വരികളും ചിത്രങ്ങളും : Harish Km
നദിയിലൂടെ നടന്നിട്ടുണ്ടോ? തണുത്ത വെള്ളവും പരൽമീനുകളും കാലുകളെ ഉമ്മ വെക്കുന്ന നദി നടത്തം ഒരു സുഖമാണ്. എന്നാൽ വെള്ളവും മീനും ഇല്ലാത്ത നദിയിലൂടെ നടന്നിട്ടുണ്ടോ? വരണ്ട് കിടക്കുന്ന, ഹൃദയം തകർക്കുന്ന കാഴ്ചയായി വറ്റിയ പുഴയിലൂടെയല്ല. വെള്ളം മുഴുവൻ തണുപ്പിൽ ഉറച്ച് ഐസ് ആയ നദിയിലൂടെ. ആ ഐസ് പ്രതലത്തിൽ ചവിട്ടി ഒരാഴ്ചത്തെ നടത്തം !!
അങ്ങനെ നടക്കാൻ കൊതിയുണ്ടെങ്കിൽ ചാദർ ട്രെക്കിംഗിനു പോകാം. ലേയിൽ നിന്ന് 60 കിലോമീറ്റർ അകലെ ചില്ലിംഗ് എന്ന ചെറിയ ഗ്രാമമാണ് ചാദർ ട്രെക്കിംഗിന്റെ ബേസ് ക്യാമ്പ്. ജനുവരി പകുതി മുതൽ മാർച്ച് പകുതിവരെ സംസ്കാർ നദി തണുത്തുറഞ്ഞ് കിടക്കും. ഈ സമയത്ത് ചില്ലിംഗ് മുതൽ നെരാക് വരെ ഈ ഐസ് പാളിയായി കിടക്കുന്ന നദിയിലൂടെ നടക്കാം. ഒരു വശത്തേക്കുള്ള നടത്തം നാലു നാൾ നീളും. മടക്കയാത്രക്ക് മൂന്ന് ദിവസം വേറെയും. അതി മനോഹരമാണീ യാത്ര.
ഫെബ്രുവരിയുടെ മൈനസ് തണുപ്പ് നിറഞ്ഞ് ഉറച്ച് കട്ടിയായി കിടക്കുന്ന നദി. ഐസ് കൊണ്ടൊരു പരവതാനി വിരിച്ചത് പോലുള്ള നദിയുടെ മുകളിലൂടെ ഒരാഴ്ചത്തെ ട്രെക്കിംഗ്. ഒരു നദിയെ അതിന്റെ ഒഴുക്ക് അതിശൈത്യത്തിൽ ഉറഞ്ഞ് കിടക്കവേ, നടന്ന് ആസ്വദിക്കുന്ന യാത്ര. അതാണ് ചാദർ ട്രെക്കിംഗ്
ദില്ലിയിൽ നിന്ന് ഒന്നര മണിക്കൂറോളം നീണ്ട ഫ്ലൈറ്റ് യാത്ര കഴിഞ്ഞ് ലേയിലെ കുഷോക് ബകുള റിമ്പോചീ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ സമയം രാവിലെ 9.30
വെള്ളമഞ്ഞിൽ പുതഞ്ഞ് കിടപ്പാണ് ലേ
ആ വെള്ള മഞ്ഞിൻ പരവതാനിയിലൂടെ തെന്നി വീഴാതെ നടക്കണം
പുറത്ത് കാത്തു നിന്ന വാഹനത്തിലേക്ക് വളരെ വേഗം കയറി
കട്ടിയുള്ള ഫ്ലീസും കോട്ടും ഗ്ലൗസും തൊപ്പിയുമൊക്കെ തോറ്റ് പോകുന്നുണ്ട് തണുപ്പിൽ
കട്ടിയുള്ള ഫ്ലീസും കോട്ടും ഗ്ലൗസും തൊപ്പിയുമൊക്കെ തോറ്റ് പോകുന്നുണ്ട് തണുപ്പിൽ
ശ്വാസമെടുക്കാനായി മൂക്കിനു മുന്നിൽ മാത്രം അൽപ്പം തുറന്ന് വെച്ച് ബാക്കിഭാഗം മുഴുവൻ മൂടിക്കെട്ടി തണുപ്പടക്കി വണ്ടിയിലിരുന്നു
60 കിലോമീറ്റർ അകലെയുള്ള ചില്ലിംഗിലേക്കാണ് യാത്ര
ലേയിൽ തന്നെയുള്ള ഗൈഡ് ബിക്രമിന്റെ പരിചയക്കാരിയായ ഒരമ്മൂമ്മയുടെ ചെറിയ കടയിൽ നിന്ന് ചൂടുള്ള സൂപ്പും നൂഡിൽസും അകത്താക്കി
ചുറ്റിലും മഞ്ഞ് പരന്ന് കിടക്കുന്ന ആ തണുത്ത പ്രഭാതത്തിൽ ചൂടുള്ള സൂപ്പിന് വല്ലാത്ത രുചി തോന്നി
വഴിയിലെങ്ങുമുള്ള നരച്ച കുന്നുകളും മഞ്ഞു വീണ് വെളുത്ത സമതലങ്ങളും താഴ്‌വരകളും പിന്നിട്ട് മൂന്നര മണിക്കൂർ കൊണ്ട് ചില്ലിംഗിൽ എത്തി
വണ്ടിയിൽ നിന്നിറങ്ങി ബിക്രമിനു പിന്നിലായി നടന്നിറങ്ങിയത് സംസ്കാർ നദിയിലേക്കായിരുന്നു
ഉറഞ്ഞ് കിടക്കുന്ന നദിയിലേക്ക്
ഒഴുക്കില്ലാതെ, വെള്ളം മുഴുവൻ തണുത്തുറഞ്ഞ് കട്ടിയായി നീണ്ട് കിടക്കുന്ന നദി
ഐസ് കൊണ്ട് ഉണ്ടാക്കിയ ഒരു റോഡ് പോലെയാണ് സംസ്കാർ നദി ഇപ്പോൾ കണ്ടാൽ തോന്നുക
ഇതിലൂടെ ലഡാക്കിനെ കീറിമുറിച്ച് ഈ തീരങ്ങൾ തഴുകി ഒഴുകി വന്നിരുന്ന നദി, അതി ശൈത്യത്തിൽ ഉറച്ച് കട്ടിയായി കിടപ്പാണ്
ഇപ്പോൾ നിൽക്കുന്നത് കട്ടിയുള്ള ഐസ് പ്രതലത്തിലാണ്
ഉറച്ച ഐസ് കൊണ്ട് ഉണ്ടാക്കിയ റോഡ് ആണെന്ന് തോന്നും കണ്ടാൽ
കാലുകൾ വഴുതുന്നുണ്ട്, മിനുസമുള്ള ഐസ് പ്രതലത്തിൽ. കാലുകൾ അൽപം മാത്രം ഉയർത്തി മുന്നോട്ട് എടുത്ത് വെച്ച് നടക്കാൻ പറഞ്ഞു ബിക്രം. ട്രെക്കിംഗ് പോൾ കുത്തിപ്പിടിച്ച് ഒരുകാൽ അൽപ്പം മാത്രം പൊക്കി മുന്നോട്ട് വെച്ചു. വഴുതുന്നുണ്ട്. ട്രെക്കിംഗ് പോളിൽ ബലം കൊടുത്ത് അടുത്ത കാൽ പതിയെ മുന്നോട്ട് നീക്കി. അതിനിടെ സംഘത്തിലെ പലരും വീണു. കൂടെ ഞാനും വീണു. കാൽ വഴുതി പുറമടിച്ച് ഐസിലേക്ക് വീണപ്പോൾ പുറത്ത് കെട്ടിഞാത്തിയിട്ട ബാക്ക്‌പാക്ക്, വലിയ പരുക്ക് പറ്റാതെ കാത്തു
കുറച്ച് നേരം കൊണ്ട് നടപ്പ് ശരിയായി. വഴുതുന്ന ഐസിലൂടെ മലകൾ കയറിയിട്ടുണ്ട്, മുൻപ് പലവട്ടം. പക്ഷേ അവിടെ ഇത്ര പ്രയാസം തോന്നിയിരുന്നില്ല. ഇത് കാലിൽ റോളർസ്കേറ്റ് പിടിപ്പിച്ചത് പോലെയുള്ള അനുഭവമാണ്. തീർത്തും നിരപ്പായ പ്രതലത്തിലൂടെയാണ് നടക്കുന്നത്. ബാലൻസ് ഒന്ന് ശരിയാക്കി എടുക്കണം. ഇപ്പോൾ വഴുതുന്ന ഐസിലൂടെ കാൽ വഴുതാതെ നടക്കാൻ പറ്റുന്നുണ്ട്.
ഇനി വരാനുള്ള ഒരാഴ്ച ഈ തണുത്ത് കട്ടിയായ നദിയിലൂടെ തന്നെയാണ് നടപ്പ്
താപനില പൂജ്യത്തിലും താഴെയാണ്. രാത്രിയിൽ അത് മൈനസ് 25 വരെ പോകും എന്നാണ് ബിക്രം പറയുന്നത്. കണ്ടറിയാം എന്താകുമെന്ന്
രണ്ട് കിലോമീറ്റർ അകലെയുള്ള റ്റിലത് സുംഡോ ആണ് ഇന്നത്തെ ട്രെക്കിംഗിന്റെ ലക്ഷ്യം
ടീഷർട്ടിനു മുകളിലെ ഫ്ലീസും അതിനു മുകളിലെ കട്ടിയുള്ള ഡൗൺ ജാക്കറ്റും ചേർന്ന് തണുപ്പിനെ നന്നായി തടയുന്നുണ്ട്
പക്ഷേ തലയിലും കഴുത്തിലും മുഖത്തും കൂടി ഇട്ട ബലക്ലാവയുടെ മുഖത്തെ ചെറിയ വിടവിലൂടെ തട്ടുന്ന തണുപ്പ് അവിടം പൊള്ളിക്കാൻ പാകത്തിനുണ്ട്. അതിൽ നിന്ന് തിരിച്ചറിയാം തണുപ്പിന്റെ കടുപ്പം
ഐസ് ആയി ഉറഞ്ഞ് കിടപ്പാണ് നദിയുടെ മിക്കവാറും ഭാഗം
പക്ഷേ അര മണിക്കൂറോളം നടന്ന് കഴിഞ്ഞപ്പോൾ ഐസ് പ്രതലത്തിന്റെ ഭാവം മാറി. ഇവിടെ ഫ്രഷ് ഐസ് ഉണ്ട്. നേരത്തേയുള്ള അത്ര കട്ടിയായ പ്രതലമല്ല. അൽപ്പം കൂടി പൊടിഞ്ഞ് കിടക്കുന്ന ഐസാണ്. നടക്കാൻ കൂടുതൽ സുഖമുണ്ട്. നടപ്പിനു വേഗം കൂടി.
കുറച്ച് കൂടി ചെന്നപ്പോൾ നദിയുടെ നടുക്ക് ഒഴുക്കുണ്ട്. രണ്ട് കരകളും തണുത്തുറഞ്ഞ് ഐസ് ആയി കിടക്കുന്നു. നടുഭാഗത്തെ വെള്ളം കട്ടിയായിട്ടില്ല. അതിൽ ചെറിയ ഒഴുക്ക് കാണാം. തെളിഞ്ഞ വെള്ളമാണ്. അവിടവിടെയായി ഐസ് കട്ടകൾ ഒഴുകി നീങ്ങുന്നതും കാണാം.
അൽപ്പം അകലെ നിന്ന് ഒരു ചെറിയ അരുവി ഒഴുകി വന്ന് സംസ്കാർ നദിയിലേക്ക് ചേരുന്നുണ്ട്.
ഇതാണ് റ്റിലത് സുംഡോ
കുറച്ച് കൂടി മുകളിലേക്ക് നടന്നു. ഇപ്പോൾ നദി മുഴുവനായും തണുത്തുറഞ്ഞ് കട്ടിയായി കിടപ്പാണ്. അതി മിനുസമുള്ള കടുത്ത പ്രതലത്തിലൂടെ നടക്കാൻ നല്ല പ്രയാസമുണ്ട്. കുറച്ച് കൂടി നടന്നിട്ട് ഞങ്ങൾ നദിയിൽ നിന്ന് കരയിലേക്ക് കയറി. നദിയേക്കാൾ ആറടിയോളം പൊക്കത്തിലുള്ള അൽപ്പം വിശാലമായ പരന്ന ഗ്രൗണ്ടാണ്. ബിക്രമും കൂട്ടരും ടെന്റുകൾ ഒരുക്കാൻ തുടങ്ങി. നടന്ന് ക്ഷീണിച്ച ചിലർ ബാക്ക് പാക്ക് തലയിണയാക്കി കിടന്നു. ഞാൻ അരുവിയുടെ കരയിലൂടെ മുകളിലേക്ക് നടന്ന്, ചെറിയ കുന്ന് കയറി
കുന്നുകളും ചാലുകളും തന്നെയാണ് ചുറ്റിലും. അവിടവിടെയായി കുന്നിന്മുകളിൽ മഞ്ഞ് വീണ് കിടക്കുന്നത് കാണാം. അതിലും വിരളമായി, അവിടവിടെ മഞ്ഞ് വീണ് കരിഞ്ഞ് നിൽക്കുന്ന ചെറിയ കുറ്റിച്ചെടിപ്പടർപ്പുകളും കാണാം
കാറ്റിൽ മഞ്ഞുകണങ്ങൾ പാറിവരുന്നുണ്ട്. വെയിൽ മാഞ്ഞു. വെളിച്ചം കുറഞ്ഞ് വരുന്നു. കുന്നിൻ മുകളിൽ നിന്ന് നോക്കുമ്പോൾ നിശ്ചലമായ ഒരു ഭാഗമാണ് കാണാൻ കഴിയുക. നദി പോലും ഒഴുക്ക് നിന്ന് നിശ്ചലമായി നിൽക്കുന്ന അവസ്ഥ. ചലനമുള്ളത് കാറ്റിനു മാത്രമാണ്. മഞ്ഞ് കണങ്ങളും കൊണ്ട് ഇടയ്ക്കൊക്കെ പാറിവരുന്ന കാറ്റ് ഇല്ലെങ്കിൽ ഇവിടം പൂർണ്ണമായും നിശ്ചലമാകും
ഇരുൾ വീഴാൻ തുടങ്ങവേ കുന്നിറങ്ങി ക്യാമ്പിലേക്ക് നടന്നു. ടെന്റുകൾ തയ്യാറായിട്ടുണ്ട്. എല്ലാവരും ടെന്റിനുള്ളിൽ ഇരിപ്പാണ്. ബിക്രമും കൂട്ടരും ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. അവരുടെ കൂടെ കൂടി. സ്റ്റൗവിൽ നിന്നുള്ള ചൂട് വല്ലാത്ത ആശ്വാസമാണ്. ബിക്രമിന്റെ സഹായി പരത്തിയിട്ട കട്ടിയുള്ള ചപ്പാത്തി ഞാനും ബിക്രമും കൂടി ചുട്ടെടുത്തു. മറ്റൊരു സ്റ്റൗവിൽ ആലു സ്റ്റ്യൂ തിളയ്ക്കുന്നുണ്ട്
ഡിന്നർ റെഡിയായി
ബിക്രം വിസിൽ അടിച്ചു. എല്ലാവരും പതിയെ ടെന്റുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി
ചപ്പാത്തിയും പാസ്തയും ആലു സ്റ്റ്യൂവും സൂപ്പും പപ്പടവും അച്ചാറും അടങ്ങിയ സൂപ്പർ ഡിന്നർ കഴിച്ച് എല്ലാവരും കിടന്നു. സ്ലീപ്പിംഗ് ബാഗിനുള്ളിലെ സുഖമുള്ള ഉറക്കം. സ്വപ്നങ്ങൾ കൂട്ടുവന്ന് കൂടെയിരുന്ന ഉറക്കം.
രാവിലെ എഴുന്നേറ്റ് റെഡിയായി ഭക്ഷണം കഴിച്ച് 9 മണിയോടെ നടത്തം തുടങ്ങി. ഇന്നത്തെ ലക്ഷ്യം പത്ത് കിലോമീറ്റർ അകലെയുള്ള ഷിംഗ്ര കോമ ആണ്
കട്ടിയുള്ള, മുഴുവനായും ഐസ് ആയ നദിയുടെ മുകളിലൂടെ തന്നെ ആണ് നടത്തം. നടക്കാൻ നല്ല പ്രയാസമുണ്ട്. ചിലഭാഗങ്ങളിൽ ഐസിനു കട്ടി കുറവാണ്. അവിടെ ഐസിന്റെ മേൽപ്പാളിക്ക് അടിയിലൂടെ നദി ഒഴുകുന്നുണ്ടെന്ന് തോന്നും
മൂന്ന് കിലോമീറ്ററോളം ദൂരം നടന്ന് കഴിഞ്ഞപ്പോൾ നദിയുടെ ചില ഭാഗങ്ങൾ ഐസ് ആകാതെ ബാക്കിയുണ്ട്. തെളിഞ്ഞ് ക്രിസ്റ്റൽ പോലെയുള്ള വെള്ളം ഇരു കരയിലെയും ഐസ് കട്ടകൾക്കിടയിൽ കിടപ്പാണ്. ഒഴുക്കുണ്ട്. ചിലയിടങ്ങളിൽ പതഞ്ഞ് ഒഴുകി ചെറിയ താഴ്ചയിലേക്ക് വീഴുന്നുണ്ട് നദി. ഒരു ഭാഗത്ത് നദി പൂർണ്ണമായ വീതിയിൽ ഒഴുകുകയാണ്, ഇരുകരകളിലും മുട്ടി. തണുത്ത ആ വെള്ളത്തിൽ ഇറങ്ങി നദി മുറിച്ച് കടക്കാൻ കഴിയില്ല. അവിടെ കരയിലേക്ക് വലിഞ്ഞ് കയറി മുന്നോട്ട് നടന്നു. കൂർത്ത പാറകളിൽ പരന്ന് കിടക്കുന്ന ഉരുളൻ ചരലുകൾ നടത്തം വല്ലാതെ പ്രയാസമുള്ളതാക്കി മാറ്റി. ഒരു വിധത്തിൽ കുറച്ച് ദൂരം നടന്ന് കഴിഞ്ഞപ്പോൾ വെള്ളിയരഞ്ഞാണം പോലെ താഴെ കണ്ടു, തണുത്തുറഞ്ഞ നദി. വീണ്ടും കുന്നിൽ നിന്ന് നദിയിലേക്ക് ഇറങ്ങി. ഐസ് ആയി ഉറച്ച് കിടക്കുന്ന നദിയിലൂടെ നടക്കാൻ ആണ് സുഖമെന്ന് ഇപ്പോൾ മനസ്സിലാവുന്നു
മുന്നോട്ട് നീങ്ങുന്തോറും നദിയുടെ ഇരു കരകളും കിഴുക്കാം തൂക്കായി വരുന്നത് പോലെയുണ്ട്. വരണ്ട് കിടക്കുന്ന അവയുടെ ഇടയിലൂടെ, ഒഴുകാൻ മറന്ന് തണുത്തുറഞ്ഞ് കിടക്കുന്ന നദിയിലൂടെ ഞങ്ങൾ നടന്നു. ഇടയ്ക്കൊന്ന് നിർത്തി കരയിൽ കയറി പെട്ടെന്ന് നൂഡിൽസും ഗ്രീൻ റ്റീയും തയ്യാറാക്കി കഴിച്ചു. പിന്നെയും ഐസിൽ ചവിട്ടി മുന്നോട്ട്
എട്ട് മണിക്കൂർ നീണ്ട നടത്തം കഴിഞ്ഞ് ഞങ്ങൾ ഷിംഗ്ര കോമയിലെത്തി. പെട്ടെന്ന് ടെന്റുകളൊരുക്കി. അത്താഴം തയ്യാറാക്കി കഴിച്ച് കിടന്നു.
സ്ലീപ്പിംഗ് ബാഗിനുള്ളിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല. പതിയെ പുറത്തിറങ്ങി. പുറത്ത് നല്ല തണുപ്പുണ്ട്. പക്ഷേ ആകാശത്ത് നിറഞ്ഞ് നിൽക്കുന്ന നക്ഷത്രങ്ങൾ കണ്ടപ്പോൾ തിരികെ ടെന്റിലേക്ക് കയറാൻ തോന്നിയില്ല. അതിശൈത്യം ആയതുകൊണ്ട് ക്യാമ്പിൽ നിന്ന് അധികം അകലേക്ക് പോകാനും ധൈര്യമില്ല. ടോർച്ചുമെടുത്ത് അൽപ്പമകലെ നദിക്കരയിലുള്ള ചെറിയ പാറപ്പുറത്ത് കയറിയിരുന്നു. ഇവിടെ നിന്ന് നോക്കിയാൽ ഈ രാത്രിയിലും, ചെറിയ വെളിച്ചത്തിൽ, വെള്ളനിറത്തിൽ തിളങ്ങി നീളുന്ന സംസ്കാർ നദിയുടെ തണുത്തുറഞ്ഞ ഐസ് അരഞ്ഞാണം കാണാം. അതിന്റെ കരയിൽ നാലു ലെയർ വസ്ത്രം പകർന്ന ഊഷ്മളതക്കുള്ളിൽ ഇരുന്ന് ആ സുന്ദര ദൃശ്യത്തിൽ മുഴുകി
ഇന്നും ഇന്നലെയും കടന്നു പോന്ന സംസ്കാർ നദിയിലൂടെയുള്ള വഴികൾ അതിസുന്ദരമാണ്. കറുപ്പും വെളുപ്പും കൊണ്ട് പ്രകൃതി തീർത്ത അതിമനോഹരമായ കാൻവാസ്. അതിൽ കോണ്ട്രാസ്റ്റ് കൂട്ടിയും കുറച്ചും, ഇടയ്ക്ക് ഒരു പൊടിക്ക് മഞ്ഞയോ തവിട്ടോ നിറങ്ങൾ കോരിയൊഴിച്ചും, പൂർത്തിയാക്കിയ ഒരതിമനോഹരമായ ഛായാചിത്രം. അതിന്റെ ഓരോ അണുവും ശ്വാസമെടുപ്പിനൊപ്പം അറിഞ്ഞ് ആസ്വദിച്ച് മുന്നോട്ട് നീങ്ങുന്നത് പോലെയുണ്ടായിരുന്നു ഓരോ നിമിഷവും
നദിയുടെ ഓരോ ചെറു വളവിനരികിലും വളഞ്ഞ് നിൽക്കുന്ന പാറകളിൽ പ്രകൃതി തന്നെ തീർത്ത കൊത്തുപണികളുണ്ട്. നദിയുടെ കുത്തൊഴുക്കും കാലങ്ങളായി വീശിയ കാറ്റും, വീണ മഞ്ഞും, പെയ്ത മഴയും ചേർന്ന് തീർത്ത ശിൽപങ്ങൾ നിറഞ്ഞ പാറകൾ. അവയുടെ നിറച്ചാർത്തുകൾ പോലും കണ്ണിനെ ഹൃദയമാക്കാൻ പോന്നത്ര സുന്ദരം.
അകലെ മഞ്ഞ് മലയിൽ എവിടെങ്കിലും ഹിമപാതമോ ഉരുൾപൊട്ടലോ ഉണ്ടായാൽ, തണുത്തുറഞ്ഞ് ഞങ്ങൾക്ക് പാതയായി പരന്ന് കിടക്കുന്ന സംസ്കാർ നദി ചിലപ്പോൾ, ഉഗ്രരൂപിയായി അലറിക്കുതിച്ച് ഒഴുകി വന്നേക്കാം. കാലടിയൊന്ന് പറിച്ച് വെക്കാൻ പോലും പറ്റാത്ത അത്രയും ഞൊടിയിടയ്ക്കുള്ളിൽ ഞങ്ങൾ സംസ്കാർ നദിയുടെ ഒഴുക്കിൽ പെട്ട് അലിഞ്ഞമർന്നേക്കാം. അതുമല്ലെങ്കിൽ കാലെടുത്ത് വെക്കവേ കനം കുറഞ്ഞ ഐസ് പാളി പിളർന്നടർന്ന് കുഴിഞ്ഞ്, നദിയുടെ ഗർഭത്തിലേക്ക് ഞങ്ങൾ മുങ്ങിയൊടുങ്ങിയേക്കാം. ഓരോ നിമിഷവും കാലിനടിയിലെ ഐസ് പിളർന്ന് പോയേക്കുമോ എന്ന ഭയം നിഴലിക്കുന്ന ചുവടുകൾ വെക്കണം. അതുമല്ലെങ്കിൽ അതികഠിനമായ തണുപ്പിലേക്ക്, ബിക്രം പറഞ്ഞത് പോലെയുള്ള മൈനസ് 25 നും താഴേക്ക്, താപനില താഴ്‌ന്ന് രക്തമുറഞ്ഞ് ഞങ്ങൾ നിശ്ചലരായി മഞ്ഞുപ്രതിമകളായി മാറിയേക്കാം. ഇതൊന്നുമല്ലെങ്കിൽ അൽപ്പം മുൻപ് മഞ്ഞിൽ പതിഞ്ഞ് കണ്ട ഹിമപ്പുലിയുടെ അസാധാരണമായ ഒരാക്രമണത്തിൽ പിടഞ്ഞ് വീണേക്കാം.
ഇങ്ങനെ പലപല അപായ സാധ്യതകൾ മുന്നിലുണ്ടെങ്കിലും അതിനെക്കുറിച്ചൊന്നും ഒരർദ്ധ നിമിഷം പോലും ചിന്തിക്കാൻ ഇടനൽകാത്ത അത്ര വശ്യമാണീ വഴികൾ
ഒരു നദിയുടെ വഴിയെ, അതിനെ ഉറക്കിക്കിടത്തിയിട്ട് ഒപ്പം നടന്ന് അനുഭവിക്കുന്ന അനുഭൂതി ഒന്ന് വേറെത്തന്നെയാണ്.
വറ്റിയിട്ടില്ല നദി. വരണ്ടിട്ടില്ല നദി. യൗവനയുക്തയായ നിറനദിയെ വീര്യമുള്ള മധുപകർന്ന്കൊടുത്ത് ഉറക്കി, അവളറിയാതെ അവൾക്കൊപ്പം നടന്ന് നീങ്ങുകയാണ് ഞങ്ങൾ. മാസ്മരിക ഭാവമാണിത്. അഭൗമമായ അനുഭൂതി.
അനിർവ്വചനീയമായ ആനന്ദം സിരകളിൽ നിറയുന്ന നിമിഷങ്ങൾ. ആ ആനന്ദത്തിന്റെ തിരത്തള്ളലിൽ മറ്റ് സർവ്വവും അപ്രസക്തമാകുന്ന അനുഭവം. അനുഭവിച്ചാലല്ലാതെ പറഞ്ഞ് പകരാൻ കഴിയാത്ത സവിശേഷമായ നിമിഷങ്ങൾ. ആ നിമിഷങ്ങളിൽ സ്വയം മറന്ന് ലയിച്ചത് കൊണ്ടാവണം ഏറെ നേരം ഒന്നു മിണ്ടാൻ പോലും മറന്ന്, ഒപ്പം മറ്റുള്ളവർ ഉണ്ടെന്ന് പോലും മറന്ന്, ഉറങ്ങിക്കിടക്കുന്ന നദിക്കൊപ്പം പകലുറക്കത്തിൽ മുഴുകിയെന്നവണ്ണം, ഉന്മാദികളായി ഞങ്ങളും നടന്നത്
പോർവ്വിളികളും മൽസരങളും പടപ്പുറപ്പാടുകളും തിരക്കും ബദ്ധപ്പാടും നിറഞ്ഞ പുറം ലോകത്തിന്റെ ചരടുകളിൽ നിന്ന് സ്വയം കെട്ടറുത്തിറങ്ങി, അനന്തമായ ആനന്ദത്തിന്റെ വിശാലമായ ലോകത്ത് പറന്ന് പാറുന്ന പട്ടമായിപ്പോകുന്നു. ഓരോ നിമിഷവും
അഴലുകളും കദനങ്ങളും അലിഞ്ഞ് തീർന്നിരിക്കുന്നു. ചിന്തയുടെയും ചിതയുടെയും ഭാരങ്ങൾ അകന്നിരിക്കുന്നു ഹൃദയത്തിൽ നിന്ന്. ഇപ്പോൾ അറിയുന്ന ഈ ശൂന്യമായ ആനന്ദം തന്നെയാണ് നിത്യാനന്ദം. ഏത് പേരിട്ട് വിളിച്ചാലും ഉള്ളിൽ നിറയുന്ന നിത്യശാന്തിയുടെ ആനന്ദം. അത് ശിവമാകാം കൃഷ്ണമാകാം ബ്രഹ്മമാകാം അല്ലാഹുവാകാം യേശുവാകാം അങ്ങനെ എന്തുമാകാം, ഇതൊന്നും അല്ലാത്ത വെറും പ്രകൃതിയുമാകാം. പക്ഷേ ഏതായാലും അത് ഒന്നു തന്നെ എന്നറിയുന്ന സുഖനിമിഷമാണിത്
ഒന്നിനുമല്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. സംസ്കാറിലെ തണുപ്പിൽ കണ്ണീരുമാത്രം തണുത്തുറയുന്നില്ല. ചൂടുപകരുന്ന വസ്ത്രങ്ങളില്ലെങ്കിൽ ചോര പോലും തണുത്തുറയുന്ന ഇവിടെ കണ്ണീരിന് ഒഴുകിയിറങ്ങാൻ അതൊന്നും തടസമാകുന്നില്ല. ഉള്ളിൽ നിന്ന് കദനങ്ങൾ ഒഴുകിയിറങ്ങുന്നതാവണം. ഉള്ളിലെ അഴുക്കുകൾ സ്വയം കഴുകിയിറങ്ങി തീരുന്നതുമാകാം. ഓരോ തുള്ളി കണ്ണീരിനുമൊപ്പം മനസ്സ് കൂടുതൽ കൂടുതൽ തെളിയുന്നതറിയുന്നു. ഉള്ളിലേക്കെടുക്കുന്ന ഓരോ ശ്വാസവും ജീവൻ പകർന്ന് ഉള്ളിൽ നിറയുന്നതറിയുന്നു
മാസ്മരികമായ ശാന്തിവലയത്തിൽ സ്വയം അലിയുകയാണ്. ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലും ഒരു പതിഞ്ഞ ശാന്ത താളത്തിലേക്ക് സ്വയം ചേരുന്നു. ഒഴുകുന്ന കണ്ണുകളുമായി അനേകായിരം നക്ഷത്രങ്ങൾക്ക് താഴെ തണുത്തുറഞ്ഞ രാത്രിയിൽ ഇവിടിങ്ങനെ ഇരിക്കുമ്പോളറിയുന്നുണ്ട് വൃഥാ ഓടിത്തീർത്ത അർത്ഥരഹിതമായ കാലത്തിന്റെ നഷ്ടങ്ങൾ. അറിയാതെ അനുഭവിക്കാതെ പോയ സമാധാനത്തിന്റെ രാപ്പകലുകൾ. കീഴ്പ്പെടുത്തലുകളെക്കാൾ മധുരമുണ്ട് കീഴടങ്ങലുകൾക്ക് എന്ന സുഖമുള്ള സത്യം. ഇത്ര സുന്ദരമായ ഈ രാത്രിക്ക് കീഴടങ്ങുന്നതിനോളം സുഖം വേറെ എന്തിനുണ്ട്. തണുപ്പ് കൂടിക്കൂടി വരുന്നു. മെല്ലെ ടെന്റിനുള്ളിലെ സ്ലീപ്പിംഗ് ബാഗിന്റെ സുഖമുള്ള കുഞ്ഞുചൂടിലേക്ക് കയറി ഉറങ്ങി. ഭാരമില്ലാത്ത മനസ്സുമായി കിടന്നുള്ള അതിസുന്ദരമായ ഉറക്കം
പതിനഞ്ച് കിലോമീറ്റർ അകലെയുള്ള റ്റിബ്ബ് ആണ് ഇന്നത്തെ ലക്ഷ്യം. രാവിലെ നൂഡിൽസും സൂപ്പും ബിസ്ക്കറ്റും കഴിച്ച് നടത്തം തുടങ്ങിയതാണ്. പതിവ് പോലെ തണുത്തുറഞ്ഞ സംസ്കാർ നദിയിലൂടെയാണ് നടത്തം. രാവിലെ എഴുന്നേറ്റ് ഫ്രീസറിൽ ഇറങ്ങിയത് പോലെയുണ്ട്. കാലുകൾ പെറുക്കിപ്പെറുക്കിവെച്ച് നടന്നു.
ഇപ്പോൾ വീതി കുറഞ്ഞ കിടങ്ങ് പോലെയുള്ള നദി പൂർണ്ണമായും ഐസ് ആയിട്ടുണ്ട്. ഐസ് പ്രതലത്തിന് ഏകദേശം ലംബമായിത്തന്നെ ഇരുവശത്തും പാറമതിൽ ഉയർന്ന് നിൽക്കുന്നു. മുകളിലെ തുറന്ന ഭാഗത്ത് കൂടെ ആകാശം മാത്രം കാണാം. ഏറ്റവും കടുപ്പമുള്ള ഐസ് പാളിയാണിവിടെ. അതുകൊണ്ട് തന്നെ നടക്കാൻ വളരെ പ്രയാസമുണ്ട്. കുറേ നേരത്തിനു ശേഷം കിടങ്ങ് വിട്ട് പുറത്തിറങ്ങി. ഉറച്ച ഐസിനു മുകളിലൂടെ നടത്തം തുടർന്നു. ഇടയ്ക്ക് ഒന്നു രണ്ട് ചെറിയ വെള്ളച്ചാട്ടങ്ങൾ അകലെയായി കണ്ടു.
ഏകദേശം പതിനൊന്ന് മണിക്കൂർ നീണ്ട ട്രെക്കിംഗിനൊടുവിൽ ഞങ്ങൾ റ്റിബ്ബിൽ എത്തി. കാലുകൾ വല്ലാതെ വേദനിക്കുന്നുണ്ട്. ടെന്റിനുള്ളിൽ കയറി ഷൂ അഴിച്ച് ക്രീം പുരട്ടി നല്ലവണ്ണം മസാജ് ചെയ്തു. വീണ്ടും സോക്സും ഷൂവുമിട്ട് പുറത്തിറങ്ങി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു.
ബിക്രം കുറേ ഉണങ്ങിയ മരക്കമ്പുകൾ സംഘടിപ്പിച്ച് വന്നു. നദിയുടെ അരികിലായുള്ള കുഞ്ഞു മൈതാനത്തിനു നടുവിൽ അവ കൂട്ടിയിട്ട് കത്തിച്ചു. തണുത്തിരുന്ന വിറക് കത്താൻ കൂട്ടാക്കിയില്ല. മണ്ണെണ്ണയൊക്കെ ഒഴിച്ച് ഒരുവിധം തീ കത്തിച്ചെടുത്തു. ഞങ്ങൾ അതിനു ചുറ്റും ഇരുന്ന് അത്താഴം കഴിച്ചു. ഷൂവും ഗ്ലൗസും അഴിച്ച് കാലും കയ്യും തീയുടെ നേരെ നീട്ടി ചൂടാക്കിയപ്പോൾ എല്ലാരും ഉഷാറായി. അവിടെ ആ ക്യാമ്പ്ഫയറിനു ചുറ്റുമിരുന്ന് തമാശകൾ പറഞ്ഞും പരസ്പരം നുള്ളിയും എറിഞ്ഞും ഞങ്ങൾ സൗഹൃദം ആഘോഷമാക്കി
എത്ര പ്രതികൂല സാഹചര്യത്തിലും എല്ലാം മറന്ന് പുഞ്ചിരിക്കാനും പ്രതീക്ഷയോടെ ഇരിക്കാനുമുള്ള കഴിവ് തന്നെയാണ് മനുഷ്യനെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നല്ലൊരു നാളെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയോളം കരുത്തുള്ള മറ്റൊരു പിടിവള്ളിയും ഈ ഭൂമിയിൽ ഇല്ല. അതുകൊണ്ട് തന്നെയാവണം ഒരറ്റത്തു നിന്ന് കരളിനെ ദ്രവിപ്പിച്ചുകൊണ്ടിരിക്കുന്ന സിറോസിസ് കാര്യമാക്കാതെ പുനെയിൽ നിന്ന് ദേബ് എന്ന ചെറുപ്പക്കാരൻ ഈ യാത്രയിൽ ഞങ്ങൾക്കൊപ്പം കൂടിയതും. ഇന്നലെ രാത്രിയാണ് ദേബ് ഈ അസുഖത്തിന്റെ കാര്യം പറഞ്ഞത്. ഏറെ റിസ്ക് ആയത് കൊണ്ട് മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന് ബിക്രം പലതവണ ദേബിനോട് പറഞ്ഞു. പക്ഷേ അവൻ കൂട്ടാക്കിയില്ല. അതിസുന്ദരമായി ചിരിക്കുന്ന അവന്റെ ആ ചിരിക്കുള്ളിൽ ഒളിപ്പിച്ചുവെച്ച നൊമ്പരം ഞങ്ങൾക്കെല്ലാം കുറച്ച് നേരത്തേക്കൊരു ഷോക്കായിരുന്നു. പക്ഷേ ചിരിച്ചുല്ലസിച്ച് നടക്കുന്ന ദേബിന്റെ മുഖം കണ്ടപ്പോൾ പ്രതീക്ഷ എന്ന ശക്തി എത്ര വലുതാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു
ഇന്ന് ഈ മനോഹരമായ രാത്രിയിൽ ദേബ് പാടുകയാണ്.
"റ്റൂടെ ഹുവെ ദിലോം കി
ദുആ മെരെ സാഥ് ഹെ
റ്റൂടെ ഹുവെ ദിലോം കി
ദുആ മെരെ സാഥ് ഹെ
ദുആ മെരെ സാഥ് ഹെ
റ്റൂടെ ഹുവെ ദിലോം കി
ദുആ മെരെ സാഥ് ഹെ
ദുനിയാ തേരി തരഫ് ഹെ
ദുനിയാ തേരി തരഫ് ഹെ
ഹുദാ മേരെ സാഥ് ഹെ
ഹുദാ മേരെ സാഥ് ഹെ"
ദുനിയാ തേരി തരഫ് ഹെ
ഹുദാ മേരെ സാഥ് ഹെ
ഹുദാ മേരെ സാഥ് ഹെ"
ദേബിന്റെ വരികൾ കണ്ണുകളിൽ ഇറ്റ് കണ്ണീർ നിറച്ചു
പിന്നെയും പാട്ടും തമാശയുമായി തീ കെടും വരെ എല്ലാവരും അവിടെത്തന്നെ ഇരുന്നു. പിന്നെ എല്ലാരും ടെന്റുകളിലേക്ക് കയറി
വല്ലാത്തൊരു തീക്ഷ്ണതയാണ് ഇത്തരം ട്രെക്കിംഗുകളിലെ സൗഹൃദത്തിന്. ഏറ്റവും കഠിനമായ വഴികളിലൂടെ കടന്ന് പോകുന്നത് കൊണ്ടാവണം പരസ്പരം ഇത്ര കടുത്ത ആത്മബന്ധം പെട്ടെന്ന് വളരുന്നത്. പലകാലങ്ങളായി അടുത്തിടപഴകിയവരെപ്പോലെയാകുന്നൂ മൂന്നുനാലു ദിവസം കൊണ്ട് എല്ലാവരും. സുഖമുള്ള സൗഹൃദത്തിന്റെ ഓർമ്മകളുമായി ഉറക്കം.
ഇന്ന് റ്റിബ്ബിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള നെരാക് വരെയാണ് യാത്ര. ഈ യാത്രയിലെ ഏറ്റവും ആകർഷകമായ ദൃശ്യവും ഇന്നു തന്നെയാണ് കാത്തിരിക്കുന്നത്
സംസ്കാർ താഴ്‌വരയുടെ സൗന്ദര്യം പൂർണ്ണമായും വ്യക്തമാക്കുന്ന കാഴ്ചകളാണ് ചുറ്റിലും. നടത്തം ഐസ് കട്ടയായി ഉറച്ച് കിടക്കുന്ന സംസ്കാർ നദിയിലൂടെ തന്നെയാണ്. ഇടയ്ക്ക് ചിലയിടങ്ങളിൽ വെള്ളത്തിനു മീതെ പരന്ന് കിടന്നൊഴുകുന്ന വലിയ ഐസ് കട്ടകൾ കാണാം. അതിന്മേൽ കാലെടുത്ത് വെച്ച് വെള്ളത്തിലൂടെ ഒന്നൊഴുകാൻ കൊതി തോന്നും. പക്ഷേ വഴുതിയും തെന്നിയും നീങ്ങുന്ന ഐസ് കട്ടയിൽ കാലുകുത്താൻ നോക്കുമ്പോഴേക്ക് അത് തെന്നി മാറും. ബലം പിടിച്ച് കയറാൻ നോക്കിയാൽ അടിതെറ്റി തണുത്ത വെള്ളത്തിലേക്ക് വീഴാൻ ഇടയുണ്ട്. അതുകൊണ്ട് തൽക്കാലം ആ കൊതി അടക്കി വെച്ച് മുന്നോട്ട് തന്നെ നടന്നു
ഇടയ്ക്ക് നദിയുടെ പാർശ്ശ്വഭിത്തികൾ കുത്തനെ മുകളിലേക്കുയരും. അപ്പോൾ നമ്മൾ കിടങ്ങിലൂടെ നടക്കുന്നത് പോലെ തോന്നും. വീണ്ടും നിരന്ന തീരങ്ങളിലേക്ക് കടക്കും. ചിലയിടങ്ങളിൽ തെല്ലകലെയായി തവിട്ട് നിറത്തിൽ വലിയ കുന്നുകൾ കാണാം. അവയുടെ ചെരിവുകളിൽ പലയിടത്തും മഞ്ഞ് വീണ് മൂടി തൂവെള്ള നിറമായിട്ടുണ്ട്. തണുത്തുറഞ്ഞ നദിയിലൂടെ ഞങ്ങൾ നടന്നു
കുറേ നടന്ന് തളരുമ്പോൾ ഇടയ്ക്കൊന്ന് കരയിൽ കയറി കുറച്ച് നേരം ഇരിക്കും. ഗ്ലൗസ് അഴിച്ച് കൈകൾ കൊണ്ട് മുഖത്തൊന്ന് തിരുമ്മി ചൂടാക്കുമ്പോളെക്ക് വിരലുകൾ തണുത്ത് മരവിക്കും. പിന്നെയും ഗ്ലൗസ് ഇട്ട് ബലക്ലാവ വലിച്ച് മുഖം മൂടി ഇരിക്കും. ഫ്ലാസ്കിൽ നിന്ന് ചൂടുള്ള ഗ്രീൻ റ്റീ കാപ്പിലേക്ക് പകർന്ന് തരും ഇടയ്ക്കിടെ ബിക്രം. അത് വലിച്ച് കുടിക്കുമ്പോൾ വല്ലാത്ത ആശ്വാസം തോന്നും. ഒട്ടാകെ തണുത്ത് മരവിച്ചിരിക്കുന്ന അന്തരീക്ഷത്തിൽ ചൂടുള്ള ഗ്രീൻ റ്റീ കുടിക്കാൻ നല്ല സുഖമുണ്ട്. കുറച്ച് നേരം ഇരുന്നിട്ട് വീണ്ടും യാത്ര തുടർന്നു
നദി നല്ലൊരു വളവ് തിരിയുകയാണ്. അപ്പുറത്തെ കാഴ്ച മറയുന്ന അത്രയും വളവുണ്ട്. അവിടെ ബിക്രം വിസിലടിച്ച് ഞങ്ങളെ നിർത്തി. അവന്റെ വാക്കുകൾ അതേപടി മൊഴിമാറ്റി ചുവടെ ചേർക്കാം
"ബഡ്ഡീസ്. നമ്മൾ ഈ യാത്രയിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ് ആ വളവിനപ്പുറം കാണാനിരിക്കുന്നത്. ജീവിതത്തിൽ ഒരുപക്ഷേ നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച കാഴ്ച. അത് കാണാൻ വേണ്ടി നിങ്ങളെ ഇവിടെ വരെ എത്തിക്കാൻ കഴിഞ്ഞതിന് ഞാൻ ഭഗവാനു നന്ദി പറയുന്നു. ഇതിന്റെ ഭംഗി പൂർണമായി അറിയാൻ ഓരോരുത്തരായി ആ വളവ് കടന്ന് മുന്നോട്ട് നീങ്ങണം. പ്ലീസ്"
ഇത് പറഞ്ഞ് ബിക്രം മുന്നോട്ട് വിരൽ ചൂണ്ടി. ബിക്രം പറഞ്ഞതനുസരിച്ച് ഞങ്ങൾ ഓരോരുത്തരായി മുന്നോട്ട് നീങ്ങാൻ തീരുമാനിച്ചു. ആദ്യം ഞാനായിരുന്നു ആ വളവിലേക്ക് നടന്നത്
വളവ് തിരിഞ്ഞ് മുന്നോട്ട് നോക്കിയപ്പോൾ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു നിമിഷത്തേക്ക് ശ്വാസം നിലച്ച് പോയി ആ മോഹന ദൃശ്യം കണ്ടിട്ട്. അതിന്റെ സൗന്ദര്യവും ഗാംഭീര്യവും അത്ര അധികമാണ്
ഇപ്പോൾ നിൽക്കുന്നത് ചുറ്റിലും ഉയർന്ന കുന്നുകൾ ഉള്ള ഭാഗത്താണ്. അവിടെ ഉറച്ച് കിടക്കുന്ന നദിയിൽ ചവിട്ടിയാണ് നിൽക്കുന്നത്. അതിനൊരൽപ്പം മുന്നിലായി കണ്മുന്നിൽ ആ സുന്ദരദൃശ്യം അതിന്റെ എല്ലാ മിഴിവോടെയും നിൽക്കുന്നു.
ഒരു വെള്ളച്ചാട്ടം അതേപടി തണുത്തുറഞ്ഞ് നിൽപ്പാണവിടെ
ഐസ് കട്ടകളായി തണുത്തുറഞ്ഞ് കിടക്കുന്ന വെള്ളച്ചാട്ടം
കണ്ണുകളെ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന നിമിഷം
ഒരു പത്താൾ പൊക്കത്തിൽ നിന്നാണത് താഴേക്ക് വീഴുന്നത്. ഏകദേശം മുപ്പത് മുതൽ നാൽപ്പത് അടിയിൽ അധികം വീതിയുണ്ട്. അത്രയുംഭാഗത്ത്, അതായത് അറുപതടിയോളം ഉയരത്തിലും നാൽപ്പതടിയോളം വീതിയിലും ഉള്ള ഭാഗത്ത്, മുകളിൽ നിന്ന് കുതിച്ച് ചാടിയ വെള്ളച്ചാട്ടം അതേപടി തണുത്തുറഞ്ഞ് തൂവെള്ള നിറത്തിൽ ഐസ് ആയി നിൽപ്പാണ്
അഭൗമമായ കാഴ്ചയാണിത്. ഭൂമിയിൽ ഇങ്ങനൊരു ദൃശ്യം ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. സ്വർഗ്ഗത്തിൽ നിന്ന് അടർന്ന് വീണ് ഭൂമിയിലെത്തിയ സ്വർഗ്ഗത്തിന്റെ ഒരു കഷ്ണമാണിത്. അത്ര മനം മയക്കുന്നു ഈ കാഴ്ച.
പിറകെ വരുന്നവർക്ക് കാഴ്ചയുടെ ഭംഗി മറഞ്ഞ് പോകാതിരിക്കാനായി ഞാനൊരരികിലേക്ക് മാറി നിന്നു. വെള്ളച്ചാട്ടമെന്നോ അതോ ഐസ് ചാട്ടമെന്നോ ഇതിനെ വിളിക്കേണ്ടത് എന്ന് സംശയം. സത്യത്തിൽ ഐസ് കൊണ്ടൊരു വെള്ളച്ചാട്ടത്തിന്റെ ശിൽപം പണി തീർത്തെടുത്തത് പോലെയുണ്ട്. ആ സൗന്ദര്യം കണ്ട് മതിവരുന്നില്ല. കണ്ണുകൾ ആ കാഴ്ചയിൽ ഉറച്ച് പോയത് പോലുണ്ട്
ഒന്നിനു പിറകെ ഒന്നായി എല്ലാവരും എത്തി. വന്നവരൊക്കെ ഈ ദൃശ്യം കണ്ട് പകച്ച് നിൽക്കുന്നുണ്ട്. എല്ലാവരും വന്ന് കഴിഞ്ഞപ്പോൾ ഞങ്ങൾ മുന്നോട്ട് നടന്നു
അതിന്റെ ചുവട്ടിലെത്തി കൈകൊണ്ട് ഒന്ന് തൊട്ടപ്പോളാണ് അത് യഥാർത്ഥമാണെന്ന് ഉറപ്പ് വരുന്നത്. അത്രയ്ക്ക് മായികമാണീ കാഴ്ച
തെല്ലകലെ സംസ്കാർ നദിക്ക് കുറുകെ മുകളിലായി ഉള്ള മരപ്പാലത്തിനു മുകളിലേക്ക് കയറി അവിടെ നിന്ന് ഈ സുന്ദരശിൽപ്പത്തിന്റെ ഭംഗി ഒന്നുകൂടി വ്യക്തമായി നുകർന്നു.
മുകളിലേക്ക് കയറി കുറച്ച് നടന്നപ്പോൾ കണ്ട പരന്ന ഭാഗത്ത് ടെന്റുകളുയർത്തി. തണുപ്പ് അതി കഠിനമാണ്. ഇവിടെയാണത്രേ രാത്രി താപനില മൈനസ് 25 ഡിഗ്രി വരെ താഴുക. കുറേക്കൂടി മുകളിലായി. നെരാക് ഗ്രാമം ഉണ്ട്. അവിടെ നിന്ന് പുക ഉയരുന്നത് കാണാം.
ഞങ്ങൾ പെട്ടെന്ന് ടെന്റുകളൊരുക്കി. സൂപ്പും പാസ്തയും നൂഡിൽസും ഒക്കെയാണ് ഇന്നത്തെ അത്താഴം. അതൊക്കെ കഴിച്ച് നേരത്തേ ഉറങ്ങാൻ കിടന്നു
പുറത്തെ നിലാവും അതിൽ കുളിച്ച് നിൽക്കുന്ന നെരാക് വെള്ളച്ചാട്ടവും കണ്മുന്നിൽ തത്തിക്കളിച്ചപ്പോൾ അധികനേരം കിടക്കാനായില്ല. മെല്ലെ പുറത്തിറങ്ങി നടന്നു. തണുപ്പ് അധികമുണ്ടാകാം എന്നതിനാൽ രണ്ട് റ്റീഷർട്ടും അതിനു മുകളിൽ രണ്ട് ഫ്ലീസും അതിനു മുകളിൽ ഡൗൺ ജാക്കറ്റും ഇട്ടാണ് ഇറങ്ങിയത്. തലയിലും മഫ്ലറും തൊപ്പിയും ബലക്ലാവയും ചേർത്ത് പണിയാൻ മറന്നില്ല
പുറത്ത് നിലാവെളിച്ചമുണ്ട്. മെല്ലെ മരപ്പാലം വരെ നടന്നു. അവിടെ നിന്ന് നോക്കുമ്പോൾ പാൽ ഉറഞ്ഞ് താഴേക്ക് ഞാന്ന് കിടക്കുന്നത് പോലുണ്ട് നെരാക വെള്ളച്ചാട്ടം. ഒരു തുള്ളി വെള്ളം പോലും അനങ്ങാതെ കിടക്കുന്ന വെള്ളച്ചാട്ടം. ഒരു ചെറിയ ഒച്ചപോലും കേൾപ്പിക്കാത്ത വെള്ളച്ചാട്ടം. ഐസ് ആയി ഉറഞ്ഞ് മുകളിൽ നിന്ന് മലയുടെ പള്ളയിലൂടെ കിഴുക്കാം തൂക്കായി തൂക്കിയിട്ടിരിക്കുകയാണിതിനെ. നിലാവെളിച്ചത്തിൽ ഇവിടം അതിമനോഹരം
താഴേക്ക് ഇറങ്ങിച്ചെന്നു. വെള്ളച്ചാട്ടത്തിന്റെ നേരെ എതിർവ്വശത്തായി ഉദിച്ച് നിൽക്കുന്ന ചന്ദ്രന്റെ കിരണങ്ങൾ നേരിട്ട് പതിക്കുകയാണീ സുന്ദരശിൽപത്തിൽ. നിലാവ് തട്ടി തിളങ്ങുന്നുണ്ടിത്. എത്ര കണ്ടിട്ടും കണ്ണെടുക്കാൻ തോന്നാത്ത അത്രയും സുന്ദരമായ കാഴ്ച. ഇത് കാണാൻ കഴിഞ്ഞില്ലെങ്കിൽ ഈ കണ്ണുകൾ എത്ര ഇരുണ്ടതായേനെ
വെട്ടിത്തിളങ്ങി നിൽക്കുന്ന ആ സുന്ദര ശിൽപ്പത്തിൽ കൈകൾ ചേർത്ത് അതിനോട് ചേർന്ന് നിന്നു. സ്വർഗ്ഗത്തിന്റെ ഒരു പൊട്ടിനോട് ചേർന്ന് നിൽക്കാനുള്ള ഭാഗ്യം എപ്പോഴും കിട്ടില്ലല്ലോ
അവിടങ്ങനെ നിൽക്കവേ ആ ശിൽപ്പം പണിതീർത്ത മഹാനായ ശിൽപ്പിയെ മനസ്സാ നമസ്കരിച്ചു. ആ നിൽപ്പിൽ സ്വയമറിഞ്ഞു, എത്ര നിസാരമാണ് ഈ പ്രപഞ്ചത്തിൽ എന്റെ സ്ഥാനം. ഇത്ര വലിയ ഈ പ്രപഞ്ചത്തിന്റെ കണക്കെടുപ്പിൽ ഒരു ചെറുബിന്ദുവാകാൻ പോലും വലിപ്പമില്ലാത്ത തീരെ ചെറിയൊരു കണിക മാത്രമായിട്ടും ഉള്ളിൽ കൊണ്ടുനടന്നിരുന്ന പലവിധമായ അഹങ്കാരങ്ങൾ അവിടെ ആവിയായി മാറി. അഹങ്കാരത്തിന്റെ ഭാരം കുറഞ്ഞ്, ഇല്ലാതായി, ഒടുവിൽ എളിമയുടെ തെളിച്ചമുള്ള സ്വഛത ഉള്ളിൽ നിറയുന്നതറിഞ്ഞു. ആ അറിവിന്റെ സുഖമുള്ള ഉൾക്കരുത്തിൽ മുഴുകി നിൽക്കവേ കണ്ണിലും മനസ്സിലും ആ സൗന്ദര്യമല്ലാതെ മറ്റൊന്നും ഇടം കണ്ടില്ല. ഭൂമിയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നിന്റെ മുന്നിൽ എത്രനേരം നിന്നിട്ടും, മനസ്സ് മതി എന്ന് പറഞ്ഞില്ല. പക്ഷേ നിലാവ് മങ്ങി മഞ്ഞ് വീഴാൻ തുടങ്ങിയതോടെ മനസ്സിനെ അവിടെത്തന്നെ വിട്ട് ടെന്റിലേക്ക് മടങ്ങി. ഇത്ര സുന്ദരമായ, സുഖം നിറഞ്ഞ ഉറക്കം ജീവിതത്തിൽ ഇന്നുവരെ ഉറങ്ങിയിട്ടില്ല. സ്വാസ്ഥ്യത്തിന്റെ പാരമ്യത്തിൽ മനസ്സെത്തുമ്പോൾ ഉറക്കം ഏറ്റവും സുന്ദരമാകും.
രാവിലെ എഴുന്നേറ്റു. ഇന്ന് വലിയ ട്രെക്കിംഗ് ഒന്നും ഇല്ല. നെരാകയിലേക്കോ, കുറേക്കൂടി അകലെയായി എതിർ ദിശയിലുള്ള യുൽചുംഗിലേക്കോ പോയി വരാം. നാളെ ആരംഭിക്കുന്ന മടക്കയാത്രക്ക് മുൻപേയുള്ള വിശ്രമദിനമാണ്.
യുൽചുംഗ് വരെ ഒന്നു പോയി വന്നു. അവിടെ കുഞ്ഞ് വീടുകളിൽ കുറച്ച് ഗ്രാമീണരുണ്ട്. അവർ ലേ യിലേക്ക് ഞങ്ങൾ വന്ന വഴിയിലൂടെ, മഞ്ഞുറഞ്ഞ നദിയിലൂടെ നടന്ന് പോകാറുണ്ട്. അവർക്കൊപ്പം ഇരുന്ന് കുറേ നേരം പോയി. ഉച്ചയോടെ തിരിച്ച് ക്യാമ്പിലേക്ക് നടന്നു. വഴിയിൽ വീണ്ടും ഉറഞ്ഞ് കിടക്കുന്ന വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കണ്ട് കുറേ നേരം നിന്നു.
രാത്രി ക്യാമ്പ് ഫയറിനു ചുറ്റും കൂടി ആഘോഷിച്ചു. എല്ലാവരേയും കൂട്ടി നിലാവത്ത് ഇന്നലെ കണ്ട കാഴ്ച കാണാൻ പോയി. നിലാവിൽ കുളിച്ച് നിൽക്കുന്ന നെരാക് ഫാൾസ് എല്ലാവരുടെയും നെഞ്ചിൽ കൂടുകൂട്ടിയെന്ന് ആ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ ഏറെ അതിശയിപ്പിച്ചത്, പലപല സംഘങ്ങളെയും നയിച്ച് അവിടെ വന്നിട്ടുള്ള ബിക്രം ഇതുവരെ നിലാവിൽ ഈ കാഴ്ച കണ്ടിട്ടില്ല എന്നതാണ്. എപ്പോഴും റൂൾ ബുക്കുകൾക്ക് തൊട്ടു പുറത്തായിരിക്കും ഏറ്റവും നല്ല അനുഭവങ്ങൾ കാത്തിരിക്കുന്നത്. വരകൾക്കുള്ളിൽ മാത്രം നിൽക്കുമ്പോൾ അതറിയാതെ പോയേക്കും.
ഏറെ ആസ്വദിച്ച ട്രിപ്പിനു ശേഷം പിറ്റേന്ന് രാവിലെ മടക്കയാത്ര ആരംഭിച്ചു. മനസില്ലാ മനസ്സോടെ ചാട്ടത്തിനിടെ ഉറച്ച് പോയ വെള്ളച്ചാട്ടത്തോട് വിടപറഞ്ഞ് സംസ്കാർ നദിയുടെ ഉറച്ച് കിടക്കുന്ന ഐസ് പാളികൾക്ക് മുകളിലൂടെ ഞങ്ങൾ നടന്നു
========
#Chadar Trek is a mesmerizing trek in Ladakh. It starts from Chilling, a small village roadhead, about 60 km away from Leh. The Trek is available during high winter only, ie, from mid January to mid March.
#Chadar Trek is a mesmerizing trek in Ladakh. It starts from Chilling, a small village road head, about 60 km away from Leh. The Trek is available during high winter only, ie, from mid January to mid March. My trip was in a February.
During the high winter, the Zanskar river gets frozen. This frozen river is the path of Chadar trek. Walking on a frozen river for a week is an entirely amazing experience.
#State: Jammu and Kashmir
#Route: Delhi-Leh-Chilling . As it is high winter, flight from Delhi was the only available option to reach Leh. From Leh, it's about 60 km to Chilling. Chilling is the base point from where the Chadar Trek starts.
#Difficulty: Actually it depends. In my experience, it was moderate to somewhat easy, from day 2 onwards. However, getting used to walking in flat ice is a bit tricky. Most of my travelmates felt it very difficult. You may better assess yourself.
#Special attention: The temperatures are as low as -25 degree Celsius. It is an extreme point of temperature, which most of us are not exposed to. Therefore, it is necessary to be prepared. Good quality insulated boots, Down Jackets, at least two wollen fleece, knee high woollen socks, good quality gloves, sun glass, enough cold cream, sleeping bag, good quality balaclava, woollen cap etc shall be in possession. Be sure to wear a good quality Trekking Shoe with enough grip. Carry a Trekking pole for sure.
It demands a lot of energy, though the trek doesn't gain much altitude. It is so, because walking on thick ice surface is much of a struggle. Usual ration of Roti, Noodles and Biscuits is not enough to meet the demand. So, it is better to carry Chocolate bars, for quick rechargings. (Usual
#cost: again it depends. Flight charge from Delhi to Leh is around 4200. Ride from Leh to Chilling and expenses for the trek are to be met. As the trek can be done in groups only, it's better to find an operator who provides guided trek. The cost can be between 15 to 20 k, approximately.
#whether it's worth: A million times. It's really worth a million times. It's a unique experience to walk on a frozen River and watch a fully frozen waterfall






അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ