2019 ഫെബ്രുവരി 16, ശനിയാഴ്‌ച

കേപ് കോമറിൻ

എത്ര കണ്ടാലും മതിവരാത്ത ചില ഇടങ്ങളുണ്ട് എത്ര തവണ പോയാലും മടുക്കാത്ത ഇടങ്ങൾ, വീണ്ടും.. വീണ്ടും പോകുവാൻ കൊതിക്കുന്നൊരിടം…. അതാണ്‌ കടൽ തീരങ്ങൾ, മനുഷ്യ മനസ്സുകളുടെ സങ്കടങ്ങൾ തിരതള്ളി ഒഴുക്കുന്ന കടൽ തീരങ്ങളിൽ കഥകളോത്തിരിയുണ്ട് കടലിനും പറയുവാൻ രൗദ്ര ഭാവത്തോട് കൂടെയുള്ള തിരമാലകളിൽ തീരങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന കടലിന്റെ സങ്കടങ്ങൾ അറിയുവാൻ കോവളം മുതൽ ത്രിസംഗമ വേദിയായ കന്യാകുമാരി വരെ ചിലവ് ചുരുക്കി നടത്തിയ ചെറിയൊരു യാത്ര.ഒരിക്കൽ കിട്ടിയ ഒരു സുവർണ്ണാവസരം തലേ ദിവസം ബഡ്ജറ്റ് ആയി ഒരു ട്രിപ്പ് ഞങ്ങൾ പ്ലാൻ ചെയ്തു മുഹ്സിൻ, ഷബീർ, ജുനൈസ്, ഫഹദ്, ഈയുള്ളവൻ മൊത്തം അഞ്ചുപേർ ട്രെയിൻ ഡീറ്റൈൽ ഒന്ന് ചെക്ക് ചെയ്തു നൈറ്റ്‌ 12 മണിക്ക് മാവേലി എക്സ്പ്രസ്സ്‌ ഉണ്ടെന്നറിഞ്ഞു സമയം ഒട്ടും വൈകിച്ചില്ല എല്ലാവരും വീട്ടിൽ പോയി യാത്രക്കുള്ള പാക്കിങ് ചെയ്തു യാത്ര പറഞ്ഞിറങ്ങി, അടുത്ത റെയിൽവേ സ്റ്റേഷനായ കുറ്റിപ്പുറത്തു നിന്നും തലസ്ഥാന നഗരിയെ ലക്ഷ്യമിട്ട് തെക്കോട്ടേക്കൊരു യാത്ര കോവളം വരെ അതായിരുന്നു പ്ലാൻ.പന്ത്രണ്ട് മണിക്കുള്ള മാവേലി എക്സ്പ്രസ്സ്‌ന് തലക്ക് 90രൂപ വെച്ച് സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ് എടുത്തു.. വൈകാതെ ട്രെയിൻ എത്തി ഷൊർണൂർ വരെ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഷൊർണൂർ പിന്നിട്ടമ്പോൾ കമ്പാർട്ട് മെന്റെ പകുതി കാലിയായി ഓരോരുത്തരായി മുകളിലത്തെ ബെർത്തുകളിൽ കയറിക്കിടന്നു ഉദ്ദേശം സുഗമായി കിടന്നുറങ്ങലായിരുന്നു 7മണിക്കുള്ള അലാറവും മൊബൈലിൽ സെറ്റ് ചെയ്തു കിടന്നു. ട്രെയിനിൽ യാത്ര തുടർന്നു.അലാറം അടിക്കുന്ന ശബ്ദം കേട്ടുണർന്ന ഞാൻ നോക്കുമ്പോൾ വണ്ടി ട്രിവാൻഡ്രത്ത് എത്തിയിട്ടില്ല അര മണിക്കൂർ കൂടെ എടുക്കും തിരുവനന്തപുരത്തെത്താൻ. സഹയാത്രികരെയെല്ലാം വിളിച്ചുണർത്തി.. 7.45 ഓടെ ട്രെയിൻ തലസ്ഥാന നാഗരിയിലെത്തി.. ട്രെയിൻ ഇറങ്ങി 350 രൂപക്ക് ഫ്രഷ് ആകാനുള്ള റൂമെടുത്തു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് ഒക്കെ തട്ടി കോവളം പോകുന്ന ബസ് തിരക്കി നടന്നു അവസാനം ആനവണ്ടിയിയുടെ ലോ ഫ്ലോർ ബസ്സ്‌ കിട്ടി.
പച്ചപ്പും കടലുമായ് ഒരുമിക്കുന്ന അപൂർവ്വമായ ബീച്ച് , ലോക ഭൂപടത്തിൽ മലയാളിയ്ക്ക് അറബിക്കടൽ സമ്മാനിച്ചതും അത് പോലെ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ ബീച്ചാണ് – കോവളം ബീച്ച്
ഇന്ത്യയിലെ അന്താരാഷ്ട്ര ബീച്ചുകളിൽ ഏറ്റവും പ്രശസ്തമായ ” കോവളം”.അനവധി വിദേശികളും , സ്വദേശികളും അവധിക്കാലം ആഘോഷമാക്കാൻ കോവളത്ത് എത്താറുണ്ട്. വസ്ത്രധാരികളായും അൽപ വസ്ത്രധാരികളായും അലയടിക്കുന്ന കടൽത്തിരമാലകളിൽ മുങ്ങിപ്പൊങ്ങുന്നവരെയും ഒട്ടനവധി കാണാം, ഒരിടത്ത് കച്ചവടം പൊടിപൊടിക്കുമ്പോൾ മറ്റൊരിടത്ത് കടൽക്കാറ്റേറ്റ് ഏതോ ലോകങ്ങളിൽ സ്വയം നഷ്ടപ്പെട്ട് ഹണിമൂൺ ആഘോഷിക്കുന്ന ചിലരുമുണ്ട്….നഗരത്തിൽ നിന്നും16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിനോദസഞ്ചാരികളുടെ ഇഷ്ട ബീച്ച് ആയ
കോവളത്ത് എത്താം. നഗരത്തിൽ നിന്നും 30 മിനിറ്റിൽ ഇവിട എത്തുവാൻ സാധിക്കും. ഓരൊ 30 മിനിറ്റിലും കെ എസ്‌ ആർ ടി സി ലോ ഫ്ലോർ സർവീസ് നടത്തുന്നുണ്ട് ..
മൂന്ന് ബീച്ച് സൈടുകളാണ് പ്രധാനമായും കോവളത്ത് ഉള്ളത്, തെക്കേയറ്റത്ത് 30 മീറ്ററോളം ഉയരമുള്ള വിളക്കു മാടം(ലൈറ്റ് ഹൗസ്) ബീച്ച് ആണ് ഇവിടുത്തെ പ്രത്യേകത. അതുകഴിഞ്ഞാണ് വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ഹൗവ്വാ ബീച്ച്. സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്‌നാനം) ഏറ്റവും ഇഷ്‌ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. അതുകൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. തിരുവനന്തപുരം തീരത്ത് നിറഞ്ഞിരിക്കുന്ന പാറക്കെട്ടുകള്‍ കോവളത്തെ കടലിനെ പ്രക്ഷുബ്ധരഹിതമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അപകടസാധ്യത കൂറവയാതിനാല്‍ ഇവിടെ കടല്‍സ്‌നാനത്തിന് ഏറ്റവും അനുയോജ്യമാണ്. 100 മീറ്റര്‍ വരെ കടലിലേക്ക് ഇറങ്ങി കുളിക്കാനാകും. ഈ ഘടകമാണ് കോവളം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയിരിക്കുന്നത്. തിരുവനന്തപുരത്ത് എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് കോവളം .
കോവളത്ത് താമസിച്ച് പോകാൻ കഴിയുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധിയാണ്. ഏറ്റവും അടുത്തുള്ള കോവളം ലൈറ്റ്ഹൗസ് ബീച്ചിലേക്ക് പോയാൽ ലൈറ്റ് ഹൗസിന് മുകളിൽ കയറി കുറച്ച് സമയം പ്രകൃതിസൗന്ദര്യം ആസ്വദിക്കാം. താഴെ കടലിൽ കുളിയുമാകാം.ശംഖുമുഖം കടപ്പുറം, വേളിക്കായൽ, മ്യൂസിയം, പത്മനാഭസ്വാമി ക്ഷേത്രം, പാളയം പള്ളി, ബീമാപ്പള്ളി, ആറ്റുകാൽ ക്ഷേത്രം എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ പകൽ സമയങ്ങളിൽ തിരഞ്ഞെടുക്കാം. ജീവിതത്തിൽ ഒരിക്കലെങ്കിലും താമസിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സ്പോട്ടാണ് കോവളമെന്നതിൽ സംശയം ആർക്കുമുണ്ടാകില്ല
പത്തു മണിയോടടുത്തിരിക്കും കോവലത്തെത്തിയപ്പോൾ ലൈറ്റ് ഹൌസിൽ മുകളിൽ പോയി കോവളം ബീച്ചിന്റെ മനോഹര ദൃശ്യങ്ങളൊക്കെ പകർത്തി വീണ്ടും ബീച്ചിൽ ഇറങ്ങി കുറേ സമയം കടലിൽ ചിലവഴിച്ചു വിശപ്പ് കാരണം കരകയറിയ ഞങ്ങൾക്ക് നല്ലൊരു ഹോട്ടൽ കണ്ടെത്താനായില്ല.കോവളം ബീച്ചിലെ കാഴ്ചകളൊക്കെ മതിമറന്ന് ആർമാദിച്ചിരിക്കുമ്പോഴാണ് ഈ യാത്ര കന്യാകുമാരി വരേ നീട്ടിയാലോ എന്ന ചർച്ച ഞങ്ങൾക്കിടയിൽ വന്നത് ഇത്രെയും ദൂരം വന്നിട്ട് അടുത്തുള്ള കന്യാകുമാരി കാണാതെ പോകുന്നത് ശെരിയല്ലല്ലോ ..ചർച്ചയും പ്ലാനിങ്ങും പിരിമുറുകി ഒട്ടും താമസിയാതെ എല്ലാവരും പുറപ്പെടാൻ തന്നെ തീരുമാനിച്ചു അവിചാരിതമായ യാത്ര, അല്ലെങ്കിലും യാത്രയിൽ പെട്ടെന്നെടുക്കുന്ന ചില തീരുമാനങ്ങൾ മനോഹരമാകാറുണ്ട്.
ഒരു ദിവസം കന്യാകുമാരി തങ്ങി ഉദയാസ്തമയങ്ങളിൽ അലിഞ്ഞു ചേരാൻ ബഹുഭൂരിപക്ഷവും ബീമാ പള്ളിയും കണ്ടിട്ട് കന്യാകുമാരി പോകാം എന്ന അഭിപ്രായം മുന്നോട്ടു വെച്ചു എന്നാ സമയം വൈകിക്കേണ്ട
അവിടുന്ന് നേരെ അടുത്ത സ്പോട്ട് ആയ ബീമാപള്ളിയിലേക്ക് തിരിച്ചു. അങ്ങനെ ബീമാ പള്ളിയിലേക്ക്
ബീമാപള്ളിക്കടുത്ത് നിന്നും ഉച്ചയൂണും കഴിച്ചു
വലിയതുറ കടലോരത്തിലൂടെ സെയ്യിദുന്നിസ ബീമാ ബീവിയുടെയും, മകൻ സയ്യിദ് ശുഹദാ മഹീൻ അബൂബക്കറിന്റെയും സവിതത്തിൽ.. നിറയെ ചെറുതും വലുതുമായ മിനാരങ്ങളും താഴികക്കുടങ്ങളും നിറഞ്ഞ ആ ദർഗ ഒരു വിസ്മയം തന്നെ ചുറ്റു ഭാഗവും നടന്നു കണ്ടു അകത്തു കയറി പ്രാർത്ഥിച്ചു, പ്രവാചക കുടുംബാംഗമായ മഹതി മത പ്രബോധനാർത്ഥം കേരളത്തിൽ എത്തുകയും, അവരുടെ സത്യസന്ധതയും, സൽസ്വാഭാവവും, ദിവ്യ ശക്തിയും കണ്ടനുഭവിച്ച ജനങ്ങളുടെ പ്രീതിക്ക് അവർ പാത്രീഭവിക്കുകയായിരുന്നു. ഇന്നും മഹതിയുടെ ദിവ്യ ശക്തിയിൽ പ്രതീക്ഷ അർപ്പിച്ചു നാനാ ജാതി മതസ്ഥർ അവിടെ വന്നുകൊണ്ടിരിക്കുന്നു എന്നത് അത്ഭുതമാണ്, രോഗശമനത്തിന് വേണ്ടി വെള്ളം എടുത്ത് ഉപയോഗിക്കുന്ന മരുന്ന് കിണർ അവിടുത്തെ മറ്റൊരു ആകർഷണമാണ്, പുണ്യത്തിന് വേണ്ടി നൽകുന്ന അവിടത്തെ പട്ടും പൂവും കൈപ്പറ്റി നേരെ ധർഗ്ഗയുടെ മുറ്റത്തു നിന്ന് തന്നെ ksrtc ബസിൽ കിഴക്കേ കോട്ടയിലേക്ക്..തൊണ്ണൂറ് കിലോമീറ്റർ അപ്പുറത്തുള്ള കന്യാകുമാരിയിലേക്കുള്ള ബസ് പിടിച്ചു…..കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് മനോഹരമായ സായന്തനങ്ങള്‍ക്കും ഉദയക്കാഴ്ചകള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് കന്യാകുമാരി
വൈകിട്ട് അഞ്ചര ആയിക്കാണും കന്യാകുമാരി എത്തിയപ്പോൾ ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്ന അത്ഭുതഭൂമി. ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പ് അതാണ്‌ കന്യാകുമാരി
കേപ് കോമറിന്‍ എന്ന പേരില്‍ പ്രശസ്തമായിരുന്ന കന്യാകുമാരി ഇപ്പോൾ തമിഴ്നാട്ടിലാണ്‌ സ്ഥിതി ചെയ്യുന്ന സംഗമസ്ഥാനം കൂടിയാണ്
പടിഞ്ഞാർ കേരളം, വടക്കും കിഴക്കും തിരുനെല്‍വേലി ജില്ല എന്നിങ്ങനെയാണ് കന്യാകകുമാരിയുടെ അതിര്‍ത്തികള്‍.

കോവളത്ത് നിന്ന് കൊണ്ട് തന്നെ ഞങ്ങൾ പക്കാ പ്ലാനിങ്ങിൽ എത്തിയിരുന്നു ബാലാജിയെ വിളിച്ചു റൂം സെറ്റാക്കിയിട്ടുണ്ടായിരുന്നു ഉദയവും അസ്തമയവും കാണാൻ പറ്റുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും ഉയരത്തിലുള്ള നിലയിൽ ഒരു എ സി റൂം ബാലാജി തരപ്പെടുത്തിയിട്ടുണ്ടായിരുന്നു… കന്യാകുമാരി ഇറങ്ങിയ ഉടനെ ബാലാജിയെ വിളിച്ചു ഒട്ടും വൈകാതെ അവനെത്തി റൂം കാണിച്ചു തന്നു നല്ല കിടിലൻ റൂം അതും ആയിരം രൂപക്ക്.. കൂടെ നാളെ കാലത്ത് വിവേകാനന്ദ പാറയിലേക്ക് പോകുന്ന ബോട്ടിനുള്ള അഞ്ച് ഫ്രീ ടിക്കറ്റും അവൻ ഓഫർ ചെയ്തു.. ( അവൻ ടിക്കറ്റ് കൗഡറിൽ ആണ് ജോലി ) ലഗേജ് എല്ലാം റൂമിൽ വെച്ചു കെട്ടിടത്തിന്റെ മുകളിലേക്ക് നീങ്ങി.. കടലിനെ നല്ല വണ്ണം വീക്ഷിക്കാൻ പറ്റിയ വ്യൂ ഉള്ള ഒരു ലോഡ്ജ് തന്നെ ആയിരുന്നു അത്‌
സന്ധ്യ ആവാറായി സൂര്യൻ പടിഞ്ഞാറ് എത്തി കാർമേഘങ്ങൾക്കിടയിൽ കണ്ണ് പൊത്തിക്കളിക്കുന്നു പാറക്കെട്ടുക്കൾ നിറഞ്ഞ തീരത്തെ തിരമാലകൾ ആ സായം സന്ധ്യയോടടുക്കുന്ന നിമിഷങ്ങളിൽ എന്തെന്നില്ലാത്ത രൗദ്രഭാവം പ്രകടമാക്കുന്നുണ്ട് .അഴകിന്റെ വർണ്ണക്കാഴ്ചകൾ ഒരുക്കിയ ആകാശം ഇരുട്ടിന്റെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് വിടവാങ്ങുമ്പോൾ മാനത്തെ ചുവപ്പ് രാശികൾ ഓരോന്നും മങ്ങാൻ തുടങ്ങി എന്തിനേറെ കടൽ പോലെ തന്നെ മനസ്സും ഇരുട്ടിന്റെ നിശബ്ദതയിലേയ്ക്ക് ഊളിയിട്ട പോലെ തോന്നി.രാത്രിയുടെ യാമങ്ങളിലേക്ക് ഒളിമങ്ങിയ സൂര്യ തേജസിന് പകരം ഇന്നീ നഗരത്തെ പ്രകാശം പൂരിതമാക്കാൻ നിലാവെളിച്ചം ഞങ്ങൾക്ക് കൂട്ടിനെത്തി രാത്രി എട്ട് മണിക്ക് ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്ത് പോയി അടുത്തുള്ള റെസ്റ്റോറന്റിൽ കഴറി ഫുഡ് ഒക്കെ അടിച്ചു പുറത്തിറങ്ങിയപ്പഴും നിലാവെട്ടം കൂടുതൽ പ്രകാശം ചൊറിയുന്നുണ്ട് ഞങ്ങളെല്ലാവരും ആ രാത്രിയുടെ പാതി സമയവും തിരമാലകളോട് സല്ലപിച്ചു കന്യാകുമാരിയുടെ ത്രിവേണി സംഗമതീരങ്ങളിൽ ചിലവഴിച്ചു,

മറക്കാൻ കഴിയാത്ത ചില നിമിഷങ്ങൾ സമ്മാനിച്ച മുഹൂർത്തങ്ങളും ഞങ്ങളിലൂടെ കടന്ന് പോയി..
പകൽ കടലിനെ പോലെയല്ല രാത്രിയിലെ കടൽ, ഉറക്കം വരാത്ത ഒരു വായാടിയെപ്പോലെ മറ്റുള്ളവരേയും ഉറക്കാതിരിക്കാൻ ഏതോ നീണ്ട കഥ പറയുന്നത് പോലെ തോന്നും. അസ്തമയവും കണ്ടു രാത്രിയിലെ നിലാവിൽ കടൽ പറഞ്ഞ കഥകളോരോന്നും ഇരു ചെവിയും ഏറ്റുവാങ്ങി തിരിച്ചു റൂമിലോട്ടു നടന്നകന്നുഇനി സൂര്യോദയം കൂടെ കാണണം അതിനുവേണ്ടിയുള്ള തിരക്കിൽ കണ്ണിറുക്കെ അടച്ച് ഉറക്കം നടിച്ച് കിടന്നു
ഉറക്കംവരാത്ത രാത്രി പുലരാൻ തുടങ്ങി… മേഘങ്ങൾക്കിടയിലൂടെ ഒളികണ്ണിട്ട് എത്തി നോക്കി സൂര്യൻ ആകാശത്തേയ്ക്ക് ഉയർന്ന് വരുന്ന സൂരോദയം കാണാൻ എന്ത് ഭംഗിയായിരുന്നു !
ഇത്രയൊക്കെ കണ്ടാൽ മതി എന്നെ എന്ന രീതിയിൽ സൂര്യൻ മേഘത്തിനുള്ളിലേക്ക് വലിഞ്ഞു ആ സൂര്യോദയത്തെ വർണിക്കാൻ എനിക്കറിയില്ല അത്രമേൽ മനോഹരമായിരുന്നു ആ ഉദയം ,ഇനിയൊരു ഉദയവും കന്യാകുമാരിയോളം അടുത്തെത്താതിരിക്കും വരെ കന്യാകുമാരിയിലെ തെളിഞ്ഞ സൂര്യോദയം ഒരു തീരാക്കടമായി എന്നും നിൽക്കട്ടെ എന്നാഗ്രഹിക്കുന്നു..

ആകാശം കുറച്ചു മേഘാവൃതമായിരുന്നു …. ഉദയവും അസ്തമയവും കണ്ട് ബാലാജിയുടെ ടിക്കറ്റ് കൗഡറിന് അടുത്തേക്ക് നീങ്ങി 8 മണിക്കാണ് വിവേകാനന്ദ പാറയില്ലേക്ക് ബോട്ട് സർവീസ് തുടങ്ങുക … വെയിൽ കുറച്ചു മൂത്തു തുടങ്ങി .. ബോട്ട് ടിക്കറ്റിനു അത്യാവശ്യം വലിയ ക്യു ഉണ്ടായിരുന്നു .. ഉടനെ അവനെ വിളിച്ചു ടിക്കറ്റ് കൗഡറിന്റെ മുമ്പിലോട്ട് വരാന് പറഞ്ഞു ഞങ്ങൾക്കുള്ള അഞ്ച് ടിക്കറ്റ് അവൻ നേരത്തെ മാറ്റി വെച്ചിരുന്നു അങ്ങിനെ ടിക്കറ്റ് ഓകെ ഇനി വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ടിലാണ്
കരയിൽ നിന്നും പാറയിലേക്ക് കഷ്ട്ടിച്ച് ഒരു കിലോമീറ്റർ ദൂരമേ ഉള്ളൂ.. ബോട്ട് യാത്ര ഇഷ്ടപെടുന്നവരെ ഇത് നിരാശപെടുത്തിയേക്കാം ..
വിവേകാനന്ദപ്പാറ.സ്വാമി വിവേകാനന്ദന്‍ തപസ്സിരുന്ന പാറയിലാണ് വിവേകാനന്ദ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. ദേവീ കന്യാകുമാരി ഏകപാദസ്ഥിതയായി തപസ്സനുഷ്ഠിച്ചെന്ന് കരുതുന്ന ശ്രീപാദപാറ ഇവിടെയുണ്ട്. ശ്രീപാദപാറയ്ക്ക് പുറമെ ധ്യാനമണ്ഡപവും പ്രധാനഹാളും മണ്ഡപത്തിലുണ്ട്. വിവേകാനന്ദ കേന്ദ്രത്തിനാണ് സ്മാരകത്തിന്റെ ചുമതല
കൂടുതലും ടൂറിസ്റ്റുകളാണ് ഇവിടെ എത്തണത് ഇൻസ്റ്റന്റ് ഫോട്ടോസ് എടുത്തു കൊടുക്കുന്ന ഫോട്ടോഗ്രാഫേഴ്സിനെ അവിടെ കാണാം സൺ ഗ്ലാസ് കച്ചോടവും തൊപ്പി ബിസിനസ്സും ഇരു വശവും പൊടി പൊടിക്കുന്നു … പല വിധത്തിൽ ഉള്ള ശംങ്കു കച്ചോടക്കാരും നിരവധി ഉണ്ട് കല്ലുകൾ കൊണ്ടു മാല ഉണ്ടാക്കി വിൽക്കുന്നവരും കണ്ണിൽ ഉടക്കി നിന്നു.
ഇവിടെ കുറച്ചു അധികം സമയം ചിലവഴിച്ചു ..
ചുട്ടു പഴുത്ത ദോശക്കല്ലു പോലെ വിവേകാനന്ദ പാറ ചൂടെടുക്കാൻ തുടങ്ങി അവിടെ നിന്നും ബോട്ടിൽ കരയിലേക്ക് ഞങ്ങൾ തിരിച്ചു നടന്നു
കന്യാകുമാരിയിലെ പ്രധാന കാഴ്ചകള്‍.
വിവേകാനന്ദപ്പാറ, വട്ടകൊട്ടൈ കോട്ട, പത്മനാഭപുരം കൊട്ടാരം, തിരുവള്ളുവര്‍ പ്രതിമ, ഉദയഗിരി കോട്ട, ഗാന്ധിമ്യൂസിയം
കന്യാകുമാരിയിലെ പ്രമുഖ ബീച്ചുകള്‍
ശംഖുത്തര ബീച്ച്, തെങ്കപ്പട്ടണം ബീച്ച്, ചോതാവിളൈ ബീച്ച് തുടങ്ങിയവയാണ് കന്യാകുമാരിയിലെ ബീച്ചുകൾ.
കന്യകുമാരി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു,10 മണിക്ക് തൃശ്ശൂർ വഴി പോകുന്ന ട്രെയിൻ കിടപ്പുണ്ടായിരുന്നു അതില് ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്നും മലബാറിലേക്കൊരു സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ്കൂടെ എടുത്തു.
Lc കോവളം ബീച്, ബീമാപള്ളി,കന്യാകുമാരി 870 km
by ABU VK

2019 ഫെബ്രുവരി 15, വെള്ളിയാഴ്‌ച

ബോണക്കാട്ടെ പ്രേത ബംഗ്ളാവ്


തിരുവനന്തപുരം നഗരത്തില്‍ നിന്ന് വെറും 55 കിലോമീറ്റര്‍ ദൂരത്തിലാണ് കേരളത്തില്‍ തന്നെ ഏറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബോണക്കാട് ബംഗ്ളാവ്. മുന്‍പ് പല തവണ ബോണക്കാട് പോയിട്ടുണ്ടെങ്കിലും കാടിനുള്ളില്‍ ഇങ്ങനെയൊരു പ്രേതക്കോട്ടയുണ്ടെന്നറിയാന്‍ ഈ അടുത്ത കാലത്ത് വായിച്ച ഫേസ്ബുക്ക് പോസ്റ്റ് വേണ്ടി വന്നു. ഇപ്പോ തള്ളേതാ സത്യമേതാ എന്നറിയാന്‍ പറ്റാത്ത സ്ഥിതിയായതു കൊണ്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തേക്കാമെന്നു കരുതി. Haunted places in kerala എന്നു സേര്‍ച്ചു കൊടുത്തു. അതാ വരുന്നു പ്രേതങ്ങള്‍ ചറപറാ. ലിസ്റ്റില്‍ ഒന്നാമതായി തന്നെ GB 25 bungalow bonacaud ഉണ്ട്. അപ്പോ തള്ളല്ല സമാധാനമായി. എന്നാലും എന്‍െറ വീട്ടില്‍ നിന്നും 25 km മാത്രം ദൂരത്തില്‍ ഇങ്ങനെയൊരു ത്രില്ലിംഗ് സാധനമുണ്ടെന്ന് ഞാനറിഞ്ഞില്ല ആരും പറഞ്ഞില്ല.

കിട്ടിയ വിവരം പ്രകാരം ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ തുടര്‍ന്ന വെള്ളക്കാരനായ എസ്റ്റേറ്റ് മാനേജര്‍ 1951ല്‍ പുതിയൊരു ബംഗളാവ് പണിത് കുടുംബ സമേതം അതിലേക്ക് താമസം മാറുന്നു. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ മാനേജരുടെ 13 വയസ്സുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്‍ഡ്യയിലെ വാസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങുന്നു. തുടര്‍ന്ന് ഈ ബംഗളാവില്‍ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗളാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടത്രേ. അതോടെ പിന്നീടുള്ളവര്‍ ഇവിടം ഉപേക്ഷിച്ച് പഴയ ബംഗളാവിലേക്കു തന്നെ താമസം മാറി. ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും പൊട്ടിച്ചിരികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കൊണ്ടിരിക്കുന്നു. രാത്രി കാലങ്ങളില്‍ ഇവിടേക്കു കടന്നു ചെന്ന പലരും ബംഗളാവിന്‍െറ പ്രധാന വാതിലില്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പണ്ട് വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണ്. നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശെെലിയില്‍ സ്ഫുടമായി ഇംഗ്ളീഷ് സംസാരിക്കാന്‍ തുടങ്ങി. ഇത് പണ്ട് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ദിവസ്സങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെടുകയുണ്ടായി.
ഇതിനു ശേഷം സ്ത്രീകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇവിടേക്ക് പോകാറില്ല. തൊഴിലാളി സമരത്തെ തുടര്‍ന്ന് തോട്ടവും ഫാക്ടറിയും പൂട്ടിപ്പോയതോടെ തിരക്കൊഴിഞ്ഞ ബോണക്കാട്ടെ ബംഗളാവ് കൂടുതല്‍ വിജനമാവുകയായിരുന്നു.
കഥ കേട്ട് ത്രില്ലടിച്ച ഞാന്‍അടുത്ത ദിവസം തന്നെ നന്‍പനേയും കൂട്ടി ബെെക്കെടുത്ത് ബോണക്കാടിനു വിട്ടു. വഴിയിലുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ ഒരു ചെറിയ കള്ളം പറയേണ്ടി വന്നു ബോണക്കാട് ഒരാളെ കാണാന്‍ പോവുകയാണെന്ന്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നാണല്ലോ. ചെക്ക് പോസ്റ്റ് കഴിഞ്ഞ് 12 കിലോമീറ്ററോളം സാമാന്യം നല്ല കാട്ടില്‍ കൂടി തന്നെയാണ് യാത്ര. ഒരു മുന്നറിയിപ്പുമില്ലാതെ കാട് അവസാനിക്കുന്നിടത്ത് ബോണക്കാട് എസ്റ്റേറ്റ് തുടങ്ങുകയാണ്. ഇച്ഛാശക്തിയുടെ പായ്ക്കപ്പലേറി വന്ന വെള്ളക്കാര്‍ 150 വര്‍ഷം മുന്‍പ് ഇവിടെ അഗസ്ത്യ മലയുടെ താഴ്വാരത്തിലും എത്തിച്ചേര്‍ന്നു. അവന്‍െറ തണുത്ത ജീവിതത്തിനു ചൂടു പകരാന്‍ കാടു വെട്ടിത്തെളിച്ച് തേയിലച്ചെടികള്‍ നട്ടു. ആ തോട്ടങ്ങളില്‍ അട്ട കടിയുമേറ്റ് ആയിരങ്ങള്‍ പണിയെടുത്തു വളര്‍ത്തിയെടുത്തതാണീ കാണുന്ന 2500 ഏക്കര്‍ വരുന്ന ബോണക്കാട് എസ്സേറ്റ്. പക്ഷേ ഇവരുടെ അധ്വാനമത്രയും പാഴായിരുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ തകര്‍ച്ചയിലാണ് ഇന്ന് എസ്റ്റേറ്റിന്‍റെ അവസ്ഥ. തോട്ടങ്ങള്‍ കാടു പിടിച്ചു കിടക്കുന്നു. തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളൊക്കെയും ജീര്‍ണ്ണാവസ്ഥയിലാണ്. ചില ലയങ്ങളിലൊക്കെ താമസക്കാരുമുണ്ട്. സുവര്‍ണ്ണ കാലത്ത് 2000 ല്‍ അധികം പേര്‍ താമസിച്ചിരുന്ന ഇവിടെ ഇപ്പോഴുള്ളത് നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രം. ഇവരില്‍ തന്നെ സ്ഥിര താമസക്കാര്‍ വിരരിലെണ്ണാവുന്നവര്‍ മാത്രം. പത്തിരുപത് വര്‍ഷം മുന്‍പ് തൊഴിലാളി സമരത്തെ തോട്ടവും ഫാക്ടറിയും തുടര്‍ന്ന് പൂട്ടിപ്പോയെങ്കിലും മാനേജ്മെന്‍റ് നഷ്ട പരിഹാരവും ആനുകൂല്യങ്ങളും നല്‍കുമെന്ന പ്രതീക്ഷയാണ് ചിലരെയെങ്കിലും ഇവിടെ പിടിച്ചു നിര്‍ത്തുന്നത്.
ഓണ നാളുകളിലുംലും പട്ടിണി കിടക്കേണ്ടി വരുന്ന ബോണക്കാട്ടുകാരുടെ അവസ്ഥ നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. ഇവര്‍ കൂടി കെെയ്യൊഴിഞ്ഞിരുന്നെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു പ്രേത ഗ്രാമമായി മാറിയേനെ.
ബോണക്കാട് ടാര്‍ റോഡ് അവസാനിക്കുകയാണ്.
ബംഗ്ളാവിന്‍െറ അടയായാളം പറഞ്ഞിരിക്കുന്നത് ബംഗ്ളാവിന്‍െറ പരിസരത്ത് മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ക്രിസ്മസ് മരമാണ്. വണ്ടി നിര്‍ത്തി ചുറ്റും വീക്ഷിച്ചു. ദൂരെ മലയുടെ ഉച്ചിയില്‍ കാടിനു നടുവില്‍ സ്തൂപം പോലെ ക്രിസ്മസ് ട്രീ കാണാനായി, എന്നാല്‍ അതിന്‍െറ അടുത്ത് ഒരു ബംഗ്ളാവ് ഉള്ളതിന്‍െറ ലക്ഷണങ്ങള്‍ കാണാനുമില്ല. രണ്ടും കല്‍പ്പിച്ച് മലയിലേക്ക് കയറി പോകുന്ന മണ്‍ റോഡിലേക്ക് വണ്ടി തിരിച്ചു. ആദ്യത്തെ കുറച്ചു ദൂരം ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങളൊക്കെ കാണാമെങ്കിലും പിന്നീടങ്ങോട്ട് തീര്‍ത്തും വിജനമാണ് വഴി. വെട്ടിയൊതുക്കാത്ത തേയിലച്ചെടികള്‍ റോഡിലേക്ക് വളര്‍ന്ന് യാത്രാ തടസ്സം സൃഷ്ടിക്കുന്നു. മുകളിലേക്ക് പോകും തോറും വഴി മോശമായി വരുന്നു. വണ്ടിയുടെ ക്ളച്ച് താങ്ങി ക്ളച്ച് കരിയുന്ന മണം വന്നു തുടങ്ങി.
തല്‍സ്ഥാനത്ത് കട്ടിളകള്‍ മാത്രം അവശേഷിക്കുന്നു.പ്രേത ബംഗളാവ് എന്നൊക്കെയാണ് പേരെങ്കിലും അകത്തു കയറിയാല്‍ എത്തിപ്പെട്ടത് ഒരു പബ്ളിക് ടോയ്ലറ്റിലാണോ എന്നു സംശയിക്കും വിധം കെങ്കേമമാണ് ചുവരിലെ കലാപരിപാടികള്‍.
പുളിച്ച നാടന്‍ തെറി മുതല്‍ പ്രേതത്തിന് ഒരു രാത്രിക്ക് എത്ര റേറ്റ് വരും എന്ന ചോദ്യം വരെയുണ്ട് കൂട്ടത്തില്‍. പ്രേതക്കോട്ടയാണെങ്കിലും പത്മനാഭപുരം കൊട്ടാരമാണെങ്കിലും മലയാളികളുടെ മനോഭാവം ഒന്നു തന്നെ. സ്വീകരണ മുറിയിലും കിടപ്പു മുറിയിലും തീ കാഞ്ഞ് തണുപ്പകറ്റാനുള്ള നെരിപ്പോട്. തറ ഒരുക്കിയിരിക്കുന്നത് പരുക്കന്‍ മൊസേക്ക് കൊണ്ട്. വിശാലമായ നാലു മുറികളും ബാത്ത് ടബ്ബ് ഉള്‍പ്പടെയുള്ള കുളിമുറികളും ആകെക്കൂടെഒരു ആഢംബര മയം. അളവു കണക്കുകളും നിര്‍മ്മാണ രീതിയും വച്ച് ഈ ബംഗളാവിന് കൊളോണിയല്‍ ബംഗളാവുകളേക്കാള്‍ ആധുനിക വീടുകളോടാണ് സാമ്യം കൂടുതല്‍. തനി കൊളോണിയല്‍ രീതിയില്‍ നിര്‍മ്മിച്ച മറ്റൊരു ബംഗളാവു കൂടി ബോണക്കാടുണ്ട്.
അകമെല്ലാം ചുറ്റിക്കണ്ട ശേഷം പുറത്തിറങ്ങി. മുറ്റത്തു നിന്നു നോക്കിയാല്‍ ദൂരെ പേപ്പാറ റിസര്‍വോയര്‍ കാണാം. ബംഗളാവിന്‍െറ വശത്ത് കറ്റാടി മരവും ദേവദാരു മരവും ക്രിസ്മസ് ട്രീയും മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്നു. ഒരാള്‍ പിടിച്ചാല്‍ എത്താത്ത കനമുണ്ട് ഇവയുടെ അടി ഭാഗത്തിന്.
ബംഗളാവിനെ ചുറ്റി കാട് വളര്‍ന്നു നില്‍ക്കുന്നു. ബംഗളാവിലെ ജോലിക്കാരുടേതെന്ന് തോന്നിപ്പിക്കുന്ന ലയങ്ങള്‍ കാട് വിഴുങ്ങിയിരിക്കുന്നു. ഇവയ്ക്കിടയിലൂടെ ഒരു നടപ്പാത കാട്ടിലേക്ക് പോവുന്നു. കാട്ടിനുള്ളില്‍ അങ്ങിങ്ങ് ഫലവൃക്ഷങ്ങളുണ്ട്. കുറച്ച് അവക്കാഡോ പഴങ്ങള്‍ പറിക്കാമെന്ന ചിന്തയില്‍ കാടിനുള്ളിലേക്കു കയറി, ഒരു അമ്പത് മീറ്റര്‍ പോയിക്കാണും വലതു വശത്ത് എന്‍െറ തൊട്ടടുത്തായി കരിയില ഞെരിയുന്ന ശബ്ദവും മൃഗങ്ങളുടെ മാതിരി ഒരു മുരള്‍ച്ചയും കേട്ടു. ശേഖരിച്ച പഴങ്ങള്‍ വഴിയിലുപേക്ഷിച്ച് തിരിഞ്ഞോടി തിരികെ ബംഗളാവില്‍ ചെന്നു. സന്ധ്യയാകും വരെ ഫോട്ടോയെടുത്ത് അവിടെ ചുറ്റി നടന്നു. ബംഗളാവും പരിസരവും പകല്‍ ശാന്തവും ഒരു ടൂറിസ്റ്റ് സ്പോട്ട് പോലെ സുന്ദരവുമാണ്, എന്നാല്‍ സന്ധ്യയാവുമ്പോള്‍ ചിത്രം മാറുകയായി.
ആകാശം ചുവന്നു തുടങ്ങുമ്പോള്‍ കാടിനെന്തോ ഒരു ഭാവ മാറ്റം, കാറ്റിനു ശക്തി കൂടി കൂടി വരുന്നു. കാറ്റാടി മരങ്ങള്‍ ജ്വരം ബാധിച്ച പോലെ നിന്നു തുള്ളി. ക്രിസ്മസ് ട്രീ കാറ്റു പിടിച്ച് ബംഗളാവിന്‍െറ മേല്‍ക്കൂരയ്ക്കു മേലെ വില്ലു പോലെ ചാഞ്ഞു വന്നു. ചുറ്റുമുള്ള കാട്ടില്‍ നിന്ന് അപരിചിതമായ ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. എന്‍റെ മനസ്സിലും അകാരണമായ ഒരു ഭയം വളര്‍ന്നു. കൂടെ വന്നവന്‍ കുറേ നേരമായി പോകാമെന്നു പറയുന്നു, ഇന്നേരമത്രയും ഞാനവനെ സമാധാനിപ്പിച്ച് നിര്‍ത്തുകയായിരുന്നു. ഇപ്പോ എനിക്കും ഈ നശിച്ച സ്ഥലത്തു നിന്ന് എത്രയും പെട്ടെന്ന് പോയാല്‍ മതിയെന്നായി. ഇവിടത്തെ വായുവില്‍ ഒരാത്മാവ് അലഞ്ഞു നടക്കുന്നുണ്ടെന്ന ചിന്ത എന്നെ കിടിലം കൊള്ളിച്ചു കൊണ്ടേയിരുന്നു. ധൃതിയില്‍ ബെെക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട് പണ്ടാരം സ്റ്റാര്‍ട്ടാകുന്നുമില്ല. അഞ്ചു മിനുട്ട് നേരത്തെ അധ്വാനത്തിലൊടുവിലാണ് മനസ്സിലായത് കീ ഒാണാക്കിയിട്ടില്ല. ഇന്നേരമത്രയും കൂടെയുള്ള നന്‍പന്‍ തെണ്ടി മനസ്സമാധാനം തരാതെ ഒരോന്നു പറഞ്ഞു കൊണ്ടേയിരുന്നു.
നേരത്തെ കാട്ടില്‍ വച്ചു കേട്ട മുരള്‍ച്ച ഒരു മനുഷ്യന്‍ ചുമച്ചതല്ലേ എന്ന് അവനിപ്പോ ഒരു സംശയം. വണ്ടിയുമെടുത്ത് ബോണക്കാടെത്തിയപ്പോഴാണ് എന്‍െറ ശ്വാസം നേരേ വീണത്. തിരികെ മലയിറങ്ങുമ്പോള്‍ ഒരു കാര്യം മനസ്സില്‍ ഉറപ്പിച്ചിരുന്നു എല്ലാ വിധ തയാറെടുപ്പുകളോടും കൂടി ഒരിക്കല്‍ കൂടി ഇവിടെ വരണം ഒരു രാത്രി തങ്ങാന്‍. സഞ്ചാരികളില്‍ താല്‍പര്യമുള്ളവര്‍ക്ക് കൂടെ കൂടാം.

By: Aron Abraham

2019 ഫെബ്രുവരി 9, ശനിയാഴ്‌ച

മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കുന്ന വാഗമണ്


Image may contain: tree, plant, outdoor and nature

ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളായിരിക്കും വാഗമണിന്. ചിലപ്പോള്‍ മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കും. കോടമഞ്ഞല്ലാതെ മറ്റൊന്നും അപ്പോള്‍ വാഗമണ്ണില്‍ കാണാനാകില്ല. ഇണങ്ങിയും പിണങ്ങിയും വാഗമണ്‍ ചില ദിവസം നമ്മെ വരവേല്‍ക്കും. ഇടയ്ക്ക് വെയിലും മഞ്ഞും ചാറ്റല്‍ മഴയുമായി.
യാത്ര എന്നത് ഒരു തരം ലഹരിയാണ്. അതെ മനസ്സിനും ശരീരത്തിനും സമൂഹത്തിനും ദോഷം വരുത്താത്ത ലഹരി. അതും ഇഷ്ടപ്പെട്ടവരുടെ കൂടെയാകുമ്പോഴോ അതിലേറെ മുധുരിതം. അർദ്ധ രാത്രിയുടെ അന്തിയാമത്തിൽ കോരിച്ചൊരിയുന്ന മഴയെ സാക്ഷിയാക്കി ഞങ്ങൾ അഞ്ചു പേർ യാത്ര തുടങ്ങി. കാറിൽ ആയിരുന്നു യാത്ര. പ്രവാസികളും ജീവ കാരുണ്യ രംഗം തങ്ങളുടെ കർമ്മ രംഗമാക്കി മാറ്റിയ ജലാൽ തായൽ, നിസാം കാജ, സാദിഖ് സാദി, നാട്ടിൽ ജെ സി ബി വർക്കുകൾ നടത്തുന്ന ശറഫു എന്നിവരായിരുന്നു സഹ യാത്രികർ. കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് യാത്ര തുടർന്നു.
പ്രഭാതമാവുമ്പോഴേക്കും മലബാർ പിന്നിട്ടു. ഒരു 8 മണി ആകുമ്പോഴേയ്ക്കും അങ്കമാലി എത്തിച്ചേർന്നു. പ്രഭാത കൃത്യങ്ങളൊക്കെ നടത്തി ഭക്ഷണവും കഴിച്ചു വാഗമൺ ലക്ഷ്യമാക്കി യാത്ര തുടര്ന്നു. പെരുമ്പാവൂർ - മൂവാറ്റുപുഴ - തൊടുപുഴ - കാഞ്ഞാർ - വാഗമൺ ഇതായിരുന്നു റൂട്ട്.
തൊടുപുഴ കഴിഞ്ഞതോട് കൂടി കാലാവസ്ഥയിൽ മാറ്റം വന്നു. മഴ നിഴൽ പ്രദേശം പോലെ സൂര്യ വെളിച്ചം കടന്നു വരാൻ മടിക്കുമ്പോലെയുള്ള കാലാവസ്ഥ. കാഞ്ഞാറിൽ നിന്നും വാഗമൺ ചുരം കയറുമ്പോഴേക്കും മഴയും മഞ്ഞും കൂട്ടിനെത്തി. അത് വരെ രസികന്മാരായ ജലാലിന്റെയും സാദിക്കിന്റെയും തമാശകൾ ആസ്വദിച്ചു കൊണ്ടിരുന്ന എല്ലാവരും പ്രകൃതിയുടെ മായ കാഴ്ചകളിലേക്ക് വഴുതി വീണു.
ഇടുങ്ങിയ പാത. പാതയ്ക്ക് ഇടതു വശം അഗാധമായ കൊക്കയും നഗ്ന നേത്രങ്ങൾ കൊണ്ട് എത്തിച്ചേരനാവാത്ത വിധമുള്ള ദൂരക്കാഴ്ചയും വലതു ഭാഗത്ത് കുന്നും മലയും. കുന്നുകൾക്കിടയിലൂടെ മഴക്കാലത്ത് ജനിക്കുകയും വേനൽക്കാലത്ത് മരിക്കുകയും ചെയ്യുന്ന കുഞ്ഞു കുഞ്ഞു അരുവികൾ കാഴ്ച്ചകൾക്ക് വർണ്ണമേറുന്നു. മഞ്ഞും മഴയും പ്രകൃതിയുടെ ഭാവ ഭേദങ്ങളും ഒക്കെ കണ്ടു കൊണ്ട് ഞങ്ങൾ കേരളത്തിന്റെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക് പ്രവേശിച്ചു. പേര് പോലെ തന്നെ സ്വപ്ന സുന്ദരമായ മൊട്ടക്കുന്നുകളും താഴ്വാരങ്ങളും ഒക്കെയായി സുന്ദരിയാണ് വാഗമൺ. ഞങ്ങൾ മൊട്ട കുന്നിനു അടുത്തായി ഒരു റൂം തരപ്പെടുത്തി. 5 പേർക്ക് 1000 രൂപയ്ക്ക് തരക്കേടില്ലാത്ത ഒരു റൂം. അവരുടെ തന്നെ താഴെയുള്ള ഹോട്ടലിൽ നിന്നും ഊണും കഴിച്ചു ഒന്ന് ഫ്രഷ് ആയി കുറച്ചു വിശ്രമിച്ചു കൊണ്ടു ഞങ്ങൾ കാഴ്ചകൾ കാണാൻ പുറത്തിറങ്ങി.
ഞങ്ങളുടെ ആദ്യ ലക്‌ഷ്യം തങ്ങൾ പാറയാണ്, ഋതു ഭേദങ്ങൾ മാറി മറയുന്നു. മഴയും കോടയും വന്നും പോയിക്കൊണ്ടിരിക്കുന്നു. ഇടക്ക് വെയിൽ കയറി വരുന്നു. ഞങ്ങൾ തങ്ങൾ പാറയുടെ അടിയിൽ എത്തി. വണ്ടി അവിടെ പാർക്ക് ചെയ്തു. മഴ നനയാനും കാമറ പൊതിയാനും ഒക്കെയുള്ള സംവിധാനവും ആയിട്ടായിരുന്നു ഞങ്ങളുടെ പോക്ക്. തങ്ങൾ പാറ എന്ന് പറയുന്ന സ്ഥലം ഒരു മലയുടെ മുകളിൽ ആണ്. അവിടെ ഒരു ഷെയ്ഖ് ഫരീദുദ്ധീൻ എന്ന് പറയുന്ന ഒരു സാത്ഥ്വികൻ അന്ത്യ വിശ്രമം കൊള്ളുന്നു എന്നാണു പറയപ്പെടുന്നത്. ദർഗ കാണാൻ ആയും അതിലുപരി ആ കുന്നിൻ മുകളിൽ നിന്നും നോക്കെത്താ ദൂരത്തോളം കാഴ്ചകളുടെ പറുദീസയും തന്നെയാണ് ആ കുന്നിന്മുകൾ.
ജാതി മത ഭേദമന്യേ കഠിനമായ കയറ്റവും ഇറക്കവും വക വെക്കാതെ പ്രകൃതിയുടെ കയ്യൊപ്പ് ചാർത്തിയ ഈ പ്രദേശത്തേക്ക് കടന്നു വരുന്നുണ്ട്. കോട മഞ്ഞും മഴയും മാറി മാറി വരുന്നു. കൂട്ടിനു മന്ദ മാരുതനും. പ്രകൃതിയുടെ നിറചാർത്തുകൾ കോർത്തിണക്കിയ കാഴ്ചയുടെ വസന്തങ്ങൾ വിരിയിച്ച ആ സായാഹ്നത്തെ ഇരുട്ട് കീഴടക്കിയപ്പോൾ ഞങ്ങൾ മലയിറങ്ങി. 
Image may contain: mountain, sky, outdoor and nature
മഞ്ഞു മൂടിയ ഇരുൾ വഴികളിലൂടെ ഞങ്ങൾ താമസ സ്ഥലത്തേക്ക് നീങ്ങി. ഭക്ഷണം കഴിച്ചു. റൂമിലേക്ക് മടങ്ങി. എല്ലാവരും കുളിച്ചു ഫ്രഷ് ആയി. മുറിയുടെ വാതിൽ തുറന്നു വച്ച് പുറത്ത് പെയ്യുന്ന മഴയുടെ ആർദ്ര സംഗീതം ആസ്വദിച്ചു. അസ്ഥികളിലേക്ക് തുളച്ചു കയറുന്ന തണുപ്പുണ്ടായിട്ടും ഞങ്ങൾ ആ ഇരുൾ വീണ മഞ്ഞും മഴയും പെയ്യുന്ന ആ രാത്രി ആസ്വദിച്ചു. കൂട്ടിനു പഴയ കാല പാട്ടുകളൊക്കെയായി ഞങ്ങൾ നിദ്രയിലേക്ക് വഴുതി വീണു. പിറ്റേ ദിവസം അതി രാവിലെ തന്നെ ഉണർന്നു. എല്ലാവരെയും ഉണർത്തി പ്രഭാത കർമ്മങ്ങളും പ്രാർത്ഥനയും കഴിഞ്ഞു അത് രാവിലെ തന്നെ പൈൻ വാലി ലക്ഷ്യമാക്കി നീങ്ങി. ഇട തൂർന്നു നിൽക്കുന്ന പൈൻ മരങ്ങൾ നമ്മെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. സൂര്യപ്രകാശം കടക്കാത്ത ഇരുൾ വീണ നിഴൽ പ്രദേശമായ പൈൻ വാലിയുടെ സൗന്ദര്യം പറഞ്ഞറിയിക്കുക പ്രയാസമാണ്. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു പ്രഭാത ഭക്ഷണവും കഴിച്ചു വാഗമണ്ണിന്റെ തിലകക്കുറിയായ മൊട്ടക്കുന്നുകൾ ലക്ഷ്യമാക്കി നീങ്ങി കൗണ്ടറിൽ നിന്നും ടിക്കറ്റും എടുത്ത് മൊട്ടക്കുന്നിൽ കയാറുമ്പോഴേക്കും മഴ തകർത്ത് പെയ്യുന്നു.
മഞ്ഞും മഴയും തമ്മിൽ പ്രണയിക്കുന്ന സുന്ദരമായ കാഴ്ചയും അനുഭൂതിയും..... മൊട്ടക്കുന്നുകൾക്ക് വെള്ളി പട്ടു പുടവ അണിയിച്ചത് പോലെ കോട മഞ്ഞും വശം ചുറ്റി നിൽക്കുകയാണ്. മഴയെ വക വെക്കാതെ മൊട്ടക്കുന്നിന് സമീപത്തെ ചെറിയ തടാകത്തിൽ അൽപ സമയം ചിലവഴിച്ചു. ബോട്ടിങ്ങിനും റഫ്റ്റിംഗിനും സൗകര്യമുണ്ട്. താല്പര്യമുള്ളവർക്ക് ആവാം......
തിരിച്ചു ഇറങ്ങും നേരം പരസ്പരം കാണാനാവാത്ത വിധം കാമറ ഫോക്കസ് ചെയ്യാൻ പോലും പറ്റാത്ത വിധം കോടമഞ്ഞു മൊട്ടക്കുന്നുകളെ ആവരണം ചെയ്തിരിക്കുകയായിരുന്നു.
Image may contain: mountain, sky, outdoor and nature
കുരിശു മല ആയിരുന്നു അടുത്ത ലഖ്‌ഷ്യം. ക്രിസ്തീയ ആത്മീയത നിറഞ്ഞു നിൽക്കുന്ന ആ പ്രദേശവും കാഴ്ചകൾക്ക് വസന്തമേകുന്ന ഒരു പറുദീസ തന്നെയാണ് കുരിശു മലയും പരിസരവും. തൊട്ടടുത്താണ് മുരുകൻ മലയും. കണ്ണിനും മനസ്സിനും വിരുന്നൂട്ടിയ വാഗമണ്ണിനോട് വിട പറഞ്ഞു കൊണ്ട് ഞങ്ങൾ കോട്ടയം ജില്ലയിലെ ഇല്ലിക്കൽ ലക്ഷ്യമാക്കി നീങ്ങി...

വരികളും ചിത്രങ്ങളും: Zubair Udma

2019 ഫെബ്രുവരി 5, ചൊവ്വാഴ്ച

അമർനാഥ് യാത്ര

പഹൽഗാമിലെ രാത്രി എന്നെ ചാറ്റൽമഴകൊണ്ടും, തണുപ്പുകൊണ്ടും കുളിരണിയിച്ചു.. ലിഡ്‌ഡർ നദിക്കരികിലെ ചായക്കടയിൽ നിന്നും കുടിച്ച ചായക്ക്‌ അമൃതിന്റെ ഗുണമായിരുന്നു. പാറക്കല്ലുകളുകളിൽ തട്ടിയൊഴുകുന്ന വെള്ളത്തിനു മരം കോച്ചുന്ന തണുപ്പാണ്. ചുറ്റിനുമുള്ള പർവ്വതങ്ങളിൽ പൈൻ മരങ്ങളും എന്നെപോലെ ഈ കുളിര് ആസ്വദിക്കുന്നുണ്ടാകാം. ഇടത്തരം വലുപ്പമുള്ള പട്ടണമായ പഹൽഗാമിൽ സുരക്ഷാ ക്രമീകരണങ്ങൾ വളരെ ശക്തമാണ്. ചുറ്റിനും തോക്കുമേന്തി ജാഗരൂഗരായി പട്ടാളക്കാർ. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന സ്ഥലങ്ങൾ.. സമയങ്ങൾ.. അമർനാഥ് യാത്ര എന്നത് ഇത്രയും പ്രയാസമേറിയ യാത്രയാണെന്നുള്ളത് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ.. ദിനങ്ങൾ…
എനിക്കു മുന്നിൽ മരണം വന്നു പോയിരുന്നു .. എനിക്ക് പിന്നിലും മരണം വന്നിരുന്നു..
മുന്നിൽ മരണം മണക്കുന്ന വഴികളെ, മരണം നടന്ന വഴികളെ ഞാൻ കണ്ടു. . ഒരു നിഴലായ് അവന്റെ സാന്നിദ്ധ്യം പലപ്പോഴും ഞാനെന്റെ വഴികളിലും കണ്ടിരുന്നു..
2018 july മാസത്തിൽ എനിക്കും സാധിച്ചു അമർനാഥ് എന്ന സ്വർഗ്ഗലോകം പുൽകി തിരിച്ചുവരാൻ.. പാൽവർണ്ണമുള്ള മഞ്ഞിൽ നിന്നും സ്വയമുത്ഭവിച്ച അമരനാഥന്റെ സൃഷ്ടിയെ ഞാനും കണ്ടു ഹൃദയമിടിപ്പോടെ.. കൺകുളിക്കെ.. മഞ്ഞും മഴയും എനിക്ക് മുന്നിൽ വഴികളിൽ പല മായകളും സൃഷ്ടിച്ചിരുന്നു.
അവയെല്ലാം എന്നെ സ്വപ്നലോകത്തിലെ സ്വർഗ്ഗത്തിലേക്കാനയിച്ചു … കാടും മേടും എന്റെ കണ്ണുകളെ കുളിരണിയിച്ചു.. ആ കാഴ്ചകൾ ഇനിയൊരിക്കലും മായാനാവാത്ത വിധം എന്നിൽ ഇടം പിടിച്ചു. മൂക്കുമുട്ടെ കഴിച്ചിരുന്ന ആഹാരം മിതമായി മാത്രം ഉപയോഗിക്കാൻ യാത്രയിൽ ഞാൻ നിയോഗിതനായി. വൃത്തിഹീനമായ താൽക്കാലിക ശൗചാലയങ്ങൾ പണിമുടക്കിയത് വളരെ ബുദ്ധിമുട്ടും സങ്കടപ്പെടുത്തുകയും ചെയ്തു.
പഹൽഗാമിൽ നിന്നും ചന്ദൻവാരി വരെയുള്ള യാത്രയിൽ തന്നെ ഞാനെന്റെ വഴികളെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.
ചന്ദൻവാരി മുതൽ അമർനാഥ് വരെയും, തിരിച്ചു അമർനാഥ് മുതൽ ബാൽതാൽ വരെയും കാൽനടയായി തന്നെ ഞാനെന്റെ ആഗ്രഹം സഫലമാക്കി.. ഞാൻ താണ്ടിയ കിലോമീറ്ററുകൾ വെറും മീറ്ററുകളായി മാത്രമായി കണക്കാക്കി. ദിവസങ്ങളെ നിമിഷങ്ങളായി കാണാൻ പഠിച്ചു..
പലതവണ കൊട്ടിയടച്ചും, തുറക്കുകയും ചെയ്ത വഴികളിലൂടെ നടന്നപ്പോൾ പാദങ്ങൾ തിരിഞ്ഞു നോക്കിയില്ല. കാരണം ലക്ഷ്യങ്ങളെ തരണം ചെയ്യുമ്പോൾ ഒരിക്കലും ചിന്തിച്ചു നിൽക്കാനുള്ളതല്ല. വന്ന വഴികളെ കുറിച്ച് നല്ലത് മാത്രം ഓർക്കുക. പോകാനുള്ള വഴികൾ, അവ നമുക്ക് നൽകുന്നത് ഒരുപക്ഷെ വലിയ ദുരന്തങ്ങളായിരിക്കാം. എങ്കിലും നല്ലത് മാത്രം ചിന്തിച്ചു മുന്നേറുക..
വഴികൾ ദുഷ്കരമാണ്. തലയ്ക്കു മീതെ വലിയ ഉരുളൻ കല്ലുകളും, പാദം മൂടും ചെളി നിറഞ്ഞതുമായ വീതികുറഞ്ഞ വീഥികളും.. ഏതുനിമിഷവും എന്തും സംഭവിക്കാം.
കുത്തനെയുള്ള കയറ്റങ്ങളും,ഇറക്കങ്ങളും എന്റെ കാലുകളെ നന്നായി പരീക്ഷിച്ചു. താഴേക്കു നോക്കുമ്പോഴുള്ള ഗ്ലേഷിയർ കിടങ്ങുകൾ പലപ്പോഴും ഭയം സൃഷ്ടിച്ചിരുന്നു…
കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഒരു ചെറിയ വിവരണവുമായി ഞാൻ വരും, വലുതായൊന്നും പ്രതീക്ഷിക്കരുത്.. കാരണം ഞാനൊരു എഴുത്തുകാരനൊന്നുമല്ല… യാത്രയിൽ ഞാൻ കണ്ടതും, അനുഭവിച്ചതുമായ കുറച്ചു കാര്യങ്ങൾ, മൊബൈൽ ക്യാമറയിൽ ഒപ്പിയ കുറച്ചു ചിത്രങ്ങൾ. പങ്കുവെക്കുവാൻ മാത്രം. നാളെയൊരുനാൾ ഇതുപോലൊരു യാത്ര നിങ്ങളെ തേടിവരും.. ഇതിൽ നിന്നും എന്തെങ്കിലും അറിവുകൾ നിങ്ങൾക്കുപകരിക്കുമെങ്കിൽ, എനിക്ക് സഹായിക്കാൻ കഴിയുമെങ്കിൽ അതിലും വലിയ സന്തോഷം വേറെയെന്ത്???
ഞാൻ പറയുന്നു, സാധിക്കുമെങ്കിൽ നിങ്ങളും ഈ യാത്ര ചെയ്യണം.. കേട്ടറിവുകളേക്കാൾ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കാൻ, മറ്റുള്ളവർക്ക് അത് പകർന്നു കൊടുക്കാൻ നിങ്ങൾക്കും കഴിയും. ഞാൻ ഉറപ്പ് തരുന്നു…
by Ratheesh Ramachandran

2019 ഫെബ്രുവരി 2, ശനിയാഴ്‌ച

കാടറിഞ്ഞ്, മനം നിറഞ്ഞ്, കാനന ഭംഗി ആസ്വദിച്ച് 900 കണ്ടി യാത്ര

കാട് കാണണോ… പ്രകൃതിയുടെ സൗന്ദര്യമറിയണോ… പോകാം 900 കണ്ടി കാണാന്‍ ഒരു യാത്ര
ഹാരിസ് പുളിക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചാണ് വയനാട്ടിലെ തൊള്ളായിരം കണ്ടിയെക്കുറിച്ചറിഞ്ഞത് , ചുമ്മാ അതിശയിച്ച് നിൽക്കാനായില്ല.. പോസ്റ്റ് കിട്ടിയത് ശനിയാഴ്ച്ച -
ഞായർ ഒരു പരിപാടിയുമില്ല - പിന്നെ നോക്കിയില്ല
'900 കണ്ടി' കണ്ടിട്ടു തന്നെ കാര്യം !!
കഥകൾ പറഞ്ഞു കേൾക്കാനല്ല കഥയിലെ കഥാപാത്രമാവാൻ.. ഇനിയാരെങ്കിലും ഒരു കഥ പറയുമ്പോൾ എന്റെയും നിങ്ങളുടെയും കഥയും തുന്നിച്ചേർക്കുവാനായി..
കൂട്ടുകാരൻ Shaijal Mhd Km ആണു 900 കണ്ടിയെക്കുറിച്ചുള്ള പോസ്റ്റ് എനിക്ക് ഷെയർ ചെയ്തത്.


യാത്രകളെ നന്നേ ഇഷ്ടപ്പെടുന്ന കൂട്ടുകാരൻ കേരളത്തിലെ ബൈക്ക് റൈഡേഴ്സ് ഗ്രൂപ്പായ RERCയുടെ ഭാരവാഹി കൂടിയാണ്  .
ഞാൻ ഫ്രീയാണെന്നറിയിച്ചതും അര മണിക്കൂറിനുള്ളിൽ വീടിന്റെ മുന്നിൽ ബുള്ളറ്റിന്റെ ശബ്ദം കേട്ടു ..
ആലോചിച്ചു നിന്നില്ല.. ഗൂഗിൾ മാപ്പ് ചുമ്മായൊന്നു നോക്കി.. ഏകദേശം 80-90 കി.മീ..
900 ലക്ഷ്യമാക്കി യാത്ര തുടങ്ങി.. അടിവാരത്തു നിന്നും 2 ബോട്ടിൽ വെള്ളം കയ്യിൽ കരുതി - യാത്രക്കാവശ്യമായ മറ്റൊന്നും കരുതിയിട്ടില്ലെങ്കിലും ക്യാമറ എടുക്കാൻ മറന്നില്ല.
ബാണാസുരയും, കുറുവാ ദ്വീപും, എടക്കൽ ഗുഹയും , പൂക്കോട്ട് തടാകവും പിന്നെ ചായത്തോട്ടവുമായാൽ വയനാട് കഴിഞ്ഞു എന്ന ധാരണയാണു മനസ്സിലുള്ളതെങ്കിൽ അതൊന്നുമല്ല..
പ്രകൃതിയുടെ ഹരിതഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദര ക്കാഴ്ച്ചകൾ നിറഞ്ഞ 900 കണ്ടി വയനാടിന്റെ യഥാർത്ഥമുഖമായിരുന്നു.. !
'ദൈവത്തിന്റെ സ്വന്തം നാടെ'ന്നു പറയാൻ ഇതിൽ പരം വേറെന്തു വേണം..
മേപ്പാടിയിൽ നിന്നും കള്ളാടി കഴിഞ്ഞ് അമ്പതടി മുന്നോട്ട് ചെന്നാൽ വലത്തോട്ട് 900 കണ്ടിയിലേക്കുള്ള ചെറിയ വഴിയിലേക്ക് ബൈക്ക് കയറുമ്പോൾ പരിസരത്തൊന്നും ആരെയും കണ്ടില്ല ..

ആശങ്കകളോടെയാണു കാടു കയറാൻ തുടങ്ങിയതെങ്കിലും ചെല്ലും തോറും പ്രകൃതി ഞങ്ങളെ മാടിവിളിക്കുകയായിരുന്നു..
ബൈക്കിനോ അല്ലെങ്കിൽ ഫോർ വീൽ (4x4) വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴി - ഇരുഭാഗങ്ങളിലും സുന്ദരവനം..
ഇത് വരെ കണ്ടതില്ലാത്ത കാനനക്കാഴ്ചകളിൽ മുഴുകി ഞങ്ങൾ മുന്നോട്ട് നീങ്ങി ...
കാനന സുന്ദരിയെ ക്യാമറയിൽ പകർത്തും നേരം രക്തദാഹികളായ ചിലരെ ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു.. ചിത്രങ്ങൾ പകർത്തി ബൈക്കിൽ കയറുമ്പോഴാണ് അവരെ ശ്രദ്ധയിൽ പെട്ടത് !!
ഒരു തരം നീളത്തിലുള്ള അട്ടകൾ!!! ശ്രദ്ധയിൽ പെടുന്നതിനു മുമ്പേ ആശാന്മാർ കുടി തുടങ്ങിയിരുന്നു; പറിച്ച് കളയാൻ കഴിഞ്ഞില്ല.. ഒരു തീപെട്ടീയോ കത്തിയോ കയ്യിൽ കരുതാത്തത്തിന്റെ വിഷമം തോന്നിയെങ്കിലും.. ബൈക്കിന്റെ സൈലൻസറിൽ ആശാൻമാരെ ഉമ്മ വെപ്പിച്ച് ഷൈജലും ഞാനും തൽകാലം തടിയൂരി ...
തൊള്ളായിരം കണ്ടിയുടെ മുകളിലെത്തിയപ്പോൾ അട്ട ചോര കുടിച്ചാലെന്ത് - ഇത്രയും മനോഹരമായ കാഴ്ച കാണണമെങ്കിൽ അൽപ്പം സഹിക്കണമല്ലോ എന്ന് തോന്നി ..
'ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണെ'ന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ തകർന്നു വീണുകൊണ്ടിരിക്കുന്ന 'ദൈവത്തിന്റെ സ്വന്തം നാടെ'ന്ന വിശേഷണം അങ്ങനെയങ്ങ് തേച്ചു മായ്ച്ചു കളയാനായിട്ടില്ലെന്ന് ഞങ്ങൾക്കു മനസ്സിലായി. അതിശയത്തോടെ ആ കുന്നിൻ മുകളിൽ നിന്ന് ചുറ്റും വീക്ഷിച്ചു ..
കലാകാരന്റെ കാൻവാസിൽ പ്രകൃതിയെ കളറ്കൂട്ടിയാണ് അവർ വരച്ചിരുന്നതെന്ന് എന്റെ മുൻവിധി മാത്രമായിരുന്നു..
ആ കാൻവാസുകളിൽ കണ്ട മഞ്ഞും മലയും മഴയും മരവുമൊക്കെ അതേ പടി ദർശിക്കാൻ പറ്റുമെന്നറിഞ്ഞപ്പോൾ മുൻവിധികളെടുക്കുന്ന എന്റെ സ്വഭാവം ഞാനാ കുന്നിൻ മുകളിൽ നിന്ന് തണുത്ത കാറ്റിൽ പറത്തി..

അന്തം വിട്ട് സമയം പോയതറിഞ്ഞില്ല..
സമയം 6 മണിയോടടുത്തു കാട് അതിന്റെ രൌദ്ര ഭാവം പൂണ്ട് തുടങ്ങിയിരിക്കുന്നു . വന്ന വഴി ദുർഘടമായതിനാൽ അധികം നില്ക്കാതെ ഞങ്ങൾ കുന്നിറങ്ങി .. ഇറങ്ങിയെന്നല്ല ഇറങ്ങേണ്ടി വന്നു.. അട്ടകളെ പോലെ ആനകളെ കൈകാര്യം ചെയ്യാൻ കഴിയില്ലല്ലോ !!
ഒരു കാര്യമുറപ്പ് പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് 900 കണ്ടി കൺകുളിർക്കും കാഴ്ച തന്നെയാകുമെന്നതിൽ സംശയമില്ല.
ചുണ്ടലിൽ നിന്നും മേപ്പാടി സിറ്റിയിൽ വന്ന് സൂജിപാറ റോഡിലെക്ക്‌ തിരിയുക കുറച്ച്‌ ദൂരം വന്നാൽ കള്ളടി മകാം കാണും...അതു കയിഞ്ഞു 100-200 മിറ്ററിന്നു ഉള്ളിൽ ഒരു ചെറിയ പാലം വരും...പാലം കയിഞ്ഞ ഉടനെ വലത്തോട്ട്‌ ഉള്ള വിതി കുറഞ്ഞ ടാറിട്ട റോഡ്‌....ആ ജ്ംഗ്ഷനു അടുത്ത്‌ ഒരു പെട്ടി പീടികയും കാണാം...ഗൂഗിൾ മാപ്പിൽ Kalladi എന്ന് അടിച്ചാൽ ഏകദേശ റൂട്ട്‌ കിട്ടും..അവിടെ നിന്ന് നേരത്തെ പറഞ്ഞ പോലെ മകാം>പാലം> വലത്തോട്ട്‌...
കാനന സുന്ദരിയോട് യാത്ര ചോദിച്ച് ഞങ്ങൾ മടങ്ങി..
"കാടേ ഞങ്ങളിനിയും വരും നിന്നെക്കാണാൻ..
നിൻറെ കൂടെയിരിക്കാൻ "

വരികളും ചിത്രങ്ങളും: Sadaru

കാശ്മീര്‍...ഭൂമിയിലെ സ്വര്‍ഗം തേടിയുള്ള യാത്ര


 ഇൻഡ്യയിലെ ഏറ്റവും മനോഹരമായ സ്ഥലം കാശ്മീർ ആണ് അതിൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല. പക്ഷേ അവിടെ പോകുവാൻ പ്രയാസമാണ്. കാരണം നമ്മൾ ടിക്കറ്റ് ബുക്ക് ചെയ്ത് അവിടെ ചെല്ലുമ്പോഴായിരിക്കും തീവ്രവാദികളുമായി പ്രശ്നം. അപ്പോൾ നമ്മുക്ക് കുറേ സ്ഥലങ്ങളിൽ പോകാൻ സാധിക്കില്ല അപ്പോൾ വേറെ അതുപോലത്തെ ഐസ് വീഴുന്ന ഏതെങ്കിലും സ്ഥലത്ത് പോകാൻ തീരുമാനിച്ചു .അരുണാചലിലെ തവാങ്ങ്, ഉത്തരാഖണ്ഡിലെ ഔലി, ഹിമാചലിലെ മണാലി ഇതൊക്കെയാണ് ഞങ്ങൾ തിരഞ്ഞെടുത്ത സ്ഥലങ്ങൾ അവസാനം പോകാൻ എളുപ്പമുള്ള മണാലി തിരഞ്ഞെടുത്തു. സിസംബർ ജനുവരി ഫെബ്രുവരി ഇതിൽ ഏതെങ്കിലും ഒരു മാസം പോകാൻ തീരുമാനിച്ചു. ദൂരെ യാത്ര ആയതു കൊണ്ട് ഞങ്ങൾ 3 പേരേ ഉണ്ടായിരുന്നുള്ളൂ . 3 മാസം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തു. ഫെബ്രുവരി 8 നാണ് ബുക്ക് ചെയ്തത്.ജനുവരി 7നായിരുന്നു എന്റെ വിവാഹം.കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ഭാര്യയെ വീട്ടിൽ തനിച്ചാക്കി ഞാനും കൂട്ടുകാരും മണാലിയ്ക്ക് യാത്രയായി. 

Image may contain: tree, snow, plant, sky, outdoor and nature

എറണാകുളത്തു നിന്ന് സമ്പർക്ക് ക്രാന്തി ട്രെയിനിൽ ആയിരുന്നു യാത്ര. കൃത്യം അമ്പതു മണിക്കൂറായിരുന്നു യാത്ര. സ്ലീപ്പറിലായിരുന്നു ബഡ്ജറ്റ് കുറവായിരുന്നു. ടെയിനിൽ നല്ല കുറേ അനുഭവങ്ങൾ ഉണ്ടായി. ഉത്തർപ്രദേശിലൂടെ രാത്രിയാത്ര അതി മനോഹരമായിരുന്നു. അസഹ്യമായ തണുപ്പായിരുന്നു. ട്രെയിൻ യാത്രയിൽ പത്താം തിയതി ബുധനാഴ്ച വൈകിട്ട് 4 മണിയ്ക്ക് ഞങ്ങൾ ചണ്ഡീഗഡിലെത്തി. അവിടെ റൂമെടുത്തു അവിടെ നല്ല തണുപ്പായിരുന്നു. റൂമിലെ ആൾ ഞങ്ങൾക്ക് ഷിംലയിലെ റൂമും മണാലിയിലെ റൂമും ഡ്രൈവറേയും റെഡിയാക്കി തന്നു. പിറ്റേ ദിവസം രാവിലെ അഞ്ചരക്കായിരുന്നു കൽക്കയിൽ നിന്നും ഷിംലയ്ക്ക് ടെയിൻ.ചണ്ഡിഗഡിൽ നിന്നും ഇരുപ്പതി യേഴ് കിലോമീറ്ററാണ് കൽക്ക. പിറ്റേ ദിവസം വെളുപ്പിന് മൂന്നു മണിയ്ക്ക് റെയിൽവേ സ്റ്റേഷനിൽ പോയി. ടെയിൻ ലേറ്റ് ആണ്, തലേ ദിവസം പരിചയപ്പെട്ട ഓട്ടോക്കാരനെ വിളിച്ചു പുള്ളിക്കാരൻ അര മണിക്കൂറിനകം വന്നു. ഞങ്ങൾ കൽക്കയിലെത്തി. വളരെ ചെറിയ സ്റ്റേഷനാണ്. കൽക്ക ഹരിയാനയിലാണ്. അവിടേയും ട്രെയിൻ ലേറ്റായിരുന്നു. എട്ടു മണിക്കായിരുന്നു ടെയിൻ പുറപ്പെട്ടത്. തൊണ്ണൂറ്റി ആറ് കിലോമീറ്ററാണ് ദൂരം. അഞ്ചര മണിക്കൂറാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 100 ഗുഹകളിൽ കൂടി ടെയിൻ കടന്നു. ഷിവാലിക് എക്സ്പ്രസ്സ് എന്ന ട്രെയിനിലായിരുന്നു യാത്ര. ബ്രെഡ് ഓം ലൈറ്റും ചായയും തരും. യാത്ര കുറച്ചു ബോറടിപ്പിക്കും. ഉച്ചയ്ക്ക് ഒന്നരക്കാണ് ഷിംലയിലെത്തിയത്. ഉച്ചയ്ക്കും ഭയങ്കര തണുപ്പായിരുന്നു.ഷിംലയിൽ'ഞങ്ങൾ ഡ്രൈവറെ വിളിച്ചു അര മണിക്കൂറിനകം പുള്ളി വന്നു രജനീഷ്, വിളി പേര് ബബ് ലൂ. ആ യാത്രയിലെ മോശം റൂo ഷിംലയിലെയായിരുന്നു കുറേ സ്റ്റെപ്പ് കയറി മുകളിൽ ചെല്ലണം പിന്നെ മുറിയും പോരായിരുന്നു. അപ്പോൾ സമയം മൂന്നു മണിയാകാറായി. ഞാൻ ബബ് ലുവിനോട് ചോദിച്ചു നമ്മുക്ക് ഇന്ന് എവിടെ എങ്കിലും കറങ്ങാൻ പറ്റുമോ?.. വേഗം റെഡി ആകാൻ പറഞ്ഞു . കൂ ഫ്രിയിൽ പോകാം.. ഞാൻ അപ്പോഴാണ് ആ പേര് കേൾക്കുന്നത്!. കൂ ഫ്രി മഞ്ഞു മലയാണ്. ഷിംലയിൽ നിന്നും വെറും 21 കിലോമീറ്ററേയുള്ളൂ. ഞങ്ങൾ പെട്ടെന്ന് റെഡിയായി യാത്ര തുടങ്ങി. യാത്രയിൽ ഞങ്ങൾ ജീവിതത്തിലാദ്യമായി കാണുന്ന കാഴ്ചകളാണ്!. റോഡിന്റെ ഇരുവശത്തുമായി നിറയെ മഞ്ഞുമലകൾ പിന്നെയും യാത്ര തുടർന്നു. അവസാനം കൂ ഫ്രിയിലെത്തി. മുകളിലോട്ട് മുക്കാൽ മണിക്കൂറിന്റെ യാത്രയുണ്ട്, കുതിരപ്പുറത്താണ് യാത്ര. കുതിരയ്ക്കും ഷൂവിനും കൂടി ഒരാൾക്ക് 600 രുപയാണ് വാടക. ഡ്രസ്സ് വേണമെങ്കിൽ ആയിരം രൂപ. ഡ്രസ്സ് വേണ്ട എന്ന് പറഞ്ഞു യാത്രയായി. മുകളിലോട്ടുള്ള റോട്ടിൽ നിറയെ കുതിരയുടെ കാഷ്ടവും ചെളിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. താഴെ വീണാൽ ഒന്നിനും കൊള്ളില്ല. കുതിരക്കാരൻ ഞങ്ങളേയും വലിച്ചുകൊണ്ട് യാത്ര തുടർന്നു. മുക്കാൽ മണിക്കൂറിന് ശേഷം മുകളിലെത്തി. അവിടുത്തെ കാലാവസ്ഥ സഹിക്കാൻ പറ്റില്ല. നല്ല ചൂട്. മാഗിയുംഅകത്താക്കി കുറച്ചു ഫോട്ടോയുമെടുത്തു ഞങ്ങൾ തിരിച്ചിറങ്ങി. തിരിച്ചിറങ്ങുമ്പോൾ പേടി തോന്നും. കുതിര ഇടയ്ക്ക് സ്ലിപ്പ് ആകും. പക്ഷേകുഴപ്പം ഒന്നും കൂടാതെ താഴെ എത്തി. കാൽപാദം തണുത്ത് മരവിച്ചിരിക്കുകയായിരുന്നു. തിരിച്ച് റൂമിലോട്ട് യാത്ര. തുടർന്നു പിറ്റേ ദിവസം മണാലിയിലോട്ട് പോകണം. ഡ്രൈവർ രാവിലെ ഒമ്പതുമണിയ്ക്ക് വരാമെന്ന് പറഞ്ഞു യാത്രയായി. പുളളിയുടെ ഭാര്യ വീട് ഷിംലയാണ്.
Image may contain: outdoor
രാത്രിയിൽ നല്ല തണുപ്പായിരുന്നു. ഭക്ഷണം കഴിക്കാൻ പുറത്തു പോകാൻ എല്ലാവർക്കും മടിയായിരുന്നു. അവസാനം ഞാനും ഒരു കൂട്ടുക്കാരനും പോയി ഫുഡ് പാഴ്സലാക്കി കൊണ്ടുവന്നു ഫുഡ് കഴിച്ചു നേരത്തെ ഉറങ്ങി. പിറ്റേ ദിവസം രാവിലെ ഒമ്പതുമണിയ്ക്ക് യാത്ര പുറപ്പെട്ടു. 267 കിലോമീറ്ററാണ് ദൂരം. റോഡ് മോശവുമല്ല നല്ലതുമല്ല അതാണ് അവസ്ഥ!. ആദ്യം കുറേ കിലോമീറ്ററിൽ ഒരു ഭംഗിയുമില്ലാത്ത സ്ഥലങ്ങളാണ്. ഒരുപാട് സ്ഥലങ്ങളിൽ നിർത്തി ഭക്ഷണം കഴിച്ചു കൂട്ടുകാർ മദ്യം വാങ്ങിയിട്ടുണ്ടായിരുന്നു അത് കഴിക്കാൻ ഡ്രൈവർക്ക് പരിചയമുള്ള ഹോട്ടലുകളിൽ നിറുത്തി.പതുക്കെ യാത്ര തുടർന്നു, കുറേ ദൂരം പിന്നിട്ടപ്പോൾ ഹിമാചലിന്റെ സൗന്ദര്യം പുറത്തു വരാൻ തുടങ്ങി. മലകളും പുഴകളും താണ്ടി യാത്ര തുടർന്നു. ഇപ്പോൾ മണ്ഡി എന്ന ജില്ലയിലൂടെയാണ് യാത്ര ,അടുത്തത് കുളു ജില്ല. കുളു ജില്ലയിലാണ് മണാലി.ഞങ്ങൾ യാത്ര ചെയ്യുന്നതിന്റെ വലതു വശത്തു ഒരു നദി ഒഴുകുന്നുണ്ടായിരുന്നു. ആളുകൾ റിവർ റാഫ്റ്റിംഗ് നടത്തുന്നുണ്ടായിരുന്നു. ഡ്രൈവർ ചോദിച്ചു നിങ്ങൾക്ക് റിവർ റാഫ്റ്റിംഗ് നടത്തണമോ എന്ന്. തിരിച്ചു വരുമ്പോൾ നടത്താമെന്ന് ഞങ്ങൾ പറഞ്ഞു. നമ്മുക്ക് റെയ്റ്റ് ചോദിക്കാമെന്ന് പറഞ്ഞു വണ്ടി നിർത്തി. ഡ്രൈവർക്കു പരിചയമുള്ള ആളാണ് അത് നടത്തുന്നത്. മൂന്നു പേർക്കും കൂടി നാലായിരം രൂപ വേണമെന്ന് പറഞ്ഞു .ഞങ്ങൾ തിരിച്ച് വരുന്ന തിയതി ഫെബ്രുവരി പതിനാലാണ്. അന്നു ഭയങ്കര തിരക്കാണ്ണെന്ന് പറഞ്ഞു. അവസാനം 3500ൽ ഉറിച്ചു. ഞങ്ങൾ ആ പുഴയിലിറങ്ങി കുറച്ചു ഫോട്ടോ എടുത്തു.
Image may contain: snow, tree, outdoor and nature
നല്ല ഉഗ്രൻ കാലാവസ്ഥയായിരുന്നു. തിരിച്ചു വണ്ടിയിലേക്ക് നടന്നു. അപ്പോൾ അയാൾ പറഞ്ഞു നിങ്ങൾക്ക് ഭാഗ്യമുണ്ട് നിങ്ങൾ വന്നത് നല്ല സമയത്താണ് നാളെ മണാലിയിൽ ഐസ്സ് വീഴും. അവർക്ക് നേരത്തെ അറിയിപ്പ് കിട്ടും. ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി. അതിനു വേണ്ടിയാണ് ഇത്രയും ദൂരം വന്നത്!. എല്ലാ ദിവസവും ഐസ്സ് വീഴാറില്ല അതിനു മുൻപ് ഫെബ്രുവരി ആറിനാണ് വീണത് എന്ന് അയാൾ പറഞ്ഞു. അയാളോട് യാത്ര ചോദിച്ചു ഞങ്ങൾ മണാലിയിലോട്ട് യാത്ര തുടർന്നു .പിന്നെ മണാലിയ്ക്ക് മുൻപ് നാലു കിലോമീറ്റർ ഒരു തുരംഗത്തിലൂടെ യാത്രയുണ്ട്. പാറ തുരന്ന് നല്ല വീതിയുള്ള റോഡ്. പോകുന്ന വഴിയിൽ ആപ്പിൾ മരങ്ങൾ ഒരു പാടുണ്ട് പക്ഷേ ഇപ്പോൾ സീസണല്ല. ഇന്ത്യയിൽ കൂടുതൽ ആപ്പിൾ കൃഷി ചെയ്യുന്ന സംസ്ഥാനം ഹിമാചൽ പ്രദേശാണ്. വൈകുന്നേരം ആറരയ്ക്ക് ഞങ്ങൾ മണാലിയിൽ എത്തിചേർന്നു. കുറച്ചു കടകളും ഹോട്ടലുകളുമുള്ള ഒരു ചെറിയ സ്ഥലം. ടൗണിൽ തന്നെയായിരുന്നു ഞങ്ങളുടെ റൂം. വളരെ നല്ല റൂമായിരുന്നു. ഒരു ദിവസം ആയിരം രൂപയായിരുന്നു വാടക. രാത്രിയിൽ തണുപ്പ് അസഹ്യമായിരുന്നു. ഡ്രൈവർക്കു അവിടെയും പരിചയമുണ്ടായിരുന്നു. പുള്ളിയാണ് രാത്രിയിലെ ഫുഡ് ഉണ്ടാക്കി തന്നത്. ഫ്രൈഡ് റൈസും ചപ്പാത്തിയും ചിക്കൻ കറിയും, നല്ല ഭക്ഷണമായിരുന്നു. രാത്രി വൈകിയാണ് ഉറങ്ങിയത്. ഡ്രൈവർ പറഞ്ഞു നാളെ നമുക്ക് സോളം ഗ് വാലി റോഹ്താം ഗ് പാസ്സ് തുടങ്ങിയ സ്ഥലങ്ങളിൽ പോകാമെന്ന്. പിറ്റേന്ന് രാവിലെ ആദ്യം ഉണർന്നത് ഞാനായിരുന്നു. ഞങ്ങ ളു ടെ റൂമിന്റെ ഒരു സൈഡ് ഗ്ലാസ്സായിരുന്നു. കർട്ടൻ മാറ്റി നോക്കിയപ്പോഴുള്ള കാഴ്ച അതി മനോഹരമായിരുന്നു. നിറയെ ആപ്പിൾ മരങ്ങൾ. അതിന് പിറകിലായി മഞ്ഞുമലകൾ. മഞ്ഞു വീണു തുടങ്ങിയിരിക്കുന്നു. ഞാൻ കൂട്ടുക്കാരെ വിളിച്ചുണർത്തി ഞങ്ങൾ റൂമിന്റെ പുറത്തിറങ്ങി. ജീവിതത്തിലാദ്യമായി കാണുന്ന കാഴ്ചയാണ്!. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ വന്നു പറഞ്ഞു വേഗം റെഡി ആകണം സോളങ് വാലിയിൽ ഭയങ്കര ഐസ്സ് വീഴ്ചയാണ് നിങ്ങൾ വേഗം റെഡിയായി ഭക്ഷണം കഴിച്ചു നമുക്ക് അങ്ങോട്ട് പോകണം. വൈകിയാൽ ഐസ്സ് വീണ് റോഡ് ബ്ലോക്കാവും. പെട്ടെന്ന് ഞങ്ങൾ റെഡിയായി കാറിൽ യാത്ര തുടർന്നു. നേരെ മണാലിയിലെ ഒരു ഷോപ്പിൽ പോയി, അവിടെ നിന്നാണ് സോളങ് വാലി പോകുന്ന ആളുകൾക്ക് ഡ്രസ്സും ഷൂവും ഗൈഡിനേയും ശരിയാക്കി തരുന്നത്. ഒരാൾക്ക് ആയിരത്തി അറുനൂറു രൂപയാണ്. ഞങ്ങൾ വിലപേശി പക്ഷേ നോ രക്ഷ. അവസാനം ഗൈഡിനേയും കൂട്ടി ഞങ്ങൾ സോളങ് വാലിയിലോട്ട് യാത്ര തുടർന്നു .കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ വണ്ടി വഴിതിരിച്ചുവിട്ടു. ആ വഴി ഐസ്സ് വീണു കിടക്കുകയാണ് വേറെ വഴി ഞങ്ങൾ യാത തുടങ്ങി. പോകുന്ന വഴിയിലെ കാഴ്ചകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്! ചുറ്റിനും ഐസ്സിന്റെ കൂമ്പാരമാണ്. മണാലിയിൽ നിന്ന് അധികം ദൂരമില്ല സോളം ഗി ലേക്ക് .ഞങ്ങൾ സോളംഗ് എത്തി. വണ്ടി പാർക്കു ചെയ്തു, ഗൈഡിനെ കൂട്ടി ഞങ്ങൾ മുകളിലേക്ക് യാത്രയായി. പാർക്കു ചെയ്ത വണ്ടികളുടെ മുകളിലെല്ലാം ഐസ്സ് വീണുകൊണ്ടിരിക്കയാണ്. ചില വണ്ടികളുടെ ചില ഭാഗങ്ങൾ മാത്രമേ കാണുന്നുള്ളൂ. ആ വണ്ടികളെല്ലാം തലേ ദിവസം പാർക്ക് ചെയ്തതായിരിക്കും. ഞങ്ങൾ ഗൈഡുമായി മുകളിലോട്ട് യാത്രയായി .ഞാൻ വീട്ടിൽ നിന്നും 8 ട്ടീഷർട്ടും 2 ജാക്കറ്റും 2 പാൻറും മാത്രമേ യാത്രയിൽ കൊണ്ടുവന്നുള്ളൂ. അതെല്ലാം ഇട്ടു കൊണ്ടാണ് യാത്ര. താഴെ നിന്നും കുറച്ച് യാത്ര ഉണ്ട് മുകളിലെത്താൻ. പക്ഷേ നടത്തം ഒട്ടും ബോറടിക്കില്ല .നമ്മൾ ഭൂമിയിൽ തന്നെയാണോ എന്ന് തോന്നും അത്രയ്ക്ക് മനോഹരമാണ്! ഞങ്ങൾ മുകളിലെത്തി മുകളിൽ ഭയങ്കര ശക്തിയായി ഐസ്സ് വീണു കൊണ്ടിരിക്കയാണ്. അവിടെ കെട്ടി ഉണ്ടാക്കിയ ചെറിയ ഒരു ചായകട ഉണ്ട്. അവിടെ നിന്നുംചായയും മാഗിനൂഡിൽസും കഴിച്ചു. തണുപ്പിൽ ചൂടു സാധനങ്ങൾ കഴിക്കുമ്പോഴുണ്ടാകുന്ന സുഖം ഒന്നു വേറെ തന്നെ!. ഞങ്ങളുടെ കൈയിൽ ക്യാമറ ഉണ്ടായിരുന്നില്ല. മൊബൈലിലാണ് മുഴുവൻ ഫോട്ടോയുമെടുത്തത് ഒരു 2 മണിക്കൂറിൽ കൂടുതൽ ഞങ്ങൾ അവിടെ ചിലവഴിച്ചു. അവിടെ നിന്ന് തിരികെ പോരാൻ തോന്നില്ല, പറഞ്ഞറിയിക്കാൻ പറ്റാത്ത ഭംഗിയാണ് സോളങ് വാലിക്ക്.
Image may contain: snow, tree, car and outdoor
കുറച്ചു കഴിഞ്ഞപ്പോൾ പ്രായമായ ഒരു സ്ത്രീ ചായയുമായി വന്നു. ഞങ്ങൾ അതു വാങ്ങി കുടിച്ചു. അവരോട് വീട് എവിടെ എന്ന് ചോദിച്ചപ്പോൾ മുകളിലോട്ട് വിരൽ ചൂണ്ടി കാണിച്ചു. അവർക്ക് ഹിന്ദി ശരിക്കും അറിയില്ല എന്നു തോന്നുന്നു. കേരളം അറിയുമോ എന്ന് ചോദിച്ചപ്പോൾ അവർ കേട്ടിട്ട് പോലുമില്ല!. ഗൈ ഡിനെ കൊണ്ട് ഞങ്ങൾ കുറേ ഫോട്ടോഎടുപ്പിച്ചു. ഒരു ചെറിയ പയ്യനായിരുന്നു ഗൈഡ്. അവിടുത്തെ ഭൂരിഭാഗം ആളുകളും വെളുത്തവർ ആയിരിക്കും. അവിടുത്തെ കാലാവസ്ഥ കൊണ്ടാണ്. എവിടെ തിരിഞ്ഞു നോക്കിയാലും മതിവരാത്ത കാഴ്ചകളാണ്. താഴെ ഒരു ചെറിയ അരുവി ഒഴുകുന്നുണ്ടായിരുന്നു. ഏകദേശം ഉച്ചയ്ക്ക് ഒരു മണി ആകാറായെന്ന് തോന്നുന്നു ഗൈഡിന്റെ ഫോണിലോട്ട് ഡ്രൈവറുടെ വിളി വന്നു. നിങ്ങൾ പെട്ടെന്നു തിരിച്ചിറങ്ങണം വണ്ടിയുടെ മുകളിൽ ഐസ്സ് വീണു കൊണ്ടിരിക്കു കയാണ്. പെട്ടെന്ന് വന്നില്ലെങ്കിൽ വണ്ടി എടുക്കാൻ പറ്റില്ല .വണ്ടി ഐസ്സ് വന്നു മൂടും. മനസ്സില്ലാ മനസ്സോടെ ഞങ്ങൾ തിരിച്ചിറങ്ങി. തിരിച്ചു ഞങ്ങൾ വേറൊരു എളുപ്പ വഴിയിൽ കൂടിയാണ് ഇറങ്ങിയത്. ഞങ്ങളുടെ ഭാഗ്യമാണ് ഈ ദിവസം തന്നെ ഇവിടെ വരാൻ സാധിച്ചത്. നാളെ ഞങ്ങൾക്ക് മണാലിയിൽ നിന്ന് ഡൽഹിക്ക് തിരിച്ചു പോകണം. ഒരു ദിവസം മാറിയാൽ ഈ കാഴ്ചകളൊന്നും കാണാൻ സാധിക്കുമായിരുന്നില്ല.ഞങ്ങൾ തിരിച്ചു വണ്ടിക്കരികിലെത്തി, വണ്ടിയുടെ മുകളിലെല്ലാം നിറയെ ഐസ്സാണ്. അതെല്ലാം എടുത്തു മാറ്റി ഞങ്ങൾ യാത്ര തുടർന്നു.. ഇനിയെങ്ങോട്ടാണെന്ന് ചോദിച്ചപ്പോൾ റോഹ്താം ഗ് പാസിൽ പോകാൻ പറ്റില്ല വഴിയെല്ലാം ഐസ്സ് മൂടി കിടക്കുകയാണ് എന്നു പറഞ്ഞു. ഇന്ന് വേറെ എങ്ങും പോകാൻ പറ്റില്ല നാളെ ഹിഡിംബ ടെമ്പിളിൽ പോകാമെന്ന് പറഞ്ഞു. ഭീമന്റെ ഭാര്യയുടെ ക്ഷേത്രമാണ്. ഞങ്ങൾ തിരിച്ചു റൂമിലെത്തി ഭയങ്കര വിഷമം തോന്നി. നാളെ മണാലിയോട് വിട പറയണം. ഇനി ഒരിക്കൽ കൂടി വരുമോയെന്ന് അറിയില്ല. ഇടയ്ക്കിടക്ക് വരാൻ പറ്റുന്ന സ്ഥലമല്ലല്ലോ ആ വിഷമമെല്ലാം ഉള്ളിൽ വെച്ച് അന്ന് കിടന്നുറങ്ങി. പിറ്റേ ദിവസം അതിരാവിലെ എണീറ്റു റൂം വെക്കേറ്റ് ചെയ്തു. ഞങ്ങൾ ഭീമന്റെ ഭാര്യയുടെ അമ്പലത്തിലേക്ക് യാത്രയായി. അഞ്ചു കിലോമീറ്ററിൽ താഴെയുള്ളൂ ദൂരം നല്ല ഭംഗിയുള്ള സാധാരണ കാണാത്ത രീതിയിൽ പണികഴിപ്പിച്ച ഒരു ക്ഷേത്രം. അമ്പലത്തിന് ചുറ്റും കുറേ വണ്ണം കൂടിയ മരങ്ങളുണ്ട്. നല്ല തണുപ്പുണ്ടായിരുന്നു. അമ്പലത്തിന്റെ ഉള്ളിൽ ഞങ്ങൾ കയറിയില്ല. അവിടെ വെച്ചാണ് യാക്ക് എന്ന മൃഗത്തെ കണ്ടത്. ഞങ്ങൾ തിരിച്ചു ച സിഗഡ് വഴി ഡൽഹിയിലോട്ടുയാത്ര തുടർന്നു. എത്ര നോക്കിയിട്ടും രാത്രിയ്ക്കു മുൻപ് ഡൽഹിയിലെത്തിയില്ല. ഒരു രാത്രി ഡ്രൈവറുടെ വീട്ടിൽ തങ്ങി വളരെ നല്ല മനുഷ്യനായിരുന്നു ബബ് ലു. വെറും രണ്ടു മൂന്നു ദിവസം പരിചയമുള്ള മൂന്നു ചെറുപ്പക്കാരെ വീട്ടിൽ താമസിപ്പിച്ചു ഭക്ഷണം തന്നു വളരെ മാന്യനായ ഒരു വ്യക്തിയായിരുന്നു. പുള്ളിയുടെ ഭാര്യയും രണ്ടു ചെറിയ മക്കളും വയസ്സായ അച്ഛനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഞങ്ങൾക്ക് താമ സിക്കാൻ ഒരു മുറി തന്നു. ഹരിയാനയിലെ പിഞ്ചോറിലാണ് പുള്ളിയുടെ വീട്. പിറ്റേ ദിവസം രാവിലെ ഞങ്ങൾ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഡൽഹി കറങ്ങി. എന്തൊരു നഗരം. മതിയായി ബബ് ലു റൂം ശരിയാക്കി തന്നു. 1300 രൂപയായിരുന്നു വാടക. വികാസ് പുരി അവിടെയാണ് താമസിച്ചത്. പിറ്റേ ദിവസം ഫുഡും ഉണ്ടായിരുന്നു. ഡ്രൈവർക്ക് അവിടെ നിന്ന് അമൃത് സർ ഓട്ടം ശരിയായി. പുളളിയുടെ വാടകയും ഒരു ആയിരം രൂപ അധികം നൽകി ഞങ്ങൾ ആഗ്രയിലോട്ട് ബസ്സിന് യാത്രയായി .ഡൽഹിയിൽ നിന്നും മഥുര അവിടെ നിന്നും ആഗ്ര കോട്ട താജ് മഹൽ കറങ്ങി തിരിച്ച് ആഗ്രയിൽ നിന്നും കേരള എക്സ്പ്രസിൽ എറണാകുളം വന്നു.ഒരു പതിമൂന്നു ദിവസമെടുത്തു ഒരാൾക്ക് 18000 രൂപയായി പക്ഷേ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരനുഭവമാണ് മണാലി തന്നത്!. ഞാൻ 18 വർഷം മുൻപാണ് ആദ്യമായി ട്ടൂർ പോകുന്നത് ഞാൻ എല്ലാ യാത്രയും ഡയറിയിൽ എഴുതാറുണ്ട്. മണാലി എന്റെ നൂറ്റി നാലാമത്തെ ട്ടൂ റായിരുന്നു.പക്ഷേ മണാലി കണ്ടപ്പോൾ മറ്റു യാത്രയൊന്നും ഒന്നുമല്ല എന്നൊരു തോന്നൽ. ഇനിയും അതു പോലെ ഒരു യാത്ര പോകാൻ സാധിക്കണേയെന്ന് പ്രാർത്ഥിച്ചു കൊണ്ട്..

വരികളും ചിത്രങ്ങളും:Sajeevkumar ER
Image may contain: snow, tree, plant, outdoor and nature



സിംഗപ്പൂരെന്ന മാസ്മരിക ലോകത്തേക്ക്...

സിംഗപ്പൂരിൽ പോണ കാര്യം പറഞ്ഞാൽ ഒരുമാതിരിപ്പെട്ടവരുടെയൊക്കെ ആദ്യ ഡയലോഗ് ഇങ്ങനെയാണ്, "ചെലവ് കൂടുതലല്ലേ അവിടെ, വെർതേ വേണ്ടാത്ത പണിക്ക് നിക്കണ്ട നീയ്". എന്നാപ്പിന്നെ അതൊന്നറിഞ്ഞിട്ടേയുള്ളൂ ബാക്കി കാര്യമെന്നുറപ്പിച്ചു. ചീപ്പായിട്ടുള്ള എന്റെ ട്രിപ്പ് കണ്ടിട്ട് സിംഗപ്പൂർ ചമ്മിപ്പോവണം.

അഞ്ചിന്റെ പൈസ സേവിങ് ഇല്ലെങ്കിലും മറ്റു പ്രാരാബ്ധങ്ങളൊന്നുമില്ലാതെ തായ്‌ലന്റിൽ കഴിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്ന ഞാൻ സിംഗപ്പൂരിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്കുകൾക്കായി വല വീശി കാത്തിരുന്നു. അവസാനം എയർ ഏഷ്യയെക്കാളും മികച്ച ഓഫറുമായി ഒരു വമ്പൻ സ്രാവ് വലയിൽ വീണു; 'ജെറ്റ്സ്റ്റാർ എയർവെയ്‌സ്'. അങ്ങോട്ടുമിങ്ങോട്ടുംകൂടി വെറും 5000 INR നു മൂന്നു മാസം മുന്നേ ടിക്കറ്റ് എടുത്തുവെച്ച് കൈയും കെട്ടി അക്ഷമനായി ഇരുന്നു ഞാൻ.
യാത്ര തീയതിയുടെ 30 ദിവസം മുൻപ് തൊട്ടിങ്ങോട്ടേ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. 30 സിംഗപ്പൂർ ഡോളറിനു തുല്യമായ പൈസയും സർവീസ് ചാർജുമുൾപ്പെടെ കൊടുത്ത് ബാങ്കോക്കിലെ VFS GLOBAL ഏജൻസി വഴിയാണ് വിസ സാധ്യമായത്. മൂന്നു ദിവസത്തിനുള്ളിൽ വിസ മെയിലിൽ വരുമെന്നാണ് പറഞ്ഞതെങ്കിലും സംഭവം പിറ്റേദിവസം തന്നെ കിട്ടിബോധിച്ചു.

വിസ കണ്ട എന്റെ കണ്ണുതള്ളിപ്പോയി; രണ്ട് വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസ. സ്വപ്നമോ അതോ എംബസിക്ക് പ്രാന്തായതാണോ.. സിംഗപ്പൂർ എംബസിയെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാൻ തോന്നി. രണ്ടാമത് വീണ്ടും സിംഗപ്പൂരിൽ പോകുമോ എന്നുള്ളതൊക്കെ പിന്നീടുള്ള കാര്യം, എന്തായാലും സംഗതി ഉഷാറായി.
സിംഗപ്പൂർ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാൻവേണ്ടി വീക്കെൻഡ് അടുപ്പിച്ചുള്ള 4 ദിവസങ്ങളാണ് നീക്കിവെച്ചിരിക്കുന്നത്. അങ്ങനെ ഏകാന്തയാത്രാപരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വീണ്ടുമൊരു അന്താരാഷ്ട്ര പര്യടനം ബാങ്കോക്കിലെ 'സുവർണഭൂമി എയർപോർട്ടിൽനിന്നും' ദീപശിഖയുമേന്തി പുറപ്പെട്ടു. രണ്ടര മണിക്കൂർ മേഘങ്ങളുമായി മല്ലിട്ട വിമാനം അർധരാത്രിയോടെയാണ്‌ 'സിംഗപ്പൂർ ചാങ്ങി എയർപോർട്ടിൽ' നിലം തൊടുവിച്ചത്.
രണ്ട് വർഷത്തേക്കുള്ള വിസയും ഉയർത്തിപ്പിടിച്ച് നെഞ്ചും വിരിച്ചാണ് ഇമിഗ്രേഷനിലേക്ക് ചെന്നത്. തമിഴാളികളടക്കം ഉണ്ട് ഓഫീസർമാരിൽ. ഇവിടെനിന്നും തുടങ്ങുന്നു സിംഗപ്പൂരും തമിഴ് മക്കളുമായുള്ള ബന്ധം. ഇംഗ്ലീഷ് കൂടാതെ തമിഴ്, ചൈനീസ് എന്നിവയും പ്രാദേശിക ഭാഷയായി ഇവിടെ ഉപയോഗിക്കുന്നുണ്ട്. അപ്പൊത്തന്നെ ഊഹിക്കാമല്ലോ തമിഴിന്റെ സ്വാധീനം ഇവിടെ എത്രത്തോളമാണെന്ന്. ദുബായ് യും മലയാളീസും പോലെതന്നെ അഭേദ്യമായ ബന്ധമാണ് സിംഗപ്പൂരും തമിഴാളീസും തമ്മിലുള്ളത്.
നേരംകെട്ട സമയത്ത് എയർപോർട്ടിൽ എത്തിയതിനാൽ ഏറ്റവും സൗകര്യപ്രദവും വളരെ വിപുലവുമായ സിംഗപ്പൂർ മെട്രോയുടെ ആളുകളൊക്കെ കടപൂട്ടി വീട്ടിൽ പോയിരുന്നു. എവിടെപ്പോയാലും ഏറ്റവും അവസാനത്തെ പിടിവള്ളിയായാണ് ടാക്സി ഉപയോഗിക്കാറ്. സിംഗപ്പൂരിൽ അവിടുത്തെ ചിലവ് വെച്ച് നോക്കുമ്പോൾ ടാക്സികൾ പൊതുവെ അധികം കത്തിയല്ല, ഒന്നിൽക്കൂടുതൽ ആളുണ്ടെങ്കിൽ സിറ്റിയിലൊക്കെ ടാക്സി വിളിച്ചാലും മെട്രോയുടെ പൈസയേ ആവൂ.. മറ്റൊന്ന്; BMW, ബെൻസ്, പോർഷെ തുടങ്ങിയവയ്ക്കുവരെ തുച്ഛമായ നിരക്കേ ഉള്ളൂ എന്നതാണ്. ഓൺലൈൻ (യൂബർ) ടാക്സി ഒക്കെ വിളിച്ചാൽ, സാധാരണ നിരക്കിൽ മുന്തിയ കാറുകൾ വരുന്നത് സ്ഥിരം കാഴ്ചയാണിവിടെ. പക്ഷേങ്കി എയർപോർട്ടീന്ന് ടാസ്‌കി വിളിച്ചാൽ, സംഭവം നമ്മള് ദരിദ്രനാണെങ്കിലും വിമാനത്തിലൊക്കെ വന്നിറങ്ങിയതുകൊണ്ട് എയർപോർട്ട് സർചാർജും, പിന്നെ രാത്രിയാത്രയ്ക്ക് എക്സ്ട്രാ ചാർജുമൊക്കെ കൊടുത്ത് മുടിയും.. അതുകൊണ്ട്, ബുക്ക് ചെയ്ത ഹോസ്റ്റലുമായി യാത്രയ്ക്ക് മുൻപ് നടത്തിയ സൗഹൃദ സംഭാഷണത്തിൽനിന്നും മനസിലാക്കിയതനുസരിച്ച് എയർപോർട്ടിൽനിന്നും 24 മണിക്കൂറും ലഭ്യമായ ഷട്ടിൽ ബസ് കിട്ടുന്നയിടത്തേക്ക് ചെന്നു.
നിശ്ചിത ഇടവേളകളിൽ സർവീസ് നടത്തുന്ന ഷട്ടിലിന്റെ അടുത്ത ടൈമിംഗ് 5 മിനിറ്റിനു ശേഷം ആയിരുന്നു . ഒരാളെങ്കിലും ഉണ്ടെങ്കിൽ ഷട്ടിൽ ബസ്, സർവീസ് നടത്തും. വലുപ്പത്തിൽ ഇത്തിരിക്കുഞ്ഞനായ സിംഗപ്പൂരിലെ ഒരുപിടി ഹോട്ടലുകളും, മറ്റു മുക്കും മൂലയുമുൾപ്പെടെയുള്ള സ്ഥലങ്ങൾ നമുക്ക് പോകേണ്ടയിടമായി കൊടുക്കാം. മറ്റാരും ഇല്ലാരുന്നതിനാൽ വെറും 9 ഡോളർ നിരക്കിൽ ഞാനൊറ്റയ്ക് ഒരു വാനിൽ ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിൽ എത്തിച്ചേർന്നു.
പാതിരാത്രി 3 മണിക്ക് എത്തിയ ഞാൻ, മറ്റ് ലോകസഞ്ചാരികളുൾപ്പെടെയുള്ള ഡോർമെറ്ററി റൂമിലെത്തി മിണ്ടാതെ, ഉരിയാടാതെ എനിക്കായി ഒരുക്കിയിരുന്ന ബെഡിലേക്ക് ചക്ക വെട്ടിയിട്ടപോലെ വീണുകഴിഞ്ഞിരുന്നു..

സിംഗപ്പൂരിലെ താമസ സൗകര്യത്തെക്കുറിച്ച് പറഞ്ഞാൽ, ഫാമിലി ആയിട്ടല്ല പോകുന്നതെങ്കിൽ ഡോർമെറ്ററി ഹോസ്റ്റലുകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. അതെന്തുകൊണ്ടാണെന്ന് വെറുതെ കയറി ഹോട്ടൽ റൂമുകളുടെ നിരക്ക് നോക്കിയാൽ മനസിലാവും. എങ്കിലും, ലിറ്റിൽ ഇന്ത്യ എന്ന സ്ഥലത്ത് താരതമ്യേന കുറഞ്ഞ നിരക്കിൽ റൂമുകൾ ലഭിക്കും.
പിറ്റേന്ന് രാവിലെ കുളിച്ച് കുറി തൊട്ട് റെഡിയായി തൊട്ടടുത്ത ഷോപ്പിൽനിന്നും ഒരു സിംകാർഡും സംഘടിപ്പിച്ച് ഇറങ്ങി. ബൃഹത്തായ പൊതുഗതാഗത സൗകര്യം ലഭ്യമായ സിംഗപ്പൂരിൽ, വിപുലമായ മെട്രോ കൂടാതെ, വാലെ വാലെ പോകുന്ന സിറ്റി ബസ്സുകളും നൽകുന്ന സേവനം ചില്ലറയൊന്നുമല്ല. അത് പറഞ്ഞപ്പഴാ, ചില്ലറയ്ക്ക് ക്ഷാമമൊന്നുമില്ലെങ്കിലും, 'സിംഗപ്പൂർ ടൂറിസ്റ്റ് പാസ്' എന്ന കാർഡ് എടുക്കുകയാണെങ്കിൽ ഈപ്പറഞ്ഞ യാത്രകളിലൊന്നും പൈസ നുള്ളിപ്പെറുക്കാൻ നിക്കണ്ട ആവശ്യമില്ല. ആകെ മൊത്തം പത്തിൽ താഴെ തവണ വല്ലതുമേ മെട്രോയും ബസുമൊക്കെ ഉപയോഗിക്കേണ്ടി വരൂ, അതിനീ കാർഡ് ഒക്കെയെടുത്ത് ആഡംബരമാക്കാതെ സാധാരണക്കാരനായിട്ടാണ് ഞാൻ പോയത്, എന്താ ഒരു സിംപ്ലിസിറ്റി നോക്ക്.. പ്രമാദമായ സിംഗപ്പൂർ യൂണിവേഴ്സൽ സ്റ്റുഡിയോയിലേക്കാണ് ഇന്ന് യാത്ര. ഇവിടംവരെ വന്നിട്ട് ലോകത്ത് വിരലിൽ എണ്ണാവുന്നത്രയും മാത്രമുള്ള യൂണിവേഴ്സൽ സ്റ്റുഡിയോകളിലൊരെണ്ണം കണ്ടില്ലെങ്കിൽ മോശമല്ലേ..

സിംഗപ്പൂരിന്റെ ഏറ്റവും താഴെയായി കശുവണ്ടി പോലെ കാണപ്പെടുന്ന ദ്വീപാണ് സെന്റോസ. നമ്മുടെ യൂണിവേഴ്സൽ സ്റ്റുഡിയോ ഉൾപ്പെടെ, മറ്റു പല ടൂറിസ്റ്റ് ആകർഷണങ്ങളും റിസോർട്ടുകളുമൊക്കെയായി ഒരു കുഞ്ഞ് ഐലൻഡ്..
മെട്രോയിൽ കയറി സെന്റോസ ഐലന്റിന്റെ ഏറ്റവും അടുത്തുള്ള 'ഹാർബർ ഫ്രന്റ്' MRT സ്റ്റേഷനിൽ ഇറങ്ങി ഐലന്റിലേക്ക് പോകാൻ നിരവധി ഓപ്‌ഷനുകളുണ്ട്. അതിൽ ഏറ്റവും എളുപ്പം ഈ 'ഹാർബർ ഫ്രന്റ്' എന്നയിടത്തുനിന്നും സെന്റോസയുടെ അങ്ങേയറ്റം വരെ സർവീസ് നടത്തുന്ന 'മോണോ റെയിൽ' ആണ്. കൂടാതെ ബസ്, കേബിൾ കാർ, സൈക്കിൾ വാടകയ്‌ക്കെടുത്തോ, അതിലുപരി കാഴ്ചകൾ കണ്ട് നടന്നുപോകേണ്ടവർക്ക് അതിനും പ്രത്യേക വഴിയുണ്ട്. സെന്റോസയുടെ തുടക്കത്തിൽത്തന്നെയുള്ള യൂണിവേഴ്സൽ സ്റ്റുഡിയോയിലേക്ക് 1 ഡോളർ നിരക്കിൽ സിറ്റി ബസ്സിൽ കയറിയാണ് ഞാനെത്തിയത്. പക്ഷെ പിന്നീടാണറിഞ്ഞത് അന്നേ ദിവസം മോണോ റെയിൽ ഫ്രീ സർവീസ് ആണ് നടത്തുന്നതെന്ന്. അത് മാത്രമല്ല സെന്റോസയിലേക്ക് കടക്കുന്നതിനു പ്രത്യേകം പാസ് എടുക്കണമെന്ന് മുൻപെവിടെയോ കേട്ടിരുന്നെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല.
രാവിലെ മുതൽ വൈകുന്നേരം വരെ മനസറിഞ്ഞ് ചിലവഴിക്കാനുള്ള വകയുണ്ട് യൂണിവേഴ്സൽ സ്റ്റുഡിയോയിൽ. ആദ്യം തന്നെ പുറത്തുള്ള കറങ്ങുന്ന യൂണിവേഴ്സൽ സ്റ്റുഡിയോ ലോഗോയുടെ മുന്നിൽനിന്നുള്ള ഫോട്ടോ എടുക്കൽ മഹാമഹം ആണ്. സിംഗപ്പൂർ വന്നിട്ടുണ്ടെങ്കിൽ ഇതിന്റെ മുന്നിൽ ഞെളിഞ്ഞ് നിന്നുള്ള ഒരു ഫോട്ടോ, അത് നിർബന്ധാ.. അവിടെനിന്നും ഉള്ളിലേക്കു കയറിയാൽ മറ്റൊരു ലോകത്തേക്ക് എത്താം. ജുറാസിക് പാർക്ക്, ട്രാൻസ്ഫോർമേഴ്‌സ്, മമ്മി റിട്ടേൺസ് തുടങ്ങി മറ്റനേകം സിനിമകളുമായി ബന്ധപ്പെടുത്തിയ ലോകോത്തര നിലവാരമുള്ള ത്രില്ലിംഗ് റൈഡുകൾ, ഷോകൾ, ഇവയുടെയൊക്കെ മിനിയേച്ചറുകൾ, അല്ലാതെയുള്ള നിരവധി ഉപാധികളുമൊക്കെയായി പ്രായഭേദമന്യേ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട വ്യത്യസ്തമായ ഒരിടമാണിത്. പ്രവേശനകവാടത്തിൽനിന്നും ലഭിക്കുന്ന മാപ്പിലെ ടൈമിംഗ് അനുസരിച്ച് പറ്റുന്നത്രയും ഷോകൾ കാണാൻ ശ്രമിച്ചു. യൂണിവേഴ്സൽ സ്റുഡിയോയിലേക് വേണ്ടിയുള്ള ടിപ്പ് എന്താണെന്ന് വെച്ചാൽ, റൈഡുകളിൽ കയറാനുള്ള ക്യൂ തിരക്കനുസരിച്ച് കുറെയധികം സമയമെടുക്കും. ക്യൂവിന്റെ ഒരു സൈഡിലായി 'സോളോ റൈഡർ' എന്നൊരു പ്രത്യേക വഴിയുണ്ട്, അതുവഴി ഏറ്റവും മുമ്പിലെത്തിയാൽ ഗ്രൂപ്പായിട്ട് ഉള്ളവർ കയറിക്കഴിഞ്ഞ് അധികം വരുന്ന ഒന്നോ രണ്ടോ സീറ്റിൽ നേരെ ചാടിക്കയറിയിരിക്കാം, സിമ്പിൾ. ഈ പരുപാടി എനിക്ക് ഇശ്ശി അങ്ങട് പിടിച്ചു. എന്തോരം സമയം ലാഭിച്ചു, ക്യൂവും നിന്ന് പണ്ടാരമടങ്ങിയില്ല.

വൈകിട്ടോടെ അവിടുന്നിറങ്ങി അതിന്റെ മുൻപിൽ തന്നെയുള്ള 'Water front' എന്ന കടലിനോട് ചേർന്ന സ്ഥലത്തു നിന്ന് ലേശം ഇളം കാറ്റ് കൊണ്ടു.. ഇവിടെ നിന്നാൽ സെന്റോസയിലേക്കുള്ള കേബിൾ കാർ കടന്നുപോകുന്നതും കപ്പൽ പോർട്ടുമെല്ലാം കാണാം. വമ്പനൊരു ക്രൂയിസ് കപ്പൽ നങ്കൂരമിട്ട് കിടപ്പുണ്ടായിരുന്നു. ടൈറ്റാനിക്കിലെപ്പോലെ, കപ്പലിന്റെ ഡെക്കിൽ പാടത്ത് കോലം കുത്തിയമാതിരി റോസ് മോളോടൊപ്പം നിൽക്കുന്നത് ഒരു മിന്നായംപോലെ മനസിലൂടെ ഓടിച്ച് കൊണ്ടോയി; ഒരു മനസുഖം..
ഇനി സെന്റോസയുടെ അങ്ങേയറ്റം വരെയൊന്ന് പോകണം, രാത്രിയുള്ള വിശ്വവിഖ്യാതമായ ഒരു ലേസർ ഷോ കാണണം, തിരിച്ച് റൂമിൽ പോണം.. കേബിൾ കാറിൽ സെന്റോസയുടെ അങ്ങേയറ്റംവരെ പോയാലോ എന്ന് ചിന്തിച്ചു. കേബിൾ കാർ വളരെ ഉയരത്തിൽക്കൂടി പോകുന്നതിനാൽ സിംഗപ്പൂരിന്റെ കാഴ്ചകളൊക്കെ ഒരുവിധം കാണാം. പക്ഷെ കേബിൾ കാറിൽ മുൻപ് ഹോങ്കോങ്ങിൽ കയറിയിട്ടുള്ളതിനാലും, സിംഗപ്പൂർ മുഴുവൻ കാണാൻ വരുംദിവസങ്ങളിൽ വേറെ രണ്ട് സാധനങ്ങളിൽ വലിഞ്ഞ് കയറാനുള്ളതുകൊണ്ടും പ്ലാൻ മാറ്റി. അങ്ങനെ മിടുക്കനായിട്ട്, ഫ്രീയായി ഓടുന്ന മോണോ റെയിലിൽ പോകാൻ ധാരണയായി. ഓസിനു കിട്ടുന്ന ആസിഡുവരെ കുടിക്കണമെന്നാണല്ലോ നിയമം. ഫ്രീ യാത്ര ആസ്വദിച്ച് പോകുന്ന വഴിക്കാണ് വലിയൊരു പ്രതിമ ശ്രദ്ധയിൽപ്പെട്ടത്. അപ്പൊത്തന്നെ ആ സ്റ്റേഷനിൽ ചാടിയിറങ്ങി. ചെന്നപ്പോ എന്താ സംഭവംന്ന് വെച്ചിട്ടാ.. സിംഗപ്പൂരിന്റെ ചൈതന്യം വിളിച്ചോതുന്ന അവരുടെ ദേശീയ ചിഹ്നമാണ് സിംഹത്തിന്റെ തലയും മത്സ്യത്തിന്റെ ഉടലും ചേർന്ന 'മെർലയൺ' എന്ന രൂപം. 'മെർലയൺ പാർക്ക്' എന്നയിടത്തുള്ള ഇതിന്റെ ഒറിജിനൽ സ്റ്റാച്യുവിന്റെ ഒരു വലിയ രൂപമാണ് 'സെന്റോസ മെർലയൺ' എന്ന ഈ ഘടാഘടിയൻ പ്രതിമ. 37 മീറ്റർ ഉയരമുള്ള ഇതിന്റെ ഉള്ളിൽ ചരിത്രപരമായ കുറച്ച് വിവരങ്ങളും, ഏറ്റവും മുകളിൽ കയറി സെന്റോസ ദ്വീപിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാനുള്ള വകയും ഉണ്ട്.

വളരെ ശാന്തമായ, മനസിന് കുളിർമയേകുന്ന ഒരു പ്രത്യേകതരം അന്തരീക്ഷമാണ് സെന്റോസയിലുടനീളം ഉള്ളത്. സെന്റോസ മെർലയണിനു അരികിലായുള്ള ഒരു മനോഹരമായ കൃത്രിമ വെള്ളച്ചാട്ടവും അതിനോട് ചേർന്ന് കടന്നുപോകുന്ന മോണോ റെയിലിന്റെയുമെല്ലാം ഫോട്ടോകൾ ക്യാമറയിൽ പകർത്തി അടുത്ത ട്രെയിനിൽ കയറി ഐലന്റിന്റെ അങ്ങേയറ്റത്ത് എത്തി. മനോഹരങ്ങളായ കടൽത്തീരങ്ങൾ ആസ്വദിക്കേണ്ടവർക്ക് പറ്റിയ ഹൃദ്യമായ ബീച്ചുകളുണ്ടിവിടെ. അതിന്റെയൊക്കെ കുറച്ചിങ്ങോട്ട് മാറിയാണ് 'Wings of Time'എന്നറിയപ്പെടുന്ന ലേസർ ഷോ നടക്കുന്നത്. ഇരുട്ട് വീണതിനുശേഷം രണ്ട് ഷോകളാണ് ദിവസേന ഉള്ളത്. നമ്മള് വിചാരിക്കുന്നപോലെ അങ്ങനെ ആപ്പ ഊപ്പ ഷോ ഒന്നുമല്ലിത്. കടലിനഭിമുഖമായി ഇരുന്ന് കടലിൽ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിൽ 3D സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ച് നൂതനമായ രീതിയിൽ നയനമനോഹരമായ ലേസർ ഷോയും അതിന് അകമ്പടിയായി നമ്മുടെ തൊട്ടുമുന്നിൽ ഉൾപ്പെടെയുള്ള കരിമരുന്ന് പ്രയോഗങ്ങളും മാറ്റ് കൂട്ടുന്നു. അര മണിക്കൂറോളം നീണ്ട് നിന്ന ഷോ കണ്ട് ചിഞ്ചിലപുളകിതനായി തിരിച്ച് ഹോസ്റ്റലിലേക്ക് പോയി.

ചിന്നിച്ചിതറിക്കിടക്കുന്ന ഇന്തോനേഷ്യയിലെ വഴിതെറ്റിവന്ന ഒരു ചെറുദ്വീപ് സിംഗപ്പൂരിന് തൊട്ടടുത്ത് കിടപ്പുണ്ട്; 'ബാതാം ഐലൻഡ്'. സിംഗപ്പൂരിൽനിന്നും ഒരു മണിക്കൂർ ഫെറി യാത്രയേ വേണ്ടൂ. കഴിഞ്ഞ മാസം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ഒരു കറക്കം കഴിഞ്ഞതാണ്, എന്നിരുന്നാലും ഇന്തോനേഷ്യയിൽ നമുക്ക് ഫ്രീ വിസ ആയതുകൊണ്ടും, സിംഗപ്പൂരിലെ മൾട്ടിപ്പിൾ എൻട്രി വിസ മുതലാക്കുക, സർവോപരി പുതിയൊരു മേച്ചിൽപ്പുറംകൂടി കീഴടക്കുക തുടങ്ങിയ ദുരുദ്ദേശങ്ങളോടെ അടുത്ത ദിവസത്തേക്ക് ചുരുങ്ങിയ പൈസയ്ക്ക് ഒരു ബാതാം ഐലൻഡ് ട്രിപ്പ് ഒപ്പിച്ചെടുത്തു. പൊതുവെ പാക്കേജ് ടൂറുകളോട് തീരെ താല്പര്യമില്ലാത്ത ഞാൻ ഒരു ചേഞ്ചിന് പാക്കേജ് എടുത്താണ് പോയത്. അങ്ങോട്ടുമിങ്ങോട്ടും ഫെറി, സിറ്റി ടൂർ, സീഫുഡ് ലഞ്ച് എന്നിവയുൾപ്പെടെ വെറും 50 സിംഗപ്പൂർ ഡോളർ (2300 INR) മാത്രമാണ് ആയത്. കാര്യമായിട്ട് ആകർഷണങ്ങളൊന്നുമില്ലെങ്കിലും ഹരിതാഭയും പച്ചപ്പും വേണ്ടുവോളം നിറഞ്ഞ ബാതാമിൽ മേമ്പൊടിയായി ചന്നംപിന്നം മഴയുംകൂടി ആയതോടെ പ്രത്യേക അനൂഭൂതിയായിത്തീർന്നു യാത്ര.
കണ്ണുകളെ കബളിപ്പിക്കുന്ന തരത്തിൽ ഫോട്ടോകളെടുക്കാൻ പാകത്തിനുള്ള ഒരു മ്യുസിയവും (Trick Eye Museum), പിന്നെയൊരു ചൈനീസ് ക്ഷേത്രവും, ചീപ്പായി ഷോപ്പിംഗ് നടത്താൻ പറ്റിയ മാളുകളും ഷോപ്പുകളുമൊക്കെയായിരുന്നു പ്രധാനം. ഞാനീ കൊടുത്ത പൈസയുടെ മുക്കാൽഭാഗത്തോളം മുതലാക്കാൻ പറ്റിയ നല്ലൊന്നാന്തരം എണ്ണിയാലൊടുങ്ങാത്ത കടൽവിഭവങ്ങളോടുകൂടിയ ഉച്ചഭക്ഷണം വയറിനോടൊപ്പം മനസും നിറച്ചു.
ആവേശോജ്വലമായ ട്രിപ്പിന്റെ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ സിംഗപ്പൂരെന്ന ചിപ്പിക്കുള്ളിൽ ഒളിച്ചിരിക്കുന്ന നഗരക്കാഴ്ചകളെ തൊട്ടറിയുവാൻ വേണ്ടിയുള്ള പ്രയാണമായിരുന്നു. ടൂറിസ്റ്റുകൾക്കായുള്ള ഓപ്പൺ ബസിന്റെ ഒരു ദിവസ പാസ്സ് സംഘടിപ്പിച്ച് സിറ്റിയുടെ അകക്കാഴ്ചകളിലേക്ക് ഊളിയിട്ടു. ഓരോ മണിക്കൂർ ഇടവിട്ട് രണ്ട് വ്യത്യസ്ത റൂട്ടുകളിലായി ഓടുന്ന ബസ്സുകളിൽ വൈകുന്നേരം വരെ കയറിയിറങ്ങിക്കളിക്കാം. ലിറ്റിൽ ഇന്ത്യ, ചൈന ടൌൺ, മാരിയമ്മൻ ടെമ്പിൾ, മെർലയൺ പാർക്ക്, മറീന ബേ സാൻഡ്, ബൊട്ടാണിക്കൽ ഗാർഡൻ, സിംഗപ്പൂർ ഫ്ളയർ തുടങ്ങി ഒരു ഡസനിൽക്കൂടുതൽ ആകർഷണങ്ങളെയെല്ലാം ബന്ധിപ്പിച്ചാണ് പ്രസ്തുത ബസ്സുകൾ കടന്നുപോകുന്നത്. പക്ഷെ ഇവയെല്ലാം ഇറങ്ങിക്കാണുകയും ഒപ്പം ബസ്സിൽ സിറ്റി കറങ്ങുകയുംകൂടി വേണമെങ്കിൽ ഒരു ദിവസമൊന്നും പോരാതെവരും. അതുകൊണ്ട് മനുഷ്യന് അത്യാവശ്യം വേണ്ട സാധനമായ ഭക്ഷണം കഴിക്കുന്നതിനു നാടൻ ഊണ് തേടി ലിറ്റിൽ ഇന്ത്യയിലും, പിന്നെ സിംഗപ്പൂർ ഫ്ലയർ എന്ന സാധനത്തുമ്മേൽ കേറാനും മാത്രമാണ് വൈകുന്നേരത്തോടെ സർവീസ് നിർത്തുന്ന ഓപ്പൺ ബസ് ടൂറിനിടയ്ക്ക് പ്ലാൻ ചെയ്തത്..

ഭീമാകാരനായ ഒരു ആകാശത്തൊട്ടിൽ ആണ് സിംഗപ്പൂർ ഫ്ളയർ. ആകാശത്തൊട്ടിൽ എന്നതിനുപകരം ഒരു സപ്രമഞ്ചക്കട്ടിൽ എന്ന് വിളിക്കാനാണെനിക്ക് തോന്നിയത്. കാരണം 10-12 പേർക്കോളം ഇരിക്കുവോ, നിൽക്കുവോ, ഇനിയിപ്പോ ഫുട്ബോള് കളിക്കാൻവരെ സ്ഥലമുള്ള വിശാലമായ ശീതികരിച്ച ക്യാബിനിൽ മുക്കാൽ മണിക്കൂറോളം സമയമെടുത്ത് സാവധാനം കറങ്ങിയാണ് സിംഗപ്പൂരിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളെ കൈപ്പിടിക്കുള്ളിലേക്ക് ഒതുക്കിത്തരുന്നത്. ഏതു വശത്ത് നിന്ന് ഫോട്ടോകളെടുക്കും എന്നത് മാത്രമായിരുന്നു പ്രധാന വെല്ലുവിളി. ചില കാബിനുകൾ ഭക്ഷണം കഴിച്ചുകൊണ്ട് കാഴ്ചകൾ കാണുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.
ഇത്രയധികം കെട്ടിടങ്ങൾ ഈ ഇട്ടാവട്ട സ്ഥലത്തുണ്ടായിട്ടും എവിടെനോക്കിയാലും പച്ചപ്പ് കാണാമെന്നതാണ് സിംഗപ്പൂരിന്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മളൊക്കെ കാടുകൾ വെട്ടിതെളിച്ച് സൗധങ്ങൾ പണിഞ്ഞ്‍കൂട്ടുമ്പോൾ സിംഗപ്പൂരിൽ മരം വെയ്ക്കാൻ ഒരു ഗ്യാപ് തേടി അവർ അലയുകയാണ്. റോഡുകളുടെയൊക്കെ വശങ്ങളിലെല്ലാം ഉള്ളത് പോരാതെ പലയിടത്തും നടുക്കൂടിയുള്ള മീഡിയനിലുൾപ്പെടെ തുരുതുരാ മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുകയാണ്. ഫലമോ, എല്ലാ ദിവസവും ഉച്ചക്കുശേഷം സ്നേഹവർഷം ചൊരിഞ്ഞുകൊണ്ട് കുറച്ചെങ്കിലും മഴ പെയ്തിരിക്കും ഇവിടെ. ഓപ്പൺ ബസ് ടൂറിനിടയ്ക്ക് മഴ കുറച്ച് നേരം രസംകൊല്ലിയായെങ്കിലും മൊത്തത്തിൽ സിംഗപ്പൂരിനോട് കൈവന്ന പ്രണയം മൂലം അതും ആസ്വദിച്ചു.

അന്നേദിവസം സന്ധ്യയോടെ റൂമിൽ തിരിച്ചെത്തി, താമസ സ്ഥലമായ ലിറ്റിൽ ഇന്ത്യയിലെ തെരുവുകളിൽ ഒന്ന് ഉലാത്താനിറങ്ങി. ദോഷം പറയരുതല്ലോ, ഈ ദിവസങ്ങളിലത്രയും പോക്കറ്റ് കാലിയാക്കാതെ കുത്തരിച്ചോറിന്റെ ഊണ് ഉൾപ്പെടെയുള്ളവ തന്നതിന് ലിറ്റിൽ ഇന്ത്യയോട് വളരേ കടപ്പെട്ടിരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഒരു കുഞ്ഞ് ഇന്ത്യയെ നമുക്കിവിടെ ദർശിക്കാം. വൃത്തിയുടെ കാര്യത്തിൽ ലോകോത്തരനിലവാരമുള്ള സിംഗപ്പൂരിൽ ലിറ്റിൽ ഇന്ത്യയുടെ കാര്യവും മറിച്ചൊന്നുമല്ല. അണ്ണന്മാരാണ് (തമിഴ് ബ്രോസ്) ഇവിടെ ഭൂരിഭാഗവും എന്നുള്ളത് വൃത്തിയുടെ കാര്യത്തിൽ സംശയമുളവാക്കുമെങ്കിലും സിംഗപ്പൂരിൽ വൃത്തിയുടെ കാര്യത്തിൽ ഏത് നാട്ടുകാരാണെങ്കിലും യാതൊരു വിട്ടുവീഴ്ചയുമില്ല. നമ്മുടെ അയൽ"രാജ്യ"മായ തമിഴ്നാട്ടിലെ വൃത്തിഹീനമായ ചുറ്റുപാടുകൾ ഒന്ന് സ്മരിച്ചുപോയി. നാട്ടീന്ന് അണ്ണന്മാരെയെല്ലാംകൂടി ഒരാഴ്ച സിംഗപ്പൂർ കൊണ്ട് താമസിപ്പിച്ചിട്ട് തിരിച്ച് കൊണ്ടുവിടണം എന്നാണ് എന്റെയൊരിത്. ഇവിടെത്തന്നെ ലിറ്റിൽ ഇന്ത്യ ആർക്കേഡ് എന്ന ബിൽഡിങ്; ട്രഡീഷണൽ ഇന്ത്യൻ വസ്തുവകകൾ, വസ്ത്രങ്ങൾ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഒരു ശേഖരമാണ്. കൂടാതെ ഒരു മ്യൂസിയവും (Indian Heritage centre) ഇതിനടുത്ത് പ്രവർത്തിക്കുന്നു. രാത്രിയാവുന്നതോടെ ജനനിബിഡമാണ് ലിറ്റിൽ ഇന്ത്യയിലെ തെരുവുകൾ. നാട്ടിലെ നാലാള് കൂടുന്നിടത്തെപ്പോലെ അലമ്പൊന്നുമില്ലാത്തത് സമാധാനം. രാത്രിയിൽ സജീവമായ മാർക്കെറ്റുകൾ, കൂടാതെ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന, ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭ്യമായ ഇന്ത്യക്കാരുടെ കണ്ണിലുണ്ണി 'മുസ്തഫ ഷോപ്പിംഗ് മാൾ' ഇവയൊക്കെയാണ് ലിറ്റിൽ ഇന്ത്യയിലെ മറ്റു പ്രധാന കാഴ്ചകൾ.
ഇലക്ട്രോണിക് വസ്തുവകകൾ, മറ്റ് സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഷോപ്പിംഗ് പറുദീസയാണ് സിംഗപ്പൂർ. ഷോപ്പിംഗ് എന്ന വാക്കേ എന്റെ ഡിക്ഷ്ണറിയിൽ ഇല്ലാത്തതിനാൽ എല്ലാത്തിനോടും ചിരിച്ച് കാണിച്ച് നടന്നകന്നത് മാത്രം ഓർമയുണ്ട്.

സിംഗപ്പൂരിനോട് വിട പറയേണ്ട അവസാന ദിവസം രാവിലെയോടെ ചെക്ക്‌ഔട്ട് ചെയ്ത് ഇറങ്ങി. 'മറീന ബേ സാൻഡ്' എന്ന, അടുത്തടുത്തായുള്ള 3 യമണ്ടൻ ബിൽഡിങ്ങുകളോടുകൂടിയ ഏറ്റവും വലിയ ഹോട്ടലിലേക്കാണ് പോകുന്നത്, വിശാലമായ കാസിനോയും അത്യാഢംബര റൂമുകളോടും കൂടിയ സിംഗപ്പൂരിലെ ഏറ്റവും ചിലവേറിയ പ്രൗഢ മന്ദിരത്തിലേക്ക് ഈ പാവപ്പെട്ടവന് എന്ത് കാര്യം എന്നല്ലേ.
3 കാലിൽ കുത്തി നിർത്തിയിരിക്കുന്ന വള്ളം പോലെ, ഈ കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏറ്റവും മുകളിൽ പണിതിരിക്കുന്ന വിസ്മയമാണ് 'സാൻഡ്‌സ് സ്കൈ പാർക്ക്'. ലോകത്തിനു തന്നെ അത്ഭുദമായി മാനം മുട്ടെയുള്ള കെട്ടിടത്തിന്റെ മുകളിലുള്ള വിശാലമായ സ്‌കൈ പാർക്, വലിയൊരു നീന്തൽക്കുളവും വൃക്ഷങ്ങളുമൊക്കെയായി അന്തംവിട്ടുപോകുന്ന നിർമിതിയാണ്. നീന്തൽക്കുളവും മറ്റു സൗകര്യങ്ങളുമെല്ലാം അവിടെ റൂമെടുക്കുന്നവർക്ക് മാത്രമാണെങ്കിലും, ഇതിന്റെയൊക്കെ ഒരു ഭാഗം ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുക്കുന്നതിനു കാണിച്ച മനസിന് മുന്നിൽ ശിരസു നമിക്കുന്നു.. സിംഗപ്പൂരിൽ ഒരുമാതിരി എവിടെനിന്നാലും കാണാൻ സാധിക്കുന്ന തലയെടുപ്പോടെയുള്ള ഇതിന്റെ മുകളിൽ കയറി നിൽക്കുമ്പോഴുള്ള കാഴ്ചകൾ തീർത്തും വർണനാതീതമാണെന്ന് എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്നെനിക്കറിയില്ല. സ്വർഗ്ഗലോകത്തിരുന്ന് ഭൂമിയെ നോക്കിക്കാണുന്ന പ്രതീതിയിൽ വെയിലിന്റെ കാഠിന്യം പോലും വകവെയ്ക്കാതെ എത്ര സമയം അതിന്റെ മുകളിൽ ചിലവഴിച്ചു എന്നതിന് കണക്കില്ല. നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഇരുട്ടുവീണതിനുശേഷം ഇവിടെനിന്നുള്ള കാഴ്ചയും സ്വപ്നതുല്യമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുകളിൽനിന്നും നോക്കിയാൽ വളരെ അടുത്ത് കാണാവുന്ന 'ഗാർഡൻസ് ബൈ ദി ബേ' എന്ന നേച്ചർ പാർക്കിലെ രാത്രികാഴ്ച അതിമനോഹരമാണ്. ഉച്ചയ്ക്കുശേഷം എയർപോർട്ടിലേക്ക് പോകേണ്ടതുകൊണ്ട് മനസില്ലാമനസോടെ അവിടെനിന്നും ഇറങ്ങേണ്ടിവന്നു.

അവിടെനിന്നും ഇറങ്ങി ആ ചുറ്റുവട്ടത്തുതന്നെ നിരവധി സംഭവങ്ങളുണ്ട്. സിംഗപ്പൂർ നദിയിലേക്ക് വെള്ളം ചീറ്റിക്കൊണ്ട് ഗാംഭീര്യത്തോടെ നിലകൊള്ളുന്ന സിംഗപ്പൂർ മെർലയൺ ആണ് ഇതിന്റെയൊക്കെ തലതൊട്ടപ്പൻ. കൂടാതെ താമരയുടെ ആകൃതിയിൽ നിർമിച്ച കെട്ടിടത്തിനുള്ളിലെ ആർട്സ് & സയൻസ് മ്യൂസിയം, വ്യത്യസ്ത നിർമിതികൊണ്ട് ഒറ്റനോട്ടത്തിൽ ആകർഷിക്കുന്ന എസ്പ്ലനേഡ് തീയേറ്റർ, ആർട്സ് ഹൌസ്, വിക്ടോറിയ മെമ്മോറിയൽ ഹാൾ, ഏഷ്യൻ സിവിലൈസേഷൻ മ്യൂസിയം, സുപ്രീം കോർട്ട്, സിംഗപ്പൂർ പാർലിമെന്റ് തുടങ്ങിയവയൊക്കെ അതിഭീകരമായ നടത്തത്തിലൂടെ ഒരുനോക്ക് കണ്ട് ചിത്രങ്ങളും പകർത്തി പോന്നു. എല്ലാ തരത്തിലുള്ള വിനോദോപാധികളും, ത്രസിപ്പിക്കുന്ന കാഴ്ചകളുമൊക്കെയായി സിംഗപ്പൂർ ഏതൊരു സഞ്ചാരിയുടെയും മനം കവരും. തീർച്ചയായും പോയിരിക്കേണ്ടവയുടെ ലിസ്റ്റിൽ ഉള്ള 'ജുറോങ് ബേർഡ്‌സ് പാർക്ക്', നൈറ്റ് സഫാരി എന്നിവയ്ക് പോകാഞ്ഞത്, മുൻപ് മറ്റു സ്ഥലങ്ങളലിൽ സമാന സംഭവങ്ങൾ കണ്ടിട്ടുള്ളതിനാലാണ്. അതുപോലെതന്നെ വെള്ളത്തിലും കരയിലും ഒരുപോലെ ഓടുന്ന വണ്ടിയിലുള്ള വ്യത്യസ്തമായ ഒരനുഭവമായ 'ഡക്ക് ടൂർ' പറ്റുമെങ്കിൽ നടത്തേണ്ടതാണ്. ഈ ഇത്തിരിപ്പോന്ന സ്ഥലത്ത് ഇനിയും എണ്ണിയാലൊടുങ്ങാത്ത വിനോദോപാധികൾ ഉണ്ടെങ്കിലും സമയപരിധി കാരണം അവയ്‌ക്കെല്ലാം താൽക്കാലിക വിരാമമിട്ടുകൊണ്ട് ഉച്ചയ്ക്കുശേഷം നേരെ എയർപോർട്ടിലേക്ക്..
സിംഗപ്പൂരിനെ വിട്ടുപിരിയാൻ നല്ല സങ്കടമുണ്ടെങ്കിലും, രണ്ട് വർഷം തോന്നിയപോലെ സിംഗപ്പൂരിൽ കേറിയിറങ്ങി നിരങ്ങാനുള്ള വിസ കൈവശമുള്ള ഞാൻ എന്തിനു സങ്കടപ്പെടണം.. അതുകൊണ്ട് സന്തോഷത്തോടെതന്നെ സിംഗപ്പൂരിലെ ഹൃദയഹാരിയായ നിമിഷങ്ങളെ മനസ്സാവഹിച്ചുകൊണ്ട് തിരിച്ച് തായ്‌ലന്റിലേക്ക് പറന്നു..
ശുഭം.
എല്ലാവർക്കും നന്ദി.
ശ്രീഹരി.
********************************************************************
NB:- വളരെ ചീപ്പായിട്ട് അട്ട്രാക്ഷനുകളുടെ ടിക്കെറ്റുകൾwww.klook.com വഴിയാണ് ബുക്ക് ചെയ്തത്. സിംഗപ്പൂർ കൂടാതെ മറ്റു സ്ഥലങ്ങളിലേക്കും അത്യന്തം പ്രയോജനകരമായ സൈറ്റ് ആണിത് (ആപ്പ്ളിക്കേഷനും ഉണ്ട്)..
ഇരുപത്തി അയ്യായിരത്തോളം INR ആണ് മൊത്തം ട്രിപ്പിന് ചെലവായത് (ഫ്‌ളൈറ്റ് ടിക്കറ്റ് കൂടാതെ).
സമയമുണ്ടെങ്കിൽ ഫോട്ടോകളും കൂടി കണ്ടിട്ട് പോകുമെല്ലോ..