2019 ജനുവരി 31, വ്യാഴാഴ്‌ച

അഗുംബെ എന്ന സുന്ദരി…

ഒരു തിങ്കളാഴ്ച്ച ദിവസം ഫേസ്ബുക്കിൽ വെറുതെ വിരലോടിച്ചോണ്ടിരുന്നപ്പോൾ ആണ് ജോഗ് ഫോൾസിനെ കുറിച്ചുള്ളൊരു പോസ്റ്റ് കാണുന്നത്. വായിച്ചപ്പോൾ അത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് എന്ന് മനസ്സിലായി.. അപ്പോൾ തന്നെ ചങ്ക് വിഷ്ണുവിനെ വിളിച്ച് നമ്മുക്ക്‌ ഈ ആഴ്ച ജോഗ് ഫോൾസിൽ പോയാലോന്നു ചോദിച്ചു, ചോദിക്കേണ്ട താമസം മച്ചാൻ റെഡി.. ടിക്കറ്റും മറ്റു കാര്യങ്ങളും അന്വേഷിക്കാൻ അവനെ ഏൽപ്പിച്ചു. പിന്നെ വിളിച്ചത് സിജോയെ ആയിരുന്നു.. എവിടെ വേണേലും പോവാൻ റെഡി ആണ് എന്ന് അവനും പറഞ്ഞതോടെ മനസ്സ് ഒരു യാത്രക്ക് തയാറാവാൻ തുടങ്ങി…അടുത്ത ദിവസം വിഷ്ണു വിളിച്ചു ജോഗ് ഫോൾസ് വേണ്ട അതിനു പകരം അഗുംബെ പോവാം എന്ന് പറഞ്ഞു, ആദ്യം കേട്ടപ്പോൾ അവനോട് ഒരു ദേഷ്യം തോന്നി കാരണം ജോഗ് ഫോൾസ് പോവുന്നതും അവിടെ നിന്ന് ഫോട്ടം പിടിക്കുന്നതും ഒക്കെ എന്റെ മനസിലെ സ്ക്രിപ്റ്റിൽ ഞാൻ എഴുതി വെച്ചിരുന്നു, പിന്നെ അവൻ്റെ സുഹൃത്തും സ്ഥിരം ഊര്തെണ്ടിയുമായ സായി ജോഗ് ഫോൾസിൽ പോയിട്ടുണ്ടെന്നും അഗുംബെ ആണേൽ അവനും വരുമെന്ന് പറഞ്ഞപോൾ ഞാൻ എൻ്റെ സ്ക്രിപ്റ്റ് തിരുത്താൻ തയാറായി… പിന്നീട് അവൻ വിളിച്ച്‌ രാത്രി 11 മണിക്ക് ബാംഗ്ലൂരിൽ നിന്നും ട്രെയിൻ ഉണ്ടെന്നും ബുക്ക്‌ ചെയ്യണ്ട ആവിശ്യമില്ല ജനറൽ ബർത്തിൽ കിടന്നു പോവാം എന്നും പറഞ്ഞു കൂടാതെ ഒരാൾക്ക് 250 രൂപക്ക്‌ അഗുംബെയിൽ മല്യയുടെ ലോഡ്ജിൽ റൂം ബുക്ക്‌ ചെയ്തുന്നും പറഞ്ഞു..അങ്ങനെ വിഷ്ണുവിൽ നിന്ന് ആദ്യമായി അഗുംബെ എന്ന സുന്ദരിയുടെ പേര് ഞാൻ കേട്ടു .. അഗുംബെ പേരിൽ തന്നെ ഒരു കൗതുകം തോന്നി, പിന്നീട് അവളെ കുറിച്ച് കൂടുതൽ അറിയാൻ തോന്നി, ബ്ലോഗുകളിൽ നിന്നും സഞ്ചാരി ഗ്രൂപ്പുകളിലും നിന്നും കൂടുതൽ കാര്യങ്ങൾ അറിഞ്ഞു മാൽഗുഡി ഡേയ്സ് ഷൂട്ട് ചെയ്തത് അവിടെ ആണെന്നും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥങ്ങളിൽ ഒന്നാണെന്നും തുടങ്ങി ഏറ്റവും കൂടുതൽ പാമ്പുകൾ (നമ്മുടെ വാവ ചേട്ടന്റെ ഭാഷയിൽ പറയുവാണേൽ “അതിഥികൾ”) വിഹരിക്കുന്ന അതിൽ തന്നെ രാജവെമ്പാല കൂടുതലായി കാണുന്ന സ്ഥലമാണ് എന്നും വായിച്ചറിഞ്ഞു..

കാത്തിരിപ്പിന് ഒടുവിൽ ആ ദിവസം എത്തി… രാത്രി 11 മണിക്ക്‌ ടാൽഗുപ്പ എക്സ്പ്രെസ്സിൽ ബാംഗ്ലൂരിൽ നിന്നും ഞങ്ങൾ യാത്ര ആരംഭിച്ചു വിഷ്ണു പറഞ്ഞത് പോലെ ജനറൽ കംപാർട്മെന്റലെ ബെർത്തിൽ കിടക്കാൻ പോയിട്ടു മര്യാദക്ക്‌ ഒന്ന് ഇരിക്കാൻ പോലും പറ്റില്ലായിരുന്നു..കാരണം ബെർത്ത് നിർമ്മിച്ചിരിക്കുന്നത് പലകക്കു പകരം കമ്പി കൊണ്ട് ആയിരുന്നു.. ഇന്ത്യൻ റെയിൽവേ വിഷ്ണുവിനെയും ഞങ്ങളെയും ചതിച്ചു…
ട്രെയിനിൽ കയറിയപ്പോൾ ആണ് ഞങ്ങൾ 4 പേരേ കൂടാതെ 2 പേര് കൂടി ഉണ്ടെന്ന് അറിഞ്ഞത് സായിയുടെ ചങ്ക് അലനും പിന്നെ FM റേഡിയോ പോലെ എപ്പോളും സംസാരിച്ചു കൊണ്ടിരിക്കുന്ന കുഞ്ചുവും…അങ്ങനെ ഉള്ള സൗകര്യത്തിൽ ഞങ്ങൾ 6 പേരും പരസ്പരം തമാശകൾ പറഞ്ഞും കളിയാക്കിയും കുറച്ചു സമയം മയങ്ങിയും രാവിലെ 6 മണിയോടെ ഷിമോഗ റെയിൽവേ സ്റ്റേഷനിൽ എത്തി…അവിടെ കണ്ട ഒരു ചെറിയ കടയിൽ നിന്നും ഇഡലിയും സാമ്പാറും പക്കോടയും കഴിച്ച്, റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ പിടിച്ച് ഷിമോഗാ ബസ്സ് സ്റ്റാൻഡിൽ എത്തി അവിടെ നിന്ന് അഗുംബെയിലേക്കുള്ള ബസ്സ് കയറി ഏകദേശം 100 കിമോ ദൂരമുണ്ട് ഷിമോഗയിൽ നിന്നും അഗുംബെയിലേക്കു.. ബസ്സിൽ കയറിയപ്പോൾ ആണ് അഗുംബെയിൽ ഹർത്താൽ ആണ് എന്ന് കണ്ടക്ടർ പറയുന്നത്, കേട്ടപ്പോൾ എന്ത് ചെയ്യും എന്ന് എല്ലാരും പരസപരം നോക്കി.. എന്തായാലും ഇറങ്ങിയതല്ലേ മുൻപോട്ട് പോവാം എന്ന് തീരുമാനിച്ചു . 2 മണിക്കൂറ് കൊണ്ട് ഞങ്ങൾ അഗുംബെയിൽ എത്തി, യാത്രയിൽ റോഡിന്റെ ഇരു വശങ്ങളിലും പാടങ്ങളും ചെറിയ കുളങ്ങളൂം കാണാമായിരുന്നു..മുദ്രാവാക്യം വിളികളോടെ ആയിരുന്നു അഗുംബെ ഞങ്ങളെ സ്വാഗതം ചെയ്തത്.. ഹർത്താൽ അനുകൂലികൾ റോഡിൽ നിന്ന് എന്തൊക്കെയോ മുദ്രാവകങ്ങൾ വിളിച്ചു പറയുന്നു… ബസ്സിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അഗുംബെ എന്ന സുന്ദരിയുടെ സൗന്ദര്യം ഞങ്ങൾക്ക്‌ കാണാൻ സാധിച്ചു.. കോട മഞ്ഞിൽ മൂടി കിടക്കുന്ന ഒരു കൊച്ചുഗ്രാമം..

ബുക്ക്‌ ചെയ്തിരുന്ന മല്യയുടെ ലോഡ്ജ് ബസ് സ്റ്റോപ്പിൽ തന്നെ ആയിരുന്നു, ബസ്സ് ഇറങ്ങിയപ്പോൾ ആണ് Bsnl അല്ലാതെ അവിടെ മറ്റൊരു നെറ്റ്‌വർക്ക് ഇല്ല എന്ന് മനസ്സിലായത്. കുറച്ച്‌ നേരം വിശ്രമിച്ചു അഗുംബെയുടെ ആത്മാവ് തേടിയുള്ള യാത്ര ആരംഭിച്ചു…മഴയുടെ അകമ്പടിയോടെ അഗുംബെ എന്ന ഗ്രാമത്തിലൂടെ ഞങ്ങൾ യാത്ര തുടങ്ങി.. ആദ്യം പോയത് അഗുംബെ റൈൻ ഫോറെസ്റ്റ് റിസർച്ച് സ്റ്റേഷനിലേക്ക് ആയിരുന്നു നിറയേ പച്ചപ്പ്‌ നിറഞ്ഞ വഴിയിലൂടെ നടന്നു.. നടത്തത്തിൽ പലർക്കും അട്ടയുടെ ആക്രമണം നേരിടേണ്ടി വന്നു.. ഉച്ച വരെ അവിടെ ചിലവഴിച്ചു.. അതിനെ ശേഷം മല്യയുടെ വീട്ടിൽ നിന്നും സ്വാദിഷ്ടമായ ഉച്ച ഭക്ഷണം കഴിച്ചു , മല്യയുടെ വീട്ടുകാരുടെ പെരുമാറ്റം എല്ലാവർക്കും ഒരുപാട് ഇഷ്ടമായി..പിന്നീടുള്ള യാത്ര Sirimane വെള്ളച്ചാട്ടത്തിലേക്കു ആയിരുന്നു.. മല്യയുടെ 407 truckൽ 40 കിമോ അകലെയുള്ള വെള്ളച്ചാട്ടത്തിലേക്ക് യാത്ര തുടർന്നു, യാത്രയിൽ ഉടനീളം മഴ ഞങ്ങളെ അനുഗമിച്ചു ഏകദേശം ഒരു മണിക്കൂർ യാത്രക്ക് ശേഷം Sirimane യിൽ എത്തി.. യാത്രയുടെ ക്ഷീണം മാറാനായി അവിടെ കണ്ട കടയിൽ നിന്നും ചൂട് ചായയും മുളക് ബജിയും ആവുവോളം കഴിച്ചു. അതിന് ശേഷം വെള്ളച്ചാട്ടത്തിലേക്ക്.. അധികം ഉയരമില്ലാത്ത എല്ലാവർക്കും ഇറങ്ങി ആസ്വദിക്കാൻ പറ്റിയ ഒരു വെള്ളച്ചാട്ടം, അര മണിക്കൂറോളം അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ച് റൂമിലേക്ക് തിരിച്ചു

രാത്രിയിൽ അടുത്തു കണ്ട ഹോട്ടലിൽ നിന്നും മസാല ദോശ കഴിച്ച ഞങ്ങൾക്ക് എവിടെ നിന്നെങ്കിലും കുറച്ച് നൊൺവെജ് കഴിക്കണമെന്ന് തോന്നി.. അത് തേടിയുള്ള യാത്ര ആരംഭിച്ചു… ഇടക്ക് മഴയുടെ ശക്തി കൂടിയപ്പോൾ സായിയും,അലനും, കുഞ്ചുവും യാത്ര പകുതിക്ക് അവസാനിപ്പിച്ചു പക്ഷേ തോറ്റ് കൊടുക്കാൻ ഇനിക്കും,വിഷ്ണുവിനും, സിജോയ്ക്കും മനസ്സില്ലായിരുന്നു ഞങ്ങൾ യാത്ര വീണ്ടും തുടർന്നു മഴ വീണ്ടും വില്ലന്റെ വേഷത്തിൽ ഞങ്ങളുടെ മുൻപിൽ എത്തി, ഒരു കടത്തിണിയൽ അഭയം പ്രാപിച്ച ഞങ്ങളോട് പ്രായമായ ഒരാൾ എന്തോക്കയോ പറഞ്ഞു.. അവിടെ എല്ലാ രീതിയിൽ ഉളള പാമ്പുകളുമുണ്ട് എന്ന് ഞങ്ങൾ ആ നിമിഷം തിരിച്ചറിഞ്ഞു.. മഴ കുറഞ്ഞപ്പോൾ ഞങ്ങൾ നടത്തം തുടർന്നു അത് അവസാനിച്ചത് ടാജിലായിരുന്നു(പേര് കേട്ട് ആരും ഞട്ടരുത്) ഒരു ചെറിയ ഹോട്ടൽ കഴിക്കാൻ എന്ത് ഉണ്ടെന്നു ചോദിച്ചപ്പോൾ ” പൊറൊട്ടയും ചിക്കനുമെണ്ട് എന്ന് മറുപടി.. കേൾകേണ്ട താമസം ഞങ്ങളേ കാത്ത് പാതിവഴിയിൽ ഇരുന്ന സായിയേയും അലനേയും കുഞ്ചുവിനേയും വിളിച്ചോണ്ട് വന്ന് പൊറൊട്ടയും ചിക്കൻ കബാബും ഞങ്ങൾ സ്വാദോടെ അകത്താക്കി.. അഗുംബെയിൽ നോൺ വെജ് കഴികണമെങ്കിൽ ഈ മലയാളി ഹോട്ടൽ മറക്കാതിരിക്കുക.. തിരികെ റൂമിൽ എത്തി കൂറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു.. ശേഷം എപ്പോഴോ നിദ്ര ഞങ്ങളുടെ കണ്ണുകളേ മൂടി.. അങ്ങനെ ഞങ്ങളുടെ ആദ്യ ദിനത്തിലെ യാത്ര അവസാനിച്ചു…. അപ്പോഴും പുറത്ത് മഴ പെയ്യ്തു കൊണ്ടേയിരുന്നു..

രണ്ടാം ദിവസം 8 മണിയോടെ ഞങ്ങൾ ഓരോത്തരും എഴുനേൽക്കാൻ തുടങ്ങി കുഞ്ചു രാവിലെ എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു… മഴ നനയാൻ പൊവുമ്പോളും കൺമഷിയും പൗഡറുമിടാൻ അവൾ മറന്നില്ല…രാവിലെ മല്യയുടെ വീട്ടിൽ നിന്ന് ഭക്ഷണം, നമ്മുടെ ഉപ്പുമാവിന്റെ മറ്റൊരു രൂപം കൂടെ എന്തോ ഒരു പാനിയവും ഭക്ഷണം കഴിച്ച ഞങ്ങൾ കവലെദുർഗാ ഫോർട്ടിലേക്കു യാത്ര ആരംഭിച്ചു ഇടയ്ക്കു മഴ ഞങ്ങളെ പിന്തുടർന്നുകൊണ്ടിരുന്നു ..
ഏകദേശം 2 മണിക്കൂർ നീണ്ട ട്രക്കിലുള്ള യാത്ര അവസാനിച്ചത് ഒരു കുന്നിനുമുകളിലായിരുന്നു.. അവിടെ നിന്നും നടത്തം ആരംഭിച്ചു.. ആദ്യം എത്തുന്നത് ഒരു വയലിലേക്ക്.. വയലുകളുടെ ഇടയിലുള്ള വരമ്പിലൂടെ ഞങ്ങൾ നടന്നു അവിടെ കർഷകർ മഴയെ വകവെക്കാതെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത് കാണാൻ ഇടയായി, മഴ നനയാതിരിക്കാൻ ചാക്ക് കൊണ്ട് അവർ തല മറച്ചിരുന്നു ..
വയലിൽ നിന്നും യാത്ര തുടർന്നു അടുത്തതായി ഞങ്ങളെ സ്വാഗതം ചെയ്തത് ഒരു പ്രവേശന കവാടം ആയിരുന്നു.. അവിടെ കണ്ട ബോർഡിൽ നിന്നും കോട്ടയെ കുറിച്ച് വായിച്ചറിഞ്ഞു വിജയനഗര സാമ്രാജയത്തിന്റെ ഒരു ഭാഗം ആണ് ഈ കോട്ട എന്ന് ഞങ്ങൾ മനസിലാക്കി..
കോട്ടക്ക് അകത്ത് ഞങ്ങളെ കാത്തിരുന്നത് കൂടുതൽ വിസ്മയങ്ങൾ ആയിരുന്നു..ക്ഷേത്രങ്ങൾ, അഗ്രഹാരങ്ങൾ, കുളങ്ങൾ തുടങ്ങി ഒരു ചെറിയ ഒരു നഗരം തന്നെ അതിൽ ഉണ്ടായിരുന്നു മലമുകളിൽ എങ്ങനെ ഇതെല്ലം പണിതു എന്ന് ആലോചിച്ചപ്പോൾ ഞങ്ങളിൽ പലർക്കും അത്ഭുതം തോന്നി.കോട്ടയിലേക്കുള്ള കരിങ്കൽ പാത മഴയിൽ നനഞ്ഞു നന്നായി വഴുക്കൽ അനുഭവപെട്ടു ഞാൻ പല തവണ അവിടെ ഭൂമി വന്ദനം നടത്തുകയും ചെയ്തു… മുകളിലോട്ട് പോകുംതോറും ഓരോ കവാടങ്ങൾ ഞങ്ങൾക്ക് കാണാൻ സാധിച്ചു.. മഴയുടെ കൂടെ ഞങ്ങൾ വീണ്ടും കോട്ടയുടെ മുകളിലേക്ക് യാത്ര തുടർന്നു.. അടുത്തതായി കല്ലിൽ തീർത്ത ഒരു നന്ദിവിഗ്രഹവും അതിന്റെ കുറച്ചു മുകളിലായി ഒരു കൊട്ടാരവും കണ്ടു.

കൊട്ടാരത്തിൽ പ്രേവേശിക്കാതെ ഞങ്ങൾ വീണ്ടും മുകളിലേക്ക് നടത്തം തുടർന്നു.. ചെറിയ കാടിന്റെ നടുവിലൂടെ ഞങ്ങൾ കോട്ടയുടെ ഏറ്റവും മുകളിൽ എത്തി.
അവിടെ കണ്ട കാഴ്ച അതിമനോഹരമായിരുന്ന് കുന്നിനു മുകളിലായി ഒരു ശിവ ക്ഷേത്രവും വിദൂര ദൃശ്യങ്ങളും, ശക്തമായ കാറ്റും എല്ലാം ഞങ്ങൾ നന്നായി ആസ്വദിച്ചു.. സിജോയുടെ ഉള്ളിലുള്ള ഫോട്ടോഗ്രാഫർ കോട്ടയ്ക്കുളിൽ പല തവണ പുറത്തു വന്നു അവന്റെ പ്രതിഭ കാണിച്ചു… കുറച്ച് നേരം അവിടെ നിന്നതിന്‌ ശേഷം ഞങ്ങൾ താഴേക്കുള്ള ഇറക്കം ആരംഭിച്ചു. തിരികെ പോവുന്ന വഴി ഞങ്ങൾ നേരത്തെ കണ്ട കൊട്ടാരത്തിന്റെ അകത്തേക്ക് പ്രവേശിച്ചു അവിടെ ഇടിഞ്ഞു താഴെ വീണ കുറെ തൂണുകളും കല്ലുകളും മാത്രം ആയിരുന്നു ഞങ്ങൾ ആദ്യം കണ്ടത് പക്ഷെ അതിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ വളരെ മനോഹരമായ രീതിയിൽ നിർമിച്ച ഒരു കുളം കാണാൻ സാധിച്ചു പോവാൻ സമയം ആയതിനാൽ ഞങ്ങൾക്ക് അതിൽ ഇറങ്ങാൻ സാധിച്ചില്ല… 1 മണിക്കൂർ കൊണ്ട് കോട്ടയുടെ താഴെ എത്തി, താഴെ എത്തിയപ്പോൾ അട്ട വീണ്ടും കുഞ്ചുവിനെ ആക്രമിച്ചു.. കുറച്ചു നേരം അടുത്തുള്ള കടയിൽ വിശ്രമിച്ചതിനു ശേഷം തിരിച്ചു മല്യയുടെ 407 ൽ കോട്ടയൊടു വിട പറഞ്ഞു ഞങ്ങൾ യാത്രയായി…
തിരിച്ച് മല്യയുടെ വീട്ടിൽ എത്തി ഉച്ച ഭക്ഷണത്തിന് ശേഷം മനസില്ലാമനസ്സോടെ അഗുംബെ എന്ന കാനനസുന്ദരിയോട് യാത്ര പറഞ്ഞു വീണ്ടും എന്നെങ്കിലും കാണാം എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഷിമോഗയിലേക്കു ബസ്സ് കയറി…




വരികളും ചിത്രങ്ങളും : Sarath Mohan

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ