ്യൽ റൈഡ്സ് വരെ സൗജന്യമാണ്. ശൈത്യകാലങ്ങളിൽ 110 chf(96 യൂറോ) ആണ് ഇതിന്റെ വില.രണ്ടു ദിവസം വാലിഡിറ്റിയും കിട്ടുന്നതാണ്, പക്ഷെ സമ്മർ സമയത്തു 180 chf നൽകേണ്ടതാണ്. പോയത് നവേമ്പറിൽ ആയതിനാൽ ഏകദേശം 60 യൂറോയോളം ലഭിക്കാൻ കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് കമെന്റിലോ മെസ്സെഞ്ചർലോ ചോദിക്കാവുന്നതാണ്. പാസ് കൈവശം ഉള്ളതിനാൽ ടിക്കറ്റ് എടുക്കാൻ നിൽക്കാതെ ഞങ്ങൾ നേരെ ബോട്ടിലേക്കു കയറി, പുറത്തു നിന്ന് വാങ്ങിയ ഭക്ഷണവും കഴിച്ചു ഒന്നര മണിക്കൂർ ബോട്ട് സവാരി ആസ്വദിച്ചു, ഇതിൽ കയറി വേണം സമുദ്ര നിരപ്പിൽ നിന്നും 2000 മീറ്റർ ഉയരമുള്ള പിലാറ്റസ് എന്ന പർവത ഭീമനിലേക്കെത്താൻ. ബോട്ട് അപലനഷ്ഡ് എന്ന സ്ഥലത്തു വന്നു നിന്നു, അവിടെ നിന്നും ട്രെയിൻ കയറി വേണം പീക്കിൽ എത്താൻ, -1 ആയിരുന്നു താഴത്തെ താപനില. അര മണിക്കൂർ ഇടവിട്ട് മാത്രം വരുന്ന ട്രെയിനിന് കാത്തു നിന്നു. ഈ ട്രെയിൻ സെർവിസിന്റെ പ്രത്യേകത എന്തെന്നാൽ ഏറ്റവും കൂടുതൽ ചെരിഞ്ഞിട്ടുള്ള റെയിൽവേ ആണ് ഇത് എന്നതാണ്, ചില ഇടങ്ങളിൽ 58 ഡിഗ്രീ ചെരിഞ്ഞിട്ടാണ് ട്രെയിൻ പോവുക. Worlds steepest റെയിൽവേ, അതൊരു അത്ഭുതം തന്നെയായിരുന്നു, അറ.മണിക്കൂറോളം യാത്ര ചെയ്‌തു ഏതാണ്ട് 4 മണി ആയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ ഏറ്റവും മുകളിൽ എത്തി. ഷിംല മനാലി കുന്നുകളിൽ അനുഭവപ്പെട്ടേക്കുന്ന അതെ ഫീലിംഗ് ആയിരുന്നു ഇവിടെയും. പ്രകൃതി ഭംഗിയും ഏകദേശം അതെ പോലെ തന്നെ, സ്നോ കണി കാണാൻ പോലും ഇല്ല, ഇത് വേറിട്ടൊരു മല ആയിരുന്നു.2 മണിക്കൂറോളം അവിടെ ചിലവഴിച്ചതിനു ശേഷം കുന്നിന്റെ മറ്റൊരു അരികിലൂടെ കേബിൾ കാർ വഴി പതിയെ കുന്നിറങ്ങി. 7 മണി ആകുമ്പോൾക്കും താഴത്തെത്തി. യൂറോപ്പിൽ പൊതുവെ വിന്റെറിൽ 5 മണി ആകുമ്പോഴേക്കും ഇരുട്ട് പടരാറുണ്ട്. അതിനാൽ താഴോട്ടിറങ്ങിയ വഴിയിൽ ഒന്നും കാണാൻ പറ്റിയിരുന്നില്ല, കുറ്റകൂരിരിട്ടു മാത്രം, കേബിൾ കാറിലാണേൽ ഞങ്ങൾ മൂന്നു പേർ മാത്രവും, മഞ്ഞിനെ കവച്ചു കൊണ്ട് കേബിൾ കാറിൽ ഇരുട്ടത്ത് നിശബ്ദമായി ചെയ്ത ആ യാത്രയും ഒരു പ്രത്യേക ഫീലിംഗ് ആയിരുന്നു, ഒരിക്കലും മറക്കാൻ സാധിക്കാത്ത വിധം.
         കുന്നിറങ്ങിയ ശേഷം നേരെ airbnb ലക്ഷ്യമാക്കി വിട്ടു. വളരെ സൗകര്യങ്ങൾ ഉള്ള വലിയ ഒരു 3 ബെഡ് അപാർട്മെന്റ്. യൂറോപ്പിൽ യാത്ര പോകുമ്പോൾ സാമ്പത്തികമായി ഏറ്റവും നല്ലത് airbnbകൽ ആണെന്ന് ഓര്മിപ്പിച്ചു കൊള്ളട്ടെ.. പിറ്റേന്ന് രാവിലെ കുളിച്ചിറങ്ങി ചാവിയും തിരികെ വെച്ച് നേരെ വിട്ടു വേറൊരു പർവതം കാണാൻ ആയിട്ട്, ഇതിന്റെ പേര് മൌന്റ്റ് റ്റിട്ലിസ്. ലൂസേൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇംഗിൽബെർഗ് എന്ന സ്ഥലത്തു എത്തണം ഈ പർവതം കാണണമെങ്കിൽ. സമുദ്ര നിരപ്പിൽ നിന്നും 3000ലേറെ മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐസ് പർവതം. സ്വിറ്സ്റ്റ്ലാൻസിലെ തന്നെ രണ്ടാമത്തെ വലിയ പർവതം എന്ന റെക്കോര്ഡ് സ്വന്തം ആയുള്ള സംഭവം. പിലാറ്റസിൽ കണ്ടതിൽ നിന്നും വിഭിന്നമായ ഒരു ഘടന ആയിരുന്നു ഇവിടെ. താഴെ മുതലേ കണ്ടു തുടങ്ങാൻ സാധിക്കുന്ന ഐസ് പാളികൾ ആണ് ഏറ്റവും സവിശേഷത. കേബിൾ കാറിൽ കയറി മുകളിലേക്കു പോകുന്തോറും നമ്മൾ കാണുന്ന കാഴ്ചകൾ എന്ന് പറയുന്നതു വളരെ വിശിഷ്ടമാണ്. ഗെയിം ഓഫ് ത്രോൺസിലെ നോർത്തിനെ ഓര്മപ്പെടുത്തും പോലുള്ള ഭൂഘടന, ചുറ്റുവട്ടവും ഐസിനാൽ ചുറ്റപ്പെട്ട് കിടക്കുന്നു. ദേഹത്തേക്ക് ഇരച്ചു കയറിക്കൊണ്ടിരിക്കുന്ന ഈ തണുപ്പിനെ ഈ ദൃശ്യങ്ങൾ പ്രസരിപ്പിച്ച ഊർജം കൊണ്ട് പട വെട്ടി ഒരു വിധത്തിൽ ആ അത്യുന്ന ശൃംഗത്തിൽ എത്തി. അവിടെ ഒരു ഹാങ്ങിങ് ബ്രിഡ്ജ് ഉണ്ട്, വളരെ ഭയാനകമായ ഒരു തരം പാലം. അത് കടന്നാൽ പിന്നെ ഐസ് റൂം കാണാം. പൂർണമായും ഐസിനാൽ പൂര്തീകരിചിക്കുന്ന ഒരു നടവഴി, നിലത്തു തെന്നി വീഴാതെ ഒരു വിധത്തിൽ നടന്നു കടന്നു. ശേഷം കണ്ടത് ഐസ് ഫ്ലയർ എന്ന അത്ഭുതം, കയറിൽ കെട്ടി വലിച്ച 5 സീറ്റ് ഉള്ള ഒരു പലക, ഒരു തരത്തിൽ ഉള്ള കവേറിങ്ങും സീറ്റ് ബെൽറ്റും ഇല്ലാത്ത അതിൽ.നമ്മളെ ഇരുത്തിയ ശേഷം 400 മീറ്ററോളം ദൂരത്തേക് കേബിൾ കാർ പോലെ കൊണ്ട് പോയി തിരിച്ചു കൊണ്ട് വരുന്നു. ഓപ്പൺ എയർ ഫീൽ ചെയ്തു കൊണ്ടുള്ള ആ യാത്രയും മറക്കാൻ ആവാത്തതായിരുന്നു. പിന്നെ നടന്നു ഒരു ഷോപ്പിനു മുന്നിൽ എത്തിയപ്പോൾ അതാ DDLJ ഷാരൂഖും കാജോളും നിൽക്കുന്ന ഒരു ഫ്ളക്സ് ബോർഡ്. അന്വേഷിച്ചപ്പോൾ അറിഞ്ഞു ആ പടത്തിലെ ചില ഗാനരങ്ങൾ ചിത്രീകരിച്ചത് ഇവിടെ ആയിരുന്നു എന്ന്. പിന്നെ കുറച്ചു ഷോപ്പിംഗ് എല്ലാം കഴിഞ്ഞു 3 മണി ആയപ്പോൾക്കും മല ഇറങ്ങി. പിന്നെ നേരെ ലുസെനിലെക്ക് വിട്ടു ട്രെയിനിൽ. അവിടെ 6 മണി വരെ അലഞ്ഞു തിരിഞ്ഞു 9.30ന്റെ രാത്രി ബസ് പിടിക്കാൻ വേണ്ടി സൂരിച്ചിലേക്ക് വിട്ടു.
         ഒരായിരം ഓർമകൾ, ഒരിക്കലും മറക്കാൻ കഴിയാത്തവ 
ശേഖരിച്ചു കൊണ്ടുള്ള ഈ യാത്ര അവസാനിച്ചു എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് തിരിച്ചു ജോലിസ്ഥലത്തേക്ക്.......







വരികളും ചിത്രങ്ങളും : Vaisakh Pc

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ