2019 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

കാസിൽ റോക്കും ദൂത് സാഗറും


അനവധി നിരവധി ടണലുകൾ കടന്നു പോകുന്ന കൊങ്കൺ പാത, അവയ്ക്കിരുവശവും തലയുയർത്തി പശ്ചിമഘട്ട മലനിരകളും നിബിഡവനവും ഇവയ്കിടയിലെവിടെയോ ആണ് പാൽ ചുര പടർത്തി സഞ്ചാരികളുടെ മനം മയക്കുന്ന ദൂത് സാഗർ വെള്ളച്ചാട്ടം.
പശ്ചിമഘട്ടത്തിലെ ഈ സുന്ദരിയെ കാണാൻ പോകുക അത്ര എളുപ്പമല്ല.
രണ്ട് മൂന്ന് വർഷം കൊണ്ട് മനസ്സിൽ താലോലിക്കുന്ന മോഹമാണിത്. മുൻപ് സുഹൃത്തുക്കളിൽ പലരും പോയിട്ടുണ്ടെങ്കിലും ഇന്ന് അവിടേക്ക് അത്ര പെട്ടെന്ന് എത്തിച്ചേരാൻ പറ്റില്ല.


പശ്ചിമഘട്ടത്തിലെ ഭഗവാൻ മഹാവീർ നാഷണൽ പാർക്കിലും മൊള്ളോം നാഷണൽ പാർക്കിലുമായാണ് പാൽക്കടൽ സ്ഥിതി ചെയ്യുന്നത്. മഡ്ഗോൺ - ബൽഗാവി റെയിൽ റൂട്ടിൽ മഡ് ഗോൺ നിന്ന് 46 km കിഴകും ബൽഗാവി നിന്നും 80 km ദൂരമുണ്ട് പാൽ ചുര പടർത്തി വീഴുന്ന ദൂത് സാഗറിന്. പക്ഷെ ഇതൊന്നുമല്ല ദൂത് സാഗറിലേക്കുള്ള യാത്രയ്ക് തടസ്സം.
പണ്ട് നിരവധി പേർ ചെയ്തിരുന്ന മഡ്ഗോൺ നിന്നും ദൂത് സാഗർവരെയുള്ള റെയിൽ ട്രെക്ക് ഇന്ന് ബാൻഡ്‌ ആണ്. നിരവധി ചെറിയ പാലങ്ങളും, ടണലുകളും കടന്ന് പോകുന്ന ഈ പാതയിൽ ട്രെക്ക് ചെയ്ത് പോയവർക്ക് നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചത് കൊണ്ട് റയിൽവേ ഇപ്പോൾ ഇത് വഴിയുള്ള റെയിൽ ട്രെക്ക് കർശനമായി നിരോധിച്ചിരിക്കുകയാണ്. പിന്നെ ഇവിടേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം ഫോറസ്റ്റ് പെർമിഷൻ എടുത്ത് ട്രെക്ക് ചെയ്ത് വരുക എന്നുള്ളതാണ്.
ദൂത് സാഗറിന്റെ മനോഹര ദൃശ്യം നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റുക മൺസൂൺ സമയത്താണ്. ചുറ്റും നിബിഡവനങ്ങളും വൈവിധ്യമായ ജൈവസമ്പത്തും, മലനിരകളിലൂടെ ഒഴുകിയിറങ്ങുന്ന ചെറുതും വലുതുമായ അനവധി വെള്ളച്ചാട്ടങ്ങൾ ഇവയൊക്കെ ഉള്ളത് കൊണ്ട് ഈ പ്രദേശം പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട ഇടമാകുന്നു. വേനൽക്കാലത്ത് ഇവിടെ ജലത്തിന്റെ അളവ് കുറയാറുണ്ട്.

പല തവണ പ്ലാൻ ചെയ്തിട്ടും നടക്കാത്ത യാത്ര ആയതിനാൽ അത്തരം പ്ലാനിംഗുകൾ ഇതിൽ നടന്നില്ല. ഓണക്കാലമായതിനാൽ ട്രെയിനുകൾ എല്ലാം തന്നെ വെയിറ്റിംഗ് ലിസ്റ്റ്. എങ്കിലും പ്രതീക്ഷ കൈവെടിയാതെ ടിക്കറ്റ് ബുക്ക് ചെയ്തു, മനസ്സുകൊണ്ട് ജനറൽ കംപാർട്ട്മെൻറ് ഉറപ്പിച്ചു. പോയ സുഹൃത്തുക്കളിൽ നിന്ന് ട്രെകിംഗ് വഴികളും സാഹചര്യങ്ങളും ചോദിച്ചു മനസ്സിലാക്കി.കൂടെ വരാൻ രണ്ട് സുഹൃത്തുക്കളും റെഡി ആയി.
പക്ഷെ അപ്രതീക്ഷിതമായാണല്ലൊ പലതും സംഭവിക്കുക. മുംമ്പെയിലും, ഗോവയിലും കർണ്ണാടകയിലും കനത്ത മഴ. മുംബെയിൽ റോഡിലൊക്കെ വെള്ളം പൊങ്ങി ഗതാഗതം താറുമാറായി.കാത്ത് കാത്തിരുന്ന യാത്ര ഇത്തവണയും സ്വപ്നമാകുമെന്നുള്ള ആശങ്കയിലാണ് സുഹൃത്ത് ഹരിഷിനെ വിളിച്ചത്.എന്തായാലും നമ്മൾ മുന്നോട്ടുവെച്ച കാൽ പിന്നോട്ടില്ല എന്നായിരുന്നു അവന്റെ തീരുമാനം.
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് വീണ്ടും അദ്ഭുദം പ്രവർത്തിച്ചു, ടിക്കറ്റുകൾ എല്ലാം കൺഫേമായിരിക്കുന്നു  പുലർച്ചെ 3 മണിക്ക് മഡ്ഗോൺ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ മഴയുടെ ഒരു ലക്ഷണം പോലും അവിടെയെങ്ങും ഇല്ല. രാവിലെ 7.45 ന് ആണ് കുലേമിലേക്കുള്ള ആദ്യ ട്രെയിൻ. അത് കൊണ്ട് കയ്യിലുള്ള സ്ലീപ്പിംഗ് ബാഗുകൾ പ്ലാറ്റ്ഫോമിൽ വിരിച്ച് ഒരുറക്കം പാസ്സാക്കി. കൊതുകുകളുടെ താരാട്ട് ഉണ്ടായിരുന്നതിനാൽ ഉറക്കം സുഖകരമായിരുന്നു എന്നുള്ളത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ... 
മഡ്ഗോൺ നിന്ന് കുലേം വരെ 37 കി.മി ആണ് ദൂരം. ഇടയിൽ രണ്ട് സ്റ്റേഷനുകൾ. ഒന്നാമത്തെ സ്റ്റേഷനിലെത്തിയപ്പോഴെ മനസ്സിലായി, തലേ ദിവസം മഴതകർത്ത് പെയ്തിട്ടുണ്ടെന്ന്. റെയിൽ ട്രാക്കും പരിസരവും നനഞ്ഞ് കിടക്കുന്നു. പിന്നീടങ്ങോട്ടുള്ള വഴികൾക്കിരുവശവും കാടുകൾ, കൂറ്റൻ മരങ്ങൾ, അവയെല്ലാം മഴവെള്ളത്തുള്ളികളുമായ് നിൽക്കുന്നു.
8.45 കഴിഞ്ഞപ്പോൾ വണ്ടി കുലേം സ്റ്റേഷനിലെത്തി.കൂലേം സറ്റേഷനിൽ നിന്നും 3 രീതിയിൽ ദൂത് സാഗറിലേക്ക് പോകാം. ജീപ്പ്, ബൈക്ക്, ട്രെക്കിംഗ്. പക്ഷെ തിരക്കിയപ്പോൾ മഴ പെയ്ത് പുഴ കവിഞ്ഞ് ഒഴുകുന്നത് കാരണം ജീപ്പ് പോവുകയില്ല.
ബൈക്കിൽ പോകാൻ താൽപര്യമില്ല എന്നുള്ളത് കൊണ്ട് നടക്കാൻ തീരുമാനിച്ചു.പക്ഷെ ബാൻ ഉള്ളത് കാരണം റെയിൽ വഴിനടക്കാനും പറ്റില്ല. മുറി ഹിന്ദിയിൽ വഴി ചോദിച്ച ഞങ്ങളോട് റെയിൽവേ ഗേറ്റിലെ ചേട്ടൻ സ്റ്റാർട്ട് ചെയ്യുന്ന ഇഞ്ചിൻ ട്രൈവർ മലയാളിയാണെന്ന് പറഞ്ഞു.
ചേട്ടാ ഈ ദൂത് സാഗർ പോകാനുള്ള ...?? എന്ന് ചോദിച്ചപ്പോഴേക്കും ചേട്ടൻ പറഞ്ഞു അത് വിട്ട് പിടി മക്കളെ. ലാസ്റ്റ് പിടിച്ചവർക്ക് 2 ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്, ഇപ്പോൾ റയിൽവ്വേ കുറച്ച് സ്ട്രിക്ട് ആണ് എന്നുള്ള മറുപടി കിട്ടി. വെളിയിൽ ഇറങ്ങി നടന്നു പോകാനുള്ള റൂട്ടും പറഞ്ഞു തന്നു.

വെളിയിലിറങ്ങിയപ്പോൾ ഒരു ചേട്ടൻ, ഗൈഡ് ആണ്, പേര് പരശുറാം.12 കി.മി കൂടെ വരാം തിരികെ വന്നിട്ട് കാശ് കൊടുത്താൽ മതിയെന്നും പറഞ്ഞു. കൂടുതൽ ആലോചനയ്ക്നിൽകാതെ ഒക്കെ പറഞ്ഞു. അടുത്തുള്ള തട്ട് കടയിൽ നിന്നും ഓരോ വടാ പാവ് വാങ്ങി കഴിച്ചു. ഓരോന്ന് കഴിക്കാൻ പൊതിഞ്ഞെടുത്തു പുളളിയുടെ കൂടെ നടന്നു.
നൂറ് മീറ്റർ നടന്നപ്പോഴേക്കും മഴ തുടങ്ങി, മഴയെന്ന് പറഞ്ഞാൽ നല്ല മഴ. ബാഗുകൾ കവറിട്ട് മൂടി എല്ലാവരും റെയിൻകോട്ടിലേക്ക് കയറി നടത്തം തുടങ്ങി.
കാടിനുള്ളിലൂടെയാണ് നടത്തം, മഴ കുറയുകയോതോരുകയോ ചെയ്യുന്ന ലക്ഷണം കാണുന്നില്ല. ബാഗും തൂക്കിയുള്ള നടത്തം അത്ര സുഖപ്രദമല്ല പക്ഷെ മഴ പെയ്യുന്നു എന്നുള്ളത് മാത്രമാണ് സുഖകരമായത്. കുറച്ച് ദൂരത്തിന് ശേഷം റെയിൽവ്വേ ട്രാക്ക് ക്രോസ് ചെയ്ത് വീണ്ടും കാട്ടിലേക്കിറങ്ങി. ഇരുവശത്തുമുള്ള ചെടികളെ വകഞ്ഞ് മാറ്റി മുന്നിലുള്ള വെള്ളം ഒഴുകുന്ന വഴികളിലൂടെ മുന്നോട്ടുള്ള യാത്ര.
മഴവെള്ളം കുത്തിയൊഴുകുന്ന ചെറിയ തോടുകൾ. ഓരോ ഫ്രെയിമിലും ഭംഗി ഒളിപ്പിച്ച് വെച്ചിരിക്കുന്ന വഴികൾ.
ചിലയിടങ്ങളിൽ മരം വീണ് വഴികൾ തടസ്സപ്പെട്ടിരുന്നു. ഒരു വശത്ത് കൂടി കുത്തിയൊഴുകി പുഴ പോകുന്നു. ജീപ്പിത് വഴി വന്നാൽ കുത്തിയൊലിച്ച് പോയത് തന്നെ. പുഴയരികിലെ ഉരുളൻ കല്ലുകളിൽ നിന്ന് ഫോട്ടോ എടുക്കുമ്പോൾ മഴ കുറഞ്ഞിരുന്നു. റെയിൻകോട്ട് ഊരി വെച്ചപ്പോഴേക്കും മഴ തുടങ്ങി. അന്ന് വൈകുന്നേരം വരെ ഇതായിരുന്നു അവസ്ഥ.പെയ്തും തോർന്നും മഴ കളിച്ചു കൊണ്ടേ യിരുന്നു.
ഓരോ ഫ്രെയിമിലും സൗന്ദര്യം ഒളിപ്പിച്ചിരിക്കുന്ന പശ്ചിമഘട്ടത്തിലെ കാടുകൾ. കാടുകളിൽ നിന്നും ഉയർന്ന് പൊങ്ങുന്ന കോട മഞ്ഞിന്റെ നേർത്ത പാളികൾ വായുവിൽ.
പുഴയോരത്ത് കൂടിയുള്ള യാത്ര വീതി കൂടിയ വഴിയിലൂടെയായിരുന്നെങ്കിൽ ഇടയ്ക്ക് വീതി കുറഞ്ഞ കാട്ടുവഴികളായിരുന്നു.

ഇതിനിടയിൽ ഡെവിൾസ് കാനിയോെളിൽ നിന്ന് ഫോട്ടം പിടിച്ച് മുന്നോട്ട് യാത്ര പോയി. ഏകദേശം 5Km കഴിഞ്ഞപ്പോഴേക്കും പുറത്ത് കിടക്കുന്ന ബാഗിന്റെ ഭാരം കാരണം എല്ലാവർക്കും വിശപ്പും ക്ഷീണവും തുടങ്ങി.
റെയിൽ ട്രാക്കിലൂടെ ട്രെയിൻ പോകുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ട്. ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഹുങ്കാരശബ്ദവും കേൾക്കുന്നു.
പോകുന്ന വഴിയിലെ ഒരമ്പലത്തിനടുത്തുള്ള ചെറിയ കടയിൽ കയറി ഒരല്പം വിശ്രമവും ഭക്ഷണവും. ഇനി 3 കി.മി കൂടിയുണ്ട് വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലെത്താൻ. കാട് വഴി ട്രെക്ക് ചെയ്താൽ നമ്മൾ എത്തുക വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലാണ്. ഇവിടെ ജനവാസ മേഖലയല്ല. അമ്പലത്തിനോട് ചേർന്ന് രണ്ട് വീടുകൾ.
പിന്നിടങ്ങോട്ട് പോകുംതോറും വെള്ളം വീഴുന്ന ഇരമ്പൽ ശക്തമായി കൊണ്ടിരുന്നു. നിരവധി ചെറുതോടുകൾ നടന്നു കയറി അവസാനം ഒരല്പം ശക്തമായി ഒഴുകുന്ന ഒരു തോട് കടക്കേണ്ടിയും വന്നു.
തോട് കടന്നെത്തിയപ്പോൾ വലിയ കല്ലുകളിലും മരങ്ങളിലും വയലറ്റ് നിറത്തിലുള്ള പൂവുമായി കൽത്താമരകൾ. ചിമ്മിണി കാടുകളിൽ കണ്ടതിന് ശേഷം ആദ്യമായാണ് കൽത്താമര കാണുന്നത്.
വെള്ളത്തിന്റെ ഇരമ്പം അടുത്തു കേട്ടു തുടങ്ങി, നമ്മുടെ മനസ്സിൽ സന്തോഷത്തിന്റെ തിരകൾ അടിച്ച് തുടങ്ങി.
ഒരു ചെറിയ കയറ്റം കയറി ചെന്ന വളവിൽ വെച്ച് ദൂരെ മലയിൽ പാൽ ചുര പടർത്തി താഴേക്ക് വീഴുന്ന വെള്ളച്ചാട്ടത്തെ കണ്ടു.
ദൂരം കൂടുതലായ കാരണം അതിന്റെ പൂർണ്ണരൗദ്രഭാവം കാണാൻ പറ്റുന്നില്ല. കയറ്റ മിറങ്ങിയെത്തുന്നത് ദൂത് സാഗറിലേക്ക് സ്വാഗതം ചെയ്യുന്ന വലിയ കമാനം.അത് കടന്നെത്തുന്നിടത്ത് വാച്ച് ടവർ ഉണ്ട്.
അതിന് താഴെയുള്ള പാറക്കെട്ടുകളിലൂടെ വെള്ളച്ചാട്ടം നുരഞ്ഞ് പതഞ്ഞ് പോകുന്നു. അത് കടന്നു ചെല്ലുന്നത് ഒരു ചെറിയ കുന്നിലേക്കാണ്. കൂറ്റൻ ചൂരൽ വള്ളികളും മുള്ളുകളുമുള്ള വഴികൾ പിന്നിട്ട് ദൂത് സാഗറിന്റെ പതന മുഖത്തേക്ക്.

മുകളിൽ നിന്ന് പാലു പോലെ പതഞ്ഞ് വരികയാണ് വെള്ളം.വെള്ളത്തിലേക്കിറങ്ങരുതെന്ന് ഗൈഡ് പരശുറാം മുന്നറിയിപ്പ് തന്നു.
മുകളിൽ ഉള്ള റെയിവ്വേ പാലത്തിലൂടെ ഏതോ ട്രെയിൻ ചൂളം വിളിച്ച് കടന്നു പോയി. പാലത്തിന് മുകളിൽ മൂന്ന് തട്ടുകളായി തുടങ്ങുന്ന വെള്ളച്ചാട്ടം പാലത്തിനടിയിലൂടെ താഴേക്ക് പതിക്കുന്നു. റെയിൽ ട്രെക്ക് ചെയ്ത് വരുന്നവർ പാലത്തിന് മുകളിൽ നിന്നാണ് വെള്ളച്ചാട്ടം കാണാറ്.പാലമായത് കൊണ്ട് ഇവിടെയാണ് ഏറ്റവും കൂടുതൽ അപകടം നടന്നിട്ടുള്ളതും.
മതിയാകുവോളം ഫോട്ടോകൾ എടുത്തതിന് ശേഷം തിരികെ പോകാൻ തീരുമാനിച്ചു. മുകളിലേക്ക് കയറിയാൽ റെയിൽവ്വേ ടണൽ ആണ്. ടണലിനപ്പുറം പാലം, പക്ഷെ ബാൻഡ് ആയ വഴി പോയി പണി മേടിക്കാൻ താൽപര്യമില്ലാത്തതിനാൽ വന്ന വഴി തന്നെ മടങ്ങാമെന്ന് തീരുമാനിച്ചു.
ടണലിൽ കയറുന്ന കാര്യം പറഞ്ഞപ്പോൾ ഗൈഡ് ഞങ്ങളെ അമ്പലം കഴിഞ്ഞ് റെയിൽവ്വേ ട്രാക്കിലേക്ക് കയറ്റി. സോണാലിയം റെയിൽവ്വേ സ്‌റ്റേഷൻ. സ്റ്റേഷൻ എന്നത് ഒരു സങ്കല്പം ആന്നെങ്കിലും അത്യാവശ്യം എല്ലാ ട്രെയിനുകളും ഇവിടെ നിർത്തും.
പിന്നിട് യാത്ര ചെയ്തത് റെയിലിനു അരികിലുള്ള ചെറിയ വഴിയായിരുന്നു. ബൈക്കുകൾ ആളുകളെ കൊണ്ടു പോകുന്നത് ആ വഴിയിലാണ്. ഇനി ഈ റൂട്ടിലുള്ള ഏക ടണലിൽ മുൻപിലും ഉള്ളിലും കയറി ഫോട്ടോയെടുത്തു മുന്നോട്ട് പോയി.

ഇതിനിടയിൽ വെളിപാട് പോല ജിഫിൻ ചോദിച്ചു. റെയിൽ ട്രെക് ചെയ്ത് പാലത്തിനു മുകളിൽ പോകുന്നതല്ലെ ബാൻ ചെയ്തിട്ടുള്ളൂ.??
ട്രെയിനിൽ കയറി പാലത്തിന് മുകളിലൂടെ പോകുന്നതിന് കുഴപ്പമില്ലല്ലൊ??
നമുക്ക് കുലേമിൽ നിന്ന് അടുത്ത ട്രെയിനിൽ കയറി വെള്ളച്ചാട്ടം കണ്ടാലൊ?? എന്നിട്ട് അടുത്ത ജനവാസമുള്ള സ്റ്റേഷനിലിറങ്ങി അന്ന് രാത്രി അവിടെ താങ്ങാം.
കൊള്ളാം, നോക്കിയപ്പോൾ അടുത്ത സ്റ്റേഷൻ കാസിൽ റോക്ക് എന്ന് കണ്ടു. കാസിൽ റോക്ക് എങ്കിൽ കാസിൽ റോക്. കുലേമിലെത്തി ഗൈഡ്ന് കാശ് കൊടുത്ത് അദ്യത്തെട്രെയിനിൽ കയറി വാതിലിൽ ഇടം പിടിച്ചു.
നിരവധി വളവുകളും തിരിവുകളും പിന്നിട്ട് മുന്നോട്ട് പോയട്രെയിൻ മലയെ ചുറ്റിയാണ് പോകുന്നത്. അത് കൊണ്ട് തന്നെ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യവും അടുത്തുള്ള ദൃശ്യവും നമുക്ക് ആസ്വദിക്കാം.
വെള്ളച്ചാട്ടത്തിന്റെ നയന മനോഹരമായ കാഴ്ചകൾ കണ്ട് അവസാനം കാസിൽ റോക്ക്സ്റ്റേഷനിലിറങ്ങി. അധികം ട്രെയിനുകൾ കടന്നു പോകാത്ത ഒരു ചെറിയ സ്റ്റേഷൻ. ഇന്ന് പോകുന്നില്ല എന്ന് തീരുമാനം എടുത്തെങ്കിലും റെയിൽവ്വേ പോലിസിനോട് ചുമ്മാതെ അടുത്ത ട്രെയിൻ എപ്പോഴാണെന്ന് ചോദിച്ചു. ഇന്നിനി ഒരു ട്രെയിനും ഇല്ല നാളെ പുലർച്ചെ 2.30 ന് അണ് ആദ്യ ട്രെയിൻ.
ഒരു മലയുടെ വശം വെട്ടി മാറ്റി പണികഴിപ്പിച്ചതാണ് സ്റ്റേഷൻ. മലയെ പിളർത്തി മാറ്റിയ വഴിയിലൂടെ റെയിൽ കടന്ന് പോകുന്നു. കുന്നിൻ മുകളിൽ റെയിൽവ്വേ ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങൾ.
നനഞ്ഞ കോഴിയെപ്പോലെയായി എല്ലാവരും. ശരിരത്തിന് ഒരല്പം ചൂട് കിട്ടിയാൽ ആശ്വാസമാകും. എന്തായാലും സമയം ആവോളമുണ്ട്.
നമുക്കറിയാത്ത ഇടങ്ങളിലെത്തി, അറിയാത്ത വഴികളിലൂടെ അലഞ്ഞ് നടക്കുന്നതിന്റെ സുഖമറിയാൻ ഞങ്ങൾ തീരുമാനിച്ചു. താഴെ ഒരു ചെറിയ ജംഗ്ഷൻ, ചെറിയ കടകൾ, ഒന്ന് രണ്ട് കോഫീ ഷോപ്പുകൾ.
ഒരു വലിയ ഗണപതി വിഗ്രഹം വണ്ടിയിൽ കയറ്റുന്നു ഗണേശ ചതുർത്ഥിക്കുള്ള ഒരുക്കങ്ങളാണ്.

കുറച്ച് ദൂരം മുന്നോട്ട് പോയി ചായ കുടിച്ച്, വല്ലതും കഴിച്ച് തിരിച്ച് വരാൻ തീരുമാനിച്ചു. ഷിർദ്ധിസായി ബാവയുടെയും ചത്രപതി ശിവജിയുടെയും പ്രതികൾ, ഗണേശ ചതുർത്ഥി ആഘോഷം, ഇത് മഹാരാഷ്ട്രയാണോ എന്നൊരു സംശയം മനസ്സിൽ.
ഭക്ഷണം കഴിച്ച കടയിൽ നിന്ന് ഇത് കർണ്ണാടക ആന്നെന്ന് മനസ്സിലായി.ഗോവയിൽ നിന്ന് കർണ്ണാടക എത്തി. ദൂത് സാഗർ വരെയാണ് ഗോവയുടെ ഭാഗം. ഗോവയിലെ എല്ലാ ട്രെയിനുകളും നിർത്തുന്ന അവസാന സ്റ്റേഷൻ സൊണാലിയമാണ്.
തിരികെ റെയിൽവ്വേ സ്റ്റേഷനിലേക് നടക്കുമ്പോൾ കാസിൽ റോക്കിനെ കുറിച്ച് ഗൂഗിളിൽ പരതി. ഇന്ത്യയിലെ രണ്ട് അധിനിവേശ രാജ്യങ്ങളുടെ അതിർത്തി ആയിരുന്നു കാസിൽ റോക്ക്. പോർച്ചുഗീസുകാരുടെ അധിനതയിൽ ഇരുന്ന ഗോവയുടെയും, ബ്രട്ടീഷ്കാരുടെ അധിനതയിൽ ഇരുന്ന കർണ്ണാടകയുടെയും അതിർത്തി അയിരുന്നു കാസിൽ റോക്ക്. കാസിൽ റോക്ക് ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ദണ്ടേലി ടൈഗർ റിസർവ്വിലാണ്.ജനസംഖ്യ വളരെ കുറവ്.
ഗോവയിലെ തീരപ്രദേശങ്ങളെ കർണ്ണാടക വഴി ബന്ധിപ്പിച്ചിരുന്ന പശ്ചിമഘട്ട പാതയാണിത്. ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ ഉള്ള മണ്ണിലാണ് നിൽക്കുന്നത്.
തിരികെ സ്റ്റേഷനിലെത്തി വെയിറ്റിംഗ് റൂമിൽ
സ്ലീപിങ്ങ് ബാഗ് വിരിച്ച് ഉറക്കത്തിലേക്കും, പുലർച്ചെ 2 മണിക്ക് എഴുന്നേറ്റ് ട്രെയിനിൽ മഡ് ഗോണിലേക്കും. ഒരു ദിവസം മുഴുവൻ പാൽക്കടലിന്റെ സുന്ദരദൃശ്യത്തിൽ മയങ്ങി, ചരിത്ര പ്രാധാന്യമുള്ള കാസിൽ റോക്കിൽ ഉറങ്ങിയും ഉള്ള യാത്ര എത്രയായാലും മറക്കുകയില്ല. കാരണം ഇവ അത്രമേൽ മനസ്സിനെ കീഴടക്കി കളഞ്ഞു 

വരികളും ചിത്രങ്ങളും :Aju Chirakkal





ഒരു മഞ്ഞൂർ യാത്ര

സഞ്ചാരികള്‍ക്കിടയില്‍ ഊട്ടിയില്‍ പോകാത്തവര്‍ കുറവായിരിക്കും. സഞ്ചാരികളെ കണ്ട് ഊട്ടിക്കും മടുപ്പു തോന്നിയിട്ടുണ്ടാവണം. അപ്പോഴാണ് സഞ്ചാരികള്‍ അധികം എത്തിയിട്ടില്ലാത്ത ഊട്ടിയുടെ കാലാവസ്ഥയുള്ള മഞ്ഞൂരിനെ പറ്റി കേള്‍ക്കുന്നത്. പാലക്കാടു നിന്ന് അട്ടപ്പാടി വഴി അങ്ങോട്ടൊരു വഴിയുമുണ്ട്. മോട്ടോര്‍സൈക്കിളിലായാല്‍ ഹരം കൂടും. തുറന്ന കാഴ്ചകളിലൂടെയുള്ള യാത്ര. കാഴ്ചകളെയും യാത്രയെയും നിയന്ത്രിക്കുന്നത് നമ്മള്‍തന്നെ. ബസ്സിന്റെയോ കാറിന്റെയോ ജാലകക്കുരുക്കില്ല. ഫ്രെയിമുകള്‍ വിശാലമാണ്. പ്രകൃതിയുടെ ക്യാൻവാസ് അതെപടി മുന്നിൽ.
വൈകീട്ട് 3.30 ന് കോഴിക്കോട്ടു നിന്ന് യാത്ര തുടങ്ങി. ഓഡോമീറ്ററില്‍ 10936. രാമനാട്ടുകര കഴിഞ്ഞ് കൊണ്ടോട്ടിയെത്തുമ്പോള്‍ പെട്ടെന്ന് കൊടും മഴയും. പക്ഷേ മഴയിലും ആ ആവേശം തണുക്കുന്നില്ല. യാത്രയോടുള്ള സഞ്ചാരികളുടെ ആവേശവും അങ്ങിനെ തന്നെ..

ക്ലച്ച്‌ പിടിച്ചും ഗിയര്‍ മാറ്റിയും ഗതാഗതാക്കുരുക്കിലൂടെ വണ്ടി മെല്ലെ മെല്ലെയാണ് നീങ്ങുന്നത്. ഒരു ബംപര്‍ ടു ബംപര്‍ ഡ്രൈവിനു നടുവില്‍ മോട്ടോര്‍ സൈക്കിളുകളാണ് പിന്നേയും ആശ്വാസം. മലപ്പുറത്തെത്തിയപ്പോഴാണ് കുരുക്കൊന്ന് അയഞ്ഞത്. അതില്‍ ഞങ്ങളേക്കാളേറെ ആശ്വാസം ബൈക്കിനായിരുന്നു. പുതിയൊരു ഊര്‍ജമെടുത്തു കുതിക്കുകയായിരുന്നു അവന്‍. ഒന്നു ചൂടാക്കാമെന്ന് കരുതിയാണ് റോഡരികിലെ തട്ടുകടയ്ക്ക് മുന്നില്‍ നിര്‍ത്തിയത്. എങ്ങും ചായയില്ല. മരച്ചീനി പുഴുങ്ങിയതും പോത്തിറച്ചിയും കോഴിപാര്‍ട്‌സ് കറിയും. മലപ്പുറത്തിന്റെ സായാഹ്ന ഭക്ഷണം.
പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് മുക്കാലി കഴിഞ്ഞ് ഗൂളിക്കടവിലെത്തുമ്പോള്‍ രാത്രി ഒമ്പതു മണി. ഹോട്ടല്‍ 'തലശ്ശേരി' മാത്രം തുറന്നിരിപ്പുണ്ട്. രാത്രി ഭക്ഷണം കഴിഞ്ഞ് ബുക്കുചെയ്ത ഗസ്റ്റ് ഹൗസിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ അഹാഡ്‌സിലെ ഒരു ജീവനക്കാരന്‍ വണ്ടിയുമായി കൂടെ വന്നു. ഒറ്റയ്ക്ക് പോയാല്‍ ചിലപ്പോള്‍ ചുറ്റിപ്പോവും.
കാലത്തെഴുന്നേറ്റ് മഞ്ഞൂരിലേക്ക് യാത്ര തുടരാനായിരുന്നു പ്ലാന്‍. അതിരാവിലെ കാട്ടിലൂടെയുള്ള യാത്ര. സൂക്ഷിക്കണം എന്ന് അഗളിയില്‍ നിന്ന് മുന്നറിയിപ്പു കിട്ടിയിരുന്നു. ആള്‍ പെരുമാറ്റമില്ലാത്ത റോഡാണ്. വളവുകളില്‍ ശ്രദ്ധിക്കണം. മഴ പെയ്തതു കൊണ്ട് ആനയിറങ്ങാന്‍ സാധ്യത കുറവാണ്. എന്നാലും ഒരു കണ്ണു വേണമെപ്പോഴും.

അഗളിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ കുഴപ്പമില്ലായിരുന്നു. പിന്നീടങ്ങോട്ട് 'കല്ലും മുള്ളും ടയറ്ക്ക്‌ മെത്ത' എന്ന് പാടി വേണം പോവാന്‍. ബൈക്കില്‍ അതൊരു സാഹസിക യാത്ര തന്നെ. മുള്ളിയില്‍ കേരളാ പോലീസിന്റെ ചെക്ക് പോസ്റ്റുണ്ട്. ഒരു ചായക്കടയും. ചായ മാത്രമല്ല, മുള്ളിയുടെ സൂപ്പര്‍ മാര്‍ക്കറ്റു തന്നെയാണത്. പോലീസ് ചെക്‌പോസ്റ്റില്‍ ഒന്നു പരിചയപ്പെടുത്തിയാണ് മുന്നോട്ടു പോയത്. എന്തിനും ഒരു തെളിവു നല്ലതാണല്ലോ. 'മദ്രാസ് സ്‌റ്റേറ്റ്' ഇവിടെ തുടങ്ങുന്നു. റോഡിനിരുവശവും കല്‍ക്കെട്ടിനു മുകളില്‍ അതു വെണ്ടക്കാ വലിപ്പത്തില്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്.
തുടര്‍ന്നുള്ള 30 മീറ്റര്‍ റോഡിന്റെ കാര്യവും കഷ്ടമാണ്. റോഡിന് കുറുകെ തമിഴ്‌നാട് ചെക്ക് പോസ്റ്റിന്റെ മുളവടി കിടപ്പുണ്ട്. ചെക്ക് പോസ്റ്റില്‍ വീരപ്പന്‍ മീശയുമായി ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനും. കാര്യം പറഞ്ഞപ്പോള്‍ കവാടം തുറക്കപ്പെട്ടു. ഒന്നല്ല രണ്ടു കവാടമുണ്ട് തുറക്കാന്‍. ഒന്ന്‌ കേരളത്തില്‍ നിന്നിങ്ങോട്ട് കടക്കാന്‍ കടന്നുകഴിഞ്ഞാല്‍ പാലത്തിനു കുറുകെ മറ്റൊരെണ്ണം. അത് കോയമ്പത്തൂര്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍.

പിന്നീടങ്ങോട്ട്‌ നല്ല റോഡാണ്. വാഹനങ്ങള്‍ വല്ലപ്പോഴുമൊന്ന് വന്നാലായി. ഏകാന്തമായ വനപാത. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചുരം റോഡ്‌. ഇടയ്‌ക്കൊരു മയില്‍ റോഡ് ക്രോസ് ചെയ്തു. ചിലയിടത്ത് ചിത്രശലഭങ്ങളുടെ കൂട്ടം, കറുപ്പില്‍ നീലപുള്ളികളുള്ള ഉടുപ്പിട്ട് നൃത്തം ചെയ്യുന്നു. റോഡില്‍ നിറയെ ആനപിണ്ടങ്ങളും കാണാം.
വ്യൂ പോയിന്റുകളില്‍ നിന്ന്് നോക്കുമ്പോള്‍ അകലെ മഞ്ഞ് മുടികിടക്കുന്ന മഞ്ഞൂരിനെ കാണാം. മഴ പെയ്തു തുടങ്ങിയാല്‍ വഴിയോരം ഒന്നു കുടി ഭംഗിയുള്ളതാവും. ഓരങ്ങളില്‍ കൊച്ചു വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെടും. വഴിക്ക് ബൈക്കിന്റെ ടയറൊന്ന്് പഞ്ചറായാല്‍ കുടുങ്ങിയതു തന്നെ. മാറ്റണമെങ്കില്‍ മഞ്ഞൂരിലോ അട്ടപ്പാടിയിലോ പോയി ആളെ കൂട്ടി വരണം. ഞങ്ങളിപ്പോള്‍ മഞ്ഞൂരിലെത്തി. ഓഡോ മീറ്ററില്‍ 11134. പിന്നിട്ടത് 198 കിലോമീറ്റര്‍.
ഏതാനും കടമുറികള്‍ മാത്രമുള്ള ഒരു ഗ്രാമപട്ടണമാണ് മഞ്ഞൂര്‍. ഒരു മുക്കൂട്ടു കവലയാണ് മാര്‍ക്കറ്റും ബസ്റ്റാന്റും എല്ലാം. താമസിക്കാന്‍ ലോഡ്ജുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. അത് പക്ഷേ നിങ്ങള്‍ പ്രതീക്ഷിക്കും പോലെ ആവണമെന്നില്ല. പെന്‍സ്റ്റോക്ക് വ്യൂ പോയിന്റിലേക്കാണ് വണ്ടി വിട്ടത്. കവലയില്‍ നിന്ന് 5 കിലോമീറ്റര്‍. റോഡ് വലിയ കുഴപ്പമില്ല. അവിടെയെത്തിയതും അതിക്രമിച്ചു കടക്കരുതു എന്നൊരു ബോർഡ്‌ കണ്ടു. അവിടെ പോലീസുകാര്‍ കാവലുണ്ട്.

ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുകയാണ്. പോലീസുകാര്‍ കാവലില്ലാത്ത ഒരു വ്യൂ പോയിന്റും സമീപത്ത് ഉണ്ട്. ബൈക്ക് നിര്‍ത്തി ഞങ്ങള്‍ അങ്ങോട്ടു പോയി. മലനിരയില്‍ നിന്ന് താഴേക്കു കിടക്കുന്ന നാലു കൂറ്റന്‍ പൈപ്പുകള്‍. താഴെ മലയിടുക്കില്‍ ഗദ്ദെഡാം. ഞങ്ങള്‍ പിന്നിട്ടു വന്ന വഴികളുടെ ആകാശകാഴ്ച. ചേതോഹരമാണത്. കാഴ്ച കാണാന്‍ കൂട്ടിനു കുരങ്ങന്‍മാര്‍ വരും. കയ്യിലെന്തെങ്കിലും പ്രതീക്ഷിച്ചാണവയുടെ വരവ്. അവിടെ തമിഴ്‌നാട് വനം വകുപ്പിന്റെ ഡോര്‍മെറ്ററിയുണ്ട് താമസിക്കാന്‍. 60 രുപയാണ് ഒരാള്‍ക്ക്. 20 പേര്‍ക്ക് വരെ താമസിക്കാം.
തിരിച്ചിറങ്ങി മഞ്ഞൂര്‍ കവലയിലെത്തി. കിണ്ണങ്ങരയിലേക്ക് പോകാം. കുളിരിന്റെ സുഖലാളനമറിയാം. അപ്പര്‍ ഭവാനിയാണ് മറ്റൊരു കാഴ്ച, അവലാഞ്ചെയും കുന്ത ഡാമും കാണേണ്ടതാണ്. തൊട്ടടുത്തൊരു അണ്ണാമലൈ കോവിലുണ്ട്. ഞങ്ങള്‍ അങ്ങോട്ടുചെന്നു. പേരു പോലെ തന്നെ ഇവിടെ അന്നമാണ് ദൈവം.
എല്ലാ ചിത്തിര നാളിലും സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. തമിഴ്‌നാടന്‍ വാസ്തു ശില്‍പ്പരീതിയിലുള്ള ചെറിയൊരു കോവില്‍. തൊട്ടടുത്ത് ഒരു ആശ്രമവും. ആശ്രമത്തിലാണ് ഭക്ഷണം നല്‍കുന്നത്. മൗനസ്വാമിയുടേതാണ് ആശ്രമം. ഗുരു കൃഷ്ണാനന്ദജിയാണ് ഈ ആശ്രമം പണിതത്. കീഴ്ക്കുന്ദയില്‍ നിന്ന് 3 കിലോമീറ്റര്‍ മാറിയാണ് അന്നാമലൈ മുരുകക്ഷേത്രവും ശ്രീ ദണ്ഡായുധപാണി ആശ്രമവും.
അമ്പലത്തിന്റെ മുകളില്‍ കല്‍ക്കെട്ടുകളില്‍ മുകളില്‍ നിന്നപ്പോഴാണ് ശിവന്‍ഗുഹ എന്നൊരു ബോര്‍ഡ് കണ്ടത്. താഴേക്ക് കല്‍പ്പടവുകളും. ഇറങ്ങി ചെല്ലുമ്പോള്‍ ശിവ ഭക്തിഗാനങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു. ദൂരെ ഒരു നീരൊഴുക്ക് കാണാം. ഏതാണ്ട് ഒരു കിലോ മീറ്റര്‍ നടന്നപ്പോള്‍ ഗുഹ കണ്ടു. ഗുഹയ്ക്കകത്ത് ശിവപാര്‍വ്വതി ശില. സങ്കീര്‍ത്തനം അവിടെ നിന്നായിരുന്നില്ല. താഴ്‌വരയ്ക്കപ്പുറത്ത് എവിടെ നിന്നോ ഒഴുകി വരികയാണത്.


ഭക്ഷണം കഴിക്കാന്‍ സ്വാമിജി നിര്‍ബ്ബന്ധിച്ചു, പച്ചക്കറി ഭക്ഷണത്തോട് താല്‍പര്യമില്ലാത്തതിനാല്‍ സ്‌നേഹപൂര്‍വ്വം ക്ഷണം നിരസിച്ച് മഞ്ഞുരങ്ങാടിയിലെ പത്തനംതിട്ടക്കാരന്റെ ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച് ചുരമിറങ്ങാന്‍ തുടങ്ങി. പ്രാര്‍ഥന ഒന്നുമാത്രം. ബൈക്കിന്റെ ടയര്‍ പഞ്ചറാവരുതേയെന്ന് മാത്രം.
തിരിച്ചിറക്കം നട്ടുച്ചയ്ക്കാണ് മുകളില്‍ കൊടും വെയിലുണ്ട്. പക്ഷേ ഒന്നുമറിയുന്നില്ല. മഞ്ഞൂരിന്റെ തണുപ്പ് വെയില്‍ ചൂടിന് കവചമിടുന്നു. തിരിച്ചിറക്കത്തിനാണ് ആയാസം കുടുതല്‍. പെട്രോള്‍ ചെലവ് കുറവായിരിക്കുമെങ്കിലും ചുരം കയറിയ ഗിയറില്‍ തന്നെ ഇറങ്ങണം എന്നാണ് ശാസ്ത്രീയമായ ഡ്രൈവിങ്ങ് പറയുന്നത്. ശാസ്ത്രീയമായി തന്നെ വണ്ടി ഓടിച്ചു. ഹെല്‍മെറ്റ് ധരിച്ച് നിയമം പാലിക്കാനും മറന്നില്ല.
വല്ലപ്പോഴും വരുന്ന എതിര്‍ വാഹനങ്ങള്‍ക്ക് നമ്മളെ കാണുമ്പോള്‍ സന്തോഷം. തിരിച്ചും അങ്ങിനെ തന്നെ. നഗരത്തില്‍ വാഹനപെരുപ്പത്തില്‍ നിന്നെങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന് വിചാരിക്കുമ്പോള്‍ ഇവിടെ ഏതെങ്കിലും ഒരു വാഹനത്തെ കാണും എന്ന പ്രതീക്ഷയാണ് നയിക്കുന്നത്. തിരിച്ചുവരുമ്പോള്‍ മുളളി ചെക്ക്‌പോസ്റ്റിനടുത്ത് എത്താറായപ്പോഴാണ് കാട്ടില്‍ ഒരു പാത തിരിഞ്ഞുപോകുന്നതു കണ്ടത്. ബോട്ടിങ് നടത്താമെന്നൊരു ബോര്‍ഡും. 12 കിലോമീറ്റര്‍ ഉണ്ട്.
കാടിനു നടുവിലൂടെയാണ് പാത. അവിടെയെത്തിയപ്പോഴേക്കും സമയം കഴിഞ്ഞു പോയിരുന്നു. എന്തായാലും നല്ല സ്ഥലം. ഭവാനി നദിയില്‍ കൊട്ടവഞ്ചിയിലൊരു കറക്കം. അതാണവിടെ ചെയ്യാനുള്ളത്. ഭവാനി നദിയിലൂടെ കാടും കാനനജീവിതവും ആസ്വദിച്ചൊരു യാത്രയ്ക്കും ഇവിടെ സൗകര്യമുണ്ട്. ഒപ്പം ആദിവാസിജീവിതവും അവരുടെ ആചാര സവിശേഷതകളും മനസിലാക്കാം. രാവിലെ 10 മണി മുതല്‍ 12.30 വരെയാണ് ഈ യാത്ര. ഒരു മണിക്കൂര്‍ ട്രക്കിങ്, ഭവാനിപ്പുഴയിലൊരു കുളി എന്നിവയും യാത്രയുടെ ഭാഗമാണ്.
തിരിച്ചെത്തി വീണ്ടും ചെക്‌പോസ്റ്റ്‌ തുറക്കാന്‍ അപേക്ഷയുമായി വനം വകുപ്പ്് ഉദ്യോഗസ്ഥന്റെ അടുത്തുചെന്നു. ഇപ്പോള്‍ വീരപ്പന്‍ മീശയല്ല അവിടെയുള്ളത്. മീശയില്ലാത്ത ഒരു പഞ്ചപാവം. തുറക്കാന്‍ വന്ന സഹായിക്ക് പക്ഷേ ഒരു വൈക്ലബ്യം. കിട്ടാറുള്ള പടി കിട്ടാത്തതുകൊണ്ടായിരിക്കാം. വീണ്ടും കേരളത്തിന്റെ ദുര്‍ഘടമായ പാതയിലൂടെ അഗളിയിലേക്ക്. വഴിക്ക് ചാവടിയൂര്‍ പാലത്തിനു കീഴെ ഭവാനിപുഴയിലൊരു മുങ്ങിക്കുളി. ക്ഷീണം അലിഞ്ഞൊഴുകി പോയി. ശനി, ഞായര്‍ ദിവസങ്ങളിലാണിത്. 300 രൂപയാണ് ചാര്‍ജ്. 15 വയസ്സുവരെയുള്ളവര്‍ക്ക് 200 രൂപയും. 5 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യം.
By Air: Nearest Airport coimbatore (45 km) By Rail: Nearest stn. Ooty. Coonoor 30 km By Road: 45 kms from Coimbatore
Upper Bhavani-36 km aKunthadam-2 km aAnnamalai-3 kmaPinestock view point-5 kmaAvalanji Dam- 13 kmaKinnankara-30 km
STD CODE: 04564 Ootty DFO-2444083
November to February
Nagammal Lodge: Ph: 09488773830 Neelagiri Lodge: Ph: 80 200 2509374

മാജിക് മഷ്രൂം!!!!

"മാജിക് മഷ്രൂം കഴിച്ചിട്ടുള്ളവനോട് അതിനെപ്പറ്റി പറയേണ്ട കാര്യമില്ല. കഴിച്ചിട്ടില്ലാത്തവനോട് പറഞ്ഞിട്ടും കാര്യമില്ല" എന്ന് എന്റെ പ്രിയ സുഹൃത്ത് മത്തായി പറഞ്ഞപ്പോഴാണ് ഈ സാധനം ഒന്നുപരീക്ഷിച്ചിട്ടു തന്നെ കാര്യം എന്നു തീരുമാനിച്ചത്.
സംഭവം നടക്കുന്നത് രണ്ടായിരത്തിപ്പതിനോന്നാം ആണ്ടിലാണ്. സാമാന്യം നല്ലൊരു ജോലിയുമായി ബാംഗ്ലൂരിലെ ബി. ടി. എം ലേയൌട്ടില്‍ മൂന്നു സഹ മുറിയന്മാരുമോത്തു സുഖമായി കഴിയുന്ന കാലം. സഹ മുറിയന്മാര്‍ എന്നു പറഞ്ഞാല്‍ ബലാല്‍, വിക്രംജി, ലൂയി (പേരുകള്‍ സാങ്കല്‍പ്പികം/വിളിപ്പേരുകള്‍ ആണു കേട്ടോ... എനിക്കു വൈകുന്നേരം റൂമില്‍ ചെന്ന് കേറേണ്ടതല്ലേ) എന്നിവര്‍. അങ്ങനെ ഇരിക്കുമ്പോഴാണ് എഞ്ചിനീയറിങ്ങിനു കൂടെ പഠിച്ച മത്തായി ജോലി തേടി എന്നും പറഞ്ഞു റൂമിലേക്ക് കെട്ടിയെടുക്കുന്നത്.
അങ്ങനെ എപ്പോഴോ റൂമില്‍ ബിയര്‍ അടിച്ച് ഇരിക്കുമ്പോഴാണ് പുള്ളി മാജിക് മഷ്രൂമിനെപ്പറ്റി പറയുന്നത്. സാധനം ഒരു സാധാരണ കൂണ്‍ ആണ്‌. ലോകത്ത് ഇതു കിട്ടുന്നത് തെക്കന്‍ അമേരിക്ക, സ്പെയിന്‍, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവിടെ മാത്രം. ഇന്ത്യയില്‍ കൊടൈക്കനാലില്‍ ആണ്‌ കിട്ടുക. നമ്മള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഒരു ഡസനോളം ഉണങ്ങിയ കൂണുകള്‍ എടുത്ത് ചുമ്മാ (അല്ലെങ്കില്‍ തേനില്‍ മുക്കി) കഴിക്കുക. എന്നിട്ട് ശബ്ദം ഇല്ലാത്ത, പ്രശാന്ത സുന്ദരമായ ഒരു സ്ഥലത്ത് (കാടാണ് ബെസ്റ്റെസ്റ്റ് പ്ലേസ്) ഏകാന്തമായി ഇരുന്നു കഴിക്കുക. ഓരോ ആളുകള്‍ക്കും ഓരോ രീതിയില്‍ ആണ്‌ ഇത് ഏല്‍ക്കുക - മരങ്ങള്‍ നടന്നു വരുന്നു, ചുറ്റുമുള്ള വസ്തുക്കളുടെ നിറം മാറുന്നു. ഇലകള്‍ സംസാരിക്കുന്നു, ചെടികള്‍ പരസ്പരം ക്രിക്കെറ്റ് കളിക്കുന്നു, മലകള്‍ നമ്മളെ കണ്ട് ഒളിഞ്ഞു നോക്കുന്നു എന്നിവയൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
മഷ്രൂമിനെപ്പറ്റിയുള്ള മത്തായിയുടെ ഈ വിവരണം കേട്ടപ്പോള്‍ തന്നെ "വിടെടാ വണ്ടി കൊടൈക്കനാലിന്" എന്ന്‌ ആരോ അലറിയെങ്കിലും ആ യാത്ര നടന്നത് ആറു മാസങ്ങള്‍ക്കു ശേഷമാണ്.






അങ്ങനെ രണ്ടായിരത്തിപ്പതിനൊന്ന് ഫെബ്രുവരിയിലെ ഒരു വെള്ളിയാഴ്ച ഈ വിചിത്ര വസ്തുവിനെ തേടി പോകാന്‍ തീരുമാനിച്ചു. മുഹൂര്‍ത്തമായപ്പോള്‍ സ്ഥലത്തെ പ്രധാന തേപ്പു പെട്ടിയായ ബലാല്‍ എന്തോ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു തടി തപ്പി. ലൂയിയാണെങ്കില്‍, "ഭാവി അമ്മായിയപ്പന്‍ ഒടുവില്‍ സമ്മതിച്ചു, കെട്ടാന്‍ പോണ പെണ്ണ് ബാംഗ്ലൂര്‍ വരുന്നു, ഇത് തന്നെ ഭയങ്കര മാജിക്ക് ആയിപ്പോയി" എന്നും പറഞ്ഞു മുങ്ങി. ഒടുവില്‍ പോകാന്‍ ഞാനും മത്തായിയും വിക്രംജിയും മാത്രം. കുറെ പേര് ഉണ്ടെങ്കിലെ ട്രിപ്പ് നന്നാവൂ എന്ന് തോന്നിയെങ്കിലും ഇത്തവണ നടന്നില്ലെങ്കില്‍ പിന്നെ നടക്കില്ല എന്നു തോന്നിയതിനാല്‍ മൂന്നു പേരും കൂടെ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ പോയേക്കാം എന്നു പറഞ്ഞു വിക്രംജി എണീറ്റതും കറന്റു പോയതും ഒന്നിച്ച്. "മൂഞ്ചുവോടെ?" എന്നാ വിക്രംജിയുടെ ചോദ്യത്തെ അവഗണിച്ച് ഞങ്ങള്‍ യാത്രക്ക് തയാറായി.
രാത്രി പതിനൊന്നു മണിയോടെ വിക്രംജിയുടെ ഫോര്‍ഡ് ഫിയെസ്റ്റ പെട്രോളില്‍ (മൈലേജ് പന്ത്രണ്ട് - അഹങ്കാരം നോക്കണേ) പുറപ്പെട്ടു. ഹോസൂര്‍ കഴിഞ്ഞു. വണ്ടി 140-150 സ്പീഡില്‍ പറക്കുന്നു. കൃഷ്ണഗിരി കഴിഞ്ഞ് ഒരു പതിനഞ്ചു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴാണ് വിക്രംജിയുടെ "മൂഞ്ചുവോടെ?" ഡയലോഗ് ഫലത്തില്‍ പ്രവര്‍ത്തിച്ചത്. ഏതോ ഒരു വണ്ടി സൈഡില്‍ കേടായി കിടക്കുകയും കേടായി എന്നു കാണിക്കാന്‍ വഴിസൈഡില്‍ വെച്ചിരുന്ന കൂറ്റന്‍ പാറക്കല്ലുകളിലേക്ക് ഞങ്ങള്‍ ഡൈവ് ചെയ്തു കയറുകയും ചെയ്തു. മഷ്രൂം കഴിക്കാതെ തന്നെ മൂന്നും എയറില്‍ പറന്നു. വല്യ വണ്ടി ആയിരുന്നതു കൊണ്ടാവണം, മറിഞ്ഞില്ല. വിക്രംജി എന്തൊക്കെയോ മാജിക് കാണിച്ചു വണ്ടി നിര്‍ത്തി. നോക്കിയപ്പോള്‍ ഫ്രെണ്ടിലെ ടയര്‍ നാമാവശേഷമായിരിക്കുന്നു. കുറെ അധികം ഇടത്തു പൊട്ടിയിട്ടുണ്ട്. "ഇത്രേം വല്യ ചാട്ടം ചാടീട്ട്‌ ടയറു മാത്രേ പോയൊള്ളൂ?" എന്നു ചോദിക്കണം എന്നുണ്ടായിരുന്നു. വിക്രത്തിന്‍റെമുഖം കണ്ടപ്പോള്‍ പിന്നെ വേണ്ടെന്നു വച്ചു. ടയര്‍ മാറ്റി വണ്ടി മുന്നോട്ടെടുത്തപ്പോള്‍ എവിടെയോ എന്തോ തകരാറു പോലെ. സ്ടിയറിംഗ് നേരെ പിടിച്ചിട്ടും വണ്ടി ദാണ്ടേ ഇടത്തോട്ടു പോണു. വീണ്ടും ഇറങ്ങി നോക്കി. ഇടതു വശത്തെ ടയര്‍ ആകെ ഇളകി പറിഞ്ഞ് ഇരിക്കുന്നു. ആക്സില്‍ ഒടിഞ്ഞോ കര്‍ത്താവേ?
സമയം രാത്രി 2 മണി. എവിടെയൊക്കെയോ തപ്പിപ്പിടിച്ചു ഫോര്‍ഡ് റോഡ്‌ സര്‍വീസിനെ വിളിച്ചു. അവന്മാര്‍ക്ക് ഇവിടെ സര്‍വീസ് ഇല്ല പോലും. അവന്മാര്‍ കുറെ ക്രെയിന്‍ സര്‍വീസിന്റെ നമ്പര്‍ തന്നു. ക്രെയിന്‍ ബങ്ങലൂരില്‍ നിന്ന് വരണം പോലും. ഒടുക്കത്ത തണുപ്പും മഞ്ഞും. വിന്‍ഡോ ഒക്കെ പൊക്കി വണ്ടിയില്‍ തന്നെ ഇരുന്നു. മത്തായി പുറകില്‍ കിടന്നു കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു. "വിക്രം പുള്ളിയെ ഒന്നു ക്രൂരമായി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല (യെന്തു പറയാന്‍?). ഒടുവില്‍ ബങ്ങലൂരില്‍ നിന്ന് ക്രെയ്ന്‍ വന്നു, രാവിലെ 5 മണിക്ക്. ഫിയസ്റ്റക്കുട്ടിയെ ആഘോഷപൂര്‍വ്വം ഗരുഡന്‍ തൂക്കം തൂക്കി കൊണ്ടു പോയി. വിക്രം 80 ഡിഗ്രി ആന്ഗിളില്‍ ഫിയസ്റ്റക്കകത്ത്. ഞാനും മത്തനും ക്രെയിന്കാരന്റെ കൂടെ. കൊടൈക്കനാലിനു പോയവര്‍ രാവിലെ 8 മണിയോടെ തിരിച്ചു ബാംഗ്ലൂരില്‍ എത്തി. വിക്രം നേരെ വണ്ടിയുമായി ഫോര്‍ഡ് സര്‍വീസില്‍ പോയി. എസ്റ്റിമെറ്റഡ് ബില്‍ രൂഭാ മുപ്പതിനായിരം. ടയറും കൂടെ ചേര്‍ത്തു മുപ്പത്തിനാലായിരം. ഒരുത്തന്‍റെ അസുഖം അതോടെ കുറച്ചു കുറഞ്ഞു.
ഉച്ച വരെ കിടന്നുറങ്ങി. രാത്രി ഗരുഡന്‍ തൂക്കത്തിനു പോയിരുന്ന കാരണം ഉറങ്ങാന്‍ പറ്റിയില്ലല്ലോ. ഉച്ചയായപ്പോള്‍ വെയില്‍ ഉച്ചിക്ക് അടിച്ചത് കൊണ്ടാണെന്നു തോന്നുന്നു വീണ്ടും ചില ചിന്തകള്‍.
"എന്താ മത്തായീ ഒരു വഴി?"
"വഴിയുണ്ടളിയാ. ഇങ്ങനെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകാന്‍ വേണ്ടിയല്ലേ സര്‍ക്കാര് ബസ് സര്‍വീസ് തുടങ്ങിയെക്കുന്നെ. ബസില്‍ പോകാം"
"ശനിയാഴ്ച രാത്രി ബസ് കയറി പത്തഞ്ഞൂറു കിലോമീറ്ററു സഞ്ചരിച്ച് അവിടെത്തി അന്നു രാത്രി തന്നെ തിരിച്ചു വരുന്നത് അഹങ്കാരമാകുമോ മത്തായീ?
"യേയ്,ഒരിക്കലുമില്ല"
"എന്നാ പോയേക്കാം. വിക്രത്തെ വിളിക്കണോ? "
"അങ്ങേര് ഇപ്പൊ തന്നെ മുപ്പതിനായിരം രൂപ മഷ്രൂമിനു വേണ്ടി ചെലവാക്കിയല്ലോ. ഇനിയിപ്പോ നമ്മുക്ക് സാധനം വാങ്ങി കൊണ്ടു വന്നു
കൊടുക്കാം"
അങ്ങനെ ടിക്കെറ്റ് ബുക്ക് ചെയ്തു. അങ്ങോട്ട്‌ കര്‍ണാടക വോള്‍വോ ശനിയാഴ്ച രാത്രി പത്തരക്ക്. രാവിലെ കൊടൈ എത്തുന്നു. സാധനം കഴിക്കുന്നു. മരം നടക്കുന്നതു കാണുന്നു. തിരിച്ചു കര്‍ണാടക രാജഹംസ ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക്. അങ്ങനെ പുറപ്പെട്ടു. ഫിയസ്റ്റ പറന്ന സ്ഥലം കഴിയുന്നതു വരെ ഞാനും മത്തായിയും ഉറങ്ങിയില്ല!

വോള്‍വോ ഡ്രൈവിന്റെ കാല് ആക്സിലറേറ്ററിന്‍റെ ഇടയില്‍ കുടുങ്ങിപ്പോയി എന്നു തോന്നുന്നു. എട്ടു മണിക്കൂര്‍ കൊണ്ടു കൊടൈ എത്തി. രാവിലെ കുളിയും ബ്രേക്ക് ഫാസ്റ്റും ഒക്കെ കഴിഞ്ഞ് (ഇത്രയും നല്ല ദോശ-ഇഡലി-സാമ്പാര്‍-ചട്ണി കോമ്പിനേഷന്‍ അടുത്തിടെ കഴിച്ചിട്ടില്ല. നന്നായി തട്ടി. ഉച്ചക്ക് ഒന്നും കഴിക്കാന്‍ പറ്റിയെന്നു വരില്ല) മഷ്രൂമിന്റെ നാടായ ചിന്നവന്നൂര്‍ (പേര് സാങ്കല്‍പ്പികം) എന്നാ സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ ആണ്ടിച്ചാമി എന്നൊരു കിളവനാണ് ഏജന്റ്. കിളവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവണേ എന്നു മത്തായി ഇടയ്ക്കു പ്രാര്‍ഥിക്കുന്നുണ്ട്. കൊടൈയില്‍ നിന്നും കാട്ടിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിക്കണം ചിന്നവന്നൂര്‍ എത്താന്‍. വഴി എന്ന് തോന്നിക്കുന്ന എന്തോ ഒരു പ്രതലത്തിലൂടെ ബസ് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ കൊടും വളവുകള്‍. രണ്ടു മണിക്കൂര്‍ നേരത്തെ യാത്രക്കു ശേഷം സ്ഥലത്തെത്തി. ഒരു പട്ടിക്കാട്. ആണ്ടിച്ചാമിയെ തപ്പിയെടുത്തു. മത്തായിയെ കണ്ടപ്പോ പുള്ളിക്കു ഭയങ്കര സന്തോഷം. പഴയ കസ്റ്റമര്‍ ആണല്ലോ. പുള്ളി ചാടി വന്നു ഷേക്ക്‌ ഹാന്‍ഡ്‌ തന്നപ്പോഴേ മത്തായി ഒന്നു വിരണ്ടു. "കെളവന്‍ പണിയാക്കുവോടെ? പോലീസെങ്ങാനും...?" "ഏയ്‌, ഈ വനത്തിനു നടുക്കു പോലീസ് വരാന്‍ വഴിയില്ല". ഞങ്ങളെ ചാമി തൊട്ടടുത്തുള്ള പുള്ളീടെ വീട്ടിലോട്ടു കൊണ്ടു പോയി. ഞങ്ങളെ ഇരുത്തിയ ശേഷം പുള്ളി ഒരു പൊടിയുമായിട്ടു വന്നു. മഷ്രൂം പൊടിച്ചതാണത്രെ. അതു കണ്ടപ്പോള്‍ ഞങ്ങള്‍ക്കൊരു പേടി. മഷ്രൂം പൊടിച്ചതിന്റെ കൂടെ ചാമീടെ വക വല്ല ചടയന്‍ കഞ്ചാവും ഉണ്ടെങ്കില്‍ പണി പാളും. ഫുള്‍ ബോധം ഉള്ളപ്പോള്‍ തന്നെ ഇവിടുന്നു തിരിച്ചു കൊടൈ എത്തല്‍ പണിയാണ്. രണ്ടു പേരും പൂസായാല്‍ പിന്നെ ഇവിടെ സെറ്റാകേണ്ടി വരും. ഏതായാലും പൊടി വേണ്ട, മഷ്രൂം മതി എന്ന് ഒരു വിധത്തില്‍ ചാമിയെ പറഞ്ഞു മനസിലാക്കി. നമ്മളെക്കൊണ്ടു പൊടി തീറ്റിക്കാന്‍ പുള്ളിക്കു ഭയങ്കര ഉത്സാഹം. എന്താണാവോ?
മത്തായി പണ്ട് ട്രെക്കിങ്ങിനു വന്ന സ്ഥലമാണ്‌. അവിടെ ഒരു കിടിലന്‍ ലേയ്ക്ക്‌ ഉണ്ട്, അതു കാണാം എന്നു മത്തായി.. ചാമിയോടു മഷ്രൂമുമായി ലേക്കിലേക്ക് വരാന്‍ പറഞ്ഞു. ചാമി അപ്പൊ തന്നെ 1000 രൂപാ വാങ്ങി കൂണു തപ്പി പോയി. ഞാനും മത്തനും ലേക്കിലേക്ക് നടന്നു. ഒരു ചെറിയ മല കയറി ഇറങ്ങി ലേയ്ക്കിലെത്തി. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അതിതാണ്... അതിതാണ് എന്നു പണ്ട് ഏതോ ഒരുത്തന്‍ പറഞ്ഞത് ഈ സ്ഥലം കണ്ടിട്ടായിരിക്കും (ചില ഫോട്ടോസ് താഴെ കൊടുക്കുന്നു). കൊടൈക്കനാലില്‍ വരുന്ന ആരും സമീപത്തുള്ള ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കാണാന്‍ പോകാറില്ലെന്നു തോന്നുന്നു. ശരിക്കും കൊടൈക്കനാലില്‍ സാധാരണ കാണുന്ന കാഴച്ചകളെക്കാള്‍ ഭംഗിയുണ്ട് സമീപത്തുള്ള ഇങ്ങനെയുള്ള സ്ഥലങ്ങള്‍ക്ക്. ഇവിടുന്ന്‍ ട്രെക്ക് ചെയ്ത് മൂന്നാറില്‍ പോയി കയറാം എന്നു മത്തായി ഇടയ്ക്കു പറയുന്നുണ്ട്. അങ്ങനെ ഞങ്ങള്‍ മനോഹരമായ ആ ലെയ്ക്കിന്റെ സൈഡിലുള്ള ഒരു മൊട്ടക്കുന്നിന്റെ മുകളിലെത്തി. മത്തായി അപ്പോള്‍ തന്നെ അവിടെ ടെന്റ് അടിച്ചു (കോര്‍ ട്രെക്കര്‍). "മഷ്രൂം അടിച്ചിട്ട് ഈ സാധനം ഒക്കെ കെട്ടിപ്പെറുക്കി പോകാന്‍ പാടല്ലേ മത്തായീ?" - ഞാന്‍. "ഏയ്‌, ഇത് അഴിക്കാന്‍ 5 മിനിട്ട് മതിയെടെ" - മത്തായി. അങ്ങനെ ടെന്റും കെട്ടി കൊടൈയില്‍ നിന്നും വാങ്ങിയ ബിസ്കറ്റും തിന്ന് ഞങ്ങള്‍ ചാമിയെ (എന്നു വച്ചാല്‍ മഷ്രൂമിനെ) കാത്തിരിപ്പായി. സമയം 12 മണി. സമയം വൈകുന്തോറും ടെന്‍ഷന്‍ കൂടി വരുന്നു. മൂന്നു മണിക്ക് ഇവിടുന്നു കൊടൈക്കനാലിനു ബസുണ്ട്. അതെങ്കിലും കിട്ടിയാലേ ഞങ്ങള്‍ക്ക് ആറു മണിക്കുള്ള ബംഗ്ലൂര്‍ വണ്ടി കിട്ടൂ. അതു മിസ്‌ ആയാല്‍ പിന്നെ പല വണ്ടിയൊക്കെ മാറിക്കയറി പത്മവ്യൂഹം കളിച്ചു പോകേണ്ടി വരും. ഇവിടെത്തന്നെ സെറ്റായാലോ എന്നു മത്തായി. പുള്ളിക്കു കുഴപ്പമില്ല, ബംഗ്ലൂരില്‍ ചെയ്യുന്നതു തന്നെയാണല്ലോ ഇവിടേം ചെയ്തോണ്ടിരിക്കുന്നത്. നമ്മുടെ കാര്യം അങ്ങനെയല്ല, തിങ്കളാഴ്ച ആപ്പീസില്‍ എത്തി മല മറിക്കാനുള്ളതാ.

സമയം പന്ത്രണ്ടര. എവിടെ കൂണു തപ്പിപോയ ആ മ***? അല്ലെങ്കി വേണ്ട, നമുക്കു വേണ്ടി നല്ല കൂണു തെരഞ്ഞു പിടിച്ച് എടുക്കുവാരിക്കും പാവം ആണ്ടിചാമി അണ്ണന്‍. എന്ജിനീയറിങ്ങ് പരീക്ഷേടെ റിസള്‍ട്ടിനു പോലും ഇതു പോലെ വെയിറ്റ് ചെയ്തു കുത്തിയിരുന്നിട്ടില്ല. ഒടുവില്‍ ഒരു മണിയോടെ ആണ്ടി പ്രത്യക്ഷപ്പെട്ടു. ആണ്ടി നല്ല കിണ്ടി. പട്ടച്ചാരായം ആണെന്നു തോന്നുന്നു. വല്യ ബോധം ഒന്നുമില്ല. പുള്ളി മഷ്രൂമിനെപറ്റി ഒരു ചെറിയ കഥാപ്രസംഗം അങ്ങു നടത്തി. ബാംഗ്ലൂരില്‍ വന്‍ തോതില്‍ മഷ്രൂം കച്ചവടം തുടങ്ങുന്നതിന്റെ വിജയ സാധ്യതകളെപ്പറ്റി മത്തായിയും ആണ്ടിചാമിയും ചര്‍ച്ച ചെയ്തു. നമുക്കാണെങ്കില്‍ സമയമില്ല. ഈ പണ്ടാരം അടിച്ചാല്‍ ഒരു നാലു മണിക്കൂറെങ്കിലും ഇരുന്നെങ്കിലെ കമ്പ്ലീറ്റ് കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റൂ. ഒടുവില്‍ കൂടുതല്‍ കൂണു വേണം എന്നും പറഞ്ഞു ചാമിയെ ഒരു വിധം പറഞ്ഞു വിട്ടു. "മൂന്നു മണീടെ വണ്ടിക്ക് നിങ്ങളെ കയറ്റി വിടാന്‍ ഞാന്‍ എത്തും, കൂണുമായി" എന്ന ഡയലോഗാണ് ബോധത്തോടെ (ഞാന്‍) അവസാനമായി കേട്ടത്.
സ്പീഡില്‍ മഷ്രൂം കഴിപ്പു തുടങ്ങി. കൊടൈക്കനാലില്‍ നിന്നും വാങ്ങിയ തേനില്‍ മുക്കിയാണ് കഴിപ്പ്‌. മത്തായി ഒരു പത്തു പന്ത്രണ്ടെണ്ണം അടിച്ച ശേഷം ഒരു മരത്തിന്റെ അടിയില്‍ പോയി നങ്കൂരമിട്ടു. ഞാന്‍ ഒരു എട്ടെണ്ണം കഴിച്ചു ഒരു മരത്തിന്റെ അടിയില്‍ സെറ്റായി. ബാക്കി മഷ്രൂം ഒരു മരത്തിന്‍റെ താഴെ ഒളിച്ചു വെച്ചു. അര മണിക്കൂര്‍ എങ്കിലും എടുക്കും ഇതിന്റെ എഫെക്റ്റ് തുടങ്ങാന്‍. പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും മത്തായി പറഞ്ഞു: "അളിയാ, ഞാന്‍ തേഞ്ഞു". ഞാന്‍ നോക്കിയപ്പോള്‍ മത്തായി വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു. ഇടയ്ക്കു മുകളിലേക്കും വശങ്ങളിലേക്കും നോക്കുന്നുണ്ട്. "അളിയാ, ദാ വരുന്നു മരങ്ങള്‍" - മത്തായി. "എനിക്കൊന്നും തോന്നുന്നില്ലല്ലോ" - ഞാന്‍. മത്തായി മിണ്ടുന്നില്ല. പണ്ടാരമടങ്ങാന്‍. ഒരു പുല്ലും സംഭവിക്കുന്നില്ല. അഞ്ചു മിനിറ്റു കൂടി നോക്കാം. യെവടെ. കുറച്ചു മഷ്രൂം കൂടെ കഴിക്കണമായിരിക്കും. വീണ്ടും പൊതിയഴിച്ചു. നല്ല വലിപ്പമുള്ള ഒരു മൂന്നെണ്ണം കൂടെ കഴിച്ചു. വീണ്ടും ഇരുന്നു.... ങ്ങും..... പതുക്കെ തുടങ്ങി.... ചുറ്റുമുള്ള സാധനങ്ങളുടെയൊക്കെ നിറം മാറിത്തുടങ്ങി. തടാകം നീലയാകുന്നു, പച്ചയാകുന്നു, മഞ്ഞയാകുന്നു. ചുറ്റുമുള്ള വനങ്ങള്‍ പച്ചയാകുന്നു, നീലയാകുന്നു, ചുവപ്പാകുന്നു. ഇതു വരെ അനുഭവിക്കാത്ത എന്തോ ഒന്ന്‌. വരി വരിയായി നില്‍ക്കുന്ന കുറെ മരങ്ങള്‍ ദാ തെക്കോട്ടു പോകുന്നു.
അത്രയും ആയപ്പോഴേക്കും ഞാന്‍ മത്തായിയെ നോക്കി. പര പൂസ് ആണെന്നു കണ്ടാലറിയാം. ഞാന്‍ മൊബൈല്‍ എടുത്തു രണ്ടു മണിക്ക് അലാം സെറ്റ് ചെയ്തു. ഇല്ലെങ്കില്‍ തിരിച്ചു പോകല്‍ നടക്കില്ല. ഇതു കഴിച്ചു കഴിഞ്ഞാല്‍ ഫീലിങ്ങ്സ്‌ ഒക്കെ ഭയങ്കര സ്ട്രോങ്ങ്‌ ആകും എന്നു കേട്ടിട്ടുണ്ട്. അതായത്, പേടി വന്നാല്‍ പിന്നെ ഫുള്‍ പേടി, ചിരി വന്നാല്‍ ഫുള്‍ ചിരി, എന്തെങ്കിലും ചെയ്യണം എന്നു തോന്നിയാല്‍ അതു ചെയ്തെ അടങ്ങൂ. അങ്ങനെ പാതി ബോധത്തില്‍ ഇരിക്കുമ്പോഴാണ് പുറകില്‍ ദാണ്ടേ ഒരുത്തന്‍. നമ്മടെ രാം ഗോപാല്‍ വര്‍മേടെ പ്രേത പടത്തില്‍ കാണുന്ന അതേ മോന്തേം ഒക്കെ ആയിട്ട്. പുള്ളി വന്നു ഞങ്ങടെ പുറകില്‍ കുറ്റിയടിച്ച പോലെ ഒരു നില്‍പ്പ്. അനങ്ങുന്നില്ല. മത്തായി ആകെ ടെന്‍ഷനായി. വെറുതെ നിന്ന അങ്ങേരോട് "അണ്ണാ, നീ പോങ്കെ, നാങ്ക കൊഞ്ച നേരം തനിയാ ഉക്കാരണം" എന്നു മത്തായി. "നാന്‍ എതുക്ക്‌ പോണം? നാന്‍ മാട് പാക്കര ആള്‍. മാട് കീഴെ നിന്തിട്ടിരുക്ക്" എന്നു അയാള്‍. ഞാന്‍ മത്തായിയോടു മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ടും പുള്ളി കേള്‍ക്കുന്നില്ല. ഇടി വാങ്ങിക്കുമോ? "നാങ്ക ആണ്ടി ചാമ്യുടെ ആളുങ്കള്‍" എന്നു മത്തായി. "അതുക്കു നാന്‍ എന്ന പണ്ണണം" എന്നു മാട്. മത്തായി പതുക്കെ എണീറ്റു. എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്കും തോന്നി. മത്തായി പറഞ്ഞു " അളിയാ, നമുക്കു വേഗം ഇവിടുന്നു പോണം. അവന്‍ പോലീസില്‍ പറയാന്‍ പോവാ" "ങേ, ഏതു പോലീസ്? മത്തായീ, എന്താ പ്രശ്നം?" - ഞാന്‍. "നീ സംസാരിക്കണ്ട, നീയും ഫിറ്റാ" - മത്തായി. "ഡേയ്, എനിക്ക് നല്ല ബോധം ഉണ്ട്" എന്നു ഞാന്‍. ഞാന്‍ നോക്കിയപ്പോള്‍ മത്തായി ദാണ്ടേ കൂടാരം ഒക്കെ വലിച്ചിളക്കുന്നു. എനിക്ക് സംഭവം മനസിലായി. മത്തായി അയാളെ കണ്ട് എങ്ങനെയോ പേടിച്ചു. അയാള്‍ പോലീസിന്റെ ചാരനാണെന്നും പോലീസ് ഉടന്‍ സ്പോട്ടിലെത്തും എന്നുമാണ് തോന്നല്‍. വാച്ചില്‍ നോക്കിയപ്പോള്‍ സമയം രണ്ടു മണി. ഇത്രയും പേടിച്ച സ്ഥിതിക്ക് ഇനി ഇവിടെ നില്‍ക്കുന്നതു പന്തിയല്ല. പോയേക്കാം. മത്തായി കൂടാരം അഴിക്കുന്തോറും കൂടാരം വലുതായി വരുന്നു. മത്തായി നോക്കുമ്പോള്‍ കാണുന്നത് കൂടാരം വളരെ വലുതും അതും കൊണ്ടു വന്ന ബാഗ് വളരെ ചെറുതും. "അളിയാ ഇതെങ്ങനെ ഇതില്‍ കയറ്റും? ദാണ്ടേ ഇതു വലുതായി വരുന്നു!" "കോപ്പ്. തള്ളി കേറ്റെടെ" ഒരു വിധത്തില്‍ എങ്ങനെയോ സാധനം ബാഗില്‍ കയറ്റി. മത്തായി സമ്മതിച്ചില്ലെങ്കിലും (പോലീസ് ഉടനെ എത്തുമല്ലോ) ബാക്കി ഉണ്ടായിരുന്ന മഷ്രൂം ഞാന്‍ എന്‍റെ ബാഗില്‍ ഇട്ടു. ഇനി തിരിച്ചു വന്ന വഴി മല കയറിയിറങ്ങി ടൌണില്‍ എത്തണം. നടപ്പു തുടങ്ങി. മത്തായി ചോദിച്ചു: "അളിയാ, നമ്മള്‍ രണ്ടും പൂസാ. എത്തുമോ?" എന്തോ, എനിക്ക് അപ്പോള്‍ ഒടുക്കത്തെ ധൈര്യവും കോണ്ഫിഡന്‍സും (ജീവിതത്തില്‍ ആദ്യായിട്ടാ). ഞാന്‍ പറഞ്ഞു "ഡേയ്, ഇപ്പോള്‍ എന്താ പ്രശ്നം? നമ്മള്‍ മലയിറങ്ങുന്നു, ടൌണില്‍ എത്തുന്നു, മൂന്നു മണീടെ ബസ് പിടിക്കുന്നു, കൊടൈ എത്തുന്നു, തിരിച്ചു പോകുന്നു. നോ പ്രോബ്ലം. നീ ധൈര്യമായിട്ട് ഇരിക്ക്" "അളിയാ, എനിക്ക് ഒരു ബോധവും ഇല്ല, നീ എങ്ങനെയെങ്കിലും ഹാന്‍ഡില്‍ ചെയ്യണേ" - മത്തായി. "ഡോണ്ട് വറി" എന്നു ഞാന്‍.

മൊത്തത്തില്‍ നല്ല പൂസു പോലെ തോന്നുന്നുണ്ടെങ്കിലും എനിക്ക് അപ്പോഴും തിരിച്ചു പോകാന്‍ പറ്റും എന്നു നല്ല കോണ്ഫിഡന്‍സ്. അങ്ങനെ മലയുടെ ഒരു ഭാഗത്ത് വന്നപ്പോള്‍... മുന്നോട്ടു വഴി കാണുന്നില്ല. ങേ, ഈ വഴി തന്നെയല്ലേ വന്നത്? മുന്നില്‍ ദാ ഒരു മുള്ളു വേലിയൊക്കെ. ഇതെവിടുന്നു വന്നു? ആ സമയം ചുമ്മാ ഒന്നു പുറകോട്ടു നോക്കിയ മത്തായി കണ്ട കാഴ്ച! മലയും കുന്നും മരങ്ങളും ലേയ്ക്കും ഒക്കെ ദാണ്ടേ പാഞ്ഞു വരുന്നു! "കര്‍ത്താവേ!" മത്തായി ഫോണെടുത്തു ചറ പറാ വിളി തുടങ്ങി. ചെന്നൈ, പൂനെ, ബംഗ്ലൂര്‍ തുടങ്ങി എല്ലായിടത്തും ഉള്ള കൂട്ടുകാരെയൊക്കെ വിളിച്ച് "എന്നെ രക്ഷിക്കെടാ, ഞാന്‍ മലകള്‍ക്കിടയില്‍ കുടുങ്ങിയെടാ" എന്നും പറഞ്ഞു മാരക നിലവിളി. ഞാനാണെങ്കില്‍ വഴി തപ്പി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഒടുവില്‍ ഒരു ദൈവ ദൂതനെപ്പോലെ അതാ ഒരാള്‍ പ്രത്യക്ഷപ്പെടുന്നു. ആണ്ടിചാമി!!! ഹാവൂ, ദൈവം രക്ഷിച്ചു. "നീങ്ക അങ്കെ എന്ന പന്ട്രീങ്കേ? ഏറി വാങ്കെ. എപ്പടി ഇരുക്ക്‌ സരക്ക്?" മത്തായി ഓടി ചാമീടെ അടുത്തെത്തി "അണ്ണാ, രക്ഷിക്കണം . ഓവറാ അടിച്ചിട്ടേ. ഇന്ത കിക്ക് എപ്പടിയാവത് ഇറക്കിടുങ്കേ . എതാവത് പണ്ണുങ്കെ. ഇനി മഷ്രൂമും വേണ്ട, ഒരു കോപ്പും വേണ്ട. എന്നെ രക്ഷിക്കോ" എന്നൊക്കെ പറഞ്ഞ് ഒരേ റോള്. ഞാന്‍ ചാമിയോടു ചോദിച്ചു: "അണ്ണാ, വല്ലതും നടക്കുമോ? അതോ ഈ സാധനത്തിനെ ഞാന്‍ ഇവിടെ വെച്ചിട്ടു പോണോ?" "വാങ്കെ വീട്ടുക്ക് പോകലാം. ഇന്ത കിക്ക് ഇറക്കരുതുക്ക് ഒരു മരുന്നിരുക്ക്. അത് ഇന്ത ഉലകത്തിലെ എനക്കു മട്ടും താന്‍ തെരിയും" നല്ല അസ്സല്‍ മൂലവെട്ടി തോറ്റു പോകുന്ന എന്തോ ഒരു സാധനം ചാമ്പീട്ടാണ് ആണ്ടി വന്നിരിക്കുന്നത്. ഇങ്ങേരുടെ കൂടെ പോണോ, അതോ എങ്ങനെയെങ്കിലും രക്ഷപെടണോ? എങ്ങോട്ട് , എങ്ങനെ രക്ഷപെടാന്‍? കൂടെ പോകുക തന്നെ. അങ്ങനെ ഒരു പത്തു കിലോമീറ്റര്‍ നടന്ന് (ഇങ്ങോട്ട്വന്നപ്പോള്‍ നൂറു മീറ്ററേ ഉണ്ടാരുന്നുള്ളൂ) വീണ്ടും ചാമീടെ വീട്ടിലെത്തി .
ചാമി അകത്തോട്ടു പോയി ഒരു ഗ്ലാസില്‍ നാരങ്ങ പിഴിഞ്ഞോണ്ടു വന്നു. എന്നിട്ട് എന്തോ ഒരു പൊടി അതില്‍ കലക്കി. എന്നിട്ടു മത്തായിക്കു കൊടുത്തിട്ട് ഒറ്റ വലിക്കു കുടിച്ചോളാന്‍ പറഞ്ഞു. മത്തായി ഒന്നു മടിച്ചെങ്കിലും ഒറ്റ വലിക്കു സാധനം കഴിച്ചു. കണ്ണും തള്ളി നിന്ന മത്തായീടെ മോന്തേലോട്ടു കുറെ ഭസ്മം കൂടെ ചാര്‍ത്തിക്കൊടുത്തു ആണ്ടിച്ചാമി. “പടയപ്പ!” മത്തായി ഒറ്റച്ചാട്ടത്തിനു പുറത്തെത്തി. “അളിയാ, ഞാന്‍ ശിവനേം പാര്‍വതിയേം സുബ്രഹ്മണ്യനേം കണ്ടു”. “ങേ!” (കെളവന്‍ ഇട്ടു കലക്കിയ പൊടി എന്തു സാധനമാണെന്നു ഇപ്പോഴും അറിയില്ല. ഏതായാലും മത്തായി ശിവനെ ഫാമിലിയോടെ കണ്ട സ്ഥിതിക്ക് ആദ്യം ഞങ്ങളെ ആദ്യം കാണിച്ച പൊടിയാകാനാ വഴി. കള്ളച്ചാമീ!!
ചാമീടെ വീട്ടീന്നു ചാടി ഞങള്‍ ടൌണില്‍ എത്തി. ഇതെന്താ എല്ലാവരും ഞങ്ങളെത്തന്നെ നോക്കുന്നത്? തോന്നലാവും അല്ലെ? ഇനി ഇവിടുന്നു രക്ഷപെടണമല്ലോ... മത്തായി അവിടെ ഒരു കടയില്‍ കയറി എന്തൊക്കെയോ ചോദിക്കുന്നു. കടക്കാരന്‍ മരണച്ചിരി. പുള്ളിക്കു സംഭവം മനസിലായെന്നു തോന്നുന്നു. ഇങ്ങനെ പോയാല്‍ പ്രശ്നമാണല്ലോ. പരിചയമില്ലാത്ത സ്ഥലം. രണ്ടും പൂസാണെന്നറിഞ്ഞാല്‍ ആര്‍ക്കും എന്തു വേണേലും ചെയ്യാം. കടക്കാരന്റെ ചിരി കണ്ടു വിരണ്ട മത്തായി (ലവനും പോലീസ്‌ ചാരന്‍ ആയിരിക്കും) അവിടെ ക്ഷീണിച്ചു കുത്തിയിരുന്നു. ഞാന്‍ അവിടെ ഇരുന്നിരുന്ന ഒരു താടിക്കാരനോടു ബസിന്‍റെ സമയം ചോദിച്ചു. അങ്ങേര് അനന്തതയിലേക്കു നോക്കി മിണ്ടാതെ ഇരിക്കുന്നു. ങ്ങും... സാധനം മറ്റവന്‍ തന്നെ. ഞാന്‍ അടുത്തു കണ്ട കടയില്‍ കയറി ബസിന്‍റെ സമയം അന്വേഷിച്ചു. “അടുത്ത ബസ്‌ സായന്തരം അഞ്ചു മണിക്ക്” “ഓക്കെ, താങ്ക്സ് അണ്ണൈ... ങേ! അഞ്ചു മണിക്കോ? അപ്പൊ മൂ... മൂ... മൂന്നിന്റെ വണ്ടി?” “അന്ത വണ്ടി വരലെ. റിപ്പയര്‍ ആയിടിച്ച്” “ കടവുളേ, ചതിച്ചോ?” ഇനി എങ്ങനെ ആറു മണിക്ക് ബാംഗളൂര്‍ എത്തും? കുടുങ്ങി.

അപ്പോഴത്തെയും പിന്നെ അങ്ങോട്ട്‌ കൊടൈ എത്തുന്നതു വരെയും ഉള്ള എന്‍റെ മാനസികാവസ്ഥ ഇവിടെ എഴുതി ഫലിപ്പിക്കാന്‍ പറ്റും എന്നാ വിശ്വാസം എനിക്കില്ല. അത്ര ഭീകരം. മനസ്സില്‍ അപ്പോഴുള്ള ഒരേ ഒരു ചിന്ത എങ്ങനെയും അവിടെ നിന്നു രക്ഷപെടണം എന്നതു മാത്രമാണ്. ആകപ്പാടെ വിരണ്ട അവസ്ഥ. പൂസായ മത്തായി. പാതി ബോധം ഉള്ള ഞാന്‍. ഒരു പരിചയവും ഇല്ലാത്ത സ്ഥലം. രാത്രി കൂടി ആയിരുന്നെങ്കില്‍ മിക്കവാറും പേടിച്ചു ചത്തേനെ. എന്താ ഒരു വഴി? “ഇങ്കെ ടാക്സി എതാവത് കെടക്കുമാ?” “ടാക്സിയാ? കിക്കിക്കി....” ദൈവമേ, ഇനിയിപ്പോ എന്താ ചെയ്യാ? (ആറു മണിക്കുള്ള വണ്ടി കിട്ടിയില്ലെങ്കിലും പല വണ്ടി മാറിക്കയറി ബാംഗ്ലൂര്‍ എത്താം എന്നെ ചിന്ത പോലും മനസ്സില്‍ വരുന്നില്ല. ഒരേയൊരു ചിന്ത മാത്രം: എങ്ങനെയും ആറു മണിക്കു കൊടൈ എത്തണം). പെട്ടെന്ന് ഒരുത്തന്‍ പ്രത്യക്ഷപ്പെട്ടു. “തമ്പീ ടാക്സി ഇരുക്ക്. പോകലാമാ?” ബാലരമയിലെ ചമതകന്റെ മോന്തയുള്ള ഒരുത്തന്‍. പര ഫ്രാഡ് ആണെന്നു മുഖത്ത് പ്രിന്‍റ് ചെയ്തു വെച്ചിട്ടുണ്ട്. പോയാലോ? റേറ്റ് ചോദിച്ചു. 1300 രൂപ. കര്‍ത്താവേ, ഇങ്ങോട്ടു വെറും ഇരുപത്താറു രൂപാ കൊടുത്താ വന്നത്. ഒടുവില്‍ മാരകപ്പേശു പേശി 1100 നു സമ്മതിപ്പിച്ചു. “മത്തായീ, പോയാലോ? 1100 ആ ചോദിക്കുന്നെ” “1100 അല്ല, പതിനായിരം വേണേലും കൊടുക്കാം. പോലീസ്‌ വരുന്നേനു മുന്നേ നമ്മുക്കു രക്ഷപെടാമെടെ” ചമതകന്‍ പതുക്കെ എന്‍റെ അടുത്തു വന്നിട്ട് “മഷ്റൂം എതാവത് വേണമാ സാര്‍?” “മഷ്റൂം, അവന്‍റെ അമ്മേടെ.... വണ്ടി എടടെ @#$%^&" എന്നു മത്തായി
ചമതകന്‍ പുള്ളീടെ വണ്ടിയിലേക്ക് ഞങ്ങളെ ആനയിച്ചു. ജാംബവാന്റെ മൂത്ത ചേട്ടന്‍ ഉപയോഗിച്ചോണ്ടിരുന്ന ഒരു ജീപ്പ്‌. ഇതു സ്റ്റാര്‍ട്ടാകുമോ? ചമതകന്‍ വണ്ടിയില്‍ കയറിയപ്പോള്‍ കുറെ പിള്ളേര് വണ്ടിക്കു ചുറ്റും കൂടി. ഒരു പത്തു മിനിറ്റ് നേരത്തെ കഠിന ശ്രമത്തിനു ശേഷം വണ്ടി സ്റ്റാര്‍ട്ടായി. ചുറ്റും കൂടി നിന്ന പിള്ളേര്‍ ആര്‍പ്പു വിളിച്ചു. പിള്ളേരല്ലേ, അവര്‍ ജനിച്ചിട്ട് ആദ്യമായിട്ടായിരിക്കും ഈ സാധനം സ്റ്റാര്‍ട്ടായി കാണുന്നത്. വണ്ടിക്കു ഡീസല്‍ അടിക്കാന്‍ 500 രൂപാ ആദ്യം തന്നെ പളനിവേലന്‍ (ചമതകന്റെ ശരിക്കുള്ള പേര്) വാങ്ങി. മത്തായിയെ വണ്ടീടെ പുറകില്‍ ഇരുത്തി. ഞാന്‍ മുന്നില്‍ കയറി. വണ്ടി അനങ്ങിത്തുടങ്ങിയപ്പോള്‍ മൂന്നു മണീടെ ബസ്‌ കാത്തിരുന്നവന്മാരെല്ലാം കൂടെ വണ്ടി വളഞ്ഞു. രണ്ടു പേരെ കയറ്റാം എന്നു പളനി. മത്തായി പേടിച്ചു വിരണ്ടു. പുള്ളി വണ്ടിക്കകത്തിരുന്നു ഫുള്‍ ബഹളം. ഒരുത്തനേം കയറ്റാന്‍ സമ്മതിക്കുന്നില്ല. ബോധമുള്ള ഒരുത്തനെങ്കിലും കയറിയിരുന്നെങ്കില്‍ നന്നായിരുന്നു. “സാര്‍, ഒരു ഹോസ്പിറ്റല്‍ കേസ്‌ ഇരുക്ക്. അവരെ മട്ടും ഏത്തിടലാമാ?” “പണ്ടാരടങ്ങാന്‍, ആരെയെങ്കിലും കേറ്റെടെ. വേഗം വണ്ടിയെടുക്ക്. മത്തായീ, ആരേലും കേറട്ടെ. എങ്ങനെയെങ്കിലും ഇവിടുന്നു സ്ഥലം വിടാം” ഞാന്‍ നോക്കിയപ്പോള്‍ ഒരു പെണ്ണ് വളിച്ച ചിരിയുമായി ദാ കയറുന്നു. ഇത് കേസുകെട്ടു തന്നെ. കൂടെ ഒരു പയ്യനും കയറി. പളനീടെ എര്‍ത്ത്‌ ആയിരിക്കും. ഡീസല്‍ അടിക്കാന്‍ പളനി ഇറങ്ങിപ്പോയി. അപ്പോഴും ബസ്‌ യാത്രികര്‍ വണ്ടീടെ ചുറ്റിലും ഉണ്ട്. ജീപ്പിന്‍റെ പുറകില്‍ പടുതാ ഇട്ടിരിക്കുന്നതു കൊണ്ട് പുറകില്‍ നടക്കുന്നതൊന്നും കാണാന്‍ വയ്യ. (പോലീസ്‌ വന്നു, പളനി ഓടി, ഞാന്‍ ഇപ്പൊ ഇറങ്ങി ഓടും എന്നതായിരുന്നു മത്തായിയുടെ മനസിലെ അപ്പോഴത്തെ ചിന്ത എന്നു പിന്നീട് ബോധം വന്നപ്പോള്‍ പറഞ്ഞു).
ഒടുവില്‍ ജീപ്പ്‌ പുറപ്പെട്ടു. ഒരു കാര്യം ഉറപ്പായി. വണ്ടീടെം വഴീടെം കണ്ടീഷന്‍ വെച്ച് 30 കിലോമീറ്റര്‍ ഓടി നമ്മള്‍ കൊടൈ എത്തുന്ന പ്രശ്നമില്ല. അത്രയ്ക്ക് ദയനീയമായ യാത്ര. ഞാന്‍ ഇടയ്ക്കു പുറകിലേക്ക് നോക്കുന്നുണ്ട്. മത്തായി ആ പയ്യനോട് എന്തൊക്കെയോ സംസാരിക്കുന്നു. ഇടയ്ക്കു താഴെ ചാക്കില്‍ ഇരിക്കുന്ന ക്യാരറ്റുകളോടും എന്തൊക്കെയോ പറയുന്നുണ്ട്. ക്യാരറ്റ് ചാക്കില്‍ പോലീസിന്റെ വാക്കിടോക്കി കണ്ടത്രെ. പയ്യനും പെണ്ണും പരസ്പരം നോക്കി ചിരിക്കുന്നു. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്. കയ്യില്‍ ആകെ നൂറു രൂപ ബാക്കിയുണ്ട്. എങ്ങാനും കൊടൈ എത്തിയാല്‍ ഇയാക്ക് കാശ് കൊടുക്കണം. ATM ല്‍ നിന്ന് എടുത്തു കൊടുക്കാം. അയ്യോ, പിന്‍ ഓര്‍മ വരുന്നില്ല. കുറെ നേരം ആലോചിച്ചു. രക്ഷയില്ല. ഇനി എന്തു ചെയ്യും? കൊടൈ എത്തി ഇയാളുടെ കാലില്‍ വീണാലോ? കയ്യിലുള്ള ക്യാമറ ഇയാള്‍ക്ക് കൊടുക്കേണ്ടി വരുമോ?
ഇടയ്ക്കു ബോധം പൂര്‍ണമായും നോര്‍മലാകും. വീണ്ടും പെട്ടെന്നു കൂടും. അതാണ്‌ ഈ സാധനത്തിന്‍റെ ഒരു ലൈന്‍. പണ്ടാരം. ഒന്നു നോര്‍മലായാല്‍ മതിയായിരുന്നു. 
അങ്ങേര് ഇടക്ക് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഞാനും കൂടെ മിണ്ടാതിരുന്നാല്‍ ഞങ്ങള്‍ രണ്ടും പൂസാണെന്ന് ഇങ്ങേര്‍ക്ക് മനസിലാകും. എന്തെങ്കിലും സംസാരിക്കാം.
“നീങ്ക എന്ന പണ്രെ അണ്ണൈ?”
“നാന്‍ ടീവി മെക്കാനിക്ക്‌ സാര്‍”
“ങേ?"
"ഇന്ത ഏരിയാവിലെ എല്ലാ ടീവിയും നാന്‍ താന്‍ റിപ്പയര്‍ പന്ന്രത്"
"ഓഹോ" (തോന്നിയതാവും)
ഇടയ്ക്കു വണ്ടി ചൂടായി പുക വരാന്‍ തുടങ്ങിയപ്പോ വണ്ടി വഴിയില്‍ നിര്‍ത്തി വെള്ളമൊഴിച്ചു തണുപ്പിച്ചു. വീണ്ടും പുറപ്പെട്ടു.
"അണ്ണേ, റോഡ്‌ റൊമ്പ മോശം, ഇന്ത കണ്ടീഷനില്‍ വണ്ടി അങ്കെ എത്തുമാ?" - ഞാന്‍.
"കവലപ്പെടാതെ സാര്‍. ഇന്ത വണ്ടി ബ്രിട്ടീഷ്കാരന്‍ യൂസ് പണ്ണത്. റൊമ്പ നല്ല കണ്ടീഷന്‍. അപ്പറം ഇന്ത റോഡ്‌ നാന്‍ താന്‍ റിപ്പയര്‍ക്ക് കോണ്ട്രാക്റ്റ് എടുത്തത്. കൊഞ്ചം പ്രോബ്ലം ഇരുന്തെ, അതിനാലെ നല്ലാ പണ്ണ മുടിയലെ"
ങേ, ബ്രിട്ടീഷുകാരന്‍ ഉപയോഗിച്ച മഹീന്ദ്രാ ജീപ്പോ? ടീവീ മെക്കാനിക്കായിരുന്ന ചമതകന്‍ എങ്ങനെ പെട്ടെന്ന് കോണ്ട്രാക്ടര്‍ ആയി? എന്തോ കുഴപ്പമുണ്ടല്ലോ. അപ്പോഴാണ്‌ വണ്ടി ഓടിക്കുന്ന അവതാരത്തെ ശെരിക്കും ശ്രദ്ധിച്ചത്. പുള്ളി ഇടയ്ക്കു ചിരിക്കുന്നു. ഇടയ്ക്കു ചുമ്മാ കൈ വെളിയില്‍ ഇട്ടു വീശുന്നു. ഇടയ്ക്കു രണ്ടു കയ്യും വിട്ടു മുഖത്തിനിട്ട് അടിക്കുന്നു. ചില സ്ഥലങ്ങളില്‍ ഗിയര്‍ ഒക്കെ മാറ്റാന്‍ മറന്ന് വണ്ടി ഓഫായി വീണ്ടും സ്റ്റാര്‍ട്ടാക്കുന്നു!
ഫഗവാനേ, ഇങ്ങേരും കൂണു കഴിച്ചിട്ടു വന്നിരിക്കുവാണോ?

ഒരു കാര്യം ഉറപ്പായി. ജീവനോടെ കൊടൈ എത്തുന്ന പ്രശ്നമില്ല. വഴിയിലുള്ള ഓരോ മൈല്‍ക്കുറ്റിയും എണ്ണിക്കോണ്ട് ഒന്നും മിണ്ടാതെ ഇരുന്നു. മറ്റൊരു ചിന്തയും കൂടി മനസിലേക്കു വന്നപ്പോള്‍ (ഭാഗ്യത്തിന് ആ ചിന്ത കൊടൈക്കനാല്‍ എത്താന്‍ അഞ്ചു കിലോമീറ്റര്‍ മാത്രമുള്ളപ്പോഴാണ് -എന്നു വെച്ചാല്‍ അര മണിക്കൂര്‍ സമയം കൂടി - തോന്നിയത്). ബോധമില്ലാത്ത ഞങ്ങള്‍ രണ്ടു പേര്‍. വണ്ടിയില്‍ ഒരു പെണ്ണ്. ഒരു പരിചയവും ഇല്ലാത്ത സ്ഥലം. ഈ ഡ്രൈവറെന്നു പറയുന്നവന്‍ കൊടൈ എത്തി ചുമ്മാ ഒന്നു ബഹളം വെച്ചാല്‍... പെണ്ണും കൂടെ നമുക്കെതിരെ പറഞ്ഞാല്‍....
ജീവിതത്തില്‍ ഒരു കാര്യത്തിനും ദൈവത്തെ വിളിച്ചു ബുദ്ധിമുട്ടിക്കാത്ത ഞാന്‍ ആ യാത്രയില്‍ എത്ര തവണ ദൈവത്തെയും സ്വന്തം വീട്ടുകാരെയും ഓര്‍ത്തു എന്നോര്‍മയില്ല.
കൊടൈ എത്താന്‍ ഒരു കിലോമീറ്റര്‍മാത്രം ബാക്കിയുള്ളപ്പോഴും എനിക്ക് ഉറപ്പില്ല എത്തുമോ ഇല്ലയോ എന്ന്.
ഒടുവില്‍ എത്തി. അപ്പോഴും ബോധമുണ്ടോ എന്നു ചോദിച്ചാല്‍ വ്യക്തമല്ല. ATMല്‍ കയറി. പിന്‍ ഓര്‍മയുണ്ട്. ഹാവൂ.... പകുതി ആശ്വാസം. മത്തായിയും ചമതകനും പെണ്ണും പയ്യനും ഇപ്പോഴും വണ്ടിയില്‍. അയാള്‍ ആളെ വിളിച്ചു കൂട്ടിക്കാണുമോ? ഭാഗ്യം ഒന്നും സംഭവിച്ചിട്ടില്ല.
രൂഭാ 1200 എടുത്തു ചമതകന്റെ കയ്യില്‍ വെച്ചു കൊടുത്ത്. "അണ്ണൈ, നൂറു രൂപാ എക്സ്ട്രാ ഇരുക്ക്. ഞങ്ങളെ ജീവനോടെ ഇവിടെ എത്തിച്ചതിന്"
പളനിഒന്നും മിണ്ടാതെ സ്ഥലം വിട്ടു. ഹാവൂ.... പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആശ്വാസം. ഇപ്പൊ ഞാനും മത്തായിയും നോര്‍മല്‍. പെട്ടെന്നാണ് ഒരു കാര്യം ഓര്‍ത്തത്. ഡീസല്‍ അടിക്കാന്‍ ആദ്യം പളനിക്ക് അഞ്ഞൂറു രൂവാ കൊടുത്താരുന്നല്ലോ! ദൈവമേ, അവസാനം കാശു കൊടുത്തപ്പോള്‍ അതു മറന്നു! 1100 നു മരണപ്പേശു പേശിയിട്ട് അവസാനം 1700 കൊടുത്ത് അഡ്ജസ്റ്റു ചെയ്തു!
കൊടൈ ബസ്‌ സ്റ്റാന്ടിന്‍റെ വെയ്റ്റിംഗ് റൂമിലിരുന്ന് ഒരു അര മണിക്കൂറോളം ചിരിച്ചു കാണും, നടന്ന കാര്യങ്ങള്‍ ഓര്‍ത്ത്‌. രണ്ടു പേരും അവനവനു തോന്നിയ കാര്യങ്ങള്‍ പങ്കു വെച്ചു. ആലോചിക്കുമ്പോള്‍ ഇപ്പോഴും ചിരി വരുന്നു. തലയ്ക്കു ബോധം ഉണ്ടായിരുന്നെങ്കില്‍ കൂളായി ഹാന്‍ഡില്‍ ചെയ്യുമായിരുന്നു കാര്യം പരമാവധി കോമ്പ്ലിക്കേറ്റഡ് ആക്കി.... പേടിച്ചു വിറച്ച് ..... ആറു മണിയുടെ രാജഹംസയില്‍ ബാംഗ്ലൂര്‍ക്ക്‌ കയറുമ്പോഴും ചിരി നിര്‍ത്താന്‍ രണ്ടു പേരും പാടു പെടുകയായിരുന്നു 
ജീവിതത്തില്‍ അങ്ങനെയും ഒരനുഭവം.
"അമ്മച്ചിയാണേ, ഇനി മേലാല്‍ പരിചയമില്ലാത്ത സ്ഥലത്തു പോയി ഇത്രയും റിസ്കെടുത്ത് ഇജ്ജാതി സാധനങ്ങള്‍ പരീക്ഷിക്കില്ല "
വാല്‍ക്കഷണം: അവിടുന്നു പൊതിഞ്ഞു കെട്ടി ബാംഗ്ലൂര്‍ക്ക് കൊണ്ടുവന്ന മഷ്രൂം മത്തായിയുടെ നേതൃത്വത്തില്‍ റൂമിലിരുന്ന് (പുറത്തു പോകാന്‍ പേടിച്ചിട്ടേ!) ചിലര്‍ കഴിച്ചെങ്കിലും ഏകാന്തതയും പ്രകൃതി സൗന്ദര്യവും ഇല്ലാത്തതിനാല്‍ ഒന്നും സംഭവിക്കാതെ ഉദ്യമം പരാജയപ്പെട്ടു.
#മുന്നറിയിപ്പ്: ഈ പോസ്റ്റിൽ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ആരും മാജിക് മഷ്രൂം പരീക്ഷിച്ചു നോക്കരുതെന്ന്‌ അപേക്ഷ.

2019 ജനുവരി 31, വ്യാഴാഴ്‌ച

കേൾക്കാത്ത കഥകളും കാണാത്ത കാഴ്​ചകളും തേടി - ഗവി

ആന വണ്ടിയിലൂടെ ആനകളെ കാണാൻ ഗവിയിലേക്ക്​ - അതായിരുന്നു യാ​ത്രാദ്ദേശ്യം. സാധാരണക്കാർ കൂടുതലുള്ള കേരളത്തിൽ സഞ്ചാരങ്ങൾക്കായി കൂടുതൽ ആശ്രയിക്കുന്നതും നമ്മുടെ ആനവണ്ടിയെ തന്നെയാണ്​. ഏത്​ യാത്രയും പരിപൂർണമാകണമെങ്കിൽ സാരഥി ആയി ആനവണ്ടിതന്നെ വേണം. കയറ്റങ്ങളും ഇറക്കങ്ങളും കുലുക്കങ്ങളും അങ്ങേയറ്റം ആസ്വദിക്കാനും വഴിമാറിക്കിടക്കുന്ന ശിലകളെ വഴിയോരത്തേക്ക്​ ചിതറിത്തെറിപ്പിച്ച്​ ജനൽക്കമ്പികൾക്കുള്ളിലൂടെ പ്രദർശനമേളയൊരുക്കി മുന്നേറുന്നു. ഇരുണ്ട ആഫ്രിക്കയിൽനിന്ന്​ കടൽ താണ്ടി 1950 മാർച്ചിൽ ധവളമായ യൂറോപ്പി​​െൻറ മണ്ണിലെത്തി, താൻ കോഴിക്കോ​െട്ട പുതിയറയിൽനിന്ന്​ വരുന്നു എന്നു പറഞ്ഞപ്പോൾ ‘‘you are the prince of puthiyara’’ എന്ന ജമൈക്കക്കാരി റീമയിലൂടെ ‘യാത്ര നമ്മുടെ നാട്ടിൽ സമ്പന്നർക്ക്​ മാത്രമല്ല സാധാരണക്കാരനുകൂടി അവകാശപ്പെട്ടതാണെ’ന്ന്​ എസ്​.കെ. പൊ​െറ്റക്കാട്ട്​​ തുറന്നുകാട്ടി. അത്തരത്തിൽ സാധാരണക്കാരുടെ സ്വന്തം വണ്ടിയാണ് ആനവണ്ടി.
ഗവിയിലെ രാധാകൃഷ്​ണൻ സാറി​​െൻറ ക്ഷണം സ്വീകരിച്ച്​ ഒരു വെള്ളിയാഴ്​ച വൈകുന്നേരം തൃശൂരിൽനിന്ന്​ 3.45നുള്ള ഫാസ്​റ്റിൽ യാത്ര തുടങ്ങി. ഒമ്പതുമണിയോടെ പത്തനംതിട്ടയിൽ വണ്ടി ഇറങ്ങി തൊട്ടടുത്തുള്ള ഹോട്ടലിൽ 400 രൂപക്ക്​ റൂമെടുത്തു. അടുത്ത ദിവസം രാവിലെ 6.30ന്​ ഗവി ബസ്​ പുറപ്പെടുന്നതിനാൽ ആദ്യത്തെ സീറ്റ്​ പിടിക്കാനായി അഞ്ചുമണിക്കുതന്നെ എഴുന്നേറ്റ്​ ഫ്രഷ്​ ആയി ആറു മണിക്ക്​ കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിലെ ഗവി ബസിനു മുന്നിൽ ഹാജരായി. ഒഴിഞ്ഞുകിടക്കുന്ന ഇരിപ്പിടങ്ങളിൽ ഇഷ്​ടമുള്ളത്​ തിരഞ്ഞെടുത്ത്​ ഇരിപ്പുറപ്പിക്കാം എന്ന ആശയിൽ ബസിനുള്ളിൽ കയറിയ​പ്പോൾ അതിനുള്ളിലെ കാഴ്​ച കണ്ട്​ പടിയിൽതന്നെ നിന്നുപോയി.


ഒരൊറ്റ സീറ്റ്​ പോലും ഒഴിവില്ല. അതിരാവിലെ എന്നെക്കാളും വേഗത്തിലും ആകാംക്ഷയിലും വണ്ടിക്കുള്ളിൽ സ്​ഥാനംപിടിച്ചവരായിരുന്നു ഒാരോരുത്തരും. ആ ഒരൊറ്റ നിമിഷത്തി​​െൻറ ആശയുടെ മുക്കാൽഭാഗവും നിരാശയിലേക്ക്​ വഴുതിവീണ എ​​െൻറ മുഖഭാവങ്ങൾ ശ്രദ്ധിച്ചിട്ടാകാം ഡ്രൈവർ രമേശ്​ ചേട്ടൻ കാഴ്​ചകളെ വേണ്ടുവോളം ആസ്വദിക്കാനും തനിക്കൊപ്പം മറ്റുള്ളവരെ നയിക്കാനുമായി വണ്ടിയുടെ എൻജിൻപുറത്ത്​ അൽപം സ്​ഥലം നൽകി. ഗവിയുടെ വഴികളിൽ കാലങ്ങളായി വളയം പിടിക്കുന്ന കൈകളെത്തന്നെ ഗൈഡായി കിട്ടിയതിൽ അതീവ സന്തോഷവാനായിരുന്നു ഞാൻ. പലർക്കും കേട്ടറിവുകളിലൂടെയും, ഒാർഡിനറി സിനിമ പോലുള്ള ദൃശ്യവിസ്​മയങ്ങളിലൂടെയും ഉള്ളിൽ ഉണർന്ന മോഹമാണ്​ ഗവി ദർശനമെങ്കിൽ മറ്റു ചിലർക്ക്​ ഗവിയുടെ സൗന്ദര്യത്തി​​െൻറ ഒരംശമെങ്കിലും  ത​​െൻറ നാട്ടിൻപുറങ്ങൾക്കുണ്ടെങ്കിൽ ആ പ്രദേശം ആ നാടി​​െൻറ ഗവി ആയി മാറുകയാണ്​. കോഴിക്കോടി​​െൻറ ഗവി, വയനാടി​​െൻറ ഗവി എന്നിങ്ങനെ പലയിടങ്ങളിലും ഗവിക്ക്​ ത​​െൻറ പേരിൽ അറിയപ്പെടുന്ന സന്താനങ്ങളുണ്ട്​. എന്തായാലും 6.30 കൂടി ആന വണ്ടിയുടെ ചക്രങ്ങൾ മുന്നോട്ട്​ ഒാടിത്തുടങ്ങിയപ്പോൾ എ​​െൻറ ഗവി

പത്തുവർഷം മു​േമ്പ ഒരു പെസഹ വ്യാഴം. സമയം രാവിലെ 4.30. നിൽക്കുന്നത്​ പത്തനംതിട്ടയിലെ വടശേരിക്കര എന്ന സ്​ഥലത്ത്​. സ്​ഥിരമായി മൂന്നാറും, ഉൗട്ടിയും, കൊടൈക്കനാലും പോയി മടുത്ത ഞങ്ങൾക്ക്​ ഒരു പുതിയ സ്​ഥലം - അതാണ്​ ലക്ഷ്യം. അങ്ങനെ കേട്ടറിവോ കണ്ടറിവോ മാപ്പ്​ അറിവോ (ഗൂഗ്​ൾ) ഇല്ലാത്ത ഗവി എന്ന സ്​ഥലത്തേക്ക്​ പുറപ്പെട്ടിരിക്കുന്നു. വഴിയുടെ സംശയം തീർക്കാൻ നിർത്തിയതാണ്​ ഇവിടെ. അവിടെ പത്രക്കെട്ടുകൾ അടുക്കുകയായിരുന്ന ഒരു പുള്ളിക്കാരനോട്​ ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെ ഒരു സ്​ഥലമേ കേട്ടിട്ടില്ല. രണ്ടാമത്​ ഒരാ​േളാട്​ ചോദിച്ചതുതന്നെ തെറ്റായിപ്പോയി എന്ന്​ ഞങ്ങൾക്ക്​ തോന്നിപ്പോയി. കാരണം, ‘‘നീയൊക്കെ വീട്ടിൽ പറഞ്ഞിട്ടാണോ വന്നത്​, തിരിച്ച്​ ചെല്ലത്തില്ലെന്ന്​’’ എന്നായിരുന്നു മറുപടി. ഇൗ സമയം അവിടെ ഉണ്ടായിരുന്ന ടാക്​സി ഡ്രൈവറോട്​ അന്വേഷിച്ചപ്പോൾ പുള്ളിക്കാരൻ ബാക്കിയുള്ള ഡ്രൈവർമാരെ കൂടി വിളിച്ചുവരുത്തി.
എന്ത്​ നല്ല മനുഷ്യൻ, ഞങ്ങളെ സഹായിക്കാനായി എല്ലാവരെയും വിളിച്ചുവരുന്നു എന്ന തോന്നൽ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു അവരുടെ വാക്കുകൾ. അന്നാണ്​ ആദ്യമായി 7.1 ഡിജിറ്റൽ സറൗണ്ട്​ സിസ്​റ്റം എന്താണെന്ന്​ ഞങ്ങൾക്ക്​ മനസ്സിലായത്​. ഒാരോ വശത്തുനിന്നും ഒാരോരുത്തർ അങ്ങ്​ തുടങ്ങി. ‘‘എവിടെയ്​ക്ക്​ ഗവിക്കൊ?’’ ‘‘അതേ... ഗവിയിൽ പോയവരാരും ഇന്നുവരെ തിരിച്ചുവന്നിട്ടില്ല’’. ‘‘കഴിഞ്ഞ ആഴ്​ച പോയ ഒരാളെ കാട്ടുപോത്ത്​ കുത്തിക്കൊന്നു’’. ‘‘രണ്ടു ദിവസം മുന്നേ പോയ രണ്ടുപേരെ ആന ചവിട്ടിക്കൊന്നു’’. ‘‘ഒരു മാസം മുന്നേ പോയ അഞ്ചുപേരെ പിന്നെ ആരും കണ്ടിട്ടില്ല.’’ അങ്ങനെ ആകെ പേടിപ്പിക്കുന്ന കഥകൾ. അവിടമാകെ ഒരു ഭീതിജനകമായ അന്തരീക്ഷമായി മാറി. എല്ലാവരിലും ഭയത്തി​​െൻറ വേരുകൾ പടർന്നുകയറി. എങ്കിലും വെച്ച കാൽ പിന്നോട്ട്​ എടുക്കുന്ന സ്വഭാവം എനിക്കില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ അവർ പുറത്തു കാണിക്കുന്നില്ല. എന്തായാലും അവസാനമായി തൊട്ടടുത്ത ഒാ​േട്ടാ സ്​റ്റാൻഡിലെ ഒരു ഒാ​േട്ടാക്കാരനോട്​ അന്വേഷിച്ചു.
ഗവി എന്ന്​ വളരെ പതിഞ്ഞ സ്വരത്തിൽ ചോദിച്ച ഞങ്ങളോട്​ വളരെ ഉച്ചത്തിൽ ആയിരുന്നു പുള്ളിക്കാര​​െൻറ മറുപടി. അവിടേ​ക്ക്​ ഇൗ കാറിലൊക്കെ പോയാൽ ആന ചവിട്ടി പൊട്ടിക്കും. മാത്രമല്ല നാലഞ്ച്​ മണിക്കൂർ കൊടും വനത്തിലൂടെ യാത്ര ചെയ്യണം. അതിനിടയിൽ ഒന്ന്​ മൂത്രമൊഴിക്കാനോ മ​േറ്റാ വണ്ടി നിർത്തിയാൽ പാമ്പുകൾ വണ്ടിക്കുള്ളിൽ കയറും. അത്രക്ക്​ പാമ്പ്​ ശല്യമാണ്​ പോലും. ഒരു ഭാഗത്ത്​ ആദ്യമായി ഇങ്ങനെ കിട്ടുന്ന ഒരു യാത്രയുടെ ത്രില്ലും മറുഭാഗത്ത്​ ഭയാനകമായ ഗവിയും ആയിരുന്നു മനസ്സിൽ. ഒടുവിൽ ഗവി കാണാനായി ഞങ്ങൾ അങ്ങ്​ തിരുവനന്തപുരത്തുനിന്നുമാണ്​ വരുന്നത്​ എന്നൊക്കെ ഉള്ള ഞങ്ങളുടെ സങ്കട വാക്കുകൾ കേട്ട്​ പുള്ളിതന്നെ ഒരു ഉപായം പറഞ്ഞുതന്നു. ആ ഉപായം ആയിരുന്നു ഇന്ന്​ ഞാൻ യാത്ര ചെയ്യുന്ന ഇൗ ആനവണ്ടി. 6.30ന്​ ഗവിക്ക്​ ഒരു കെ.എസ്​.ആർ.ടി.സി ബസ്​ വരും. അതിനു പുറകെ പോയാൽ വന്യജീവികളിൽനിന്നു രക്ഷപ്പെടാം.
വർഷങ്ങൾ പഴക്കമുള്ള ആ ഒാർമകളിൽനിന്ന്​ കണ്ടക്​ടർ ജോണിച്ചേട്ടൻ എന്നെ തട്ടി ഉണർത്തി. ‘‘സർ, ഇതാണ്​ അവസാന കവല. ഇനി അങ്ങോട്ട്​ നിബിഡ വനമാണ്. ആഹാരം കഴിക്കാനാണ്​ വണ്ടി നിർത്തിയത്​. അത്യാവശ്യ സാധനങ്ങൾ എന്തെങ്കിലും വേണമെങ്കിൽ ഇവിടെനിന്ന്​ വാങ്ങിക്കോളൂ’’...<br />ഇന്ന്​ ആ പഴയ പേടിപ്പിക്കുന്ന ഗവി അല്ല പുത്തൻ ഉടുപ്പ്​ അണിഞ്ഞുനിൽക്കുന്ന ഗവിയിൽ സഞ്ചാരികളുടെ പ്രളയം ആണെന്ന്​ പറയാം. ​ത്രില്ലടിപ്പിക്കുന്ന ഒരു കാട്​ യാത്ര ആണെങ്കിൽ ഇൗ ആനവണ്ടിയിൽ വരാം. അല്ലാതെ നഗരത്തി​​െൻറ തിരക്കുകളിൽനിന്ന്​ ഒഴിഞ്ഞു സമാധാനമായി രണ്ടു ദിവസം മണ്ണിനോടും മരങ്ങ​േളാടും കഥ പറഞ്ഞും കാടി​​െൻറ കാലൊച്ചകൾ കാതോർത്തും സായാഹ്നത്തിൽ മഞ്ഞ്​ മൂടുന്ന തടാകക്കരയിൽ കിന്നാരം പറഞ്ഞും രാവിലെ പച്ചപ്പട്ടുടുത്തു നിൽക്കുന്ന മലനിരകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളിമേഘങ്ങളെ കണികാണാനും ആണെങ്കിൽ ഗവിയിൽ ഒരു ദിവസം താമസിക്കണം. ആർത്തുല്ലസിക്കാനും ഒരു അടിച്ചുപൊളിക്കും ഗവിയിൽ സ്​ഥാനം ഇല്ല.

ഭക്ഷണത്തിനുശേഷം വണ്ടി പതുക്കെ നഗരയാമങ്ങളെ താരാട്ടുപാടി ഉറക്കി കാടി​​െൻറ വിജനതയിലും പ്രകൃതിയുടെ പുൽപ്പരപ്പിലും തണുപ്പുതേടി യാത്ര തുടർന്നിരിക്കുന്നു. നാലു ഡാം റിസർവോയറുകളാണ്​ പ്രധാനമായും ഗവിയിലേക്കുള്ള യാത്രയിൽ കാണാൻ കഴിയുന്നത്​. മൂളിയാർ ഡാം, ആനത്തോട്​ ഡാം, കക്കി ഡാം, പമ്പ ഡാം. വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡിലൂടെ ഒരേ സമയം ഒരു വണ്ടിക്കു മാത്ര​മേ സഞ്ചരിക്കാനാകൂ. വഴിയിൽ പലയിടങ്ങളിലായി കാട്ടാനകൾ വലിച്ചെറിഞ്ഞ ഇൗറ്റയുടെ അവശിഷ്​ടങ്ങളും വഴിയരികിൽ പറ്റിച്ചേർന്നു നിൽക്കുന്ന മരക്കൊമ്പുകളും യാത്രയിൽ തടസ്സങ്ങൾ സൃഷ്​ടിച്ചുകൊണ്ടേയിരുന്നു. അതിനിടയിൽ അതിരാവിലെയുള്ള ബസ്​ യാത്ര ആയതിനാൽ ആനകൾ റോഡിൽ കാണാനുള്ള സാധ്യത കൂടുതലാണെന്നുള്ള കണ്ടക്​ടറുടെ ഒാർമപ്പെടുത്തലും. കേവലം ഒരു ബസ്​ കഷ്​ടിച്ച്​ കടന്നുപോകുന്ന ഇൗ കാനന പാതയിൽ കൊമ്പനെ കണ്ടാൽ എല്ലാം തീർന്നതുതന്നെ എന്ന ഭയപ്പാടിൽ ഇരിക്കു​േമ്പാഴാണ്​ പെ​െട്ടന്ന്​ ആ ഒറ്റയാ​​െൻറ എളുന്നള്ളത്​.
എല്ലാവരും ഒരേ മനസ്സിൽ പറഞ്ഞു ‘‘​െദെവമേ പെട്ടു.’’ ഇരു ഭാഗത്തുനിന്നും പച്ച വർണങ്ങളാൽ ഒരുക്കി ആലവട്ടവും വെഞ്ചാമരവും വീശിക്കൊണ്ടുള്ള ആ വരവ്​ കണ്ടപ്പോൾ കാട്ടിലെ കൊമ്പ​​െൻറ എഴുന്നള്ളത്തായി തോന്നിപ്പോയി. കുമളിയിൽനിന്ന്​ രാവിലെ 5.45ന്​ ഗവി വഴി പത്തനംതിട്ടക്ക്​ പുറപ്പെടുന്ന ബസാണിത്​. രണ്ടു കൊമ്പന്മാരുടെ കാഴ്​ച ഇടുങ്ങിയ പാതകളിൽ വെച്ചായിപ്പോയാൽ ഏതെങ്കിലും ഒരു ബസ്​ ചിലപ്പോൾ കിലോമീറ്ററുകളോളം പിറകോട്ട്​ എടുക്കേണ്ടി വരും. അതാണ്​ ഇവിടെയും സംഭവിച്ചത്​. ഇവിടെ ഞങ്ങൾ തോൽക്കാതെ നിവൃത്തിയില്ല എന്ന്​ മനസ്സിലാക്കിയ രമേഷേട്ടൻ ബസ്​ ​കുറെ ദൂരം കണ്ടകാഴ്​ചകൾ ഒന്നുകൂടി റിവൈൻഡ്​ ചെയ്​ത്​ കാണിച്ചുതന്നു. പുതിയ പാട്ട്​​ എത്ര തവണ റിവൈൻഡ് ചെയ്​ത്​ കേട്ടാലും മതിവരാത്തതുപോലെ ആ കാഴ്​ചകൾ ഒന്നുകൂടി പിറകിലോ​െട്ടടുത്തപ്പോൾ കൂടുതൽ ആസ്വാദനമാണ്​ നൽകിയത്​.

ബസിലെ സ്ഥിരം യാത്രക്കാരായ കവിതയും ജയയും, അടുത്തതായി ആ ബസിൽ പരിചയ​പ്പെട്ടത്​ അതി​​െൻറ സ്​ഥിരം സഞ്ചാരികളായ കവിത, ജയ എന്ന രണ്ടു വനിതകളെ ആയിരുന്നു. ‘സുരക്ഷിത ബാല്യം സുന്ദര ബാല്യം’ എന്ന പ്രോഗ്രാമി​​െൻറ ഭാഗമായാണ്​ ഇവർ ഗവിക്ക്​ ബസ്​ കയറുന്നത്​. അവിടെ വസിക്കുന്ന കുട്ടികളിൽ വിദ്യാഭ്യാസത്തി​​െൻറ ആവശ്യകത മനസ്സിലാക്കിക്കുക, ഇടക്കിടെ ക്ലാസ്​ മുടക്കി പണിക്കുപോകുന്നവരെ തിരിച്ച്​ സ്​കൂളിലേക്ക്​ കൊണ്ടുവരുക, കലാപരിപാടികൾ, സാംസ്​കാരിക പരിപാടികൾ എന്നിവയിൽ പ​െങ്കടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്​ ഇവർ കാടു കയറുന്നത്​. രാവിലെ 6.30​െൻറ ബസിൽ ഗവിക്കും തിരിച്ച്​ 2.45​െൻറ ബസിൽ &nbsp;ഗവിയിൽനിന്ന്​ തിരിച്ചും പോകുന്ന ഇവർക്കും പറയാനുണ്ട്​ പേടിപ്പിക്കുന്ന ഒരുപാട്​ കഥകൾ. അവധി ദിവസങ്ങളിൽ മാത്രമാണ്​ ആനവണ്ടിയിൽ തിരക്ക്​ അനുഭവപ്പെടാറ്​. അല്ലാത്ത ദിവസങ്ങളിൽ പലപ്പോഴും ഇവർ തനിച്ചാകാറുണ്ട്​. അങ്ങനെ ഇൗ അടുത്തിടെ ഗവിയിൽനിന്നും തിരികെ വരുന്ന വഴി ബസിൽ നാലുപേർ മാത്രം. കണ്ടക്​ടർ, ഡ്രൈവർ, ഒരു കെ.എസ്​.ഇ.ബി ജീവനക്കാരൻ, പിന്നെ നമ്മുടെ കവിതയും. വഴിയുടെ മോശം അവസ്​ഥ കാരണം ആനവണ്ടി കൊടുംകാടിനു നടുവിൽ പണിമുടക്കി. കവിത ആകെ പേടിച്ചു വിരണ്ടു. കാരണം, നേരം സന്ധ്യയോട്​ അടുക്കുന്നു. വന്യമൃഗങ്ങൾ ഏതു നിമിഷവും പ്രത്യക്ഷപ്പെടാം.
സ്​ഥിരമായി ആനശല്യമുള്ള വഴിയാണ്​. കാട്ടിൽ കയറിയാൽ പിന്നെ പുറത്തിറങ്ങുന്നതുവരെ മൊബൈൽ ഫോണിന്​ സിഗ്​നലും ലഭിക്കില്ല. അതിനാൽ, ഗാരേജുമായി ബന്ധപ്പെടാൻ വർഷങ്ങളായി &nbsp;സംവിധാനങ്ങളില്ല. എത്തിച്ചേരേണ്ട സമയം കഴിഞ്ഞു രണ്ടു മണിക്കൂർ കഴിഞ്ഞും എത്തിച്ചേർന്നില്ലെങ്കിൽ ഗാരേജിൽ ഉള്ളവർ മനസ്സിലാക്കുന്നു, വണ്ടി വഴിയിൽ കുടുങ്ങിയിട്ടുണ്ടെന്ന്​. അതിനുശേഷമാണ്​ അവർ വണ്ടിയുമെടുത്ത്​ കാടു കയറുന്നത്. അന്ന്​ സമയം അഞ്ചുമണി. ബസ്​ അവിടെ എത്തേണ്ടത്​ ഏഴുമണിക്ക്​, എട്ടു മണിവരെ അവർ നോക്കുമായിരിക്കും. അതിനുശേഷം കാടിനുള്ളിലേക്ക്​ വരുകയോ ഇവിടന്ന്​ അവിടേക്ക്​ പോകുകയോ നടക്കുന്ന കാര്യമല്ല എന്ന്​ അറിയാവുന്ന കവിത എല്ലാ ദൈവങ്ങളേയും വിളിച്ച്​ മനമുരുകി പ്രാർഥിച്ചു. അധികം താമസിയാതെ ദൈവം ആ ബസിൽ ഉണ്ടായിരുന്ന കെ.എസ്​.ഇ.ബി ജീവനക്കാര​​െൻറ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. പുള്ളിക്കാരൻ ഒരു മെക്കാനിക്കൽ എൻജിനീയർ ആയിരുന്നതിനാൽ വണ്ടിയുടെ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയുണ്ടായി. ഏകദേശം ഒരു മണിക്കൂറിന്​ ശേഷം വണ്ടിയുടെ തകരാർ പരിഹരിച്ചു. ഒരുപക്ഷേ, അദ്ദേഹം ഇല്ലായിരുന്നെങ്കിൽ എന്ന്​ കവിത ഇന്നും പറയു​േമ്പാൾ കണ്ണുകളിൽ ആ ഭയപ്പാടുണ്ടായിരുന്നു.

ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ ഉണ്ടായിട്ടും ഒന്നും സംഭവിക്കാത്ത രീതിയിൽ അടുത്ത ദിവസവും ആ കുരുന്നുകൾക്കായി ബസ്​ കയറുന്ന ഇവരെ കണ്ടാൽ ഒരു സീറ്റ്​ കൊടുക്കാൻ ആരും മറ​ക്കേണ്ട. ഒപ്പം ഇവരെ എന്നും പൊന്നുപോലെ കാത്തുസൂക്ഷിച്ച്​ കാട്ടിലൂടെ കൊണ്ടുവരുന്ന കണ്ടക്​ടർമാർക്കും ഡ്രൈവർക്കും ഒരു ബിഗ്​ സല്യൂട്ടും. കഥകൾ ഒക്കെ കേട്ട്​ വണ്ടി വശ്യസുന്ദരമായ &nbsp;കക്കി ഡാമിനടുത്ത്​ എത്തിയിരിക്കുന്നു. സഞ്ചാരികളെ അവിടെ ഇറക്കി ആ മനോഹര കാഴ്​ചകൾ കാണിച്ചശേഷമാണ്​ വണ്ടി പുറപ്പെടുന്നത്​. കക്കി ഡാം കഴിഞ്ഞാൽ പിന്നെ വണ്ടി നിർത്തുക എ​ക്കോ പാറയിലാണ്​. കക്കി ഡാം പണിയാൻ വേണ്ടി പാറപൊട്ടിച്ച സ്​ഥലമാണ്​ ഇവിടം. ഉറക്കെ കൂവിയാൽ ശബ്​ദം പ്രതിധ്വനിക്കുന്നതു കാരണമാണ്​ ആ പേര്​ ലഭിച്ചത്​. വഴിയോര കാഴ്​ചകൾ ആസ്വദിച്ച്​ വീണ്ടും മുന്നോട്ടുപോയപ്പോഴാണ്​ മലമുകളിലെ സഹ്യ​​െൻറ പ​ുത്രൻ എല്ലാവർക്കും ദർശനം നൽകിയത്​.
എ​​െൻറ കാമറകൾ ആരെയാണ്​ തേടിവന്നത്​ അവർ അതാ ആ മലമുകളിൽ. ലെൻസി​​െൻറ പരിമിതിയിൽ ദൂരെയുള്ള ആ കാഴ്​ച ഞാൻ പകർത്തിയെടുക്കു​േമ്പാഴേക്കും ഞങ്ങൾക്ക്​ ഇറങ്ങേണ്ട സ്​ഥലമായിരുന്നു. കൊച്ചു പമ്പ. ഇവിടെയാണ്​ ആനവണ്ടിയിൽ വരു​ന്നവർ ഇറങ്ങാറ്​. കാരണം, അവർക്കുള്ള ആഹാരം, ബോട്ടിങ്​ ഒക്കെ ഇവിടെയാണ്​ ഒരുക്കിയിരിക്കുന്നത്​. പാക്കേജ്​ എടുക്കുന്നവർക്ക്​ മാത്രമാണ്​ ഗവിയിൽ സൗകര്യങ്ങൾ ഉള്ളത്​. അല്ലാത്തവർ ഭക്ഷണത്തിനുശേഷം കാട്ടിനുള്ളി​ലൂടെ ​ഒരു ബോട്ടിങ്ങും നടത്തി ഇൗ വണ്ടി തിരികെ വരു​േമ്പാൾ അടുത്ത സാഹസികയാത്ര തുടരുന്നു.
കൊച്ചു പമ്പയിൽ വണ്ടി ഇറങ്ങു​േമ്പാൾ കവിതയും ജയയും എന്നോട്​ ഒരു കാര്യം ആവശ്യപ്പെട്ടു. ആ കാര്യം ഇത്​ വായിക്കുന്ന ഒാരോരു​ത്തരോടും ഞാനും ആവശ്യപ്പെടുന്നു. ‘‘സർ എന്നും ഇൗ പണി മുടക്കുന്ന പഴഞ്ചൻ വണ്ടികളാണ്​ ഗവിക്കു പോകാൻ തരുന്നത്​. എന്തെങ്കിലും അപകടം സംഭവിച്ചിട്ട്​ കുടുംബത്തിന്​ കൊടുക്കുന്ന നഷ്​ട​പരിഹാരത്തി​​െൻറ പകുതി തുക പോലും വേണ്ടല്ലോ ആ അപകടം നടക്കാതിരിക്കാൻ’’..

ശ്രദ്ധിക്കേണ്ടവ :
പ്രധാനമായും രണ്ടു വഴികൾ മാത്രമാണ്​ ഗവിയിലേക്കുള്ളത്.​
1. പത്തനംതിട്ട ആങ്ങമുഴി സീതത്തോട്​ കക്കി വഴി.
2. വണ്ടിപ്പെരിയാർ വള്ളക്കടവ്​ വഴി.
ആങ്ങമുഴി വളരെ മോശമാണ്​. ചെറുവാഹനങ്ങൾ പോകുന്നത്​ ഉചിതമല്ല. ആനവണ്ടിയിൽ ഇതുവഴി പോകുന്നതാണ്​ നല്ലത്​. കാരണം, കൂടുതൽ കാനനക്കാഴ്​ചകൾ ഇൗ വഴിക്കാണ്​. ചെറിയ വാഹനങ്ങൾ, കാറുകൾ എന്നിവ വണ്ടിപ്പെരിയാർ വഴി പോകുന്നതാണ്​ നല്ലത്​.
ബസ്​ സമയങ്ങൾ
പത്തനംതിട്ട: 6.30 am, 12.30 pm
കുമളി: 5.45am,1.30 pm

വരികളും ചിത്രങ്ങളും : Sabari Varkala